goodnews head

ഇച്ഛാശക്തിയുടെ പാഠപുസ്തകമായി ശ്രീജ

Posted on: 17 Nov 2007


കോട്ടയ്ക്കല്‍: വിരിയുംമുമ്പേ ഇതളടര്‍ന്ന പൂവിന്റെ നൊമ്പരമാണാ മുഖത്ത്... എല്ലുകള്‍ ഓരോന്നായി നുറുങ്ങുമ്പോഴും അവള്‍ കരഞ്ഞില്ല. അസഹ്യമായ വേദനയ്ക്ക് സംഗീതം മരുന്നായി. തനിക്ക് വിധിച്ചിട്ടില്ലാത്ത വര്‍ണലോകം അവള്‍ ചായക്കൂട്ടുകള്‍കൊണ്ട് തീര്‍ത്തു. രോഗക്കിടക്കയില്‍ നിന്ന് ഇച്ഛാശക്തിയാല്‍ ഒരു നാടിനെ മുഴുവന്‍ വിസ്മയിപ്പിക്കുകയാണ് ഈ യുവതി.

മലപ്പുറം മങ്കടയിലെ പാറേങ്ങല്‍ ചന്ദ്രശേഖരന്റെയും ശാരദയുടെയും മകള്‍ ശ്രീജ പഠിക്കാന്‍ മിടുക്കിയായിരുന്നു. നന്നായി പാടും; ചിത്രംവരയ്ക്കും. അഞ്ചാംതരത്തില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ ഒന്നുവീണു; തുടയെല്ലുപൊട്ടി മാസങ്ങളോളം കിടന്നു. സാവധാനം നടക്കാനായപ്പോള്‍ വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. അധികം വൈകിയില്ല. എവിടെയോ തട്ടി വീണ്ടും മറ്റൊരെല്ലുപൊട്ടി. പിന്നെ അത് തുടര്‍ന്നു. ചെറിയ തട്ടലിലും മുട്ടലിലും അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങി. ഒന്നുമാറുമ്പോള്‍ മറ്റൊന്ന്. നിരന്തരം ചികിത്സ. കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന അമ്മ ശാരദയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റം കിട്ടിയത് സൗകര്യമായി. ഒടുവില്‍, ഡോക്ടര്‍മാര്‍ അറിയിച്ചു: ശ്രീജയുടേത് അപൂര്‍വമായ 'പൈക്‌നോ ഡിസ്റ്റോസിസ്' എന്ന രോഗമാണ്. അസ്ഥികള്‍ മുട്ടത്തോടുപോലെ പൊടിയുന്ന അവസ്ഥ. ഇതിന് ഫലപ്രദമായ ചികിത്സയില്ല.

രോഗം വഷളാകുംതോറും ശ്വാസോച്ഛ്വാസത്തിനുപോലും ശ്രീജ വിഷമിച്ചു. ആരും തകര്‍ന്നുപോകുന്ന അവസ്ഥ. ചന്ദ്രശേഖരനും ശാരദയും നിരാശരായി. എന്നാല്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രീജ തയ്യാറായില്ല. പഠനം തുടരാന്‍തന്നെ തീരുമാനിച്ചു. പത്താംതരം നല്ല മാര്‍ക്കോടെ ജയിച്ച ശ്രീജ പ്രൈവറ്റായി പ്രീഡിഗ്രിയും ജയിച്ചു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. വീല്‍ചെയറിലായിരുന്നു പോക്കുവരവ്. വിധി വാശിയോടെ അവളെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. വീല്‍ച്ചെയറില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചാല്‍പ്പോലും എല്ലുകള്‍ പൊട്ടുന്നു. നിലക്കടല ചവച്ചാല്‍ താടിയെല്ലും പല്ലും പൊട്ടുന്നു. പല്ലുകള്‍ ഓരോന്നായി ദ്രവിച്ചു. ആഹാരം ദ്രാവകരൂപത്തില്‍ മാത്രമായി. രക്ഷയില്ലാതെ ബിരുദം എന്ന ആഗ്രഹം ശ്രീജ ഉപേക്ഷിച്ചു.

അമ്മ വിരമിച്ചതോടെ അവര്‍ മങ്കടയിലെ വീട്ടിലേക്കുതന്നെ മടങ്ങി. അവിടെ റോഡിലേക്ക് കാഴ്ച തുറക്കുന്ന ജനവാതിലുള്ള കൊച്ചുമുറി അവളുടെ വലിയ ലോകമായി. ഏതിനും പരസഹായം വേണമെങ്കിലും അവിടെയും ശ്രീജ വെറുതെയിരുന്നില്ല. ഏകാന്തതയില്‍ അവള്‍ക്ക് സംഗീതം കൂട്ടായി. വേദനിക്കുമ്പോഴെല്ലാം പാട്ടുപാടി. അച്ഛന്‍ ഒരു ഇലക്ട്രിക് ഓര്‍ഗനും മൗത്ത് ഓര്‍ഗനും വാങ്ങിക്കൊടുത്തു. കൂടെ ഒരു പെട്ടി ചായവും കടലാസും ബ്രഷും.

ആരുടെയും സഹായമില്ലാതെ മാസങ്ങള്‍കൊണ്ട് സംഗീതോപകരണങ്ങള്‍ മനോഹരമായി വായിക്കാന്‍ ശ്രീജപഠിച്ചു. ഞങ്ങള്‍ക്കായി 'ആചാരേ... പരദേശി...' എന്ന ഗാനം അവള്‍ ഓര്‍ഗനില്‍ വായിച്ചു. വിദഗ്ധ പരിശീലനം ലഭിച്ചവരെപ്പോലെ അവളുടെ കൈവിരലുകള്‍ ഓര്‍ഗനിന്റെ കീബോര്‍ഡില്‍ പാറിനടന്നു. നീരുവന്ന് കവിള്‍ വീര്‍ത്തെങ്കിലും മൗത്ത് ഓര്‍ഗന്‍ ചുണ്ടോടുചേര്‍ന്നപ്പോള്‍ ശ്രീജ വേദനമറന്നു. രസതന്ത്രം സിനിമയിലെ 'ആറ്റിന്‍കരയോരത്ത്...' എന്ന ഗാനം മൗത്ത് ഓര്‍ഗനിലൂടെ പുനര്‍ജനിച്ചു. അപ്പോഴേക്കും അവള്‍ തളര്‍ന്നു.

വളര്‍ച്ച മുരടിച്ച കൈവിരല്‍കൊണ്ട് ശ്രീജ വരച്ച ചിത്രങ്ങള്‍ക്കെല്ലാം സര്‍ഗാത്മകതയുടെ ജീവന്‍. കലണ്ടറുകളിലെ ചിത്രങ്ങള്‍ അതിനേക്കാള്‍ പൂര്‍ണതയോടെയാണ് ശ്രീജ പകര്‍ത്തിയത്. വീട്ടില്‍ മുഴുവന്‍ അവള്‍ വരച്ച ചിത്രങ്ങള്‍ നിരന്നിരിക്കുന്നു. പോര്‍ട്രെയിറ്റുകളോടാണ് കൂടുതലിഷ്ടം. ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം ചിത്രം ശ്രീജ വരച്ചു. കൂട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അവരുടെ ചിത്രവും വരച്ചുകൊടുക്കും. അങ്ങനെ വരച്ച ഒരുചിത്രം ശ്രീജ കാണിച്ചു. അതൊന്നുമാത്രം മതി അവളുടെ പ്രതിഭ അളക്കാന്‍.

''ഇതൊക്കെയുള്ളപ്പോള്‍ എനിക്കെങ്ങനെ ജീവിതം മടുക്കും'' 32 കാരിയായ ശ്രീജ ചോദിക്കുന്നു. തന്നെ നിരന്തരം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വിധിയെ നോക്കി പരിഹസിച്ച് ചിരിക്കുകയാണവള്‍. ജീവിതത്തിലെ ചെറിയ തിരിച്ചടികള്‍ക്ക് ആത്മഹത്യയിലഭയം തേടുന്ന യുവതലമുറയ്ക്ക് ഒരു പാഠപുസ്തകമാവുകയാണ് ശ്രീജയുടെ ജീവിതം.

വിമല്‍ കോട്ടയ്ക്കല്‍


 

 




MathrubhumiMatrimonial