
പൊരിവെയിലില്‍ പൂരം കാണുമ്പോള്‍
Posted on: 21 Apr 2013

തീക്ഷ്ണമായ സൂര്യരശ്മികള്‍ ഏല്ക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ക്രമാതീതമായി ജലാംശം നഷ്ടപ്പെടും. തുടര്‍ച്ചയായി വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തിന് ക്ഷീണം തോന്നും. തലവേദനയുണ്ടാകും. തണലില്‍ നില്‍ക്കുകയാണെങ്കിലും ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലമാണെങ്കില്‍ അമിതമായി വിയര്‍ക്കാനുള്ള സാധ്യത ഏറെയാണ്. വിയര്‍പ്പിലൂടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ സോഡിയം, പൊട്ടാസ്യം അയോണ്‍സ്, പോഷകാംശങ്ങള്‍ എന്നിവയുടെ അളവു കുറയും. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. വിസര്‍ജ്ജന പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതിനും മാലിന്യം അടിഞ്ഞുകൂടാനും ഇടയാക്കും. തൊണ്ട വരളല്‍, കണ്ണില്‍ ഇരുട്ട് കയറല്‍, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയുണ്ടാകാം. ക്രമേണ ബോധം നഷ്ടപ്പെടുന്നതിനും കുഴഞ്ഞ് വീഴാനും ഇടയുണ്ടെന്ന് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ഡോ.സി. രവീന്ദ്രന്‍ പറഞ്ഞു.
മുതിര്‍ന്നവരേക്കാള്‍ അധികമായി നിര്‍ജ്ജലീകരണം കുട്ടികളെ ബാധിക്കും. തിരക്കുള്ള ഭാഗങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാതിരിക്കണം. കൂടുതല്‍ സമയം സൂര്യരശ്മി നേരിട്ട് ഏല്ക്കാതിരിക്കുന്നതിനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഗ്ലൂക്കോസ് വെള്ളം, ഉപ്പിട്ട നാരങ്ങാ വെള്ളം എന്നിവ കൂടെ കരുതണം. ഇടയ്ക്കിടക്ക് കുട്ടികളുടെ മുഖം കഴുകുന്നതിനും തൊണ്ട വരളാതിരിക്കാന്‍ വെള്ളം കുടിപ്പിക്കുന്നതിനും ശ്രദ്ധിക്കണം.
മുന്‍കരുതലെടുക്കുക
സൂര്യരശ്മികള്‍ അധിക സമയം നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 10-20 ശതമാനം ജലാംശമാണ് വിയപ്പിലൂടെ നഷ്ടപ്പെടാന്‍ ഇടയുള്ളത്. വായയും തൊണ്ടയും വരണ്ടുണങ്ങും. തണല്‍ ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് പൂരം ആസ്വദിക്കാം. പൂരത്തിന് എത്തുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കണം. നാരങ്ങയും ഉപ്പും ചേര്‍ത്ത വെള്ളം, സംഭാരം, ഇളനീര്‍, പഴച്ചാറുകള്‍ എന്നിവ കൂടുതലായി ഉപയോഗിക്കാം. കുട, തൊപ്പി, എന്നിവയും കൂടെ കരുതാം. ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ഉത്തമം. കൂടുതല്‍ സമയവും വെയിലത്ത് നില്‍ക്കുന്നവര്‍ ഇടയ്ക്ക് വിശ്രമിക്കണം. കുപ്പികളിലും മറ്റും വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവരാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗജന്യമായി വെള്ളം വിതരണം നടക്കും. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. നഷ്ടപ്പെടുന്ന ജലാംശത്തിന്റെ ഇരട്ടി ശരീരത്തിലേക്ക് വെള്ളം നല്‍കുന്നതിലൂടെ ക്ഷീണം അകറ്റാന്‍ കഴിയുമെന്ന് ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ. ജോസ് പൈക്കട പറഞ്ഞു.
തളര്‍ന്നാല്‍ സഹായിക്കാം
പൂരം കാണുന്നതിനിടെ കൂട്ടത്തില്‍ നിന്നൊരാള്‍ തളര്‍ന്ന് വീണാല്‍ ഉടന്‍ അയാളെ തണലിലേക്ക് മാറ്റി കിടത്തി വിശ്രമിക്കാന്‍ അവസരം നല്‍കണം. നിര്‍ജ്ജലീകരണമാണെങ്കില്‍ ഉടന്‍ മുഖത്ത് വെള്ളം തളിച്ച് ബോധക്ഷയം മാറ്റണം. ഉപ്പിട്ട നാരങ്ങാ വെള്ളമോ, ശുദ്ധജലമോ കുടിക്കാന്‍ നല്‍കണം. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാതെ വായു സഞ്ചാരം ലഭിക്കുന്ന രീതിയില്‍ സൗകര്യം ഒരുക്കണം. കഴുത്ത് പൊക്കി വെച്ച് വിശ്രമിക്കാന്‍ അനുവദിക്കണം. നഗരത്തില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഏത് സമയവും സഹായ സന്നദ്ധരായി ഉണ്ടാകും. ഇവരെ വിവരം അറിയിച്ച് ആവശ്യമെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാന്‍ കൂടെ നില്‍ക്കുന്നവര്‍ തയ്യാറാകണം.
വരൂ, ദാഹം തീര്‍ത്ത് ആസ്വദിക്കൂ
പൂരത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോര്‍പ്പറേഷനും സന്നദ്ധ സംഘടനകളും സൗജന്യ കുടിവെള്ള വിതരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ കോര്‍പ്പറേഷന്‍ പരിസരത്ത് സൗജന്യ സംഭാര വിതരണം തുടങ്ങും. ജില്ലാ ആസ്പത്രി, ബാറ്റ പരിസരം, നടുവിലാല്‍, ബിനി ടൂറിസ്റ്റ് ഹോം, സ്വപ്ന തിയ്യറ്റര്‍ എന്നിവിടങ്ങളിലാണ് കോര്‍പ്പറേഷന്റെ സംഭാര വിതരണം. 24000 ലിറ്റര്‍ സംഭാരമാണ് കരുതുന്നത്. തിരുവമ്പാടി ദേവസ്വം എം.ജി.റോഡിലെ ശങ്കരമണ്ഡപത്തിന് സമീപം ദാഹജലം നല്‍കും. വിശ്വഹിന്ദു പരിഷത്ത് വടക്കുന്നാഥന് മുന്നിലെ ശ്രീമൂല സ്ഥാനത്ത് കുടിവെള്ളം നല്‍കുന്നുണ്ട്. ധനലക്ഷ്മി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും കുടിവെള്ളവുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പൂരത്തിന്റെ ഭാഗമായി കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്പത്രി പരിസരത്ത് ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് ക്യാമ്പ്. സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധന, സൂര്യാഘാത പ്രതിരോധ ക്ലിനിക്ക്, ബോഡിമാസ് ഇന്റെക്‌സ് പരിശോധന എന്നിവയുണ്ടാകും. രാവിലെ 11 മുതല്‍ മൂന്ന് വരെ സൗജന്യ സംഭാരവിതരണം ഉണ്ടാകും.
