AnnaChandam Head

ആനച്ചന്തത്തിലെ സിനിമാതാരമായി മംഗലാംകുന്ന് അയ്യപ്പന്‍

Posted on: 20 Mar 2009

- വി. ഹരിഗോവിന്ദന്‍



സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

തമിഴില്‍ ശരത്കുമാറിനൊപ്പം 'നാട്ടാമെ'യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍. ഇതുകൂടാതെ പല സിനിമകള്‍ക്കും ഇപ്പോള്‍ അയ്യപ്പന്‍ ഒന്നും രണ്ടും ദിവസത്തെ കാള്‍ഷീറ്റ് നല്‍കാറുണ്ട്. എഴുന്നള്ളിപ്പാനകളിലെ യുവതാരത്തിന് 317 സെന്റീമീറ്ററാണ് ഉയരം.

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. ഈവര്‍ഷം ഫിബ്രവരി ആദ്യവാരം എറണാകുളത്തെ ചെറായയില്‍ നടന്ന തലപ്പൊക്കമത്സരത്തില്‍ അയ്യപ്പനായിരുന്നു ജേതാവ്.

1992 ല്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍നിന്നാണ് മംഗലാംകുന്ന് സഹോദരര്‍ അയ്യപ്പനെ കണ്ടെടുക്കുന്നത്. 25 വയസ്സില്‍ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാര്‍ എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാല്‍ അടിയായിരുന്നു.

സാമാന്യത്തിലധികം വിരിഞ്ഞുയര്‍ന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാര്‍ന്ന രോമങ്ങളോടുകൂടിയ വാല്‍ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.

കേരളത്തിലെത്തിയ ആദ്യനാളുകളില്‍ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പന്‍ ശാന്തനാണ്. ചിങ്ങംമുതല്‍ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാല്‍ തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടന്‍ എം.എ. പരമേശ്വരന്‍ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും മംഗലാംകുന്ന് ഗണപതിയെയുംപോലെ അയ്യപ്പനും ഉത്സവപ്പറമ്പുകളില്‍ ഫാന്‍സ് അസോസിയേഷനുകളായിക്കഴിഞ്ഞു. മറ്റ് ആനകളെക്കാള്‍ ചെറുപ്പമാണ് എന്ന പ്രത്യേകതയും അയ്യപ്പന് മുതല്‍ക്കൂട്ടാവുന്നു.

പാലക്കാട്ടെന്നതുപോലെ തെക്കന്‍ജില്ലകളിലും അയ്യപ്പന് ആരാധകരുണ്ട്. ഒറ്റച്ചട്ടക്കാരനാണ് അയ്യപ്പന്‍. തെങ്കരസ്വദേശി ശശികുമാറാണ് ഒന്നാംപാപ്പാന്‍. ആളുകളുടെ സ്നേഹവും ആരാധനയുമൊക്കെ ഏറ്റുവാങ്ങുമ്പോഴും ഒരല്പം ഗൗരവംകലര്‍ന്ന അകലം സൂക്ഷിക്കാനാണ് അയ്യപ്പന് ഇഷ്ടം. (അടുത്ത ലക്കം: തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായി മംഗലാംകുന്ന് കര്‍ണന്‍)

harigovi2@gmail.com
Tags:   Elephant, Kerala Festivals, Anachantham, Mangalamkunnu Ayyappan



MathrubhumiMatrimonial