NagaraPazhama

മെഗസ്തനിസ്- പാടലീപുത്രത്തില്‍ അദ്ഭുതസ്തബ്ധനായി ഒരു യവനന്‍

Posted on: 05 Aug 2013

അനു കുമാര്‍



'വലിയ ആനകള്‍ ധാരാളമായുണ്ട് ഇന്ത്യയില്‍. ഏറ്റവും പ്രായംകൂടിയ വൃദ്ധന്റെയത്ര പ്രായമുണ്ട് മിക്ക ആനകള്‍ക്കും. ഏറ്റവും പ്രായം ചെന്നത് ഇരുനൂറു വര്‍ഷംവരെയൊക്കെ ജീവിച്ചിരിക്കാം. രാജാവിന്റെ പ്രത്യേക സ്വത്തായാണ് ഈ ആനകളെ കണക്കാക്കുന്നത്. അവയെ പരിപാലിക്കാന്‍ ആളുകളെയും നിയമിക്കുന്നു.'

'വമ്പന്‍ കടുവകളെയും കാണാം ഇവിടെ, സിംഹത്തിന്റെ ഇരട്ടി വലിപ്പമുള്ള കടുവകള്‍. ഏറ്റവും വലുപ്പംകൂടിയ നായകളെക്കാള്‍ വലുതാണ് ഇവിടുത്തെ കുരങ്ങന്മാര്‍. അവയുടെ മുഖമൊഴികെയുള്ള ഭാഗം വെള്ളനിറമാര്‍ന്നതാണ്. മുഖമാകട്ടേ കറുത്തതും. ഇണക്കമുള്ള അവ വിദ്വേഷമില്ലാത്ത ജന്തുക്കളായതിനാല്‍ മനുഷ്യരെ ആക്രമിക്കുകയോ മോഷണം നടത്തുകയോ ചെയ്യില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നീളമുള്ള സര്‍പ്പങ്ങളുണ്ട്. വവ്വാലിന്റേതുപോലെ ചര്‍മത്തിന്റെ ചിറകുകളുള്ള അവ രാത്രികാലങ്ങളില്‍ പറന്നുനടക്കും. അസാധാരണവലിപ്പമുള്ളവയും ചിറകുകളോടുകൂടിയതുമായ തേളുകളുമുണ്ടിവിടെ.'

സ്വര്‍ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകള്‍ക്കു പുറമേ, താനൊരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ആനകള്‍, കടുവകള്‍, തേളുകള്‍ തുടങ്ങിയ മൃഗങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട് മെഗസ്തനിസ്. ഇന്‍ഡിക്ക എന്ന പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ച് ധാരാളം എഴുതിയിരുന്നു മെഗസ്തനിസ്. രണ്ടായിരം വര്‍ഷം മുന്‍പ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് പനയോലകളിലാണ് രേഖകളൊക്കെ മിക്കവാറും എഴുതിയിരുന്നതെന്നതിനാല്‍ അവയൊന്നും സംരക്ഷിക്കപ്പെടുകയുണ്ടായില്ല. അതുതന്നെയാണ് ഇന്‍ഡിക്കയ്ക്കും സംഭവിച്ചതെങ്കിലും മെഗസ്തനിസ് അതെഴുതി ഏതാനും ദശകങ്ങള്‍ക്കുശേഷം അത് കണ്ട എഴുത്തുകാര്‍ അതില്‍നിന്നു പകര്‍ത്തിയ ചില ഭാഗങ്ങള്‍ നിലനില്ക്കുകയുണ്ടായി. നാലു വാല്യങ്ങളായാണ് ഇന്‍ഡിക്ക രചിച്ചിരുന്നത്.

ഏഷ്യാമൈനറില്‍ (തുര്‍ക്കിയുടെ ഒരു പ്രദേശത്ത്) ആണ് മെഗസ്തനിസ് ജനിച്ചത്. ഇന്നത്തെ സിറിയ ഉള്‍പ്പെടുന്ന ഭാഗത്തെ ഭരണാധികാരിയായിരുന്ന ഹെല്ലെനിസ്റ്റിക് (കിഴക്കന്‍ മെഡിറ്ററേനിയന്‍ ഭാഗങ്ങളില്‍നിന്നുള്ള ഗ്രീക്കുകാരന്‍) രാജാവായിരുന്ന സെദുക്കസ് നിക്കതോര്‍ മൗര്യചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തന്റെ സദസ്സിലേക്കയച്ച നയതന്ത്രപ്രതിനിധിയായിരുന്നു അദ്ദേഹം. മാസിഡോണിയയിലെ അലക്‌സാണ്ടര്‍ കീഴടക്കിയ പ്രദേശങ്ങള്‍ ഭരിക്കാനായി അയയ്ക്കപ്പെട്ട സേനാധിപരില്‍ ഒരാളായിരുന്നു സെദുക്കസ്. ബി.സി. 302 മുതല്‍ 291 വരെയുള്ള കാലത്ത്, ഏതാണ്ട് ഒരു പതിറ്റാണ്ടോളം, ഇന്ന് പാറ്റ്‌ന എന്നറിയപ്പെടുന്ന പാടലീപുത്രത്തില്‍ ചന്ദ്രഗുപ്തന്റെ സദസ്സില്‍ത്തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഇന്ത്യയില്‍ അത്രയൊന്നും സഞ്ചരിക്കുകയുണ്ടായിട്ടില്ല മെഗസ്തനിസ്.

മൗര്യസാമ്രാജ്യം

പാടലീപുത്രമായിരുന്നു മൗര്യസാമ്രാജ്യത്തിന്റെ (ബി.സി. 321-185) തലസ്ഥാനം. അന്ന് ഇന്ത്യയില്‍ ഏറ്റവും സമ്പന്നപ്രദേശമായിരുന്ന മഗധയിലായിരുന്നു മൗര്യസാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രീകരിക്കപ്പെട്ടിരുന്നത്.

അലക്‌സാണ്ടറുടെ മരണത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിലനിന്നിരുന്ന കുഴപ്പം മുതലെടുത്ത് ചെറിയ സംസ്ഥാനങ്ങള്‍ കീഴടക്കി തന്റെ രാജ്യം കെട്ടിപ്പടുത്തു ചന്ദ്രഗുപ്തന്‍. പെന്‍റാപൊട്ടാമിയ (അഞ്ചു നദികളുടെ നാടായ പഞ്ചാബ്) എന്ന ജില്ലയിലൂടെ രാജ്യത്ത് പ്രവേശിച്ച് പാടലീപുത്രത്തിലേക്കു പോകുകയാണ് മെഗസ്തനിസ് ചെയ്തത്. അദ്ദേഹം മധുരയില്‍ (പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തിരക്കുള്ള നഗരം) എത്തിയിരുന്നതായി പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ മറ്റൊരു ഭാഗവും സന്ദര്‍ശിച്ചിരുന്നതായി തോന്നുന്നില്ല. പാണ്ഡ്യരാജ്യം മുത്തുകള്‍ക്ക് പ്രശസ്തമായിരുന്നെന്നും ഒരു സ്ത്രീയായിരുന്നു അവിടെ ഭരിച്ചിരുന്നതെന്നും പറയുന്നുണ്ട് അദ്ദേഹം.
കിഴക്കുഭാഗവും പടിഞ്ഞാറുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ചതുര്‍ഭുജാകൃതിയിലുള്ള ഒരു ഭൂപ്രദേശമായിട്ടാണ് മെഗസ്തനിസ് ഇന്ത്യയെ വിവരിക്കുന്നത്. അതിന്റെ വടക്കുഭാഗത്ത് ഹെമദോസ് (ഹിമാലയം) പര്‍വതം സ്ഥിതിചെയ്യുന്നു, വടക്കുപടിഞ്ഞാറ് ഭാഗത്തുകൂടെ സിന്ധുനദിയും ഒഴുകുന്നു. സിന്ധു നദിയായിരിക്കാം, ഒരുപക്ഷേ, നൈല്‍ കഴിഞ്ഞാല്‍ ലോകത്തിലെ എല്ലാ നദികളെക്കാളും നീളംകൂടിയ നദിയെന്നും അഭിപ്രായപ്പെടുന്നുണ്ട് അദ്ദേഹം.

പാലിബോത്രം (പാടലീപുത്രം) നഗരം തടികൊണ്ടുള്ള ഭിത്തിയാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അമ്പുകളയയ്ക്കുന്നതിനുള്ള ദ്വാരങ്ങളുമുണ്ടായിരുന്നു ഭിത്തിയില്‍. നഗരത്തെ പ്രതിരോധിക്കുന്നതിനും നഗരത്തില്‍നിന്നുള്ള മലിനജലം ശേഖരിക്കുന്നതിനുമായി ഒരു കിടങ്ങുമുണ്ടായിരുന്നു മുന്‍ഭാഗത്ത്. പ്രാശികള്‍ എന്നായിരുന്നു ഈ ഭാഗത്തെ ജനങ്ങള്‍ അറിയപ്പെട്ടിരുന്നത്.

വിശിഷ്ടാതിഥിയായി പാടലീപുത്രത്തിലെ രാജസദസ്സില്‍ തങ്ങിയിരുന്ന നീണ്ട കാലയളവില്‍ രാജാവിനെ വളരെയടുത്തു നിരീക്ഷിക്കാന്‍ സാധിച്ചിരുന്നു മെഗസ്തനിസിന്.

യുദ്ധത്തിന്റെ സമയത്തു മാത്രമല്ല തര്‍ക്കങ്ങളില്‍ തീരുമാനമുണ്ടാക്കുന്നതിനും കൊട്ടാരത്തിനു പുറത്തിറങ്ങാറുണ്ടായിരുന്നു രാജാവ് എന്നു പറയുന്നു മെഗസ്തനിസ്. തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് രാജസദസ്സിലെത്തുന്ന ദിവസങ്ങളില്‍ മുഴുവന്‍ സമയവും അവിടെ തങ്ങുമായിരുന്നു രാജാവ്. തര്‍ക്കങ്ങള്‍ കേള്‍ക്കുന്ന സമയത്ത്, നാലു പരിചാരകര്‍ തടികൊണ്ടുള്ള ദണ്ഡുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ ശരീരമാസകലം ഉഴിഞ്ഞുകൊടുക്കും.

വഴിപാടുകള്‍ നടത്തുന്നതിനും നായാട്ടിനും കൊട്ടാരം വിട്ടുപോകാറുണ്ടായിരുന്നു രാജാവ്. ഇങ്ങനെയുള്ള സമയങ്ങളില്‍ സ്ത്രീകളായിരിക്കും അംഗരക്ഷകരായി രാജാവിന്റെ ചുറ്റുമുണ്ടാകുക, ഈ വലയത്തിനു പുറത്ത് കുന്തമേന്തിയ സൈനികരുമുണ്ടാകും. രാജാവ് സഞ്ചരിക്കുന്ന പാത കയര്‍ വരിഞ്ഞ് വേര്‍തിരിച്ചിരിക്കും; ഈ വേലി കടക്കുന്നവര്‍ക്ക്, സ്ത്രീ-പുരുഷഭേദമെന്യേ, വധശിക്ഷ വിധിച്ചിരുന്നു. ചെണ്ടവാദ്യക്കാരും ചേങ്ങിലക്കാരുമാണ് ഘോഷയാത്രയുടെ മുന്‍പില്‍ നീങ്ങുക. ഒരു വളച്ചുകെട്ടിനുള്ളിലായിരിക്കും രാജാവിന്റെ നായാട്ട് നടക്കുന്നത്. പ്രത്യേകമായി കെട്ടിയുണ്ടാക്കിയ ഒരു തട്ടിനു മുകളില്‍നിന്നായിരിക്കും രാജാവ് അമ്പെയ്യുക. ആയുധമേന്തിയ രണ്ടോ മൂന്നോ സ്ത്രീകള്‍ രാജാവിന്റെ സമീപത്ത് എപ്പോഴുമുണ്ടായിരിക്കും. തുറസ്സായ സ്ഥലങ്ങളാണെങ്കില്‍ ആനപ്പുറത്തിരുന്നായിരിക്കും നായാട്ട്. രാജാവിനെ അനുഗമിക്കുന്ന സ്ത്രീകളില്‍ ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരപ്പുറത്തും മറ്റു ചിലര്‍ ആനയുടെ പുറത്തുമായിരിക്കും സഞ്ചരിക്കുന്നത്, എല്ലാത്തരത്തിലുമുള്ള ആയുധങ്ങളും ഉണ്ടാകും അവരുടെ പക്കല്‍. സ്ത്രീകള്‍ക്കാണ് രാജാവിന്റെ സംരക്ഷണത്തിന്റെ ചുമതല. മറ്റ് അംഗരക്ഷകരും പടയാളികളും കൊട്ടാരവാതിലിനു പുറത്ത് ജാഗരൂകരായി നിലയുറപ്പിച്ചിരിക്കും. ഒരിക്കലും പകല്‍സമയങ്ങളില്‍ ഉറങ്ങിയിരുന്നില്ല രാജാവ്; രാത്രിയിലാകട്ടേ, തനിക്കു നേരേയുള്ള വധഭീഷണികള്‍ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇടയ്ക്കിടയ്ക്ക് കിടക്ക മാറിക്കൊണ്ടിരിക്കുമായിരുന്നു അദ്ദേഹം.

ജനങ്ങള്‍

ഏറ്റവും ലളിതമായി ജീവിക്കുന്ന ഇന്ത്യക്കാരെയാണ് മെഗസ്തനിസ് പരിചയപ്പെട്ടത്, അവരെക്കുറിച്ചാണ് അദ്ദേഹം എഴുതിയിട്ടുള്ളതും. അപൂര്‍വമായി മാത്രമാണ് മോഷണങ്ങള്‍ നടന്നിരുന്നത്, ഭവനങ്ങള്‍ക്കും പുരയിടങ്ങള്‍ക്കും പൊതുവേ സംരക്ഷണമൊന്നും ആവശ്യമായിരുന്നതുമില്ല. നെല്ലില്‍നിന്നു വാറ്റിയെടുക്കുന്ന ചാരായമായിരുന്നു പ്രധാനമായി ഉപയോഗിച്ചിരുന്ന മദ്യം. മുഖ്യാഹാരം കഞ്ഞിയും. വഴിപാടുകള്‍ നടത്തുന്ന വേളകളിലാണ് വീഞ്ഞ് നല്കുക.

'ജനങ്ങള്‍ പൊതുവേ സന്തോഷത്തോടെയാണ് ജീവിക്കുന്നത്; ലളിതമായ പെരുമാറ്റവും മിതമായ രീതിയിലുള്ള ജീവിതവുമാണ് അവരുടേത്. കോടതികളില്‍ വളരെ അപൂര്‍വമായി മാത്രമേ അവര്‍ പോകാറുള്ളൂ എന്നാണ് അവരുടെ നിയമങ്ങളുടെ ലാളിത്യത്തില്‍നിന്നു വെളിവാകുന്നത്.'

ജീവിതരീതിയിലുള്ള ലാളിത്യത്തിനു വിരുദ്ധമായി ആടയാഭരണങ്ങളില്‍ താത്പര്യമുള്ളവരായിരുന്നു അവര്‍. മെഗസ്തനിസ് പരിചയപ്പെട്ടവര്‍ സമൂഹത്തിലെ സമ്പന്നവിഭാഗങ്ങളില്‍ പെട്ടവരോ അല്ലെങ്കില്‍ കൊട്ടാരവുമായി ബന്ധപ്പെട്ടവരോ ആയിരുന്നു എന്നാണ് ഇതില്‍നിന്നു തെളിയുന്നത്. മുന്തിയ മസ്ലിന്‍ തുണിയില്‍ സ്വര്‍ണവും അമൂല്യങ്ങളായ കല്ലുകളും തുന്നിപ്പിടിപ്പിച്ച ഒഴുകുന്ന അങ്കികളായിരുന്നു അവര്‍ ധരിച്ചിരുന്നത്. സമ്പന്നര്‍ക്ക് കുട ചൂടിക്കൊടുത്തുകൊണ്ട് അനുഗമിക്കുന്ന അനുചരരുമുണ്ടായിരുന്നു.

സത്യസന്ധരെയും നന്മയുള്ളവരെയും ജനങ്ങള്‍ ആദരിച്ചിരുന്നു. വൃദ്ധര്‍ക്ക്, അവര്‍ വിജ്ഞന്മാരല്ലെങ്കില്‍, വിശേഷാവകാശങ്ങളൊന്നും ലഭിച്ചിരുന്നില്ല.

കലകളില്‍ പ്രാവീണ്യമുള്ളവരായിരുന്നു പൗരന്മാര്‍. ഭൂമി ഫലഭൂയിഷ്ഠിയുള്ളതായിരുന്നു, എല്ലാ തരത്തിലുള്ള ഫലങ്ങളും വിളഞ്ഞിരുന്നു അവിടെ. ചോളവും നെല്ലും പയറുവര്‍ഗങ്ങളും കൃഷി ചെയ്തിരുന്നു. ക്ഷാമങ്ങളുണ്ടാകാറുണ്ടായിരുന്നെങ്കിലും പൊതുവേ ആഹാരക്ഷാമം ഇല്ലായിരുന്നെന്ന കാര്യവും മെഗസ്തനിസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ക്ഷാമം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്തിരുന്നു. യുദ്ധങ്ങളുണ്ടാകുമ്പോള്‍ കര്‍ഷകരെ ശല്യപ്പെടുത്തിയിരുന്നില്ല; പടയാളികള്‍ ശത്രുരാജ്യത്ത് നാശംവിതയ്ക്കുകയോ അവിടുത്തെ വൃക്ഷങ്ങള്‍ വെട്ടിക്കളയുകയോ ചെയ്തിരുന്നില്ല. സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, വെളുത്തീയം തുടങ്ങിയ ലോഹങ്ങളും ഉപകരണങ്ങളും ആഭരണങ്ങളും ആയുധങ്ങളും നിര്‍മിക്കുന്നതിനുള്ള മറ്റു ലോഹങ്ങളും വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നു.

ഏഴു ജാതികള്‍

അദ്ഭുതസ്തബ്ധനായ ഒരു വിദേശി എന്ന നിലയില്‍, തന്റെ നിരീക്ഷണങ്ങളെ ഉചിതമായി വര്‍ഗീകരിച്ച് അവയ്ക്ക് ഒരു ക്രമം നല്കാനുള്ള ശ്രമം നടത്തുകയുണ്ടായിട്ടുണ്ട് മെഗസ്തനിസ്. നാടിനെയും അവിടുത്തെ ജനങ്ങളെയും അവരുടെ രീതികളെയും കുറിച്ചു മനസ്സിലാക്കാന്‍ കുറച്ചൊക്കെ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട് ഇത്. അതനുസരിച്ച് ജനങ്ങളെ ഏഴു ജാതികളായി തരംതിരിച്ചു അദ്ദേഹം. അതുപോലെ, എണ്ണയിട്ട യന്ത്രംകണക്കേ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥശ്രേണിയെ അവരുടെ ചുമതലകള്‍ക്കനുസരിച്ച് വിവിധ വകുപ്പുകളായും വിഭജിച്ചിരിക്കുന്നു.

ജനങ്ങള്‍ക്ക് താന്‍ കല്പിച്ചുനല്കിയ ജാതികളില്‍, തത്ത്വചിന്തകര്‍ക്ക് കണക്കറ്റ ആദരവ് ലഭിക്കുന്നുണ്ടെന്നും അവരെ പൊതുചുമതലകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മെഗസ്തനിസ് ശ്രദ്ധിക്കുന്നുണ്ട്. വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനും മരണാനന്തരച്ചടങ്ങുകള്‍ ചെയ്യുന്നതിനും ജനങ്ങള്‍ അവരെയാണ് ആശ്രയിച്ചിരുന്നത്. ആ കര്‍ത്തവ്യങ്ങള്‍ക്കു പ്രതിഫലമായി പാരിതോഷികങ്ങളും അവകാശങ്ങളും നല്കാറുമുണ്ടായിരുന്നു അവര്‍ക്ക്. അവരുടെ പ്രവചനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കിയിരുന്നു. വരള്‍ച്ചയും ശൈത്യവും ഉണ്ടാകാനുള്ള സാധ്യതകളെയും മറ്റു വിപത്തുകളെയും കുറിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കും തത്ത്വചിന്തകര്‍. അതില്‍ തെറ്റുപറ്റുന്ന തത്ത്വചിന്തകന് അവഗണന എന്ന ശിക്ഷയായിരിക്കും അനുഭവിക്കേണ്ടിവരിക, ശിഷ്ടകാലം മൗനിയായി കഴിച്ചുകൂട്ടേണ്ടിവരും അയാള്‍.

ജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയും യുദ്ധത്തില്‍നിന്നും മറ്റു പൊതുചുമതലകളില്‍നിന്നും ഒഴിവാക്കിയിരുന്നു. മണ്ണിനും കൃഷിക്കുമായി തങ്ങളുടെ സമയം സമര്‍പ്പിച്ചിരുന്ന അവര്‍ രാജാവിനു ഭൂനികുതി ഒടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ, തങ്ങളുടെ ഉത്പന്നങ്ങളുടെ ഒരു വിഹിതം രാജകീയഖജനാവിലേക്കു കൊടുക്കുകയും ചെയ്തിരുന്നു അവര്‍.

ഇടയന്മാര്‍, നഗരങ്ങളിലോ ഗ്രാമങ്ങളിലോ ആയിരുന്നില്ല, കൂടാരങ്ങളിലായിരുന്നു പാര്‍ത്തിരുന്നത്. ഭയാനകങ്ങളായ പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടിയും കെണിവെച്ചും പിടിച്ച് രാജ്യത്തെ രക്ഷിച്ചുപോന്നു അവര്‍. കരകൗശലക്കാരായിരുന്നു നാലാമത്തെ ജാതി. അവരില്‍ ചിലര്‍ സൈനികര്‍ക്കുള്ള ആയുധങ്ങളാണ് നിര്‍മിച്ചിരുന്നതെങ്കില്‍ മറ്റു ചിലര്‍ കര്‍ഷകര്‍ക്കും കമ്മാളര്‍ക്കും ആവശ്യമായ ഉപകരണങ്ങളാണ് നിര്‍മിച്ചിരുന്നത്. നികുതി അടയ്ക്കുന്നതില്‍നിന്ന് കരകൗശലക്കാര്‍ക്ക് ഇളവ് നല്കുകയും കൂടാതെ, രാജകീയഖജനാവില്‍നിന്ന് അവരുടെ നിത്യനിദാനച്ചെലവുകള്‍ നടത്തുകയും ചെയ്തിരുന്നതിനാല്‍ ഭരണകൂടത്തിന് ഉപകാരപ്രദമായ ജോലികള്‍ക്ക് അവരെ നിയോഗിച്ചിരുന്നിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്.

സൈനികരായിരുന്നു അഞ്ചാമത്തെ ജാതി. സുസംഘിടതവും യുദ്ധസജ്ജവുമായിരുന്ന സൈന്യം, പക്ഷേ, സമാധാനകാലത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണു ചെയ്തിരുന്നത്. ഖജനാവ് തന്നെയായിരുന്നു പടയാളികളും പടക്കുതിരകളും ആനകളും ഉള്‍പ്പടെയുള്ള സൈന്യത്തെയപ്പാടെ പോറ്റിയിരുന്നത്.

രാജ്യത്തു നടക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും നോക്കിനടത്തുകയും ചെയ്യുന്നതിന് മേലാളന്മാരുണ്ടായിരുന്നു. രാജാവിനെയോ ന്യായാധിപന്മാരെയോ ക്രമമായി വിവരങ്ങള്‍ ധരിപ്പിച്ചുപോരുകയും ചെയ്തു അവര്‍. പൊതുകാര്യങ്ങളില്‍ വ്യാപൃതരായിരുന്ന സാമാജികന്മാരും പാര്‍ശ്വവര്‍ത്തികളും ഉള്‍പ്പെട്ടതായിരുന്നു ഏഴാമത്തെ ജാതി. ധിഷണാശാലികളായി കണക്കാക്കപ്പെട്ടിരുന്ന അവരില്‍നിന്നാണ് രാജാവിന്റെ ഉപദേഷ്ടാക്കളെയും രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും തിരഞ്ഞെടുത്തിരുന്നത്. ഈ ഗണത്തില്‍നിന്നുതന്നെയായിരുന്നു സൈന്യാധിപന്മാരും മുഖ്യന്യായാധിപന്മാരും വന്നിരുന്നതും. സാമാജികന്മാര്‍ ഓരോരുത്തരും ഓരോ ആനയെ വീതം രാജ്യത്തിനു നല്കാന്‍ ബാധ്യസ്ഥരായിരുന്നു.

ഭരണരീതി

പരമാധികാരിയായിരുന്ന രാജാവിന്റെ കീഴിലുള്ള സുസംഘടിതവും കഴിവുറ്റതുമായ ഒരു ഉദ്യോഗസ്ഥവൃന്ദമായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. ചില ഉദ്യോഗസ്ഥര്‍ക്ക് കമ്പോളത്തിന്റെ മേല്‍നോട്ടവും മറ്റു ചിലര്‍ക്ക് നഗരത്തിന്റെ മേല്‍നോട്ടവും ഇനിയും ചിലര്‍ക്ക് സൈനികരുടെ മേല്‍നോട്ടവുമാണ് ഉണ്ടായിരുന്നത്. ഈജിപ്ത്തിലെപ്പോലെ, നദികളുടെ മേല്‍നോട്ടത്തിനും ഭൂമി അളന്നുതിട്ടപ്പെടുത്തന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രധാനതോടുകളില്‍നിന്ന് കൈത്തോടുകളിലേക്കു വെള്ളം തിരിച്ചുവിട്ടിരുന്ന ചീപ്പുകള്‍ പരിശോധനാവിധേയമായിരുന്നതിനാല്‍ എല്ലാവര്‍ക്കും തുല്യയളവില്‍ വെള്ളം ലഭിച്ചിരുന്നു. നികുതി പിരിക്കുന്നതിനും മരംവെട്ടുകാര്‍, ആശാരിമാര്‍, കൊല്ലന്മാര്‍, ഖനകന്മാര്‍ എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പെടുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. പാതകളുടെ നിര്‍മാണമേല്‍നോട്ടം നിര്‍വഹിക്കുന്നതിനു നിയുക്തരായ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
തലസ്ഥാനനഗരമായ പാടലീപുത്രത്തിന് സ്വന്തമായ ഭരണസംവിധാനമുണ്ടായിരുന്നു. നഗരഭരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനു നിയമിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെ അഞ്ചു പേര്‍ വീതമുള്ള ആറു ഗണങ്ങളായി തിരിച്ചിരുന്നു. നഗരത്തിലെത്തുന്ന വിദേശസന്ദര്‍ശകരുടെ വിനോദപരിപാടികളും മറ്റും നോക്കുന്നതിനുമുണ്ടായിരുന്നു പ്രധാനപ്പെട്ട ഒരു വകുപ്പ്. ഈ വകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നത്; കൂടാതെ അവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു ഉദ്യോഗസ്ഥര്‍. കനേഷുമാരി നടത്തുന്നതിന് ഒരു പ്രത്യേകവകുപ്പ് തന്നെയുണ്ടായിരുന്നു. വാണിജ്യകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും അളവുതൂക്കങ്ങള്‍ പരിശോധിക്കുന്നതിനുമുണ്ടായിരുന്നു ഒരു പ്രത്യേക വകുപ്പ്.

സൈനികഭരണം

ചന്ദ്രഗുപ്തമൗര്യന്റെ കാലത്താണ് ഒരു രാജകീയ നാവികപ്പട കെട്ടിപ്പടുക്കുന്നതിനുള്ള ശരിയായ ശ്രമം ആദ്യമായി നടക്കുന്നത്. പടക്കപ്പലുകളുടെ കപ്പിത്താനെത്തന്നെയാണ് നാവികമേധാവിയായും കണക്കാക്കിയിരുന്നത്. മറ്റു പലതിന്റെയും കൂടെ നാവികകാര്യങ്ങളെ സംബന്ധിച്ച കണക്കുകള്‍ നോക്കുകയെന്ന ചുമതലയുമുണ്ടായിരുന്നു അദ്ദേഹത്തിന്. സമുദ്രത്തിലും അഴിമുഖങ്ങളിലും മാത്രമല്ല നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തടാകങ്ങളിലും നദികളിലും നടക്കുന്ന നാവികനീക്കങ്ങളുടെ കണക്കുകളും പെടുമായിരുന്നു ഇതില്‍. അപകടത്തില്‍പ്പെടുന്ന കപ്പലുകളോട് 'പിതൃനിര്‍വിശേഷമായ പരിഗണന' കാട്ടാന്‍ ബാധ്യസ്ഥനായിരുന്നു നാവികമേധാവി; ദുരന്തത്തിനു വിധേയമായ കച്ചവടച്ചരക്കുകള്‍ പകുതി മാത്രം ചുങ്കം ഈടാക്കിയോ ചുങ്കത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയോ കടത്തിവിടാനുള്ള അധികാരവുമുണ്ടായിരുന്നു അദ്ദേഹത്തിന്. രാജ്യത്തെ എല്ലാ നദികളിലും കടത്തേര്‍പ്പെടുത്തുന്നതിനുള്ള ചുമതലയും അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനും ചരക്കുകള്‍ കടത്തുന്നതിനും കപ്പലുകള്‍ വാടകയ്ക്കു നല്കുന്നത് സംബന്ധിച്ച ചില സിവില്‍ ജോലികളും ചെയ്യേണ്ടതുണ്ടായിരുന്നു നാവികമേധാവിക്ക്. കടല്‍ക്കൊള്ളക്കാരുടെ തോണികളും ശത്രുക്കപ്പലുകളും രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന കപ്പലുകളും കണ്ടാല്‍ അവയെ പിന്തുടര്‍ന്നു നശിപ്പിക്കേണ്ട ചുമതലയും അദ്ദേഹത്തിനുതന്നെയായിരുന്നു.

കാളവണ്ടികളുടെ ('bullock-trains' എന്നു മെഗസ്തനിസ്) മേല്‍നോട്ടം വഹിക്കുന്നതിനുമുണ്ടായിരുന്നു പ്രധാനപ്പെട്ട ഒരു വകുപ്പ്. യുദ്ധത്തിനുള്ള ആയുധങ്ങളും സൈനികര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മറ്റു യുദ്ധസാമഗ്രികളും കൊണ്ടുപോകുന്നതിനായിരുന്നു കാളവണ്ടികള്‍ ഉപയോഗിച്ചിരുന്നത്. ഈ വകുപ്പുതന്നെയാണ് പടനീക്കത്തിനൊപ്പം പടഹമടിക്കുന്നവരെയും കുതിരകളെ പരിപാലിക്കുന്നവരെയും ഏര്‍പ്പാടാക്കിക്കൊടുക്കുന്നതും.

സൈന്യത്തിലെ കാലാള്‍പ്പടയുടെയും പടക്കുതിരകളുടെയും തേരുകളുടെയും ആനകളുടെയും കാര്യങ്ങള്‍ നോക്കുന്നതിനും അതാത് വകുപ്പുകളുണ്ടായിരുന്നു. രാജകീയപന്തികളിലാണ് കുതിരകളെയും ആനകളെയും തളച്ചിരുന്നത്. ആയുധങ്ങളും പടക്കോപ്പുകളും സൂക്ഷിക്കുന്നതിന് ആയുധശാലകളുമുണ്ടായിരുന്നു. യുദ്ധം കഴിയുമ്പോള്‍ ഓരോ സൈനികനും തന്റെ അധീനതയിലുള്ള ആയുധങ്ങളും കുതിരയും ആനയും തിരികെ ഏല്പിക്കുമായിരുന്നു.

കടംകഥകളും വിചിത്രജീവികളും

ചില വീരന്മാരെക്കുറിച്ചും വിചിത്രജീവികളെക്കുറിച്ചും അതിശയോക്തിയും ഭാവനയും കലര്‍ത്തിയെഴുതിയിട്ടുണ്ട് മെഗസ്തനിസ്. ആ കാലത്ത് പ്രചാരത്തിലിരുന്നവയോ വാമൊഴിയായി തലമുറകളിലൂടെ പകര്‍ന്നുപോന്നവയോ ആയ കഥകളെ ആവര്‍ത്തിച്ചതാകാം അദ്ദേഹം. തനിക്കു പരിചിതമായിരുന്നവയില്‍നിന്ന് വ്യത്യസ്തങ്ങളായ മൃഗങ്ങളെ കണ്ട് അദ്ദേഹം അദ്ഭുതപരതന്ത്രനായി എന്ന കാര്യത്തില്‍ സംശയമില്ല.
ഡയനീഷ്യസിന്റെ കഥ

വീഞ്ഞിന്റെ ദേവനായി യവനപുരാണങ്ങളില്‍ ആരാധിക്കപ്പെടുന്ന ഡയനീഷ്യസിനെക്കുറിച്ചുള്ള ഒരു കഥ എഴുതുന്നുണ്ട് മെഗസ്തനിസ്. മെഗസ്തനിസ് വിവരിച്ച ഈ കഥ എ.ഡി. നാലാം നൂറ്റാണ്ടില്‍, അതായത് അദ്ദേഹത്തിന്റെ കാലത്തിന് എഴുനൂറു വര്‍ഷത്തിനുശേഷം, അരിയാന്‍ എന്ന ഗ്രീക്ക് എഴുത്തുകാരന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കു പട നയിച്ച അലക്‌സാണ്ടറുമായി ഭീകരമായ സാദൃശ്യമുണ്ട് ഡയനീഷ്യസിന്.
ഏറ്റവും പ്രാചീനകാലത്ത്, വലിയൊരു പടയെ നയിച്ചുകൊണ്ട് പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷപ്പെടുന്നു ഡയനീഷ്യസ്. ഡയനീഷ്യസിന്റെ സൈന്യശക്തിയെ നേരിടാന്‍ കെല്പുള്ള ഒരു മഹാനഗരവും ഇല്ലായിരുന്നതിനാല്‍ ഇന്ത്യ മുഴുവന്‍ കീഴടക്കി ആ വീരന്‍. എന്നാല്‍ അസഹ്യമായ ചൂടില്‍ ഡയനീഷ്യസിന്റെ പടയാളികള്‍ രോഗാതുരരായി. അപ്പോള്‍ തന്റെ സൈന്യത്തെ സമതലങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു നയിച്ചു ഡയനീഷ്യസ്. ഡയനീഷ്യസ് തന്റെ സൈന്യത്തിന്റെ ആരോഗ്യം വീണ്ടെടുത്ത മലനിരകളിലെ ഈ സ്ഥലത്തിന്റെ പേര് മെറോസ് എന്നായിരുന്നു. രോഗങ്ങള്‍ ഭേദപ്പെടുത്താന്‍ ശേഷിയുള്ള സസ്യങ്ങള്‍ കൃത്രിമമായി പ്രജനനം നടത്തിയതിനുശേഷം ആ രഹസ്യം ഇന്ത്യക്കാര്‍ക്കു കൈമാറി അദ്ദേഹം. തുടര്‍ന്ന് വീഞ്ഞുണ്ടാക്കുന്നതെങ്ങനെയെന്നും അവരെ പഠിപ്പിച്ചു അദ്ദേഹം, ഒപ്പം മറ്റു കലകളും. വന്‍നഗരങ്ങള്‍ സ്ഥാപിക്കുകയും നിയമങ്ങളും നീതിന്യായക്കോടതികളും നടപ്പിലാക്കുകയും ചെയ്തു അദ്ദേഹം. മഹത്തായ പല കാര്യങ്ങളും നടപ്പിലാക്കിയതിനാല്‍ അദ്ദേഹത്തെ ദേവനായി ആരാധിച്ചുതുടങ്ങി ജനങ്ങള്‍.
അന്‍പത്തിരണ്ടു വര്‍ഷത്തോളം ഇന്ത്യ ഭരിച്ചതിനുശേഷം വാര്‍ധക്യത്തില്‍ അദ്ദേഹം മരിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്മാര്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു.
ഹെറാക്ലിസിന്റെ കഥ
ഇന്ത്യയിലെ ഹെറാക്ലിസിന്റെ, അഥവാ ഹെര്‍ക്കുലീസിന്റെ കഥയും എഴുതിയിട്ടുണ്ട് മെഗസ്തനിസ്. ഇന്നോളം ജനിച്ചവരില്‍ ഏറ്റവും ശക്തനായ മനുഷ്യനായിരുന്നു ഹെറാക്ലിസ്. ശക്തിയില്‍ മറ്റുള്ളവരെ അതിശയിക്കുകയും
കടലിലും കരയിലുമുള്ള ദുഷ്ടജന്തുക്കളെ ഒടുക്കുകയും ചെയ്തു അദ്ദേഹം. അനേകം നഗരങ്ങളും നിര്‍മിക്കുകയുണ്ടായി ഹെറാക്ലിസ്. പാലിബോത്രം (പാടലിപുത്രം) ആയിരുന്നു അവയില്‍ ഏറ്റവും മഹത്തും പ്രശസ്തവുമായത്. അവിടെ ആഡംബരങ്ങള്‍ നിറഞ്ഞ അനേകം കൊട്ടാരങ്ങള്‍ പണിയുകയും നഗരത്തിനുള്ളില്‍ അനേകരെ കുടിയിരുത്തുകയും ചെയ്തു. നഗരത്തിനു ചുറ്റും കിടങ്ങുകള്‍ നിര്‍മിച്ച് അവയില്‍ നദിയിലെ ജലം നിറയ്ക്കുകയും ചെയ്തു ഹെറാക്ലിസ്.
വിചിത്രജീവികള്‍
ഉറുമ്പുകളെയും ആനകളെയും കടുവകളെയും കുറിച്ചെഴുതിയതു പോരാഞ്ഞ്, നാസാരന്ധ്രങ്ങളില്‍ നുരയും പതയും വരുന്നതുവരെ ഇരകളെ ഇട്ടോടിക്കാന്‍ തക്കവണ്ണം കരുത്തും ധൈര്യവുമുള്ള നായകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട് മെഗസ്തനിസ്. തന്റെ നാട്ടില്‍ മെരുക്കപ്പെട്ടിരിക്കുന്ന പല മൃഗങ്ങളും ഇവിടെ വന്യജീവികളാണെന്നും പറയുന്നുണ്ട് മെഗസ്തനിസ്. ഒറ്റക്കൊമ്പുള്ളവയും മാനിന്റേതുപോലെയുള്ള ശിരസ്സുള്ളവയുമായ കുതിരകളെക്കുറിച്ചുമുണ്ട് മെഗസ്തനിസിന്റെ വിവരണങ്ങളില്‍ പരാമര്‍ശം.
മൂന്നു വര്‍ഗങ്ങളില്‍പ്പെട്ട തത്തകളുണ്ടായിരുന്നു ഇന്ത്യയിലെന്നു പറയുന്നുണ്ടദ്ദേഹം. സംസാരിക്കാന്‍ പഠിപ്പിച്ചാല്‍ കുട്ടികളെപ്പോലെ കലപില സംസാരിച്ചുകൊണ്ടിരിക്കും അവ. എവിടെയുള്ളതിലുംവെച്ച് വലിയ മയിലുകളും ഇളംപച്ച നിറമുള്ള പ്രാവുകളും ഉണ്ടായിരുന്നു ഇവിടെ. തത്തകളെക്കാളും സംസാരശേഷിയുള്ളവയും കൂടുതല്‍ സാമാന്യബുദ്ധിയുള്ളവയുമായ മറ്റൊരുതരം സവിശേഷ പക്ഷിയുമുണ്ടായിരുന്നു. മനുഷ്യരാല്‍ തീറ്റിപ്പോറ്റപ്പെടുക എന്ന സുഖത്തിന് വഴിപ്പെടാന്‍ താത്പര്യമില്ലായിരുന്നു അവയ്ക്ക്. സ്വാതന്ത്ര്യത്തോട് അത്രയേറെ അഭിവാഞ്ഛയും കൂട്ടരോടൊത്ത് ഇഷ്ടാനുസരണം കളകൂജനം ചെയ്തു കഴിയാനുള്ള മോഹവുംമൂലം അടിമത്തത്തെക്കാളും പട്ടിണി വരിക്കാനായിരുന്നു അവയ്ക്കു താത്പര്യം. വലിയ കൊക്കും നിണ്ട കാലുകളുമുള്ള കെലാസ് എന്നൊരുതരം പക്ഷിയെക്കുറിച്ചും വിവരിക്കുന്നുണ്ടദ്ദേഹം. ചെറിയൊരു നായയുടെ അത്ര വലിപ്പമുള്ളതും മുതലയോട് നല്ല സാമ്യമുള്ളതുമായ ഒരു മൃഗവുമുണ്ടായിരുന്നു ഇവിടെ. അതിന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന ശല്‍ക്കങ്ങളുള്ള കട്ടികൂടിയ ചര്‍മം പിച്ചളയും ഇരുമ്പുമൊക്കെ രാകാന്‍ ഉപയോഗിച്ചിരുന്നു. ഒരുപക്ഷേ, ശല്‍ക്കങ്ങളുള്ള ഉറുമ്പുതീനിയായിരിക്കും പ്രാദേശികമായി ഫാട്ടേജ് എന്നു വിളിക്കപ്പെട്ടിരുന്ന ഈ ജീവി.

ഒരു സ്ത്രീയാല്‍ ഭരിക്കപ്പെട്ടിരുന്ന ഒരു ദക്ഷിണാത്യരാജ്യത്തെക്കുറിച്ചും മെഗസ്തനിസ് പറയുന്നുണ്ടെങ്കിലും പില്ക്കാലചരിത്രകാരന്മാരൊന്നും അത് സ്ഥിരീകരിച്ചിട്ടില്ല.

ഒരു ദശകത്തോളം നീണ്ട പാടലീപുത്രവാസത്തിനു ശേഷമുള്ള മെഗസ്തനിസിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. നാലു വാല്യങ്ങളായി അദ്ദേഹം സമാഹരിച്ചിരുന്ന ഇന്‍ഡിക്ക ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അരിയന്‍, സ്ട്രാബോ തുടങ്ങിയ പില്ക്കാലചരിത്രകാരന്മാരുടെ രചനകളില്‍ അതിന്റെ ശകലങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇന്നത്തെ തുര്‍ക്കിയില്‍പ്പെട്ട അരക്രോസിയ എന്ന തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം മടങ്ങിപ്പോയി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രീക്ക് സംസ്‌കാരവും ഇന്ത്യാസാമ്രാജ്യവും തമ്മില്‍ സ്ഥാപിക്കപ്പെട്ട ബന്ധത്തിന്റെ ആദ്യത്തെ അടയാളങ്ങളിലൊന്നായിരുന്നു സെലൂക്കസിന്റെ സ്ഥാനപതി എന്ന നിലയിലെത്തിയ മെഗസ്തനിസ്. ഈ ബന്ധം,
അടുത്ത ഏതാനും നൂറ്റാണ്ടുകളിലൂടെ സാംസ്‌കാരികമായി സമ്പുഷ്ടമാക്കപ്പെടുന്നുണ്ട് എന്ന് മഥുരയിലും ഗാന്ധാരത്തിലും (ഇന്നത്തെ അഫ്ഘാനിസ്താനിലെ കാണ്ഡഹാര്‍) തഴച്ചുവളര്‍ന്ന ശില്പസംസ്‌കാരം സ്പഷ്ടമാക്കുന്നുണ്ട്.

(ഇന്ത്യയെ തേടിയെത്തിയവര്‍ എന്ന പുസ്തകത്തില്‍ നിന്ന്)



MathrubhumiMatrimonial