TravelBlogue

ഗ്വാളിയറിലെ ചരിത്രങ്ങള്‍

Posted on: 17 Mar 2009

എം.ബഷീര്‍



താന്‍സെനും നാട്ടുരാജാക്കന്‍മാരും മുഗളന്‍മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്‍കിയ ഗ്വാളിയര്‍. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള്‍ നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയുടെ നഗരം. രണ്ടാം സൂര്യക്ഷേത്രവും താന്‍സന്റെ ശവകുടീരവുമൊക്കെ ചേര്‍ന്ന് ചരിത്രഭൂപടത്തിലും വിനോദസഞ്ചാരഭുപടത്തിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നഗരമാണ് ഗ്വാളിയര്‍. മിറാഷ്, മിഗ് വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ നിലകൊളളുന്ന വായുസേന കേന്ദ്രവും മൊറാറിലെ കരസേന കേന്ദ്രവും ഗ്വാളിയറിന് സൈനീക ഭൂപടത്തിലും സ്ഥാനം നല്‍കുന്നു.

പഴയ ഗ്വാളിയറിന്റെ ചരിത്ര സ്മാരകങ്ങളെ അതേപടി സംരക്ഷിക്കുന്നതിനൊപ്പം തന്നെ വളരെ പെട്ടന്ന് വികസിച്ച നഗരം കൂടിയാണിത്. ഗ്വാളിയറിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സിന്ധ്യാ രാജകുടുംബത്തിന്റെ ഇങ്ങേയറ്റത്തുള്ള ആളുടെ പോലും കരവിരുതുണ്ടെന്ന് ഗ്വാളിയാര്‍ നിവാസികള്‍ നിസ്സംശയം പറയും. ഗ്വാളിയറിനെ ഇന്നുകാണുന്ന ഗ്വാളിയറാക്കിയതില്‍ അവരുടെ പങ്ക് വലുതത്രെ.

യാത്രയ്ക്കും കാഴ്ച്ചയ്ക്കും ഏറെ അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. അതില്‍ പ്രധാനം ഗ്വാളിയര്‍ കോട്ടതന്നെ യുദ്ധങ്ങളുടെയും 'ശിക്ഷ'കളുടെയുമൊക്കെ ചരിത്രം പേറി നില്‍ക്കുന്നയിടം. ബാബര്‍ ചക്രവര്‍ത്തിയെ പോലും അതിശയപ്പെടുത്തിയ ഈ കോട്ടയുടെ പുറം ഭിത്തി 35 അടി ഉയരത്തില്‍ രണ്ടു മൈലിലധികം നീണ്ടു കിടക്കുന്നു. കോട്ടയ്ക്കുളളില്‍ കാണാനാകുന്നത് മധ്യകാലത്തിന്റെ ശില്‍പ്പ ഭംഗി. രാജാ മാന്‍സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മൃഗനയനിയുടെയും കഥകളിലേക്ക് നീളുന്ന ഗുജ്ജാരി മഹള്‍. ചരിത്രത്തനപ്പുറം ഇതൊക്കെ കാഴ്ച്ചയുടെ മറ്റൊരു അനുഭവമാകുന്നു. ഗ്വാളിയാര്‍ കോട്ട ഏറെക്കാലം അടഞ്ഞു കിടന്നു. പിന്നീട് സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങി. ഇപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ ഗ്വാളിയര്‍ കോട്ടയുടെ ചരിത്രം കാഴ്ച്ചക്കാരെ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ കാട്ടിത്തരികയും ചെയ്യുന്നു.

സിന്ധ്യ കുടുംബത്തിന്റെ മാസസ്ഥലമായ ജയ്‌വിലാസ് കൊട്ടാരമാണ് മറ്റൊരത്ഭുതം. രാജഭരണകാലത്തെ വിശാല ജീവിതത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാട് നല്‍കുന്ന കൊട്ടാരമാണിത്. കൊട്ടാരത്തിലെ 35 മുറികളോളം ഇപ്പോള്‍ സിന്ധ്യ മ്യൂസിയമാണ്. ഈ ഭാഗത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. ബാക്കി ഭാഗം ഇപ്പോഴും സിന്ധ്യാ കുടുംബത്തിന്റെ വാസസ്ഥലമാണ്.

തന്റെ കൊട്ടാരത്തിലെ നവരത്‌നങ്ങളിലൊന്നെന്ന് അക്ബര്‍ ചക്രവര്‍ത്തി വിശേഷിപ്പിച്ച, ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ സംഗീത ചക്രവര്‍ത്തി താന്‍സെന്‍ അന്ത്യവിശ്രമം കൊള്ളുന്ന താന്‍സെന്‍ ടോംബ് ഗ്വാളിയറിന്റെ ഭാഗമാണ്. ഇവിടെ എല്ലാ വര്‍ഷവും ദേശീയ സംഗീതോത്സവവും അരങ്ങേറുന്നുണ്ട്.

1486നും 1517നും ഇടയ്ക്ക് പണി കഴിപ്പിച്ച മന്‍മന്ദിര്‍ പാലസിന്റെ അവശിഷ്ടങ്ങളും ഗ്വാളിയറിലെ കാഴ്ച്ചയാണ്. മുഗളരുടെയും രജപുത്രരുടെയും ഓര്‍മകളുണര്‍ത്തുന്ന ഈ അവശിഷ്ടം ഗ്വാളിയറിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാഗമാണ്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗൂജാരിമഹല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും സരോദ് ഘാട്ടുമൊക്കെ ഗ്വാളിയര്‍ യാത്രയെ അര്‍ത്ഥവത്താക്കും. ചരിത്ര സ്മാരകങ്ങളിലേക്കുളള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഇടമാണ് ഗ്വാളിയറും ഇവിടുത്തെ കാഴ്ച്ചകളും.

യാത്രാ മാര്‍ഗ്ഗം


വിമാനം:
ഡല്‍ഹിയില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഗ്വാളിയറിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുണ്ട്.

തീവണ്ടി:
ഡല്‍ഹി-മുംബൈ, ഡല്‍ഹി-ചെന്നൈ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് ഗ്വാളിയര്‍.

റോഡ്:
ആഗ്ര, മഥുര, ജയ്പൂര്‍, ഡല്‍ഹി, ചണ്ഡിഗര്‍, ലക്‌നൗ, ഭോപ്പല്‍, ഇന്‍ഡോര്‍, ഝാന്‍സി തുടങ്ങിയിടങ്ങളില്‍ നിന്ന് ഗ്വാളയറിലേക്ക് നേരിട്ട് ബസ് സര്‍വ്വീസുണ്ട്.



MathrubhumiMatrimonial