NagaraPazhama

റെയില്‍വേസ്റ്റേഷനുകളും നഗരങ്ങളും

Posted on: 06 Jun 2013

അഡ്വ. ടി.ബി. സെലുരാജ്‌





അനാദികാലംമുതല്‍ നാം കേട്ടുപരിചയിച്ച ഒരു കുസൃതിച്ചോദ്യമുണ്ട്: 'അണ്ടിയോ മൂത്തത്, മാവോ മൂത്തത്?' എന്ന ആരെയും ചിന്താകുഴപ്പത്തിലാക്കുന്ന ഒരു കുസൃതിച്ചോദ്യം. ഒരിക്കല്‍ ഞാനീ ചോദ്യം സോമന്‍സാറിലേക്കുമെത്തിച്ചു. എല്ലാ ചോദ്യങ്ങളെയും ചൂരല്‍ എന്ന പരിചകൊണ്ട് തടുക്കുന്ന സോമന്‍സാര്‍ പക്ഷേ, അടിച്ചില്ല. എല്ലാം അറിയുന്നവന്റെ ഒരു ചിരിയുണ്ടല്ലോ - ശാക്യമുനിയുടെ ചിരി! - അതായിരുന്നു ഉത്തരമായി കിട്ടിയത്. വളര്‍ച്ചയിലുടനീളം ഇത്തരം ചോദ്യങ്ങള്‍ എന്നിലേക്ക് സന്നിവേശിച്ചു. അതിലൊന്നായിരുന്നു റെയില്‍വേ യാത്രകളില്‍ തിരൂരും താനൂരും, പരപ്പനങ്ങാടിയുമൊക്കെ മുന്നിലെത്തുമ്പോള്‍ സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യം. റെയില്‍വേ സ്റ്റേഷനുകളാണോ അതോ അതേ പേരുള്ള നഗരങ്ങളാണോ ആദ്യം രൂപംകൊണ്ടത്? എങ്ങിനെയാണ് ഈ നഗരങ്ങള്‍ ഈ റെയിലോരത്ത് രൂപംകൊണ്ടത്? എന്നാല്‍, ഈയിടെ കിട്ടിയ രേഖകള്‍ എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നു. അതിങ്ങനെ:

ഇന്നത്തെപ്പോലെ ജനസാന്ദ്രതയോ കെട്ടിടങ്ങളുടെ ബാഹുല്യമോ അവകാശപ്പെടാനില്ലാതിരുന്ന ഒരു കാലം. നെല്‍പ്പാടങ്ങളും ചതുപ്പുനിലങ്ങളും അവയ്ക്കിടയില്‍ ചിതറിക്കിടക്കുന്ന ഓലക്കെട്ടിടങ്ങളും. ആഴ്ചകളില്‍ കൂടാറുള്ള ആഴ്ചച്ചന്തകള്‍. ഇതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാര്‍. ഈ കാലഘട്ടത്തിലേക്കാണ് മലബാറിലേക്ക് തീവണ്ടി ഓടിക്കിതച്ചെത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1861-ല്‍. എന്നാല്‍, 1850-കളില്‍ത്തന്നെ ഇതിനായുള്ള പ്രാരംഭനടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് അവര്‍ക്ക് മുന്നില്‍ കീറാമുട്ടിയായി ഒരു ചോദ്യമുയര്‍ന്നത്; തുടങ്ങാന്‍ പോകുന്ന സ്റ്റേഷനു സമീപം എവിടെയാണ് അങ്ങാടികളുള്ളത്? ഒരു റെയില്‍വേസ്റ്റേഷനായാല്‍ സമീപത്തൊരങ്ങാടി വേണം. ഒരാളനക്കം വേണം. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന് വിജനതയല്ലാതെ മറ്റൊന്നും സമ്മാനിക്കുവാനുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. സ്റ്റേഷന്‍ തുടങ്ങുന്നതിനോടൊപ്പംതന്നെ പരിസരപ്രദേശവും ഒരു നഗരമാക്കി വളര്‍ത്തിയെടുക്കുക. ഇതിനായി അവര്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് സ്റ്റേഷന് സമീപത്തേക്ക് ജനങ്ങളെ പുനരധിവസിപ്പിച്ചു, അങ്ങാടികളുണ്ടാക്കി, കുളം കുഴിപ്പിച്ചു. അങ്ങനെ ഇന്ന് കാണുന്ന സ്റ്റേഷനു സമീപമുള്ള നഗരങ്ങള്‍ ഉയര്‍ന്നുവന്നു. വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലേ? എന്നാല്‍, നമുക്കിനി ആ രേഖകളിലൂടെ ഒന്ന് കടന്നുപോകാം.

ബോര്‍ഡ് ഓഫ് റവന്യൂ സെക്രട്ടറിയായ സിമ്മിന് മലബാര്‍ കളക്ടര്‍ 1857 ജൂണ്‍ നാലിന് എഴുതിയ ഒരു കത്തുതന്നെ നമുക്കാദ്യം നോക്കാം. 'മലബാറിലെ റെയില്‍വേ ലൈനിലെ സ്റ്റേഷനുകള്‍ക്ക് സമീപം പേട്ട(അങ്ങാടി)കളുണ്ടാക്കുന്നതില്‍ എന്റെ അഭിപ്രായം താങ്കള്‍ ചോദിച്ചിരുന്നുവല്ലോ? അങ്ങാടികള്‍ അഥവാ പേട്ടകള്‍ റെയില്‍വേസ്റ്റേഷനു സമീപം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചില നിയമനിര്‍മാണങ്ങളും നടക്കുന്നുണ്ടല്ലോ. മലബാറില്‍ റെയില്‍വേസ്റ്റേഷന് സമീപമൊന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഭൂമിയില്ലെന്നറിയിക്കട്ടെ. അതിനാല്‍ സ്വകാര്യ വ്യക്തികളുടെ സഹായം നമുക്കാവശ്യമാണ്. ബോര്‍ഡ് ഓഫ് റവന്യൂ തീരുമാനപ്രകാരം അങ്ങാടിക്കായി സ്വകാര്യവ്യക്തികളില്‍നിന്ന് ഭൂമി ഏറ്റെടുക്കാവുന്നതേയുള്ളൂ. റെയില്‍വേസ്റ്റേഷന്റെ ഗെയ്റ്റിനു സമീപമായി നാം കാളവണ്ടികള്‍ക്കായി (അക്കാലത്ത് മോട്ടോര്‍ വാഹനങ്ങളില്ലായിരുന്നുവെന്നോര്‍ക്കുക) സ്ഥലം കണ്ടെത്തണം. ഇവിടെയുണ്ടാക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നും നിയമംമൂലം ഉണ്ടാക്കാന്‍ കഴിയില്ല. മറ്റു സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ കൊണ്ടു വന്ന് താമസിപ്പിക്കുന്ന കാര്യത്തില്‍ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്.

ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെത്തുടര്‍ന്നുള്ള അയിത്താചാരമാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. അവര്‍ അങ്ങാടി അഥവാ പേട്ടകളില്‍ ഇക്കാരണംകൊണ്ട് ഒരുമിച്ച് താമസിക്കില്ല. നായന്മാര്‍ നിത്യാവശ്യങ്ങള്‍ക്കായി മാപ്പിളമാരോടും തീയ്യന്മാരോടും ഇടപെടാറുണ്ടെങ്കിലും അവരുടെ വസതികളോട് ചേര്‍ന്ന് താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കൂട്ടരെ പിന്നെ എങ്ങിനെയാണ് മുപ്പതും നാല്‍പ്പതും വര്‍ഷത്തേക്ക് റെയില്‍വേസ്റ്റേഷനു സമീപം നമ്മളെടുക്കുന്ന സ്ഥലത്ത് താമസിപ്പിക്കാന്‍ പ്രേരിപ്പിക്കുക. അതിനാല്‍ അങ്ങാടികളിലും തെരുവീഥികളിലും ഹിന്ദുക്കളെ താമസിപ്പിക്കുക വിഷമകരമായിരിക്കും. ഇക്കൂട്ടര്‍ താമസിക്കുക വളരെ വലിയ വളപ്പുകളിലാണ്. നാം സ്റ്റേഷനുകള്‍ക്ക് സമീപം അങ്ങാടികള്‍ക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങള്‍ അത്രയൊന്നും വലിപ്പമേറിയതല്ലല്ലോ. മലബാറിലെ ജനങ്ങള്‍ക്കിടയില്‍ മാപ്പിളമാര്‍ മാത്രമായിരിക്കും ബസാറുകള്‍ക്കരികെയും അതുപോലെതന്നെ ലൈന്‍ കെട്ടിടങ്ങളിലും താമസിക്കാന്‍ തയ്യാറായി വരിക.

കിഴക്കന്‍ താലൂക്കുകളില്‍ തമിഴ് ചെട്ടിമാരും ഇതിന് തയ്യാറാകും. എന്നാല്‍, ഇക്കൂട്ടര്‍ക്കാകട്ടെ, നാം കരുതിവെച്ചിട്ടുള്ള സ്ഥലം മുഴുവനായും ആവശ്യമില്ല. ഇക്കൂട്ടര്‍ അവര്‍ക്കാവശ്യമായ സ്ഥലത്തിന്റെ വാടക മാത്രമേ തരികയുള്ളൂ. അതിനാല്‍ എനിക്ക് തോന്നുന്നത് മലബാറിലെ ജനതയുടെ അഭിരുചിക്കനുസരിച്ചായിരിക്കണം അവര്‍ക്ക് പേട്ടകളില്‍ സ്ഥലംകൊടുക്കേണ്ടത്. ചെറുകിട കച്ചവടത്തിനായുള്ള ലൈന്‍ മുറികളുള്ള തെരുവീഥികളും നാമുണ്ടാക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ ആദ്യമേ സ്ഥലം കണ്ടെത്തി ജനങ്ങളെ താമസിപ്പിക്കുകയല്ല, മറിച്ച് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സ്ഥലവും വീഥികളുമുണ്ടാക്കുകയാണ് വേണ്ടത്. ഇക്കാര്യം മജിസ്‌ട്രേട്ടുമാര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. റെയില്‍വേസ്റ്റേഷനോടനുബന്ധിച്ചു കാണുന്ന സ്ഥലങ്ങളില്‍ തെങ്ങും കവുങ്ങുമാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് വിട്ടുതരാന്‍ ഉടമകള്‍ക്ക് വളരെ മടിയാണ്. അതിനാല്‍ സ്ഥലം വിട്ടുതരാനായി അവരെ പ്രേരിപ്പിക്കേണ്ടതായിട്ടുണ്ട്. പരമ്പരാഗതമായ കൃഷി ഉപേക്ഷിക്കുവാന്‍ മലബാറിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല. നാം ഹൗസ് ടാക്‌സ് (വീട്ടുകരം) വാങ്ങിക്കുന്നുണ്ടല്ലോ. അത് പത്തുവര്‍ഷത്തേക്ക് പേട്ടയില്‍ കെട്ടിടം പണിയുന്നവര്‍ക്കായി നീക്കിവെക്കുക.'

1855 മാര്‍ച്ച് മാസം 12-ന് റെയില്‍വേ കണ്‍സള്‍ട്ടിങ് എന്‍ജിനീയറായ കേണല്‍ പിയേഴ്‌സ് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തുകൂടി കാണാം. 'സര്‍, റെയില്‍വേ ലൈനില്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുമ്പോള്‍ അതിനോടനുബന്ധിച്ച് സ്റ്റേഷനു സമീപം നാട്ടുകാരെ വീടുവെച്ച് താമസിക്കാന്‍ പ്രേരിപ്പിക്കണമെന്ന് നാം തീരുമാനമെടുത്തിരിക്കുകയാണല്ലോ. ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും ആദ്യമായി റെയില്‍വേ പാതയിട്ടപ്പോള്‍ നിലവിലുള്ള ഗ്രാമങ്ങളില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയും സ്റ്റേഷനു സമീപം താമസിക്കുകയുമുണ്ടായി. ഇവിടെയും അങ്ങനെ സംഭവിക്കാം. നാം ഇവരെ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കേണ്ടതായിട്ടുണ്ട്. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ എന്നെക്കാള്‍ നല്ലത് സിവില്‍ അതോറിറ്റിയാണ്. ജാത്യാചാരങ്ങളായോ മതപരമായോ ഉള്ള കാര്യങ്ങളില്‍ മാത്രമേ മലബാറുകാര്‍ പുത്തന്‍ തീരുമാനങ്ങളെ എതിര്‍ക്കാറുള്ളൂ. അതല്ലെങ്കില്‍ അവര്‍ സഹകരിക്കുകയാണ് പതിവ്. എല്ലാ തരത്തിലും പ്ലാന്‍ ചെയ്തിട്ടായിരിക്കണം സ്റ്റേഷനു സമീപം നഗരങ്ങളുണ്ടാക്കേണ്ടത്. ശുചിത്വം പാലിക്കണമെന്ന നിഷ്‌കര്‍ഷയുമുണ്ടാകണം. കെട്ടിടങ്ങളുടെ സ്ഥാനം, രൂപം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടായിരിക്കണം. സ്ഥലത്തിന് നികുതി ചുമത്തേണ്ടെന്നാണെന്റെ അഭപ്രായം. എന്നാല്‍ സര്‍ക്കാറിനാവശ്യമായി വരുമ്പോള്‍ അന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് അവര്‍ക്ക് വാങ്ങിക്കാമെന്ന വ്യവസ്ഥയുണ്ടായിരിക്കണം.'

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് അടുത്തെത്തിയ മകന്റെ ചോദ്യം: 'അണ്ടിയോ മൂത്തത്, മാവോ മൂത്തത്?'. ഞാനവന് ഉത്തരമായി എല്ലാം അറിയുന്നവന്റെ - ശാക്യമുനിയുടെ - ചിരി സമ്മാനിച്ചു.



MathrubhumiMatrimonial