
മലബാറില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതിന്നിട്ടുണ്ട്
Posted on: 17 Jun 2013
വില്യം ലോഗന്‍

'അഗ്നിപരീക്ഷ' വഴിക്ക് കുറ്റക്കാരെ വിചാരണചെയ്യുന്ന സമ്പ്രദായം ഇക്കാലത്തും സാധാരണമാണ് - അതിന്റെ ഭാവരൂപങ്ങളുടെ കാര്‍ക്കശ്യം അനിവാര്യമായും അപ്രത്യക്ഷമായി വരികയാണെന്നിരിക്കിലും. തിളയ്ക്കുന്ന നെയ്യില്‍ കൈപ്പത്തി താഴ്ത്തി നിരപരാധിത്വം തെളിയിക്കുന്ന ഈ സമ്പ്രദായം സംബന്ധിച്ച് കൗതുകകരമായ ചില വസ്തുതകള്‍ തലശ്ശേരിയിലെ ഇംഗ്ലീഷ് വ്യാപാരശാലയുടെ ചുമതലക്കാരും സാമൂതിരിരാജാവും തമ്മില്‍ 1710-ല്‍ ഉണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പില്‍ കാണാനുണ്ട്. കൈപ്പറ്റിയ പണത്തിനൊത്ത് കമ്പനിക്ക് സപ്ലൈ ചെയ്യാനുള്ള ചരക്കുകളുടെ കാര്യത്തില്‍ നാട്ടുകാരായ കച്ചവടക്കാര്‍ കമ്പനി ഉദ്യോഗസ്ഥന്മാരുമായി ഒരു തര്‍ക്കമുണ്ടായി. തര്‍ക്കം സാമൂതിരിയുടെ അടുത്തെത്തി. സംഗതിയുടെ നിജസ്ഥിതി തിളയ്ക്കുന്ന നെയ്യില്‍ കൈത്തലം താഴ്ത്തി തീരുമാനിക്കാമെന്ന് സാമൂതിരി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ചു തലശ്ശേരി വ്യാപാര ശാലയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, നമ്മളുമായി കച്ചവടത്തര്‍ക്കമുള്ള ഏതു മലയാളിയും (മല്ലബാറി) സത്യാവസ്ഥ മനസ്സിലാക്കുന്നതിലേക്കായി തിളച്ച എണ്ണയില്‍ കൈ കുത്തേണ്ടതാണെന്നു സാമൂതിരി കല്പിച്ചനുവാദം തന്നിരിക്കുന്നു. 1710-ല്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പരീക്ഷണത്തെപ്പറ്റി ഡയറിക്കുറിപ്പില്‍ തുടര്‍ന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: 'സംശയിക്കപ്പെടുന്ന ആളുടെ കൈ തിളച്ച എണ്ണയില്‍ നിന്നു പൊള്ളലേല്‍ക്കാതെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ അയാള്‍ നിരപരാധിയാണെന്നു തെളിയുകയും അങ്ങനെ വന്നാല്‍ പരീക്ഷണത്തിനു ചെലവായ പണം അയാള്‍ക്ക്, പതിവുപോലെ, കമ്പനി കൊടുക്കുകയും ചെയ്യേണ്ടതാകുന്നു.' തിളച്ച എണ്ണയില്‍ കൈമുക്കിയുള്ള ഈ സത്യപരീക്ഷയുടെ വ്യക്തമായ രൂപം, കത്തിത്തിളയ്ക്കുന്ന എണ്ണപ്പാത്രത്തിലിട്ട ഒരു നാണയം കൈയിട്ട് എടുക്കുകയും ഉടന്‍തന്നെ എണ്ണയില്‍ മുങ്ങിയ കൈ ഒരു ശീലക്കഷണം കൊണ്ട് മൂടിക്കെട്ടുകയും ഒരു നിശ്ചിത സമയം (മൂന്നു ദിവസമാണെന്നു പറയുന്നു) കഴിഞ്ഞാല്‍ കൈയില്‍ ചുറ്റിയ ശീല അഴിച്ചുനോക്കുകയും കൈ പൊള്ളിയില്ലെന്നു കണ്ടാല്‍ ആള്‍ നിരപരാധിയാണെന്നു കണ്ടു വെറുതെ വിടുകയും ചെയ്യുക എന്നുള്ളതാണ്. കുറ്റവാളികള്‍ ശിക്ഷാര്‍ഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നതിനു പഴയകാലത്തു നടപ്പുണ്ടായിരുന്ന മറ്റൊരു 'പരീക്ഷണം' ചീങ്കണ്ണികള്‍ കിടന്നു പുളയുന്ന ഒരു ആറോ, കുളമോ, സംശയിക്കപ്പെടുന്ന ആള്‍ ഒരു കരയില്‍ നിന്നു മറുകരയിലേക്കു നീന്തിക്കടക്കുക എന്നതാണ്. മുതലകളുടെ വായില്‍പ്പെടാതെ രക്ഷപ്പെട്ടാല്‍, നിരപരാധിത്വം തെളിയിക്കാം. വേറൊരു പരീക്ഷണം, തുലാഭാരം നടത്തിനോക്കുകയാണ്. നിരപരാധിത്വം തെളിയിക്കാന്‍ ആഗ്രഹിക്കുന്ന ആളെ ആദ്യം തുലാസിന്റെ തട്ടില്‍ നിര്‍ത്തി ഭാരം കണക്കാക്കുന്നു. അതിനുശേഷം തൊട്ട കുളത്തിലിറങ്ങി അയാള്‍ കുളിക്കണം. തിരിച്ചുവന്ന് ഒന്നുകൂടെ തൂക്കം നോക്കും. വെള്ളത്തിലിറങ്ങുന്നതിനു മുമ്പുള്ള തൂക്കത്തില്‍ കുറവാണെങ്കില്‍ ആള്‍ നിരപരാധിതന്നെ. തുലാഭാരം നടത്തിയുള്ള ഈ കുറ്റപരീക്ഷണം ഇക്കാലത്തു ജാതീയമായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സാമാന്യേന സ്വീകരിക്കുന്ന ഒരു മുറയാണ്.
മുന്‍കാലങ്ങളില്‍ കുറ്റവാളികള്‍ പ്രായേണ രക്ഷപ്പെടാറില്ല. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് 'അഗ്നിപരീക്ഷകള്‍ക്കു വിധേയരാവുകയെന്ന സൗകര്യം അവര്‍ക്ക് എപ്പോഴും ലഭിക്കാറുമില്ല. മാപ്പില്ലാത്ത അഞ്ചു കൊടും കുറ്റങ്ങളാണുണ്ടായിരുന്നത്.
1. ബ്രാഹ്മണനെ കൊല്ലുന്നത്, 2. ലഹരിസാധനങ്ങള്‍ ഉപയോഗിക്കുന്നത്, (ഇത് ബ്രാഹ്മണര്‍ക്കിടയില്‍ മാത്രമുള്ള ഒരു കുറ്റമാണെന്നു കരുതണം - കാരണം, നായന്മാരോ മറ്റു താണജാതിക്കാരോ ഇന്നു മാത്രമല്ല പണ്ടും മദ്യവര്‍ജനം ജീവിതരീതിയായി ഒരിക്കലും സ്വീകരിച്ചിരുന്നില്ല) 3. മോഷണം നടത്തുന്നത് - 'മോഷ്ടാവിനെ അവര്‍ ശിരച്ഛേദം ചെയ്യുന്നു', 14-ാം നൂറ്റാണ്ടിലെ മലയാളികളെപ്പറ്റി ഷേഖ് ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തുകയുണ്ടായി, 'കുറ്റം ഒരു അടയ്ക്ക മോഷ്ടിച്ചതാവാം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പഴത്തിന്റെ ഒരു കുരുമണിയായിരിക്കാം. ശിക്ഷ, മരണം തന്നെ. അക്കാരണത്താല്‍ അവര്‍ക്കിടയില്‍ കള്ളന്മാരില്ല. ഒരു ഫലവൃക്ഷത്തില്‍നിന്ന് ഒരു ഫലം താഴെ വീണുകിടന്നാല്‍ അതിന്റെ ഉടമയല്ലാതെ മറ്റൊരാളും അതു തൊടുകയില്ല' (ഇബ്‌നു ബത്തൂത്ത - സഞ്ചാരങ്ങള്‍ പരിഭാഷ, ലണ്ടന്‍ 1829-പേജ് 167) 4. ആചാര്യവിധി നിരാകരിക്കുന്നത്, 5. പശുവിനെ കൊല്ലുന്നത് - കൊച്ചി സ്റ്റേറ്റില്‍ ഇക്കാലത്തും ഇതു ശിക്ഷാര്‍ഹമായ കുറ്റമാണ്. വധശിക്ഷ നടപ്പാക്കുന്ന രീതി ചിലപ്പോള്‍ ഭയാനകമാംവിധം പ്രാകൃതമാണ്. കുറ്റവാളികളെ വധിച്ചാല്‍ ജഡം രണ്ടു കഷണമായി വെട്ടുകയും ഒരു കഴുവില്‍ തൂക്കിയിട്ടു പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു - നായാട്ടിനിടയില്‍ കൊല്ലപ്പെടുന്ന വന്യമൃഗങ്ങളുടെ (നരിയും പുലിയും മറ്റും) ശവങ്ങള്‍ ദൈവപ്രീതിക്കുവേണ്ടി കമ്പുകള്‍ കെട്ടി തൂക്കിയിടുന്നതുപോലെ. മോഷ്ടാക്കളേയും രണ്ടു തുണ്ടമായി വെട്ടിമുറിച്ച് കഴുവില്‍ തൂക്കുമായിരുന്നു. കഴുകന്‍ ചിറകുവിടര്‍ത്തിയ മാതിരി ഇരുവശത്തും തൂണുകള്‍നാട്ടി വിലങ്ങനെ ദണ്ഡിട്ട് നിര്‍ത്തിയ കൊലമരമാണ് 'കഴുവ്' എന്നു പറയപ്പെടുന്നത്. ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വമായിരുന്നില്ല. 1795 ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി (പൈച്ചി) യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍പ്പെട്ട വെങ്ങാട്ട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ച്, നാമമാത്രമായ വിചാരണനടത്തി, രണ്ടു മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി. വന്‍കിടക്കാരായ കുറ്റവാളികളെ ചിലപ്പോള്‍ പച്ച തെങ്ങോല മടഞ്ഞുകെട്ടി അതിലിട്ട് ആനകളെക്കൊണ്ട് ചവിട്ടിപ്പിച്ചു കൊല്ലുകയായിരുന്നു.
മലബാറില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതിന്നുന്ന സമ്പ്രദായം എന്നെങ്കിലും വ്യാപകമായി നിലനിന്നിരുന്നോ എന്നു പറയുക പ്രയാസം. എന്നാല്‍ ജനസംഖ്യയില്‍ താണജാതിക്കാര്‍ക്കിടയില്‍ ചിലപ്പോള്‍ ഇതു അസംഭവ്യമായിരുന്നില്ലെന്നു കരുതണം. ഇവര്‍ ഇക്കാലത്തുപോലും ഉയര്‍ന്ന ജാതിക്കാരായവരോട് പകരം വീട്ടാന്‍ സ്വീകരിക്കുന്ന മാര്‍ഗം, രാത്രികാലങ്ങളില്‍ വീടുകള്‍ക്കു കല്ലെറിഞ്ഞും തന്ത്രമന്ത്രങ്ങള്‍ നടത്തി ഭൂതപ്രേതങ്ങള്‍ക്കു മനുഷ്യക്കുരുതി നടത്തിയുമാണ്. ആധുനികകാലത്ത്, മനുഷ്യബലി നടത്തിയതിന്റെ ഒരു അനുഭവം മാത്രമേ രേഖപ്പെടുത്തിയതായിട്ടുള്ളൂ. യശഃശരീരനായ ഡോ. ബര്‍ണല്‍ ഈ സംഭവം സ്ഥിരീകരിക്കുന്നുമുണ്ട്. അടിയാളജാതിക്കാരായ ചിലര്‍ ഒരു നായരെ കൊന്നു ജഡം വെട്ടിമുറിച്ചതിനെ ചോദ്യംചെയ്തപ്പോള്‍, അവര്‍ നടത്തിയ കുറ്റസമ്മതം തങ്ങള്‍ അയാളെ കൊന്നത് മനുഷ്യമാംസം തിന്നു പാപമുക്തി നേടാനാണെന്നായിരുന്നു. (ഇന്ത്യന്‍ ആന്റിക്വാറി ഢകകക പേജ് 88)
ഇക്കാലത്തുപോലും കീഴ്ജാതിക്കാര്‍ക്കും മേല്‍ജാതിക്കാരില്‍ സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കുമിടയില്‍ മന്ത്രതന്ത്രാദികളിലും ആഭിചാരത്തിലും അന്ധമായ വിശ്വാസം സാര്‍വത്രികമാണ്. കീഴ്ജാതിക്കാരില്‍ ചില വ്യക്തികള്‍ ഇക്കാര്യത്തില്‍ മേല്‍ജാതിക്കാരില്‍ ചെലുത്തിപ്പോരുന്ന അന്ധവിശ്വാസപരമായ സ്വാധീനം അതിശക്തമാണെന്നും പറഞ്ഞേതീരൂ. ആഭിചാര - വശീകരണപ്രയോഗങ്ങള്‍ വഴി ഈ മന്ത്രവാദികള്‍ വിചാരിച്ചാല്‍ ഏതൊരാള്‍ക്കും കടുത്ത കഷ്ടനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ കഴിയുമെന്ന മേല്‍ജാതിക്കാരുടെ വിശ്വാസമാണ് ഇതിനു കാരണം. വിദഗ്ധ നായാട്ടുകാരെന്നു പ്രസിദ്ധമായ ഒരു നായര്‍കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും - 1875-ല്‍ വെയില്‍സ് രാജകുമാരന്‍ ആനമല വനങ്ങളില്‍ മൃഗയാവിനോദം നടത്തിയപ്പോള്‍ വഴികാട്ടികളായി ഈ കുടുംബത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു - ഏറെ താമസിയാതെ വഴിക്കുവഴിയേ അതീവ ദുര്‍ജ്ഞേയമായ സാഹചര്യത്തില്‍ മരണപ്പെടുകയുണ്ടായി. അജ്ഞാതമായ ഒരു കരം ഓരോരുത്തരേയും അടിച്ചുവീഴ്ത്തുകയായിരുന്നുവത്രേ. അത്രയുമല്ല, കുടുംബത്തെ നശിപ്പിക്കാന്‍ ഒരു പ്രത്യേക വ്യക്തി ആഭിചാരം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ഫലമായി ഏതു സമയവും കുടുംബാംഗങ്ങള്‍ ദുര്‍മരണത്തിന്നിരയാവുമെന്നും ഓരോരുത്തരും അന്ധമായി വിശ്വസിച്ചിരുന്നു. വിഷം കൊടുത്തു നടത്തിയ കൊലപാതകങ്ങളാണിതെന്നു കരുതണം. എന്നാല്‍, ഒരു കുടുംബത്തെ മുഴുവന്‍ വിഷംകൊടുത്തു കൊല്ലാന്‍ എങ്ങനെ കഴിഞ്ഞു എന്നത് ഇന്നും അജ്ഞാതമായിത്തന്നെ ഇരിക്കുന്നു. ദുരന്തത്തിന്നിരയായ കുടുംബം ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്നുവെന്നും എന്തെങ്കിലും കുത്സിതവൃത്തികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തല്‍ക്ഷണം വെളിക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്.
അന്തരിച്ച മി. വാല്‍ഹൗസ്, 1876-ലെ 'ഇന്ത്യന്‍ ആന്റിക്വാറി'യില്‍ ഇങ്ങനെ എഴുതുകയുണ്ടായി: 'മാന്ത്രികവിദ്യയും ആഭിചാരവും തഴച്ചുവളര്‍ന്ന ഒരു നാടാണ് മലബാര്‍ എന്നതു നമുക്ക് കണക്കിലെടുക്കുക. ഏറ്റവും കരുത്തുള്ള ഭൂതപ്രേത പിശാചുകള്‍ നിവസിക്കുന്നത് ഇവിടെയാണ്.' ശത്രുക്കളായവരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് അടവുകളെ മി. വാല്‍ഹൗസ് സാമാന്യം വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്. 'ശത്രുവിന്റെ പ്രതിരൂപം മെഴുകുകൊണ്ടു നിര്‍മിക്കുക. വലതുകൈയില്‍ പ്രതിമയും ഇടതുകൈയില്‍ മന്ത്രമാലയുമായി പാതിരാത്രിയില്‍ ചില കര്‍മങ്ങള്‍ ചെയ്ത് പ്രതിമയെ ദഹിപ്പിച്ചാല്‍, ശത്രുവിന്റെ മരണം പതിന്നാലു ദിവസങ്ങള്‍ക്കകം സുനിശ്ചയം. പ്രചാരത്തിലുള്ള ചില ദുര്‍മന്ത്രവാദരീതികള്‍ കൂടി വിവരിക്കാം. ശ്മശാന പറമ്പില്‍നിന്നു മനുഷ്യാസ്ഥി പെറുക്കി എടുത്ത് 'ഓം! ഹ്രം! ഹ്രാം! വരാഹമൂര്‍ത്തേ! അവനെ പിടികൂടിയാലും! അവനെ നശിപ്പിച്ചാലും! അവന്റെ ചോര വീണ്ടും വീണ്ടും കുടിച്ചാലും! അവന്റെ മാംസം വീണ്ടും വീണ്ടും ഭക്ഷിച്ചാലും! ഓ ആസന്നമരണമൂര്‍ത്തിയേ! മലയാള ഭഗവതിയെ! ഗ്ലൗം! ഗ്ലൗം! ഓം!' എന്ന് ആയിരം തവണ ജപിച്ച് ഊതി, ആ അസ്തി ശത്രുവിന്റെ വീട്ടിലേക്ക് എറിഞ്ഞാല്‍ അയാളുടെ നാശം നിശ്ചയം... ഒരു മന്ത്രവാദിക്കു മരിച്ച ഒരു കന്യകയുടെ ജഡം കിട്ടിയെന്നിരിക്കട്ടെ; ആ പ്രേതത്തെ ഒരു ഞായറാഴ്ച രാവില്‍ ഭൂതം നിവസിക്കുന്ന ഒരു മരത്തിന്റെ ചുവട്ടിലുള്ള ബലിത്തറയില്‍ കിടത്തുക - അതിനുശേഷം നൂറുതവണ 'ഓം! ഹ്രീം! ഹ്രോം! മലയാള ഭഗവതിയേ; ഞങ്ങളിലേക്കു പ്രവേശിച്ചാലും! വന്നാലും! വന്നാലും!!' എന്ന മന്ത്രം ഉരുവിടുന്നതോടെ, ഭഗവതിയുടെ ചൈതന്യം ആവാഹിക്കപ്പെട്ടു കന്യകയുടെ മൃതശരീരം ഭൂതാവേശത്താല്‍ എഴുന്നേറ്റു നില്‍ക്കുന്നു. ഇറച്ചിയും റാക്കും കൊടുത്തു ഭൂതത്തെ തൃപ്തിപ്പെടുത്തിയാല്‍, ഉന്നയിക്കുന്ന ഏതു ചോദ്യത്തിനും ഭൂതബാധകൊണ്ട ജഡം മറുപടി പറയും. ഭൂതപ്രേതപിശാചുക്കളെ വിലയ്ക്കു വാങ്ങുകയും കൊണ്ടുനടക്കുകയും ഒരു മന്ത്രവാദിയില്‍നിന്നു മറ്റൊരു മന്ത്രവാദിയിലേക്കു കൈമാറുകയും ചെയ്യാം.' 'അഭ്യസ്തവിദ്യരായ മലയാളികളില്‍ മാന്യന്മാരായവര്‍പോലും പ്രായേണ ഫോട്ടോ എടുക്കുവാന്‍ വിസമ്മതിക്കുന്നവരാണ്. തങ്ങളുടെ ശത്രുക്കള്‍ ഫോട്ടോയുടെ കോപ്പി സമ്പാദിച്ചാലോ എന്നാണ് ഭയം. അങ്ങനെ കിട്ടുന്ന ഫോട്ടോയുടെ കണ്ണുകളും മറ്റ് അവയവഭാഗങ്ങളും സൂചികൊണ്ട് കത്തിത്തുളയ്ക്കാനും ആഭിചാരക്രിയകള്‍കൊണ്ടു തങ്ങള്‍ക്കു കടുത്ത ക്ലേശങ്ങള്‍ വരുത്തിവെക്കാനും ശത്രുക്കള്‍ക്കു കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. കേരളത്തിന് 12 മന്ത്രവാദി കുടുംബങ്ങളുണ്ട്. ഇതില്‍ ആറുപേര്‍ സന്‍മൂര്‍ത്തികളെ ആവാഹിക്കുന്ന സിദ്ധികൈവരിച്ചവരാണ്; ആറുപേര്‍ ദുര്‍മൂര്‍ത്തികളെ സ്വാധീനിക്കുന്നതിലും.
'കണ്ണേറുദോഷ'ത്തെ എത്ര ഗൗരവത്തോടെയാണ് മലയാളികള്‍ എടുക്കുന്നതെന്നതിന്നു നാട്ടിന്റെ ഏതുഭാഗത്ത് എങ്ങോട്ടു തിരിഞ്ഞാലും കാണുന്ന 'നോക്കുകുത്തികള്‍' തെളിവാണ്. ഒരു വീടോ കടയോ നിര്‍മിക്കുന്ന സ്ഥലത്ത്, സഭ്യത തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത അശ്ലീല ബീഭത്സരൂപങ്ങള്‍ വൈക്കോലില്‍ കെട്ടി കമ്പുനാട്ടി പ്രദര്‍ശിപ്പിച്ചിരിക്കും. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ക്കു കണ്ണേറുകൊള്ളാതെ, ദൃഷ്ടിദോഷമുള്ള യാത്രക്കാരുടെ ശ്രദ്ധതിരിച്ചുവിടാനുള്ളതാണ് 'നോക്കുകുത്തി'. പൊതുവഴിയില്‍ നിന്നു കാണാവുന്നിടത്ത് ഒരു പറമ്പിലോ വയലിലോ ഉള്ള ധാന്യവിളകളേയും ഫലവൃക്ഷങ്ങളേയും കണ്ണേറുദോഷത്തില്‍നിന്നു രക്ഷിക്കാനും നോക്കുകുത്തികള്‍ വെക്കാറുണ്ട്. കണ്ണേറുകൊണ്ടാല്‍ ഏതുവിളവും പുഷ്ടിപ്പെടുകയില്ലെന്നാണ് വിശ്വാസം. ഒരു കറവപ്പശുവിന്റെ കഴുത്തില്‍ മന്ത്രച്ചരടിന്റെ ചിരട്ടകള്‍ കോര്‍ത്തുകെട്ടുന്നില്ലെങ്കില്‍ കറവ മുട്ടും എന്ന അതേ മിഥ്യാധാരണകള്‍ മലയാളിയുടെ ജീവിതചര്യയില്‍ സമസ്ത തലങ്ങളേയും സ്വാധീനിക്കുന്നുണ്ട്. ദുര്‍ന്നിമിത്തങ്ങള്‍ ഒഴിവാക്കാനുള്ള ഈ വ്യഗ്രത ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയിലും, എന്തിന് ഒരു പരിധിയോളം യൂറോപ്യന്മാര്‍ക്കിടയില്‍പോലും കാണാന്‍ കഴിയും.
നോക്കുദോഷം ബാധിച്ച വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്ന രീതിയും അസാധാരണമാണ്. ജപിച്ച് ഊതിയ പുല്ലോ പഴമോ കൊടുത്താല്‍, അതല്ലെങ്കില്‍ ജപിച്ചുകഴിഞ്ഞ വെള്ളത്തില്‍ കുളിപ്പിച്ചാല്‍, അതുമല്ലെങ്കില്‍ മന്ത്രങ്ങള്‍ എഴുതിയ ഓല ചുരുട്ടി ഒരു ഏലസ്സുപോലെ മൃഗത്തിന്റെ കഴുത്തില്‍ കെട്ടിയാല്‍, രോഗവിമുക്തമായി എന്നാണ് സങ്കല്പം. ലക്ഷദ്വീപ് സമൂഹങ്ങളിലൊന്നില്‍ നിവസിക്കുന്ന പാവപ്പെട്ട ഒരു മാപ്പിളസ്ത്രീയെ, ഭൂതപ്രേതങ്ങളുടെ രൂപങ്ങളും കളങ്ങളും കുറിച്ച ഒരു വെറ്റില എവിടെനിന്നോ കൊണ്ടുവന്നു എന്നു പറഞ്ഞു വിചാരണയ്ക്കു വിധേയമാക്കുകയുണ്ടായി-1877ല്‍. വെറ്റില ചുരുട്ടി അപസ്മാരരോഗിയായ മകളുടെ ദേഹത്തില്‍, രോഗനിവൃത്തിക്കായി, ഉരയ്ക്കുക മാത്രമാണു താന്‍ ചെയ്തതെന്ന സ്ത്രീയുടെ പ്രസ്താവന സംശയിക്കേണ്ടതില്ലെന്നു പിന്നീടു തെളിഞ്ഞതുകൊണ്ടു രക്ഷപ്പെട്ടു. 'സാക്ഷിവൃക്ഷ'ത്തിന്റെ ഇലതൊട്ടു സത്യം ചെയ്ത് ഇസ്‌ലാംമതം സ്വീകരിച്ച ഒരു മലയാളിരാജാവിനെപ്പറ്റി ഇബനുബത്തൂത്ത പറയുന്നുണ്ട്. ഈ പ്രത്യേക മരത്തിന്റെ ഇലകള്‍ ഒരിക്കലും കൊഴിയുന്നില്ലെന്ന അത്ഭുതം ബത്തൂത്തയോടു തദ്ദേശവാസികള്‍ വിവരിച്ചുകൊടുത്തതാണ്. എന്നാല്‍ 'ഓരോ വര്‍ഷത്തിലെയും ശിശിരര്‍ത്തുവില്‍ ഈ അത്ഭുതവൃക്ഷത്തിന്റെ ഇലകളിലൊന്നിന്റെ നിറം മാറും - ആദ്യം മഞ്ഞ, പിന്നെ ചുവപ്പ്. നിറം മാറിമറിയുന്ന ഇലയില്‍ അല്ലാഹുവിന്റെ ശക്തിവിശേഷത്താല്‍ 'ദൈവമായി ദൈവമേ ഉള്ളൂ; ദൈവത്തിന്റെ പ്രവാചകനത്രേ മുഹമ്മദ്' എന്ന് ആലേഖനം ചെയ്തിരിക്കും. ഈ ഇല മാത്രമേ മരത്തില്‍നിന്ന് കൊഴിഞ്ഞുവീഴുന്നുള്ളൂ.' ഇല കൊഴിഞ്ഞുവീഴുന്നതു കാണാന്‍ ഉത്കണ്ഠാകുലരായ നാട്ടുകാര്‍ കാത്തിരിക്കും. കാരണം, നിപതിക്കുന്ന ഇലകൊണ്ടു മാറാത്ത രോഗങ്ങളില്ല എന്നാണ് വിശ്വാസം. ഇക്കാലത്തും സ്ഥലത്തെ മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം മൗണ്ട് ഡേലിന്റെ (ഏഴിമല) വളരുന്ന ഒരു വൃക്ഷത്തിന്ന് ഇതേ അത്ഭുതസിദ്ധിയുണ്ടെന്നാണ്.
ബാധ ഒഴിക്കാനും ഭാവിയിലുണ്ടാകുന്ന പ്രേതോപദ്രവങ്ങള്‍ ഒഴിവാക്കാനും സ്വീകരിക്കുന്ന മന്ത്രവിധികള്‍ സുദീര്‍ഘവും ചിലപ്പോള്‍ കുറെ ഏറെ സങ്കീര്‍ണ്ണവുമായ ഒന്നാണ്. ഇതു സംബന്ധിച്ചു താഴെ കൊടുക്കുന്ന വിവരണം വിശ്വസനീയമായ ഒരു കേന്ദ്രത്തില്‍ നിന്നു കിട്ടിയതാണ്.
'ഇതിനുപുറമെ, 'തോലുഴിയുക' (വ്യത്യസ്തങ്ങളായ പ്രേതബാധകള്‍ നിര്‍മാര്‍ജനം ചെയ്യാനും ഉണ്ടായ ഉപദ്രവങ്ങള്‍ക്ക് ശിക്ഷ നല്‍കാനും തോലുകള്‍ അഥവാ നുച്ചില്‍കമ്പുകള്‍ ഉഴിഞ്ഞു തീയിലിടുന്ന ഒരു ചടങ്ങാണിത്). 'ബലിയിടുക' (ബാധോപദ്രവം ബാധിച്ച ആളെ കൊട്ടപ്പൂവുകള്‍കൊണ്ട് ഉഴിയുന്ന ചടങ്ങ്) എന്നിങ്ങനെ രണ്ട് ആചാരങ്ങളുണ്ട്. പ്രേതം ബാധിച്ചതു മനുഷ്യനെയാണെങ്കില്‍, അതു നിര്‍വഹിക്കുന്ന മുറകള്‍ ഇങ്ങനെയാണ്: ഒന്നാമതായി തിരിയിട്ടു കത്തിച്ച ഒരു നിലവിളക്കും നിറയെ അരി നിറച്ച ഒരു നാഴിയും (മരംകൊണ്ടുണ്ടാക്കിയ ഒരു അളവുപാത്രം) വീട്ടിന്റെ ഉമ്മറത്തോ മുറ്റത്തോ വെക്കുന്നു. ഇതിന്റെ വടക്കു-കിഴക്കു കോണിലായി 'കാളഭൈരവ'ന്റെ (ഒരു ഭൂതം) പ്രതിരൂപം, തല തെക്കോട്ടും കാലടികള്‍ പടിഞ്ഞാറോട്ടുമായി വരച്ചുവെക്കുന്നു. അഞ്ചുനിറങ്ങളിലായിട്ടാണ് (വെള്ള, മഞ്ഞ, പച്ച, ചുവപ്പ്, കറുപ്പ്) ഭൂതത്തെ വരയ്ക്കുന്നത്. തവിടു കളഞ്ഞതും കളയാത്തതുമായ അരി, ഇളനീര്‍, വാഴപ്പഴം, അവല്, മലര്, വെത്തില, അടയ്ക്ക തുടങ്ങിയ പൂജാവസ്തുക്കള്‍ ഭൂതക്കളത്തിന്റെ നാലുവശങ്ങളിലുമായി വെക്കുന്നു. വാഴപ്പോളകൊണ്ട് ഉണ്ടാക്കിയതും വരിയായി കുരുത്തോല കുത്തി നിരത്തിയതുമായ 'കൈപ്പാണ്ടി' (ത്രികോണം) തയ്യാറാക്കി അതിന്റെമേല്‍ 'കണിക്കായി' (മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും വെള്ളത്തില്‍ കലക്കി കരിക്കാടിപോലെ ഉണ്ടാക്കുന്ന മിശ്രിതം) തളിച്ചു ഭൂതരൂപത്തിന്റെ കിഴക്കുദിശയില്‍ വെക്കുന്നു. ചുവപ്പു ഗുരുസി (വെള്ളത്തില്‍ മഞ്ഞള്‍പൊടിയും അല്പം ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന കുരുതി) കറുത്തനിറം പകര്‍ന്ന ഒരു നാളികേരത്തോടൊപ്പം ദക്ഷിണദിശയില്‍ വെക്കുന്നു. ഇങ്ങനെ വിവിധ ദിശകളില്‍ വെക്കുന്ന ബലിതര്‍പ്പണങ്ങള്‍ക്കു മുമ്പില്‍ യഥാവിധിയുള്ള പൂജകള്‍ നടത്തിയ ശേഷം 'പിണിയാള്‍' ആരുടെ ബാധോപദ്രവമാണോ നീക്കിക്കളയുന്നത് ആ വ്യക്തി) മൂന്നു വെറ്റിലയും മൂന്നു കഷണം അടക്കയും അരിയും തിരിയും വലതുകൈയിലും ഒരു കത്തി മറുകയ്യിലുമെടുത്ത് ഭൂതക്കളത്തെ മൂന്നുതവണ പ്രദക്ഷിണം വെച്ചതിനുശേഷം കളത്തിന്റെ പടിഞ്ഞാറു ഭാഗത്തു കിഴക്കോട്ടഭിമുഖമായി നിലകൊള്ളുകയും ഭൂതരൂപത്തിന്റെ നേര്‍ക്ക് മൂന്നുതവണ കത്തി ഓങ്ങുകയും മൂന്ന് വട്ടം രൂപത്തെ കൊത്തിവരയ്ക്കുകയും അവസാനം കത്തി ഭൂതത്തിന്റെ വലതുകണ്ണില്‍ കുത്തിയിറക്കുകയും ചെയ്തുകൊണ്ട് അവിടെ ഇരിക്കുന്നു. ഇതിനുശേഷം 'കാളി'ക്ക് സ്‌തോത്രം ചൊല്ലിക്കൊണ്ട് കത്തിച്ച ഒരു തിരി കൈപ്പാണ്ടിയിലും മറ്റൊന്ന് ചുവന്ന ഗുരുസിയിലും മൂന്നാമതൊന്ന് ചുവപ്പില്‍ കുതിര്‍ത്ത നാളികേരത്തിലും വെയ്ക്കുന്നു. 'ഗുളിക'നു സ്‌തോത്രം ചൊല്ലിക്കൊണ്ട് ഇതുപോലെ കത്തിച്ച തിരികള്‍ കറുത്ത ഗുരുസിയുടെയും കറുപ്പിച്ച നാളികേരത്തിന്റെയും മേല്‍ വെയ്ക്കുന്നു. ശനിപുത്രനായ ഗുളികന്‍, മരണമുഹൂര്‍ത്തത്തിന്റെ നിയന്താവത്രെ. ഈ ഘട്ടത്തില്‍ ഒന്നുകില്‍ ചടങ്ങുകള്‍ നിര്‍വഹിക്കുന്ന കര്‍മ്മി, അല്ലെങ്കില്‍ ഒരു പരികര്‍മ്മി, ഒരു പിടി 'ഇരഞ്ഞി' (ഒരു മരം) ഇലകളും ഒരു പിടി നൊച്ചി (ഒരു ചെടി) ഇലകളും വാരി എടുക്കുമ്പോള്‍ 'പിണിയാള്‍' അതിനു മേലെ ദൃഷ്ടിദോഷം പെടാതിരിക്കാന്‍ ഒരു നെയ്ത്തിരി കത്തിച്ചുവെയ്ക്കുന്നു. ഇതേത്തുടര്‍ന്ന് രണ്ടാമതൊരാളും ഒരു പിടി ഇലകള്‍ വാരുന്നു. മൂന്നാമതൊരാളും അങ്ങനെ ചെയ്യുന്നു. രണ്ടുപേരും വാരിയ ഇലകളുമായി പിണിയാളിന്റെ ഇരുഭാഗത്തുമായി നിന്നുകൊണ്ട് അയാളുടെ ആപാദചൂഡം ഇലകള്‍ തിരുമ്മി ഉഴിയുന്നു. ഭാരതകഥയില്‍ പാണ്ഡുപുത്രന്മാര്‍, കൗരവന്മാര്‍ ചെയ്ത ആഭിചാരഫലമായി അനുഭവിച്ച ക്ലേശങ്ങള്‍ വിവരിക്കുന്ന ആ പ്രത്യേക ഭാഗം അപ്പോള്‍ പാരായണം ചെയ്യണം. ഓരോ ശ്ലോകത്തിന്റെയും അവസാനം, ഉഴിഞ്ഞിടുന്ന എരഞ്ഞി-നുച്ചി ഇലകള്‍, ഉപ്പ്, മുളക്, കടുക്, എള്ള് ഇവയില്‍ കലര്‍ത്തി പിലാവിന്റെ വിറക് കത്തിച്ച അഗ്നികുണ്ഡത്തിലിട്ട് ദഹിപ്പിക്കണം. അഗ്നികുണ്ഡത്തില്‍ ഒരു കഷണം ഇരുമ്പും ഇടാറുണ്ട്. ഈ വിധത്തില്‍ മഹാഭാരത കഥാഭാഗത്തിലെ നാലു ശ്ലോകങ്ങളും പാരായണം ചെയ്തുകഴിയുന്നതോടെ, മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ പൂജാരി (കര്‍മ്മി) പാണ്ടിയും 'ഗുരുസി'യും കമിഴ്ത്തിക്കളയുന്നു. ഇതിനുശേഷം പിണിയാളിന്റെ ദേഹം 'പാണല്‍' എന്ന ഔഷധച്ചെടിയുടെ വേരുകള്‍ ഇടിച്ചുപിഴിഞ്ഞ നീരും എള്ളെണ്ണയും ചേര്‍ത്തു ലേപനം ചെയ്യുന്നു. ഇതോടെ, ഹോമകുണ്ഡത്തിലിട്ടിരുന്ന ഇരുമ്പുകഷണം പുറത്തേക്കെടുത്ത് പിണിയാളിന്റെ മുമ്പില്‍ ഇടുകയും വീഴ്ത്തുമ്പോള്‍ ഉണ്ടാവുന്ന കരി പൂജാരി സ്വന്തം കൈയില്‍ തുടച്ചെടുത്ത് പിണിയാളിന്റെ ശരീരചര്‍മ്മത്തില്‍ പുരട്ടുകയും ചെയ്യുന്നു. ഇതിനുശേഷം പിണിയാളിന്റെ മുമ്പാകെ ഉടയ്ക്കാത്ത ഒരു നാളികേരം വെച്ച് അതിന്റെ മേലെ വിലങ്ങനെ രണ്ടു നെയ്ത്തിരികള്‍ വെയ്ക്കുന്നു. ഈ നാളികേരം മൂന്നുതവണ മുന്നോട്ടും പിന്നോട്ടുമായി പിണിയാള്‍ കവച്ചുകടക്കണം. അങ്ങനെ ചെയ്യുമ്പോള്‍ വലതുകയ്യില്‍ ഒരു കത്തിയും ഇടതുകയ്യില്‍ കുത്തിപ്പിടിച്ച നെയ്ത്തിരിയും ഉണ്ടായിരിക്കും. കത്തിച്ച നെയ്ത്തിരികൊണ്ട് നാളികേരത്തിനു മുകളില്‍വെച്ച തിരികള്‍ കത്തിക്കണം. ഇതേതുടര്‍ന്ന് പിണിയാള്‍ മൂന്നുതവണ നാളികേരം വെട്ടുന്നതായി ഭാവിച്ചുകൊണ്ട് കത്തി ഓങ്ങണം. നാലാമത്തെ തവണ കത്തി നാളികേരത്തില്‍ പതിക്കുമ്പോള്‍ അതു രണ്ടു കഷണമായി പിളരുന്നതോടെ പിണിയാള്‍ രണ്ടു കൈകൊണ്ട് ഭൂതരൂപത്തെ തല്ലി നശിപ്പിക്കുകയും തൊഴിച്ച പൊടികള്‍ കൊണ്ട് നെറ്റിത്തടത്തില്‍ കുറി വരയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, ഭൂതത്തെ ഒഴിപ്പിക്കുന്ന കര്‍മ്മം അവസാനിക്കുന്നു.
'പുരുഷന്റെ ആദ്യവിവാഹത്തിനു തൊട്ടുമുമ്പായിട്ടാണ് പൊതുവെ ഈ കര്‍മ്മം ചെയ്യുന്നത്. ഇതിനു മുമ്പ് വിവരിച്ച വിധമുള്ള ഭൂത-പ്രേത ബാധ അവര്‍ക്കുണ്ടെന്നു സംശയിക്കപ്പെടുന്ന സന്ദര്‍ഭത്തിലും കര്‍മ്മം ചെയ്യും. സ്ത്രീകളും ഇത്തരം കര്‍മ്മങ്ങള്‍ക്കു വിധേയരാവുന്നു - ആദ്യ ഗര്‍ഭധാരണത്തില്‍ അഞ്ചാം മാസമോ ഏഴാം മാസമോ ഒമ്പതാം മാസമോ നടക്കുന്ന 'പുംസവന' ചടങ്ങിന്റെ തലേന്നാള്‍, വന്ധ്യകളായ സ്ത്രീകള്‍ക്കു സന്താനലാഭത്തിന്നുവേണ്ടിയും ഈ കര്‍മ്മം ചെയ്യാറുണ്ട്'.
ജനങ്ങള്‍ക്കിടയില്‍ ശകുനം നോക്കുന്നത് ഒരു തൊഴിലായി സ്വീകരിച്ചവര്‍ ഇല്ല. എങ്കിലും അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളും നിമിത്തങ്ങളും സ്വാധീനിക്കുന്നത് കണ്ണില്‍പ്പെടുന്ന പക്ഷി - മൃഗാദികളും മനുഷ്യരും മറ്റു ചേതനാചേതനവസ്തുക്കളുമാണെന്നു, അല്ലെങ്കില്‍ തജ്ജന്യങ്ങളായ ലക്ഷണങ്ങളാണെന്നു പറയേണ്ടതുണ്ട്.
നല്ല ലക്ഷണങ്ങള്‍ - കാക്ക, പ്രാവ് തൊട്ട പക്ഷികളും മാന്‍ മുതലായ മൃഗങ്ങളും ഇടത്തുനിന്നു വലത്തോട്ടു പ്രയാണം ചെയ്താല്‍, നായ്ക്കളും കുറുക്കന്മാരും വലത്തുനിന്ന് ഇടത്തോട്ട് ഓടിയാല്‍, മറ്റു മൃഗങ്ങള്‍ ഇതേ ദിശയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതു കണ്ടാല്‍, കരിങ്കാക്കയും പൂവന്‍കോഴിയും താറാവും കീരിയും കോലാടും മയിലും ഒറ്റക്കു നില്‍ക്കുന്നത് കണ്ണില്‍പെട്ടാല്‍, അല്ലെങ്കില്‍ അവ ഒന്നിലധികം കൂട്ടം ചേര്‍ന്ന് വഴിയുടെ ഇടത്തോ വലത്തോ വരുമ്പോള്‍, മഴവില്ല് ഇടത്തുവശത്തോ വലതുവശത്തോ പിറകുവശത്തോ പ്രത്യക്ഷപ്പെട്ടാല്‍ - എല്ലാം ശുഭോദര്‍ക്കമാണ്. തൊട്ടു മുന്‍പിലാണ് കാണുന്നതെങ്കില്‍ അശുഭലക്ഷണങ്ങളാണ്.
ശുഭലക്ഷണങ്ങളായി കരുതുന്ന മറ്റുവസ്തുക്കള്‍ - തൈര്, പച്ചരി, പുട്ടല്‍പിറ, പ്രിയംഗുപുഷ്പം, തേന്‍, പശുവിന്‍നെയ്യ്, കാര്‍പ്പാസം, ഈയം, ഗന്ധകം, ലോഹകൂജ, മണിയടിനാദം, വിളക്ക്, താമര, കറുകപ്പുല്ല്, പച്ചമത്സ്യം, മാംസം, ധാന്യമാവ്, പഴുത്ത ഫലങ്ങള്‍, മധുരപലഹാരങ്ങള്‍, പവിഴമുത്ത്, ചന്ദനം, ആന, ജലം നിറച്ച പാത്രങ്ങള്‍, കന്യക, വനിത, ബ്രാഹ്മണര്‍, രാജാക്കന്മാര്‍, തറവാടികള്‍, വെളുത്തപുഷ്പം, വെളുത്ത ചമരിയുടെ വാല്‍, വെള്ള വസ്ത്രം, വെള്ളക്കുതിര, ശംഖ്, ധ്വജമരം, തലപ്പാവ്, വിജയകമാനം, ഫലഭൂയിഷ്ടമായ മണ്ണ്, ആളിക്കത്തുന്ന അഗ്നി, ആസ്വാദ്യകരങ്ങളായ ഭക്ഷണപദാര്‍ഥങ്ങള്‍ അല്ലെങ്കില്‍ പാനീയങ്ങള്‍, പുരുഷന്മാര്‍ യാത്രചെയ്യുന്ന ഇരുചക്രവണ്ടികള്‍, കിടാങ്ങളോടുകൂടിയ പശുക്കള്‍, കുതിരക്കിടാങ്ങള്‍, കഴുത്തില്‍ കയറുള്ള കാളകള്‍ അല്ലെങ്കില്‍ പശുക്കള്‍, പല്ലക്ക്, അരയന്നപ്പിടകള്‍, മയിലുകള്‍, കളകളം പാടുന്ന ഇന്ത്യന്‍ കൊക്കുകള്‍, കങ്കണങ്ങള്‍, മുഖം നോക്കുന്ന കണ്ണാടി, കടുക്, ബെസൂര്‍; വെള്ള നിറത്തിലുള്ള ഏതു വസ്തുവും, കാളയുടെ കരച്ചില്‍, ശുഭസൂചകമായ വാക്കുകള്‍, മനുഷ്യന്റെ സൗഹൃദപൂര്‍വമായ ശബ്ദം, മൃഗങ്ങളും പക്ഷികളും പുറപ്പെടുവിക്കുന്ന ഹൃദ്യമായ ശബ്ദം, ഉയര്‍ത്തിപ്പിടിച്ച കുടകള്‍, കൊടിക്കൂറുകളും കൊടിമരങ്ങളും, അഭിവാദനങ്ങളും സ്വാഗതോക്തികളും, വീണയും ഓടക്കുഴലും, തംബുരുവും തബലയും തൊട്ട സംഗീതോപകരണങ്ങളില്‍ നിന്നുയരുന്ന മനോജ്ഞമായ രാഗങ്ങള്‍, ദൈവനാമത്തിലുള്ള സങ്കീര്‍ത്തനങ്ങളും വേദോച്ചാരണങ്ങളും, യാത്രക്കിടയില്‍ ചുറ്റുപാടും നിന്നുയരുന്ന മന്ദമാരുതന്‍.
ദുര്‍നിമിത്തങ്ങള്‍ - അന്ധനോ മുടന്തനോ ആയി വൈകല്യംവന്ന ഒരു മനുഷ്യന്‍, മൃതശരീരം അല്ലെങ്കില്‍ ഒരു പ്രേതത്തെ മൂടിയിരുന്ന വസ്ത്രം ധരിച്ച മനുഷ്യന്‍, കയര്‍ക്കഷണങ്ങള്‍, പൊളിഞ്ഞ പാത്രങ്ങള്‍, എന്തോ പൊട്ടിപ്പൊളിയുകയോ കത്തി ദഹിക്കുകയോ ചെയ്യുന്ന ശബ്ദമോ വര്‍ത്തമാനമോ, അയ്യോ അയ്യോ എന്ന ആക്രോശം, ഉച്ചത്തിലുള്ള അലമുറ, പിരാകല്‍, തുമ്മല്‍, പിടഞ്ഞുവീഴല്‍, ദുഃഖാര്‍ത്തനായ ഒരു വ്യക്തി, അല്ലെങ്കില്‍ ഊന്നുവടിയുമായി നടക്കുന്ന ആള്‍, ക്ഷുരകന്‍, വിധവ, കുരുമുളകും അതു പോലെ എരിവുള്ള വസ്തുക്കളും.
വഴി മുറിച്ചുകടക്കുന്ന സര്‍പ്പം, മാര്‍ജ്ജാരന്‍, ഉടുമ്പ്, പന്നി, കുരങ്ങ്, അല്ലെങ്കില്‍ കുറുക്കന്‍, പട്ടി, പരുന്ത് തൊട്ട ജീവികള്‍ വലത്തു ദിശയില്‍നിന്ന് കലപില കൂട്ടിയാല്‍, എരുമയോ കഴുതയോ അമ്പലക്കാളയോ മുക്രയിട്ടാല്‍, കറുത്ത ധാന്യങ്ങള്‍, ഉപ്പ്, മദ്യം, മൃഗചര്‍മ്മം, പുല്ല്, അഴുക്കുകട്ട, ചുള്ളി (വിറകു)കെട്ട്, ഇരുമ്പ്, ശവത്തിനു ചാര്‍ത്തിയ പുഷ്പമാല്യങ്ങള്‍, നപുംസകം, തെമ്മാടി, ഹീനജാതിക്കാരന്‍, ഛര്‍ദ്ദില്‍, വിസര്‍ജ്ജിത വസ്തുക്കള്‍, നാറ്റം, കണ്ടാലറയ്ക്കുന്ന രൂപങ്ങള്‍, മുള, പരുത്തി, ഈയം, കട്ടില്‍, മുക്കാലി, കാലുകള്‍ മേലോട്ടാക്കി വഹിച്ചുകൊണ്ടുപോകുന്ന ഗൃഹോപകരണങ്ങള്‍, തുറന്നുവെച്ച ഭക്ഷ്യസാധനങ്ങള്‍, കമഴ്ത്തിവെച്ച കോപ്പകള്‍, പാത്രങ്ങള്‍, പകുതി കത്തിക്കരിഞ്ഞ കരിക്കട്ടകള്‍ നിറച്ച കുട്ടകള്‍, ചൂല്, വെണ്ണീര്, എണ്ണ, പൊടിപടലം, കോടാലി - അങ്ങനെ പലതും.
('മലബാറിലെ ജനങ്ങള്‍ /മലബാര്‍ മാന്വല്‍ വാല്യം - 2' എന്ന പുസ്തകത്തില്‍ നിന്ന്)
മലബാര്‍ മാന്വല്‍ വാങ്ങാം
മലബാര്‍ : 75 വര്‍ഷങ്ങള്‍ക്ക് മുമ്പ്
