
നമിക്കണം ഈ കല്‍പ്പണിക്കാരെ...
Posted on: 04 Jun 2013
പി.പി. ഷൈജു

നെടുമ്പാശ്ശേരി: വരുമാനത്തിന്റെ ഒരു പങ്ക് പാവങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന മനുഷ്യസ്‌നേഹികള്‍ സമൂഹത്തിലുണ്ട്. എന്നാല്‍, ആകെ കൈമുതലായുള്ള കായികാധ്വാനം സൗജന്യമായി നല്‍കി പാവങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ഒരുപറ്റം കല്‍പ്പണിക്കാര്‍. നിത്യവൃത്തിക്ക് വേണ്ടി പോരാടുമ്പോഴും വരുമാനം നോക്കാതെ പാവങ്ങള്‍ക്ക് വീടുവെച്ചു നല്‍കുകയാണിവര്‍.മലയാറ്റൂര്‍ തോപ്പില്‍ വീട്ടില്‍ ടി.കെ. രാജു, മലയാറ്റൂര്‍ തോപ്പില്‍ പറമ്പില്‍ വീട്ടില്‍ ടി.ടി. സുഭാഷ്, നീലീശ്വരം തേലക്കാടന്‍ വീട്ടില്‍ ടി.സി. ജോണി, മറ്റൂര്‍ പപ്പാത്ത് വീട്ടില്‍ പി.എ. ബാബു, നടുവട്ടം മുണ്ടപ്പിള്ളി വീട്ടില്‍ എം.കെ. ഷാജി, ചെറായി കരുമുട്ടിത്തറ വീട്ടില്‍ സി.പി. സുഭാഷ് എന്നിവരാണ്, വീടുവയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്.
ജില്ലയില്‍ 10 വീടുകള്‍ ഇതിനോടകം തന്നെ നിര്‍മിച്ച് നല്‍കിക്കഴിഞ്ഞു. ജനവരിയിലാണ് ആദ്യത്തെ വീട് നിര്‍മിച്ചത്. ഇവരെ കുറിച്ചറിഞ്ഞ് നിരവധി പേര്‍ സഹായം ചോദിച്ച് എത്തുന്നുണ്ട്. ആരെയും കൈയൊഴിയാന്‍ ഇവര്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ ആറ് മാസത്തിനുള്ളില്‍ നിര്‍ധനരായ 10 പേര്‍ക്ക് ഇവരിലൂടെ തലചായ്ക്കാന്‍ ഇടം ലഭിച്ചു.
പള്ളിക്കര, കോട്ടപ്പുറം, ശ്രീഭൂതപുരം, ചെറായി, നേര്യമംഗലം, മണ്ണമാലി, പുത്തന്‍കുരിശ്, എടവനക്കാട് എന്നിവിടങ്ങളില്‍ ഓരോ വീടും നീലീശ്വരത്ത് രണ്ട് വീടുകളും ഇവര്‍ പണിതുനല്‍കി. അപേക്ഷകള്‍ ധാരാളം ലഭിക്കുന്നതിനാല്‍, ഇനി മാസത്തില്‍ ഒരു വീട് വീതം നിര്‍മിച്ചു നല്‍കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
തീരെ പാവപ്പെട്ടവര്‍ക്ക് മാത്രമേ ഇവര്‍ വീടുവെച്ചു നല്‍കുകയുള്ളൂ. രോഗം മൂലം കഷ്ടപ്പെടുന്നവര്‍, ആണ്‍മക്കളില്ലാത്ത വിധവകള്‍, കാന്‍സര്‍ രോഗികള്‍, പെണ്‍മക്കള്‍ മാത്രം ഉള്ളവര്‍ എന്നിവരെയാണ് ഇവര്‍ സഹായിക്കുന്നത്. അഞ്ച് സെന്റോ അതില്‍ താഴെയോ മാത്രം ഭൂമി ഉള്ളവരുമായിരിക്കണം.
വീട് നിര്‍മിക്കുന്നതിനുള്ള സാമഗ്രികള്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയാല്‍ കല്‍പ്പണി മൊത്തം ഇവര്‍ സൗജന്യമായി ചെയ്തുകൊടുക്കും. 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മിക്കുമ്പോള്‍ കല്‍പ്പണിക്ക് മാത്രമായി 21,000 രൂപ ചെലവ് വരും.

രാജുവാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടക്കത്തില്‍ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍പേര്‍ സംഘത്തില്‍ ചേരുകയായിരുന്നു. കോളേജ് ജീവനക്കാരനായ അരുണും ഇടയ്ക്ക് ഇവരെ സഹായിക്കാന്‍ പോകാറുണ്ട്.
സംഘത്തിലുള്ള പലര്‍ക്കും സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല എന്നറിയുമ്പോഴാണ് ഇവരുടെ സേവനത്തിന്റെ മൂല്യം കൂടുതല്‍ ഉയരുന്നത്. സംഘത്തിലെ ബാബു, മറ്റൂരില്‍ പുറമ്പോക്കിലാണ് താമസിക്കുന്നത്. മലയാറ്റൂര്‍ സ്വദേശി സുഭാഷ് ആസ്ബസ്‌റ്റോസ് മേഞ്ഞ, പണിതീരാത്ത വീട്ടിലാണ് താമസിക്കുന്നത്. വിദ്യാര്‍ത്ഥി കൂടിയാണ് സുഭാഷ്. ചെറായി സ്വദേശി സുഭാഷ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ, നിലം പൊത്താറായ വീട്ടിലാണ് താമസിക്കുന്നത്.
30 അപേക്ഷകള്‍ കൂടി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും പോയി അപേക്ഷകര്‍ സഹായത്തിന് അര്‍ഹരാണോ എന്ന് കണ്ടെത്തുകയാണ് ഏറ്റവും ശ്രമകരമായ ജോലി എന്ന് ടീം ലീഡര്‍ രാജു പറയുന്നു. കൂലിപ്പണിക്ക് ശേഷം വൈകുന്നേരങ്ങളിലാണ് അന്വേഷണത്തിനായി പോകുന്നത്. ചിലര്‍ അപേക്ഷ നല്‍കി തങ്ങളെ കബളിപ്പിക്കാറുണ്ടെന്നും രാജു പറയുന്നു.
വീടില്ലാത്തവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ പഞ്ചായത്തുകള്‍ തോറും ടീം ഉണ്ടാക്കണമെന്ന ആഗ്രഹവും ഇവര്‍ക്കുണ്ട്.
പുത്തന്‍കുരിശ് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്‌കൂള്‍ 'സ്‌നേഹാമൃതം' എന്ന പേരില്‍ ഭവനപദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യവീട് നിര്‍മിച്ചു നല്‍കിയതും രാജുവും സംഘവുമാണ്. എന്‍.എസ്.എസ്. വളന്റിയേഴ്‌സും ഇവര്‍ക്ക് സഹായവുമായി എത്തിയിരുന്നു.
