goodnews head

ഷുക്കൂറിന്റെ പച്ചക്കറിത്തോട്ടം നാട്ടുകാര്‍ക്ക് സ്വന്തം

Posted on: 22 Mar 2009


എകരൂല്‍: പൂനൂര്‍ പുഴയരികിലെ ഭൂമിയില്‍ വിളയുന്ന പച്ചക്കറി ആര്‍ക്കും കൊണ്ടുപോകാം. വിലക്കുകളില്ല. പുനൂര്‍ മഠത്തുംപൊയില്‍ വട്ടക്കണ്ടി അബ്ദുള്‍ ഷുക്കൂര്‍ എന്ന കര്‍ഷകന്‍ വിയര്‍പ്പൊഴുക്കി വിളയിക്കുന്ന പച്ചക്കറി നാട്ടുകാര്‍ക്കുള്ളതാണ്. അര ഏക്കറോളം പുറമ്പോക്ക് ഭൂമിയിലെ ഈ പച്ചക്കറി ഒന്നോ രണ്ടോ പേര്‍ക്കല്ല നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കാണ് ഷുക്കൂര്‍ സൗജന്യമായി നല്കുന്നത്.

പുഴയില്‍ വെള്ളം വറ്റുന്നതോടെ അരികില്‍ തള്ളുന്ന ഫലഭൂയിഷ്ഠമായ മണ്ണിലാണ് അഞ്ച് വര്‍ഷമായി ഷുക്കൂര്‍ കൃഷി നടത്തുന്നത്. വത്തക്ക, ചീര, കാബേജ്, പയര്‍, വെണ്ട, പച്ചമുളക്, കുമ്പളം, പടവലം, ചുരങ്ങ, കോളിഫ്‌ളവര്‍ എന്നിവ ഇവിടെ സമൃദ്ധമായി വിളയുന്നു. ആവശ്യക്കാര്‍ കൃഷിഭൂമിയില്‍ നിന്നുതന്നെ നേരിട്ട് പറിച്ചെടുത്ത് കൊണ്ടുപോവുകയാണ് പതിവ്.

ഭാര്യയും മൂന്നു കുട്ടികളുമുള്ള അബ്ദുള്‍ ഷുക്കൂര്‍ പൂനൂരങ്ങാടിയില്‍ ഫാഷന്‍ ഫുട്‌വേര്‍ എന്ന സ്ഥാപനം നടത്തിവരുന്നു. വര്‍ഷത്തില്‍ പതിനായിരത്തിലധികം രൂപ വിലവരുന്ന പച്ചക്കറിയാണ് ഇവിടെ വിളയുന്നത്. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കാറില്ല. സ്വന്തമായി ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റും മറ്റു ജൈവവളങ്ങളുമാണ് ഉപയോഗിക്കുന്നത്. രാവിലെയും മറ്റു ഒഴിവുസമയങ്ങളിലും പച്ചക്കറി കൃഷിക്ക് വിനിയോഗിക്കുന്നു. വീട്ടുകാരും ബഷീര്‍ പനാമ, ഷറീന സലീം എന്നീ സുഹൃത്തുക്കളും സഹായത്തിനുണ്ട്.

ഇത്തവണ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പി. ഭാസ്‌കരക്കുറുപ്പാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. മഴക്കാലമാകുമ്പോഴേക്കും പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞിരിക്കണം. പുഴയില്‍ വെള്ളം കയറുന്നതോടെ ഈ കൃഷിഭൂമി വെള്ളത്തിനടിയിലാകും. അടുത്ത വേനലാവുന്നതോടെ ഇവിടെ ഫലഭൂയിഷ്ഠമായ മണ്ണ് നിറയും. അപ്പോള്‍ കൃഷി വീണ്ടും തുടങ്ങും.

 

 




MathrubhumiMatrimonial