NagaraPazhama

നാലാം രാജയുടെ സങ്കടഹരജി

Posted on: 13 Jun 2013

അഡ്വ. ടി.ബി. സെലുരാജ്‌




മീനമാസത്തിന്റെ വരവോടെ ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ നാളുകളായി. നാട്ടിലെ അമ്പലങ്ങള്‍ ഉത്സവങ്ങള്‍ക്കായി കൊടിയേറും. പിന്നെ ഉത്സവനാളുകളായി. വിളിച്ചാല്‍ വിളിപ്പുറത്താണ് ഞങ്ങളുടെ നാട്ടിലെ ദേവന്മാരും ദേവിമാരും. ആകെ പേടിച്ചിരുന്നത് വെളിച്ചപ്പാടുകളെ മാത്രമായിരുന്നു.

സ്‌കൂള്‍ യാത്രകളില്‍ ഒറ്റവരമ്പില്‍വെച്ച് എതിരേവരും വെളിച്ചപ്പാടുകള്‍. കൈയില്‍ വാളും കാലില്‍ ചിലമ്പുകളുമായി ചുകന്ന പട്ടുടുത്തുവരുന്ന വെളിച്ചപ്പാടുകള്‍ ഞങ്ങളുടെ പകലുകളെ മാത്രമല്ല, രാത്രികളെയും അലോസരപ്പെടുത്തി. എന്നാല്‍ 'പറയെടുപ്പ്' ഞങ്ങള്‍ക്ക് സന്തോഷങ്ങള്‍ മാത്രം തന്നു. പറയെടുപ്പിനായി ഗ്രാമത്തിലെ വീടുകള്‍ക്കുമുന്നില്‍ കുരുത്തോലപ്പന്തലുകളുയരും. ആനയെന്ന വന്യമൃഗത്തെ ഞങ്ങള്‍ അടുത്തറിഞ്ഞിരുന്നത് ഇത്തരം പറയെടുപ്പ് ചടങ്ങുകളിലൂടെ മാത്രമായിരുന്നു. വൈകുന്നേരത്തോടെ ഉത്സവപ്പറമ്പിലെത്തും. അമ്മാവന്മാര്‍ തരുന്ന നാണയത്തുട്ടുകള്‍ ആ ദിവസങ്ങളില്‍ ഞങ്ങളെ ധനികരാക്കി. വെടിക്കെട്ടായിരുന്നു ഞങ്ങള്‍ക്കേറ്റവും പ്രിയം. അമിട്ടുകള്‍ ആകാശത്തേക്കുയര്‍ന്ന് വര്‍ണപ്പകിട്ടുകള്‍ സമ്മാനിക്കുമ്പോള്‍ ഞങ്ങളുടെ തുറന്ന വായില്‍നിന്ന് അറിയാതെ 'ഊശ്' എന്നൊരു ശബ്ദമുയരും. അമ്പലത്തിന്റെ ചുറ്റുമതിലും കടന്ന് അമ്പലക്കുളം മറികടന്നുകൊണ്ടണ്ട് ആ ശബ്ദം അങ്ങ് ദൂരെ തറവാട്ടിലുമെത്താറുണ്ടെന്ന് സുഖമില്ലാത്തതിനാല്‍ ഉത്സവത്തിനെത്താന്‍ കഴിയാതിരുന്ന ലക്ഷ്മിയേടത്തിയും സാക്ഷ്യപ്പെടുത്താറുണ്ട്. വെളുത്തമുണ്ടും മേല്‍മുണ്ടും ധരിച്ച, കഴുത്തില്‍ സ്വര്‍ണമാലയിട്ട കൃഷ്ണന്‍ നായരെ ഗ്രാമീണരപ്പോള്‍ സ്തുതിക്കും. അദ്ദേഹമായിരുന്നു അമ്പലക്കമ്മിറ്റിയുടെ പ്രസിഡന്റ്. അദ്ദേഹത്തിന് 'അമ്പലംവിഴുങ്ങി'യെന്നൊരു പേരുണ്ടെന്ന് അഞ്ചാം ക്ലാസ് 'എ'യിലെ ഭാസ്‌കരന്‍ എന്ന പാക്കരനാണ് പറഞ്ഞുതന്നത്. അമ്പലം എങ്ങനെയാണ് വിഴുങ്ങുകയെന്ന് ചോദിച്ചപ്പോള്‍ 'ബുദ്ദൂസ്സേ' എന്ന വിളി മാത്രമായിരുന്നു പാക്കരനില്‍നിന്ന് ലഭിച്ചത്. ഒടുവില്‍ മുത്തശ്ശിയോടുതന്നെ ചോദിച്ചു. ഇനി ആ പദം പ്രയോഗിക്കരുതെന്ന് ഒരല്പം ഈര്‍ഷ്യയോടെതന്നെ അവരുപദേശിച്ചു. അമ്പലങ്ങളില്‍ ഉത്സവത്തിന് പ്രത്യേകിച്ചും വെടിക്കെട്ടിന് ഒരുപാട് പണം വേണമെന്നും അത് സംഘടിപ്പിക്കുക മാത്രമാണ് കൃഷ്ണന്‍നായര്‍ ചെയ്യുന്നതെന്നും മുത്തശ്ശി പറഞ്ഞുതന്നു. പിന്നീടൊരിക്കലും അമ്പലംവിഴുങ്ങിയെന്ന പദം ഞാനുപയോഗിച്ചിട്ടില്ല. ഇത്രയും എഴുതാന്‍ കാരണമുണ്ട്. മുന്നിലിരിക്കുന്ന രേഖകള്‍ വെടിക്കെട്ട് നിരോധനത്തിന്റെ ചരിത്രം പറയുന്നു. അതിങ്ങനെ:

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ വിവിധ മതസ്ഥരുടെ ജാത്യാചാരമുള്ള ആഘോഷങ്ങള്‍ക്കുവേണ്ട വെടിമരുന്ന് അവര്‍ സൗജന്യമായി കൊടുത്തുവന്നിരുന്നു. വെടിമരുന്ന് മാത്രമല്ല, ആഘോഷങ്ങള്‍ക്കുവേണ്ടി ആരാധനാലയങ്ങള്‍ക്ക് ധനസഹായവും ചെയ്തുവന്നിരുന്നു. എന്നാല്‍ 1842-ല്‍ ഈ സൗജന്യങ്ങളൊക്കെ നിര്‍ത്തലാക്കാന്‍ അവര്‍ തീരുമാനിച്ചു. അധികച്ചെലവ് വരുത്തുന്നുവെന്നതായിരുന്നു അവര്‍ കണ്ടെത്തിയ കാരണം. 1843-ല്‍ കോഴിക്കോട് നാലാം രാജ ബോര്‍ഡ് ഓഫ് റവന്യൂ, ഫോര്‍ട്ട് സെന്റ് ജോര്‍ജിന് ഇക്കാര്യത്തില്‍ ഒരു സങ്കടഹരജി കൊടുത്തതായി കാണാം. ''സര്‍, കോഴിക്കോട്ടെ ജഡ്ജി മുഖാന്തരവും കളക്ടര്‍ വഴിയും വളരെക്കാലം മുമ്പുതന്നെ മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കുമായി വെടിമരുന്ന് സൗജന്യമായി തരാറുണ്ട്. കഴിഞ്ഞ വര്‍ഷംവരെ ഇത് തുടര്‍ന്നുവന്നിരുന്നു. എന്നാല്‍, ദുഃഖകരമെന്നു പറയട്ടെ, ഈ വര്‍ഷംമുതല്‍ ഈ സൗജന്യം നിര്‍ത്തലാക്കിയതായി അറിയിപ്പു കിട്ടിയിരിക്കുന്നു. ഇത്തരം ചടങ്ങുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്നവയാണ് എന്നു മാത്രമല്ല, അതിപുരാതന നാളുകള്‍ മുതല്‍ അതതു ഭരണാധികാരികള്‍ ഈ സൗജന്യം തന്നുപോന്നിട്ടുമുണ്ട്. ഞങ്ങളുടെയും കോഴിക്കോടിന്റെയും ഐശ്വര്യങ്ങള്‍ക്കു പിറകില്‍ ഈ ആഘോഷങ്ങളാണെന്നു പറയാതെവയ്യ. ഇക്കൊല്ലം പതിവുപോലെ വെടിമരുന്നിനായി താങ്കളെ സമീപിച്ചപ്പോഴാണ് ഈ വര്‍ഷംമുതല്‍ ആഘോഷങ്ങള്‍ക്കായി വെടിമരുന്ന് തരേണ്ടതില്ല എന്ന തീരുമാനം മദ്രാസ് ആസ്ഥാനം എടുത്തിരിക്കുന്നുവെന്ന് മലബാര്‍ കളക്ടര്‍ അറിയിച്ചത്. മലബാര്‍ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാനാകില്ലെന്ന് അറിയിച്ചിരിക്കുന്നു. തുടര്‍ന്ന് കളക്ടര്‍ക്ക് ഞങ്ങളൊരു നിവേദനം കൊടുത്തിരുന്നു. ചിങ്ങം ഒന്നാം തീയതിയില്‍ ഒരു നിവേദനംകൂടി കൊടുക്കുന്നുണ്ട്. ഞങ്ങള്‍ക്കുമീതെ വലിയൊരു വിപത്ത് വന്നുവീണതുപോലെയാണ് ഈ നിരോധനത്തെ ഞങ്ങള്‍ കാണുന്നത്. താങ്കളുടെ സര്‍ക്കാര്‍ എക്കാലത്തും ഞങ്ങള്‍ പ്രജകളെ സഹായിച്ചുപോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു വിലക്ക് താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതായിരുന്നു. താങ്കളില്‍ ഞങ്ങളേല്പിച്ച വിശ്വാസം ഇത്രപെട്ടെന്ന് തല്ലിക്കൊഴിച്ച് കളയുമെന്ന് സ്വപ്നത്തില്‍പ്പോലും ഞങ്ങള്‍ കരുതിയിരുന്നില്ല.

ആഗസ്ത് രണ്ടിന് കളക്ടര്‍ ഞങ്ങള്‍ക്കയച്ച മറുപടി എഴുത്ത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതല്ല. അതിപുരാതന കാലംമുതലേയുള്ള ഞങ്ങളുടെ മതപരമായ ഉത്സവങ്ങള്‍ക്ക് താങ്കളുടെ ഈ കല്പന വിലങ്ങുതടിയാകരുത്. അതിനാല്‍ ഇതുവരെ തുടര്‍ന്നുപോന്ന രീതിയില്‍ത്തന്നെ ഉത്സവങ്ങള്‍ക്കായി ഞങ്ങള്‍ക്ക് വെടിമരുന്ന് നല്‍കുക. ഞങ്ങള്‍ക്ക് ഉത്സവം നടത്താന്‍ കഴിയാതെവന്നാല്‍ ജനമധ്യത്തില്‍ വലിയൊരു നാണക്കേടായിത്തീരും എന്നുമാത്രമല്ല, പുനര്‍ജന്മങ്ങളില്‍ അതൊരു ശിക്ഷയായിത്തീരുകയും ചെയ്യും. അതിനാല്‍ അവിടുത്തെ ദയവുണ്ടായി കാലാകാലങ്ങളായി ഞങ്ങള്‍ നടത്തിവരുന്ന മതപരമായ ആഘോഷങ്ങള്‍ക്ക് വേണ്ടിവരുന്ന വെടിമരുന്ന് സൗജന്യമായി തരുന്നത് തുടര്‍ന്നും നല്‍കണമെന്ന് വണക്കമായി അപേക്ഷിക്കുന്നു. ഞങ്ങളെ ഇക്കാര്യത്തില്‍ അനുഗ്രഹിക്കുമെന്ന് കരുതട്ടെ. ഒരു കാരണവശാലും ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കുമല്ലോ.'' 1843 ജനവരി 2-നാണ് ഈ കത്ത് എഴുതിക്കാണുന്നത്.

എന്നാല്‍, 1843-ന് മുമ്പുതന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ചിന്തിച്ചിരുന്നു. ഹിന്ദുവിന്റെയും മുസല്‍മാന്റെയും ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ശരിയല്ല എന്ന് ബോര്‍ഡ് ഓഫ് റവന്യൂവില്‍ തീരുമാനമെടുത്തതായി കാണാം. സര്‍ക്കാറിന് ഭീമമായ നഷ്ടമുണ്ടാക്കുന്നുവെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അതിനാല്‍ ഈ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് മദ്രാസ് ആസ്ഥാനം 1836 ജൂണ്‍ 13-നുതന്നെ കൈക്കൊണ്ടിരുന്നുവെന്നതാണ് വാസ്തവം.

എന്നാല്‍, മലബാറില്‍ ഇത് നിര്‍ത്തലാക്കിയിരുന്നില്ല. 1841-ല്‍ മദ്രാസ് ആസ്ഥാനത്തുനിന്ന് ഇതിനെത്തുടര്‍ന്ന് വീണ്ടുമൊരു സര്‍ക്കുലര്‍ അയച്ചതായി കാണാം. ''നാട്ടുകാരുടെ ആഘോഷങ്ങള്‍ക്ക് നാം സഹായിക്കേണ്ടതില്ലെന്ന് 1836-ല്‍ത്തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നതും കളക്ടര്‍മാരെ അറിയിച്ചിട്ടുള്ളതുമാണ്. അതില്‍ ഈ ആവശ്യത്തിനായി സാമ്പത്തിക സഹായമോ വെടിമരുന്ന് നല്‍കിക്കൊണ്ടുള്ള സഹായമോ നാം കൊടുക്കേണ്ടതില്ല.'' എന്നാല്‍ 1842-ലാണ് മലബാറില്‍ ഈ സമ്പ്രദായം നിര്‍ത്തലാക്കിക്കാണുന്നതും ഇതിനെത്തുടര്‍ന്ന് 1843-ല്‍ നാലാം രാജ ഇങ്ങനെയൊരു സങ്കടഹര്‍ജി കൊടുത്തിട്ടുള്ളതും.

ഇന്നിപ്പോള്‍ അമ്പലംവിഴുങ്ങി എന്ന വാക്കിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. അഞ്ച് 'എ'യിലെ ഭാസ്‌കരനെന്ന പാക്കരനെ കണ്ടാല്‍ ഞാന്‍ ബുദ്ദൂസ്സല്ല എന്നറിയിക്കണമെന്നുണ്ട്.



MathrubhumiMatrimonial