പുതിയ സസ്തനിയെ കണ്ടെത്തി; പേര് ഒലിങ്ക്വിത്തോ

Posted on: 17 Aug 2013



വാഷിങ്ടണ്‍ : അപൂര്‍വ ഇനത്തില്‍പ്പെട്ട പുതിയ സസ്തനിയെ കണ്ടെത്തിയതായി ഗവേഷകര്‍. ഒലിങ്ക്വിത്തോ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. 'സൂ കി' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് നവാഗതനെകുറിച്ചുള്ള വിവരങ്ങളുള്ളത്.

ഇക്വഡോറിലും കൊളംബിയയിലും കാടുകളില്‍ രാത്രിയിലാണിവ പ്രത്യക്ഷപ്പെടുന്നത്. നായ, പൂച്ച, കരടി എന്നിവയുള്‍പ്പെട്ട വിഭാഗത്തിലാണ് ഒലിങ്ക്വിത്തോയും. പശ്ചിമാര്‍ധ ഗോളത്തില്‍ 35 വര്‍ഷത്തിനിടെയാണ് ഒരു പുതിയ മാസംഭുക്കിനെ കണ്ടെത്തുന്നത്. മരങ്ങളില്‍ ചാടി നടക്കുന്ന, വിടര്‍ന്ന ഉണ്ടക്കണ്ണുകളുള്ള ഒലിങ്ക്വിത്തോ സുന്ദരന്‍മാരാണ്. ഒരു കിലോയാണ് തൂക്കം. പഴങ്ങളും പ്രാണിവര്‍ഗങ്ങളുമാണ് ഭക്ഷണം.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുസംഘം ഗവേഷകര്‍ ഇവയ്ക്ക് പിന്നാലെയായിരുന്നു. സഹോദര ജീവിവര്‍ഗമായ ഒലിംഗോ ആണ് ഇവയെന്ന് ഗവേഷകര്‍ ആദ്യം തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ ഒലിംഗോയുമായി ഇവ ഇണചേരുന്നില്ലെന്ന ഗവേഷകരുടെ കണ്ടെത്തലാണ് നിര്‍ണായകമായത്. ഡി.എന്‍.എ. പരിശോധനയില്‍ ഒലിങ്ക്വിത്തോയുടെ അസ്ഥിത്വം തെളിയുകയും ചെയ്തു. തെക്കേ അമേരിക്കന്‍ കാടുകളില്‍ ഒട്ടേറെ ഒലിങ്ക്വിത്തോകളെ കണ്ടെത്തിയിട്ടുണ്ട്.

എത്ര രാജ്യങ്ങളില്‍ ഒലിങ്ക്വിത്തോകളുണ്ട്, അവയുടെ പെരുമാറ്റം എങ്ങനെ, സംരക്ഷണത്തിന് എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.



MathrubhumiMatrimonial