
ഓലമേഞ്ഞ കല്ലായിപ്പാലം
Posted on: 01 Aug 2013

''ഇത് കല്ലായിപ്പാലത്തിന്റെ ചരിത്രം പറയുന്ന രേഖകളാണ്. പൈതൃകത്തിന് ഒരുപക്ഷേ, ഇത് ഉപകാരപ്പെടും'' എന്ന മുഖവുരയോടെയാണ് വര്‍ഗീസ് ഒരു ഫയല്‍ എന്റെ മുന്നിലെത്തിച്ചത്. കല്ലായിപ്പാലത്തിന്റെ ചരിത്രം ഈ പംക്തിയില്‍ ഇതിനുമുമ്പ് എഴുതിയതാണല്ലോ എന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''പാലം ഓലമേഞ്ഞ ചരിത്രമാണ്, ഞാന്‍ പടിയിറങ്ങുന്നതിനുമുമ്പ് പൈതൃകത്തിനൊരു സഹായമാകട്ടെ.'' വര്‍ഗീസ് പുരാരേഖാവകുപ്പില്‍നിന്ന് ഇന്ന് റിട്ടയര്‍ ചെയ്യുന്നു എന്നത് അറിയായ്കയല്ല. ആ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ജോലിയോടുള്ള ആത്മാര്‍ഥതയായിരുന്നു വര്‍ഗീസിന്റെ കൈമുതല്‍. പുരാരേഖകളെ സംരക്ഷിക്കുക എന്നതാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല. രേഖകളില്‍ എന്തടങ്ങിയിരിക്കുന്നുവെന്നത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കേണ്ടതില്ല. എന്നാല്‍, വര്‍ഗീസ് എന്ന പ്രതിഭയ്ക്ക് താന്‍ കൈകാര്യംചെയ്യുന്ന ഓരോ ഫയലിന്റെയും ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ഈ അക്ഷയഖനിയിലെത്തുന്ന ഗവേഷകര്‍ക്ക് ഒരു നല്ല വഴികാട്ടിയായിരുന്നു അദ്ദേഹം. മലബാറിന്റെ നാട്ടിന്‍പുറത്തുനിന്നെത്തുന്ന ഗ്രാമീണരായ ജനതയ്ക്കുമുന്നില്‍ വര്‍ഗീസ് ഒരു ദൈവമായി അവതരിക്കുന്നതിന് പലപ്പോഴും ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ വര്‍ഗീസ് തന്റെ ആവശ്യങ്ങളായി കരുതി. കിട്ടുന്ന ശമ്പളത്തിന്റെ നല്ല പങ്കും പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ ചെലവഴിക്കുന്ന വര്‍ഗീസ് നല്ലൊരു വായനക്കാരനുമായിരുന്നു. ആ വര്‍ഗീസാണ് ഇന്ന് പുരാരേഖാവകുപ്പില്‍നിന്ന് റിട്ടയര്‍ചെയ്യുന്നത്. അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് ജീവിതത്തിന് എല്ലാവിധ ആശംസകളും പൈതൃകം നല്‍കുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിന്റെ അവസാനദിവസം എനിക്ക് നീട്ടിയ ആ ഫയലിലേക്ക് ഞാന്‍ കടന്നുചെല്ലുകയാണ്. കല്ലായിപ്പാലം ഓലമേഞ്ഞ ചരിത്രം പറയുന്നൂ ഫയല്‍.
പതിന്നാലാം രാവുകളേറെ കണ്ടതാണ് കല്ലായിപ്പാലം. 1813-ലാണ് കല്ലായിക്കടവത്ത് ഒരു പാലമുയരുന്നത്. ആദ്യപാലങ്ങളെല്ലാംതന്നെ മരപ്പാലങ്ങളായിരുന്നല്ലോ. കല്ലായിപ്പാലവും മരപ്പാലംതന്നെ. ബ്രിട്ടീഷ് സൈന്യമായിരുന്നു പാലം നിര്‍മിച്ചത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടീഷ് സൈന്യത്തിന് സാപ്പേഴ്‌സ് ആന്‍ഡ് മൈനേഴ്‌സ് എന്നൊരു വിഭാഗംതന്നെയുണ്ടായിരുന്നു. 10,410 ഉറുപ്പിക 10 അണയായിരുന്നു ഇതിന് ചെലവുവന്നത്. എന്നാല്‍, മഴയും വെയിലും ഏല്‍ക്കേണ്ടിവന്ന ഈ മരപ്പാലങ്ങള്‍ക്ക് ആയുസ്സ് നന്നേ കുറവായിരുന്നു. ഈ കാരണംകൊണ്ടാണ് കല്ലായിപ്പാലം ഓലമേയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഒന്നുരണ്ട് എഴുത്തുകുത്തുകളിലൂടെ ആദ്യകാല കല്ലായിപ്പാലത്തിന്റെ അവസ്ഥാന്തരങ്ങളിലേക്ക് നാം കടന്നുചെല്ലുന്നു. അത് ഇങ്ങനെ:
1842 സപ്തംബര്‍ 26-ാം തീയതി സിവില്‍ എന്‍ജിനീയര്‍ ഏഴാം ഡിവിഷനായ ഡിറ്റ്മസിന് മലബാര്‍ കളക്ടര്‍ കനോലി അയച്ച കത്തുതന്നെ നമുക്ക് ആദ്യം നോക്കാം: ''കോഴിക്കോട്-ബേപ്പൂര്‍ റോഡിലെ കല്ലായിപ്പാലത്തിന്റെ ശോചനീയാവസ്ഥ താങ്കളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കോഴിക്കോട് തഹസില്‍ദാര്‍ വളരെ വിശദമായിത്തന്നെ എനിക്കൊരു റിപ്പോര്‍ട്ട് അയച്ചിരിക്കുന്നു. പാലമാകെ തകര്‍ന്നിരിക്കയാണ്. പാലത്തിന് ഉപയോഗിച്ച മരങ്ങളൊക്കെത്തന്നെ പൂര്‍ണമായും മഴനനഞ്ഞതിനെത്തുടര്‍ന്ന് ദ്രവിച്ചിരിക്കുന്നു. പലതും അടര്‍ന്നുപോയിട്ടുണ്ട്. ഞാനീയിടെ നമ്മുടെ ഹെഡ് മേസ്തിരിയോട് പാലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയും റിപ്പയറിനാവശ്യമായ ഒരു എസ്റ്റിമേറ്റുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഈ എസ്റ്റിമേറ്റ് പ്രകാരം 1,984 ഉറുപ്പിക 7 അണ 10 പൈ ആണ് പാലം പുതുക്കിപ്പണിയാന്‍ നമുക്ക് വേണ്ടിവരിക.
കല്ലായിപ്പാലം നാം ആദ്യമായി ഉണ്ടാക്കുന്നത് 1813-14 കാലത്താണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുത്തിരുന്നതിനാല്‍ ഈ മരപ്പാലം 20 വര്‍ഷത്തോളം തകരാറൊന്നുമില്ലാതെ നിന്നിരിക്കുന്നു. 1833-34ല്‍ നാം 5,069 ഉറുപ്പിക 2 അണ 9 പൈ ചെലവാക്കി നാം ഈ പാലം പുതുക്കിപ്പണിതു. മരക്കാലുകള്‍ക്കുപകരം കല്‍ത്തൂണുകളാക്കി മാറ്റുകയും ചെയ്തിരുന്നു. നമ്മുടെ വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ ക്യാപ്റ്റന്‍ റോസും ലഫ്റ്റനന്റ് പിയേഴ്‌സുമാണ് ഈ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടംവഹിച്ചിരുന്നത്. ഈ പണികള്‍ക്കായി പഴയപാലത്തിന്റെ നല്ല മരങ്ങള്‍ നാം വീണ്ടും ഉപയോഗിച്ചിരുന്നു. ഇങ്ങനെയെടുത്ത പഴയ പാലത്തിന്റെ മരങ്ങളാണ് എട്ടുവര്‍ഷത്തിനുശേഷം ഇപ്പോള്‍ ജീര്‍ണിച്ചുതുടങ്ങിയിരിക്കുന്നത്. മേസ്തിരിയുടെ എസ്റ്റിമേറ്റില്‍ ഞാന്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നില്ല. ആയതിനാല്‍ താങ്കള്‍ എത്രയും പെട്ടെന്ന് കല്ലായിയിലെത്തി പാലം പരിശോധിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എനിക്കൊരു റിപ്പോര്‍ട്ട് അയച്ചുതരിക. ഹെഡ് മേസ്തിരിയുടെ എസ്റ്റിമേറ്റിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയിക്കണം.''
ഏഴാം ഡിവിഷന്‍ സിവില്‍ എന്‍ജിനീയര്‍ മലബാര്‍ കളക്ടര്‍ക്ക് എഴുതിയ മറുപടികൂടി കാണുക: ''സര്‍, ഞാന്‍ സ്ഥലത്തെത്തി കല്ലായിപ്പാലം പരിശോധിക്കുകയുണ്ടായി. കല്‍ത്തൂണുകള്‍ക്കുമാത്രമേ കുഴപ്പമില്ലാതെയുള്ളൂ. മരങ്ങളെല്ലാംതന്നെ ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ എത്രയും പെട്ടെന്ന് കല്ലായിപ്പാലം റിപ്പയറുകള്‍ നടത്തി ഓല മേയേണ്ടതാണ്.''
സിവില്‍ എന്‍ജിനീയര്‍ ഡിറ്റ്മസിന് കനോലി ഇങ്ങനെ മറുപടി കൊടുത്തതായി കാണുന്നു: ''കല്ലായിപ്പാലം ഓലമേയണമെന്ന താങ്കളുടെ നിര്‍ദേശം കിട്ടി. ഈ പാലം മലബാറിലുണ്ടാകുന്ന ശക്തമായ കാറ്റിനെ നേരിടേണ്ടതായി വരുന്നു. കടലിനടുത്തായതിനാല്‍ മണ്‍സൂണ്‍ കാലാവസ്ഥയില്‍ ശക്തമായ കാറ്റിനെയും മഴയെയും ഈ പാലം നേരിടേണ്ടതായി വരുന്നു. പുഴയുടെ ഇരുഭാഗങ്ങളിലും തെങ്ങിന്‍തോട്ടങ്ങളാണുള്ളത്. അതിനാല്‍ കടലില്‍നിന്നുള്ള അതിശക്തമായ കാറ്റ് മഴവെള്ളത്തെ നേരിട്ട് കല്ലായിപ്പാലത്തിലെത്തിക്കുന്നു. താങ്കളുടെ കത്തില്‍ പറയുന്നതുപോലെ ഓലകൊണ്ടോ വൈക്കോല്‍കൊണ്ടോ കല്ലായിപ്പാലം മേയുന്നത് നന്നായിരിക്കുമെങ്കിലും ചില ആശങ്കകള്‍ എനിക്കുണ്ട്. മലബാറിലെ ആള്‍ക്കാര്‍ സന്ധ്യ മയങ്ങിയാല്‍ ചൂട്ടുകത്തിച്ചുകൊണ്ടാണ് ഈ പാലംവഴി കടന്നുപോകാറുള്ളത്. ഇത് കല്ലായിപ്പാലത്തിന് തീ പിടിക്കാന്‍ ഇടവരില്ലേ എന്നതാണ് എന്റെ സംശയം. എങ്കിലും താങ്കള്‍ കല്ലായിപ്പാലം ഓലകൊണ്ടോ വൈക്കോല്‍കൊണ്ടോ മേയുന്നതിന് എനിക്ക് വിരോധമില്ല. എന്റെ ആശങ്കകള്‍ ഇവിടെ പങ്കുവെച്ചെന്നുമാത്രം. ഡിറ്റ്മസ് പിന്നെയൊന്നും ചിന്തിച്ചില്ല. കല്ലായിപ്പാലം ഓല മേഞ്ഞു.
