TravelBlogue

ആന്‍ഡമാനിലെ വിസ്മയക്കാഴ്ച്ചകള്‍

Posted on: 31 Mar 2009

എം.ബി.മഹേഷ്‌





വിസ്മയ കാഴ്ച്ചകള്‍ കൊണ്ട് വിരുന്നൊരുക്കുന്ന ആന്‍ഡമാന്‍ എന്ന അത്ഭുത ദ്വീപിലെ പ്രഭാതത്തിലേക്ക് ഇതാ പതുക്കെ താഴ്ന്നിറങ്ങുകയാണ് ഞങ്ങള്‍. ദൂര യാത്രകള്‍ക്ക് സ്ഥിരമായി കൂടാറുള്ള നാലുകുടുംബങ്ങളുടെ കൂട്ടുകൂടലാണ് ഈ യാത്രയിലും ഉണ്ടായിരുന്നത്. വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനിലൂടെ ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളുടെ ഈ വിദൂര കാഴ്ച്ചകള്‍ കണ്ടപ്പോള്‍ 'കാലാപാനി' എന്ന പ്രിയദര്‍ശന്‍ ചിത്രം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ വീരപോരാളികളെ നാടുകടത്താന്‍ ഉപയോഗിച്ചിരുന്ന ഈ ദ്വീപിന്റെയും ആ കാലഘട്ടത്തിന്റെയും കഥ പറയുന്ന ഈ മലയാള ചിത്രം ഇവിടെയായിരുന്നല്ലോ ചിത്രീകരിച്ചത്.

ദ്വീപുകളില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വന്‍മരങ്ങളുടെ പച്ചവര്‍ണത്തിനു ചുറ്റും ആകാശത്തേക്കാള്‍ നീലനിറത്തില്‍ സമുദ്രത്തിന്റെ വിദൂരക്കാഴ്ച്ച. ഇത് ബംഗള്‍ ഉള്‍ക്കടല്‍. ഉള്‍ക്കടലില്‍ 780 കിലോമീറ്റര്‍ നീളത്തില്‍ ചിന്നിചിതറി എന്നോണം കിടക്കുന്ന മുന്നൂറോളം ചെറുതും വലുതുമായ ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍. 2005 ഡിസംബറിലുണ്ടായ സുനാമിയുടെ ഉത്ഭവ പ്രദേശമായി അറിയപ്പെടുന്ന സുമാത്രയില്‍ നിന്ന് കേവലം 130 കിലോമീറ്റര്‍ ദൂരമേയുള്ളു ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ഈ സുന്ദരദ്വീപ് സമൂഹത്തിന്റെ ഒരറ്റത്തേയ്ക്ക്.

റോസ് ഐലന്‍ഡ്




ആധികാര ഗര്‍വ്വിന്റെയും അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെയും ആധിപത്യങ്ങളുടെയും ബ്രിട്ടീഷ് സമരണകള്‍ നമ്മില്‍ ഉണര്‍ത്തുന്ന ഒരു ദൃശ്യനിരയാണ് റോസ് ഐലന്‍ഡില്‍ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ധീരദേശാഭിമാനികളെ നാടുകടത്തി, തടവിലിടാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു പണ്ട് ആന്‍ഡമാന്‍ ദ്വീപുകള്‍. ഈ ദ്വീപ് സമൂഹത്തിന്റെ ഭരണനിര്‍വ്വഹണത്തിനായി ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയിരുന്നു റോസ് ഐലന്‍ഡ്. നൂറ്റമ്പത് കൊല്ലത്തിന് ശേഷമുള്ള അവയുടെ അവശിഷ്ടങ്ങളാണ് വന്‍വൃക്ഷങ്ങളുടെ വേരുകള്‍ ചുറ്റിപ്പിടിച്ച് പ്രാകൃത രൂപത്തില്‍ ഇവിടെ കാണുന്നത്. മനോഹരമായിരുന്ന പള്ളികളും നീന്തല്‍ കുളവും ഓഫീസുകളും പവര്‍ഹൗസും ഗോഡൗണുകളുമെല്ലാം വേരുകള്‍ ആഴ്ന്നിറങ്ങിയ ഇടങ്ങള്‍ മാത്രമായി ശേഷിക്കുന്നു.

ഹാവ് ലോക്ക് ഐലന്‍ഡ്




ആന്‍ഡമാനിലെ ഓരോ ദ്വീപും വ്യത്യസ്തമായ ഓരോ കാഴ്ച്ചകളുമായി സഞ്ചാരിയെ കാത്തിരിക്കുകയാണ്. അഞ്ചുമണിക്കൂര്‍ കപ്പല്‍യാത്രയുള്ള ഹാവ്‌ലോക്ക് ദ്വീപിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. രണ്ടു നിലകളിലായി എണ്ണൂറോളം പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. മറുകരകാണാന്‍ കഴിയാത്തതാണ് നമ്മുടെ നാട്ടിലെ കടലെങ്കില്‍, ഇവിടുത്തെ കടലില്‍ ഇടയ്ക്കിടക്ക് ദ്വീപുകളുളളത് കൊണ്ട് 'കരകാണാ കടലലമേലെ..' എന്നു പാടാനായില്ല.

ഹാവ് ലോക്ക് ഐലന്‍ഡിലെ പ്രഭാതദൃശ്യങ്ങള്‍ ആസ്വദിച്ച് ഞങ്ങള്‍ കപ്പലിറങ്ങി. അടുത്ത ലക്ഷ്യം ഡോള്‍ഫിന്‍ റിസോര്‍ട്ട്. പെട്ടികള്‍ മുറിയില്‍ വെച്ചപാടെ എല്ലാവരും പുറത്തേക്കിറങ്ങി. റിസോര്‍ട്ടിന്റെ തൊട്ടുമുന്നിലുള്ള വശ്യമനോഹരമായ കടലിന്റെ നീലവര്‍ണമാണ് എല്ലാവരെയും ആവിടേക്ക് ആകര്‍ഷിച്ചത്. ഇതാണ് ഡോള്‍ഫിന്‍ ബീച്ച്. ഇവിടെ തന്നെ പ്രസിദ്ധമായ മറ്റൊരു ബീച്ചുമുണ്ട്. രാധാനാഗര്‍ ബീച്ച്. ഈ ബീച്ചിന്റെ സാന്ധ്യശോഭ നുകര്‍ന്നു കൊണ്ട് ഒരുപാട് നേരമിരുന്നു.

ബരടാങ് ആദിവാസികള്‍




ആന്‍ഡമാനില്‍ നടത്തിയതില്‍ ഏറ്റവും സംഭവബഹുലമായ യാത്രയായിരുന്നു ബരാടങ് യാത്ര. അതിരാവിലെ മൂന്നരയ്ക്ക് തന്നെ ടീമിലെ മൂന്നു വയസ്സുകാരിയടക്കം എല്ലാവരും റെഡി. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ബരടാങ് എന്ന അത്ഭുത ദ്വീപിലേക്ക്. പ്രത്യേകമായുളള ബസ്സുകള്‍ മാത്രമേ സഞ്ചാരികളെ കൊണ്ടുപോകു. ഞങ്ങളുടെ ബസ്സ് നാലരമണിയോടെ ടൂറിസ്റ്റുകളെയെടുത്ത് പോര്‍ട്ട്‌ബ്ലെയര്‍ വിട്ടു. ആറുമണിയോടെ വനമേഖല ചെക്‌പോസ്റ്റില്‍ എത്തി. അവിടെ നിന്ന് തോക്കേന്തിയ കേന്ദ്ര പോലീസിന്റെ അകമ്പടിയോടെമാത്രമേ ബസ്സുകളെ മുഴുവന്‍ ഒറ്റ ബാച്ചായി കടത്തിവിടുകയുള്ളു. ആദിവാസികളുടെ ആവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് കൂടി വേണം ബരടാങിലെത്താന്‍. ഇവിടുത്തെ ആദിവാസികള്‍ ആക്രമണ സ്വഭാവം കാണിക്കുന്ന നെഗ്രിറ്റോ വംശജരായതുകൊണ്ടാണ് പോലീസ് അകമ്പടി.

ഏറെ ദൂരം വനത്തിലൂടെ സഞ്ചരിച്ചപ്പോള്‍ കണ്‍മഷിക്കറുപ്പ് നിറത്തിലുള്ള ആരോഗ്യദൃഢഗാത്രനായ ഒരു ആദിവാസി നീണ്ട കുന്തം പിടിച്ച് നില്‍ക്കുന്നത് ഒരു മിന്നായം പോലെ കണ്ടു. ബസ്സ് നിര്‍ത്താന്‍ അനുവാദമില്ലാത്ത സ്ഥലമായതിനാല്‍ അത്ര കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇലകള്‍ കൊണ്ടോ മറ്റോ അല്‍പ്പം നഗ്നത മറച്ചിരിക്കുന്നു. പിന്നീട് വഴിയില്‍ പല ഭാഗത്തായി ഇത്തരക്കാരില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേരെ കണ്ടു. യാത്രയിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം. ഫോട്ടോ എടുക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ആരും കാണാതെ ക്യാമറയിലെ വിഡിയോ മോഡില്‍ ഞാനാരംഗം പകര്‍ത്തി. ഒരു ആദിവാസി സ്ത്രീയും അവരുടെ ഒക്കത്തിരിക്കുന്ന കുട്ടിയും.



ഒന്‍പത് മണിയോടെ ഞങ്ങളുടെ ബസ്സ് ബരടാങ് വനമേഖലയിലെത്തി. അവിടെ കാത്തുകിടന്ന ഒരു ജങ്കാറില്‍ ഞങ്ങളുടെതടക്കം മൂന്ന് ബസ്സുകള്‍ അപ്പുറത്തെ ദ്വീപിലെത്തിച്ചു. ഇവിടെ നിന്നു വഞ്ചിയില്‍ അഞ്ച് കിലോമീറ്റര്‍ പോയാല്‍ ചുണ്ണാമ്പുകല്‍ ഗുഹകളും വേറൊരു ദിശയില്‍ ആറു കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം പോയാല്‍ മഡ്-വോള്‍ക്കാനോയും കാണാം. 500 രൂപ വരുന്ന മൊത്തം ബരടാങ് ട്രിപ്പിന്റെ അടുത്ത ഭാഗം സ്‌പോണ്‍സര്‍ ചെയ്യുന്നത് വഞ്ചിക്കാരാണ്. യമഹ എഞ്ചിന്‍ പിടിപ്പിച്ച ഒരു പ്രത്യേക രൂപത്തിലുളള വഞ്ചിയാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. എട്ടുപേര്‍ക്ക് ഇരിക്കാമെങ്കിലും ഭയം ജനിപ്പിക്കുന്ന വിധത്തില്‍ ആടി ഉലഞ്ഞാണ് യാത്രയത്രയും. ബാലന്‍സ് ഒന്നു തെറ്റിയാല്‍ സമുദ്രത്തിന്റെ ആഗാധതയിലേക്ക് പോകാനായിരിക്കും യാത്രക്കാരുടെ വിധി. ഇരുപത് മിനിറ്റോളമുള്ള യാത്രയില്‍ അവസാനത്തെ കുറേ ദൂരം കണ്ടല്‍ക്കാടുകളുടെ ഉള്ളിലൂടെ കണ്ടല്‍ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ് മാറ്റിയായിരുന്നു യാത്ര. ഈ സമയം ഉള്ളിലെ ഭയം ഒന്നയഞ്ഞിരുന്നു. അത്രയ്ക്ക് വ്യത്യസ്തമായ ഒരു ഭൂവിഭാഗത്തിലാണല്ലോ ഞങ്ങള്‍ എത്തപ്പെട്ടിരിക്കുന്നത് എന്ന വിചാരം മൂലമായിരിക്കാം. കണ്ടല്‍വേരുകളില്‍ മുളവടികള്‍ ചേര്‍ത്ത് വെച്ചുണ്ടാക്കിയ നീണ്ട പാലം പോലൊരു ജെട്ടിയില്‍ വഞ്ചി അടുപ്പിച്ച് എല്ലാവരേയും ഇറക്കി. ഒരു കിലോമീറ്ററോളം നീളമുള്ള ഈ മുളപ്പാലത്തിലൂടെ സൂര്യ രശ്മികള്‍ പോലും കടന്നുവരാന്‍ ബുദ്ധിമുട്ടുള്ള വിധത്തില്‍ ഇടതൂര്‍ന്ന കണ്ടല്‍വനങ്ങള്‍ ആസ്വദിച്ചുള്ള നടത്തം. യാത്രയുടെ അടുത്ത ഭാഗം മഡ് വോള്‍ക്കാനോയിലേക്കായിരുന്നു. ഒരു മലയുടെ ഏറ്റവും മുകള്‍പരപ്പില്‍ അഗ്നിപര്‍വതത്തിന്റെ അതേ രൂപത്തില്‍ ലാവയ്ക്ക് പകരം കട്ടിയുള്ള ചെളി ഒഴുകി വരുന്ന അപൂര്‍വ്വ പ്രതിഭാസമാണിത്. ചൂടുള്ള ഈ ചെളിയിലേക്ക് ആരും അടുക്കാതിരിക്കാനായി വേലികെട്ടിയിരിക്കുന്നു.

പവിഴപ്പുറ്റുകളുടെ ആരാമം




മഹാത്മഗാന്ധി മറൈന്‍നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ജോളി ബേ എന്ന ദ്വീപിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത ദിവസത്തെയാത്ര. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 29 കിലോമീറ്റര്‍ റോഡ്മാര്‍ഗ്ഗവും പിന്നീട് ഒരു മണിക്കൂറോളം ബോട്ടിലിരുന്നും ആള്‍താമസമില്ലാത്ത ഈ മനോഹരമായ ദ്വീപിലെത്തി. തീരത്തോട് ഒരു കിലോമീറ്ററോളം ദൂരം മാത്രമേ ബോട്ടടുക്കു. പിന്നീട് ചെറിയ സ്​പീഡ് ബോട്ടില്‍. അടിത്തട്ട് ഗ്ലാസുകള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ താഴേക്ക് നോക്കിയിരുന്നാല്‍ കടലിന്നടിയിലെ ജീവിതങ്ങള്‍ നമുക്കു കാണാം. സ്ഫടിക തുല്യമായ ജലത്തിലൂടെ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ വളരെയധികം ആഴത്തില്‍വരെയുള്ള പവിഴപ്പുറ്റുകള്‍. ഇവിടുത്തെ കടല്‍ത്തീരത്തിന്റെ വൃത്തിയും മനോഹാരിതയും മണ്ണിന്റെ അസാധാരണ വെളുപ്പ് നിറവും ഇവയെ ലോകോത്തര ബീച്ചുകളില്‍ ഒന്നാക്കുന്നു. കടലിനടിയിലെ പ്രകൃതി നിര്‍മ്മിച്ച ഉദ്യാനങ്ങളുടെ വര്‍ണപ്രപഞ്ചം വെള്ളത്തിലൂടെ ഊളിയിട്ട് ആസ്വദിക്കണമെന്നുണ്ടെങ്കില്‍ സിനിക്ക് ഐലന്‍ഡില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. അതിന് പ്രത്യേക വൈദഗ്ധ്യമുള്ള ലൈസന്‍സുള്ള പരിശീലകരും പ്രത്യേകതരം വസ്ത്രങ്ങളും ലഭ്യമാണ്.

സെല്ലുല്ലാര്‍ ജയില്‍




ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കൊടും പീഡനങ്ങളുടെ ദുരന്ത പര്‍വ്വങ്ങള്‍ ഏറ്റുവാങ്ങിയ ദേശ സ്‌നേഹികളായ അനേകം സ്വാതന്ത്ര്യ സമരപോരാളികളുടെ ചരിത്രവും പേറി നില്‍ക്കുന്ന ഈ മുന്‍കാല ജയില്‍ ഇന്നൊരു ദേശീയ സ്മാരകവും ദേശ സ്‌നേഹികളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രവും കൂടിയാണ്. 1896ലാണ് ജയില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നത്. പത്തുവര്‍ഷത്തെ അധ്വാനം വേണ്ടിവന്നു പൂര്‍ത്തിയാക്കാന്‍. നടുവിലെ വൃത്താകൃതിയിലുള്ള ഒരു കെട്ടിടത്തില്‍ നിന്ന് നിയന്ത്രിക്കാവുന്ന വിധത്തില്‍ ഏഴു ദിശകളിലേക്ക് നീണ്ട മൂന്ന് നിലകള്‍ വീതമുളള കൂറ്റന്‍ കെട്ടിട സമുച്ചയമാണ് സെല്ലുലാര്‍ ജയില്‍. മെത്തം 689 സെല്ലുകളാണ് ഇതിലുള്ളത്. ഇതില്‍ മൂന്നു ദിശകളിലേക്കുള്ളവ മാത്രമേ ഇപ്പോഴുളളു. ബാക്കിയുളളവ 1942ലെ ജപ്പാന്‍ ആക്രമണത്തോടെ തകര്‍ന്നു. ഇവിടുത്തെ പീഡനങ്ങള്‍ സഹിക്കാനാവാതെ ചിലര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടത്രേ! വൈകീട്ട് നടക്കുന്ന ഒന്നരമണിക്കൂര്‍ നേരത്തെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ജയില്‍ പീഡനങ്ങളുടെ പഴയകാല ചരിത്രം നമുക്ക് തിരിച്ചു തരുന്നു.

സുനാമി തീരങ്ങളില്‍




2004 ഡിസംബര്‍ 26ന് ഇവിടുത്തെ കടല്‍ത്തീരങ്ങളില്‍ മുപ്പത് മീ്റ്റര്‍വരെ ഉയരത്തില്‍ വന്ന് ആക്രമിച്ച സുനാമി എന്ന ഭീകര തിരമാലകള്‍ അതിന്റെ സംഹാര താണ്ഡവം നടത്തി തിരിച്ചു പോയതിന്റെ അവശിഷ്ടങ്ങള്‍ മൂന്നരകൊല്ലത്തിനു ശേഷവും ഇവിടെ കാണാം. കേരളത്തിന്റെ അഞ്ചിലൊന്ന് വിസ്തീര്‍ണം മാത്രമുളള ആന്‍ഡമാനില്‍ സുനാമി മൂലം കാണാതായവരോ മരിച്ചവരോ ആയ ആളുകള്‍ 3600 പേരാണ്. സുനാമിയുടെ ഫലമായി അഞ്ചുമാസങ്ങള്‍ക്കു ശേഷം 2005 മെയ്യില്‍ ആന്‍ഡമാനിലെ ബാരന്‍ ദ്വീപിലെ അഗ്നിപര്‍വ്വതം വീണ്ടും സജീവമാകാന്‍ തുടങ്ങി. ലാവ ഒഴുകി കടലിലേക്ക് പ്രവഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനുശേഷം സഞ്ചാരികളെ ഈ ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ബോട്ടില്‍ നിന്നുള്ള കാഴ്ച്ച മാത്രമേ അനുവദിച്ചിട്ടുള്ളു.

ടൗണിലെ കാഴ്ച്ചകള്‍




കേരളത്തിലെ ഒരു ഇടത്തരം മുന്‍സിപ്പല്‍ ടൗണിന്റെ ആഡംബരമേ തലസ്ഥാന പട്ടണമായ പോര്‍ട്ട്‌ബ്ലെയറിനുളളുവെങ്കിലും ടൂറിസത്തിലുടെ ആന്‍ഡമാന്‍ അതിവേഗ വളര്‍ച്ച കൈവരിക്കുകയാണെന്ന് തോന്നി. പോര്‍ട്ടബ്ലെയറില്‍ ദേശീയ സ്മാരകമായ സെല്ലുലാര്‍ ജയിലിനെ കൂടാതെ മിനി സൂ, ഫോറസ്റ്റ് മ്യൂസിയം, സയന്‍സ് സെന്റര്‍, സമുദ്ര നേവല്‍ മറൈന്‍ മ്യൂസിയം ആന്ത്രപോളജിക്കല്‍ മ്യൂസിയം, സുവോളജിക്കല്‍ മ്യൂസിയം അങ്ങനെ ഒരു ദിവസം മുഴുവന്‍ കണ്ടാലും തീരാത്തത്ര കാഴച്ചകളുണ്ട്.

ആറു ദിവസങ്ങള്‍ നീണ്ട ആന്‍ഡമാന്‍ കാഴ്ച്ചകള്‍ കാണാനൊരു പ്രഭാതത്തിലിവിടെ വിമാനമിറങ്ങിയെങ്കില്‍ മറ്റൊരു പ്രഭാതത്തില്‍ ഞങ്ങളുടെ ഓര്‍മ്മച്ചെപ്പുകള്‍ സമ്പന്നമാക്കിയ ഈ നാടിനോട് വിട പറഞ്ഞ് ഞങ്ങള്‍ 'ഇന്ത്യന്‍' വിമാനത്തിന്റെ പടികള്‍ കയറി.


Text & Photo : M.B.Mahesh

Travel Tips:
Distance from Chennai & Kolkatha: 1200 km
Mode of travel: By air or Ship



MathrubhumiMatrimonial