
വിന്ധ്യയ്ക്ക് കൂട്ടുകാരുടെ സ്‌നേഹക്കൂട്
Posted on: 03 Apr 2013

ആലപ്പുഴ:ചില്ലറത്തുട്ടുകള്‍ കിട്ടിയപ്പോള്‍ ഒരിക്കലും അവര്‍ക്ക് മിഠായി വാങ്ങണമെന്ന് തോന്നിയിട്ടില്ല. കാരണം പ്രിയകൂട്ടുകാരി വിന്ധ്യയും കുടുംബവും സ്വന്തമായി വീടില്ലാതെ കഴിയുമ്പോള്‍ കൂട്ടുകാര്‍ക്കെങ്ങനെ മിഠായി വാങ്ങിത്തിന്ന് കളിച്ചുചിരിച്ച് നടക്കാനാകും. അവര്‍ കൂട്ടുകാരിക്ക് വീടുണ്ടാക്കാന്‍ മിഠായി വാങ്ങാനുള്ള പണമെല്ലാം കൂട്ടിവച്ചു. കുട്ടികളുടെ സ്‌നേഹത്തിന് കൂട്ടായി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റും ഒത്തുചേര്‍ന്നപ്പോള്‍ വിന്ധ്യയ്ക്ക് വീടായി. ഇത് കൂട്ടുകാരുടെ സ്‌നേഹക്കൂടായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് എല്ലാവര്‍ക്കും മാതൃകയാകുന്നത്.
സ്‌കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനി വിന്ധ്യ അഗസ്റ്റിനും കുടുംബവും ഹാര്‍ഡ് ബോര്‍ഡ് കൊണ്ടുമറച്ച ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. വിന്ധ്യയുടെ അച്ഛന്‍ അഗസ്റ്റിന്‍ മത്സ്യത്തൊഴിലാളിയാണ്. കിട്ടുന്ന തുച്ഛവരുമാനം കൊണ്ട് വിന്ധ്യയുള്‍പ്പെടെയുള്ള മൂന്ന് കുട്ടികളുടെയും ഭാര്യയുടെയും കാര്യങ്ങള്‍പോലും നോക്കാന്‍ അഗസ്റ്റിന് തികയുമായിരുന്നില്ല. അതുകൊണ്ട് വീട് ഇവര്‍ക്ക് എന്നും സ്വപ്നമായിരുന്നു. ഭവനസന്ദര്‍ശന സമയത്ത് കനോഷ്യന്‍ സിസ്റ്റര്‍മാരാണ് ഈ കുടുംബത്തിന്റെ അവസ്ഥ സ്‌കൂളിലെത്തിക്കുന്നത്. അങ്ങനെ 'വിന്ധ്യയ്ക്ക് ഒരു വീട്' പദ്ധതി തുടങ്ങി. കുട്ടികള്‍ ചില്ലറത്തുട്ടുകള്‍ ശേഖരിച്ചുതുടങ്ങി. പ്രധാനാധ്യാപിക മേരി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നതിന് കൂടുതല്‍ സഹായം കണ്ടെത്തി.
വിന്ധ്യയ്ക്ക് സ്വന്തമായി ഒരു തുണ്ടുഭൂമി പോലുമുണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മണ്ണഞ്ചേരിക്ക് സമീപം വീടുവയ്ക്കാന്‍ മൂന്ന് സെന്റ് സ്ഥലം ആലപ്പുഴ ബിഷപ്പ് ഫാ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സമ്മാനിച്ചു. 80 ദിവസംകൊണ്ട് വിന്ധ്യയ്ക്ക് വീടൊരുങ്ങി. 500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുമുറി, ഹാള്‍, അടുക്കള, ടോയ്‌ലെറ്റ് എന്നീ സൗകര്യങ്ങളോടെയുള്ളതാണ് വീട്. സ്‌കൂളിലെ മുന്‍ പി.ടി.എ. പ്രസിഡന്റും കരാറുകാരനുമായ കൃഷ്ണമൂര്‍ത്തി ശ്രമദാനമായി പണിയേറ്റെടുത്താണ് വീട് പൂര്‍ത്തിയാക്കിയത്.
വീടിന്റെ ആശിര്‍വാദകര്‍മം ബിഷപ്പ് ഫാ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും താക്കോല്‍ദാന കര്‍മം സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫിലോ പുത്തന്‍പുരയും നിര്‍വഹിച്ചു. മുന്‍ സ്‌കൂള്‍ മാനേജര്‍, സിസ്റ്റര്‍ ട്രീസ ചാക്കോ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റെല്ല, ക്ലാസ്സ് ടീച്ചര്‍ അനിത ജോസ് എന്നിവര്‍ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.
