
മംഗളാ ദേവിക്ഷേത്രം
Posted on: 11 Apr 2009
അര്‍. വിനോദ്കുമാര്‍

സഹ്യസാനുക്കളുടെ വിരിമാറിലൂടെ ചെങ്കുത്തായ കയറ്റങ്ങള്‍ കയറി വേണമായിരുന്നു ആ യാത്ര. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള മംഗളാ ദേവിക്ഷേത്രത്തിലേക്ക്. ഭക്തിയുടെ പാരമ്യം തേടി, അറിയപ്പെടാത്ത ചരിത്രത്തങ്ങളുടെ ഏടുകള്‍ തേടി, കര്‍ണ്ണകിയുടെ സന്നിധിയിലേക്ക്
മലയാളമണ്ണില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അപൂര്‍വ്വ തീര്‍ത്ഥാടന കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ കുമളിയിലുള്ള മംഗളാ ദേവി ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. പൂര്‍ണമായും വനത്തിനുളളിലാണ് ഈ ദേവിക്ഷേത്രം. ചൈത്രമാസത്തിലെ പൗര്‍ണമിക്ക് മാത്രമാണ് ഇവിടെ ഭക്തരെ പ്രവേശിപ്പിക്കുന്നത്. അത് മിക്കവാറും മെയ്മാസത്തിലായിരിക്കും.
കുമളിയെത്തിയാല്‍ പിന്നെ ജീപ്പില്‍ വേണം യാത്ര തുടരാന്‍. ചൈത്ര പൗര്‍ണമി ദിവസം രാവിലെ ആറുമണിമുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. ഇത് ഏതാണ്ട് വൈകീട്ട് നാലുമണിവരെ തുടരും. കുമളിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ പൂര്‍ണമായും വനഭൂമിയായി. വനം തുടങ്ങുന്ന ഭാഗത്ത് പോലീസിന്റെയും വനം വകുപ്പിന്റെയും കര്‍ശനമായ പരിശോധനയുണ്ട്. പൂര്‍ണമായും പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണിത്. അതിനാല്‍ പ്ലാസ്റ്റിക്കുമായി വനത്തിനുള്ളില്‍ പ്രവേശിക്കരുത്. ദാഹജലം കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ വനപാലകര്‍ തടയുന്നുണ്ട്. വനത്തില്‍ പലയിടത്തും കുടിവെളളം അധികൃതര്‍ തന്നെ ഏര്‍പ്പാടാക്കുന്നുണ്ട്.

കൊടും വനത്തിലൂടെയാണ് പിന്നീടുളള യാത്ര. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ വരുന്ന ഭൂമിയാണിത്. കാടിന്റെ വന്യതയില്‍ നാം സ്വയം അലിയുന്ന നിമിഷങ്ങളാണിത്. കടുവയും പുലിയും ആനയും കാട്ടുപോത്തും നിര്‍ഭയം മേയുന്ന ഈ കാനനഭൂമി ചൈത്ര പൗര്‍ണമിനാളില്‍ മനുഷ്യസാന്ദ്രമാകും. വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതകള്‍ പിന്നിടുമ്പോള്‍ ഓരോ നിമിഷവും വ്യത്യസ്തമായ കാഴ്ച്ചകളാണ് പ്രകൃതി ഇവിടെ നമുക്കായി ഒരുക്കുന്നത്. പകുതി ദൂരം പിന്നിട്ടാല്‍ എത്തുന്നത് പച്ചകുന്നിലാണ്. പിന്നെ കുന്നുകളില്‍ നിന്നും കുന്നുകളിലേക്കുളള യാത്രയാണ്. ഈ യാത്രയിലധികവും ആകാശത്തിന്റെ മുകള്‍ തട്ടിലേക്കാണ് പോക്കെന്ന് തോന്നി. ഉയരത്തിലേക്ക് കയറുമ്പോള്‍ തണുപ്പ് കുളിരണിയിക്കാന്‍ ഓടിയെത്തുന്നത് അറിയാന്‍ കഴിയും.
പച്ചകമ്പളം വിരിച്ച സഹ്യന്റെ മാറിലൂടെ കയറ്റിറക്കങ്ങള്‍ കടന്ന് എത്തുന്നത് ഹരിതാഭമായൊരു കുന്നിലാണ്. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീളുന്ന ജീപ്പ് യാത്ര ഇവിടെ തീരുന്നു. ഇപ്പോ സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 5500 അടി മുകളിലാണ് നില്‍ക്കുന്നത്. ചുറ്റും ഭൂമിയുടെ പരിപൂര്‍ണസൗന്ദര്യവും ആവാഹിച്ചു കൊണ്ട് പച്ച പരവതാനി വിരിച്ച നിരവധി മലകള്‍. കുന്നുകള്‍ ഇടയ്ക്കിടെ കോടമഞ്ഞില്‍ ഒളിച്ചുകളിക്കുന്നു. അതിരാവിലെയുള്ള യാത്രയായതിനാല്‍ കോടമഞ്ഞ് നമ്മെയും പുണരുന്നു. അടുത്തുള്ളയാളെ പോലും മറയ്ക്കും വിധമുള്ള മഞ്ഞ്. വിദൂരതയിലെ ഹരിത സമൃദ്ധിയില്‍ നീലിമയോളം എത്തി നില്‍ക്കുന്ന നീഹാരം. അതിലലിഞ്ഞു ചേരുന്ന സഹ്യഗിരിനിരകള്‍. ചൈത്രമാസത്തിലെ ആദിത്യന്‍ തലമുടി അഴിച്ചിട്ട് സ്വര്‍ണവര്‍ണം കൊണ്ട് കോതിയൊതുക്കുന്നു. അകലെ സഹ്യനെ പുണര്‍ന്നൊഴുകുന്ന പെരിയാര്‍ ഒരു നേര്‍ത്ത രേഖപോലെ. ഒപ്പം തേക്കടി തടാകത്തിന്റെ ലാവണ്യവും.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മംഗളാദേവി ക്ഷേത്രത്തിന്റെ ചൈതന്യ ധന്യത അവര്‍ണനീയമാണ്. മധുവിധുവിന് ഒരുങ്ങിനില്‍ക്കുന്ന നവവധുവിനെ പോലെയാണ് ഇവിടെ പ്രകൃതി. ജീപ്പ് യാത്ര കഴിഞ്ഞ് അല്‍പ്പം നടന്നാല്‍ മംഗളാദേവി ക്ഷേത്രമായി. ജീപ്പില്ലാതെ നടന്നും ഭക്തര്‍ ഇവിടെ എത്തുന്നു. കാല്‍നടയായുള്ള യാത്ര അല്‍പ്പം ദുഷ്‌ക്കരമാണ്. കാട്ടിലെ അട്ട ശല്യവും കുത്തനെയുള്ള കയറ്റവും കഠിനമാണ്. വേനല്‍ മഴയുണ്ടെങ്കില്‍ പറയണ്ട, യാത്ര ദുരിതം തന്നെ. വന്‍മരങ്ങളുടെ വേരും ചതുപ്പും അപകടങ്ങളിലേക്ക് നയിക്കും. എങ്കിലും ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ഇവിടെ നല്ലൊരു ശതമാനം പേരും നടന്നു തന്നെ എത്തുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മംഗളാദേവി ക്ഷേത്രം. നാലു ക്ഷേത്രങ്ങളുടെ സമുച്ചയമാണിത്. പൂര്‍ണമായും കരിങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കുഭാഗത്താണ് നടപ്പന്തലുള്ളത്. ഇൗ കൂറ്റന്‍ നടപ്പന്തലും കരിങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് കടക്കാന്‍ രണ്ട് പ്രവേശന കവാടങ്ങളാണ് ഉള്ളത്. ഒന്ന് വടക്കും ഭാഗത്തും മറ്റേത് തെക്ക് ഭാഗത്തും. ഇതില്‍ വടക്കുഭാഗത്തുള്ളതാണ് പ്രധാന പ്രവേശന കവാടം. തെക്കുഭാഗത്തുകൂടി ക്ഷേത്രത്തില്‍ കടന്നാല്‍ നാല് കൂറ്റന്‍ കല്‍ തൂണുകളാണ് നമ്മെ സ്വീകരിക്കുന്നത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചതുരാകൃതിയാണ് കല്‍തൂണുകള്‍ക്ക്. ഏതാണ്ട് പത്തടിയിലധികം ഉയരമുണ്ട് തൂണുകള്‍ക്ക്. ഈ തൂണുകളുമായി ചേര്‍ന്നാണ് നടപ്പന്തലുകള്‍. വിശ്രമിക്കുന്നതിനായി കരിങ്കല്‍ ഇരിപ്പിടങ്ങള്‍ കൂടി ഇവിടെ ഒരുക്കിയിരിക്കുന്നു. നടപ്പന്തലിലെ കൂറ്റന്‍തൂണുകളിപ്പോള്‍ മേല്‍ക്കൂരയില്ലാത്ത വിഹായസ്സിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. സുന്ദരമായ ഈ കല്‍ഗോപുരം ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.

നാല് ക്ഷേത്രങ്ങളുള്ളതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പൂജ. ഒന്നില്‍ മംഗളാദേവിയും മറ്റേതില്‍ ശിവനുമാണ് പ്രതിഷ്ഠ. നാലെണ്ണത്തില്‍ ഒരെണ്ണം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഒരെണ്ണത്തില്‍ അങ്കാളേശ്വരിയാണ് പ്രതിഷ്ഠ. ഈ നാല് ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത് ശിവപ്രതിഷ്ഠയുള്ള ശ്രീകോവിലാണ്. കല്ലിലുള്ളതാണ് പ്രതിഷ്ഠ. പുറത്ത് വിനായകനുണ്ട്. ഗണേശന് ക്ഷേത്രമില്ല. തുറന്ന അന്തരീക്ഷത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിനായകന്റെ ഹോമത്തോടെയാണ് മംഗളാദേവി ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കുത്. ഇവിടുത്തെ ചടങ്ങുകള്‍ക്കും സവിശേഷതകള്‍ ഏറെയാണ്. കേരളത്തില്‍ കേരളീയ-തമിഴ് ആചാരങ്ങള്‍ ഒന്നിച്ചു നടക്കുന്ന ക്ഷേത്രമായിരിക്കും ഇത്. മറ്റൊരിടത്തും ഇത്തരം ആചാരങ്ങള്‍ ഉള്ളതായി അറിവില്ല. ഇവിടെയുള്ള ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നത് മലയാളിയായ പൂജാരിയാണ്. ഇവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തനിമയിലാണ്. എന്നാല്‍ തൊട്ടടുത്തുള്ള കര്‍ണ്ണകിയെന്ന മംഗളാദേവിയുടെ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നത് തമിഴരാണ്. ഇവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തമിഴ് ശൈലിയിലാണ്. മംഗളാ ദേവി ദര്‍ശനത്തിന് മലയാളികളുടെ അത്രതന്നെ തമിഴരും എത്തുന്നു. തെക്കന്‍ കേരളത്തില്‍ കാണുന്ന പൊങ്കാലയും ഇവിടെയുണ്ട്. പൊങ്കലിനുള്ള സാധനങ്ങളെല്ലാം നാം തന്നെ കൊണ്ടുവരണം. പൊങ്കാല കഴിഞ്ഞ് നിവേദ്യവുമായി മടങ്ങാം.
മംഗളാ ദേവി ക്ഷേത്രത്തന്റെ ചരിത്രവും അതിന്റെ പഴമയും ഇന്നും അവ്യക്തമാണ്. ക്ഷേത്രത്തിന് രണ്ടായിരത്തിനും രണ്ടായിരത്തിയഞ്ഞൂറിനും ഇടയ്ക്ക് പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ആരാണ് ഇത് നിര്‍മ്മിച്ചതെന്നും എന്തായിരുന്നു ക്ഷേത്ര നിര്‍മ്മാണത്തിന്റെ ലക്ഷ്യമെന്നും സൂചനയില്ല. ഐതിഹ്യ പ്രകാരം ഇളങ്കോവടികളുടെ ചിലപതികാരത്തിലെ കര്‍ണ്ണകിയുടെ കഥകേട്ട ചേരന്‍ ചെങ്കുട്ടുവനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നു.

പച്ചയുടുത്ത മലനിരകള്‍ ആകാശം മറച്ചു നില്‍ക്കുന്നു. ചൈത്രമാസത്തിലെ പൗര്‍ണമി കഴിഞ്ഞാല്‍ ഇവിടം മഹാവിജനതയായിരിക്കുമോ...? അല്ലെന്ന് വേണം കരുതാന്‍. ഒരു ചൈത്ര പൗര്‍ണമിയില്‍ നിന്ന് അടുത്ത ചൈത്ര പൗര്‍ണമിയിലേക്ക് നീളുന്ന സൂക്തിയില്‍ കൈലാസനാഥന് ഒരിക്കലും കറുത്തപക്ഷമോ അമാവാസിയോ തീണ്ടാറില്ല. ഇവിടെ എന്നു ചൈത്ര പൗര്‍ണമിയാണ്. കണ്ടിട്ടും അറിഞ്ഞിട്ടും പിന്നെയും എന്തോ ഒന്നുകൂടി അറിയാനുണ്ടെന്ന് ഉളളം പറയുന്നു. ഇനിയും വരുവാനായി മനസ്സ് മന്ത്രിക്കുന്നു. അന്തരാത്മാവിന്റെ മുറവിളി. കാലാന്തരങ്ങളുടെ ഭാഷയും സംസ്‌കാരവും കല്ലുകളില്‍ കൊത്തിവെച്ച് നമ്മുടെ പൈതൃകത്തിന്റെ ദീപം തെളിക്കുന്നത് കണ്ട് മംഗളാ ദേവി സന്നിധിയില്‍ നിന്നും മടങ്ങുമ്പോള്‍ മഹാകവി പി. കുറിച്ചിട്ട വരികള്‍ ഉള്ളില്‍...
'നമസ്‌ക്കാരം ഭൂതധാത്രി
തായേ, പോയിവരട്ടെയോ..?
ഭൂഗോളമുറിതന്‍ താക്കോല്‍
തിരിച്ചേല്‍പ്പിചീടുന്നു ഞാന്‍......'
എല്ലാ പാപകറയും കഴുകികളയുന്ന വിശ്വപ്രണയത്തിന്റെ അവാച്യമായ നിര്‍വൃതി ഭൂമി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്തി തേടിയുള്ള അവിരാമമായ യാത്രയ്ക്ക് ഇവിടെ ശുഭാന്ത്യം.
