AnnaChandam Head

നാണു എഴുത്തച്ഛന്‍ ശ്രീനിവാസന്‍; സൗന്ദര്യത്തികവിന്റെ ഗജരൂപം

Posted on: 15 Mar 2009

- വി. ഹരിഗോവിന്ദന്‍



ജന്മംകൊണ്ട് ബിഹാറിയെങ്കിലും മലയാളത്തിന്റെ ആനച്ചന്തമാണ് നാണു എഴുത്തച്ഛന്‍ ശ്രീനിവാസന്‍. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പിന്റെ മാത്രമല്ല ഉത്സവപ്രേമികളുടെയാകെ സ്വകാര്യ അഹങ്കാരമായി ശ്രീനിവാസനെ മാറ്റുന്നത് തികഞ്ഞ ആനച്ചന്തമാണ്. സോണ്‍പൂര്‍ മേളയില്‍നിന്ന് ഏഴാംവയസ്സില്‍ എറണാകുളത്തെ വിശ്വനാഥഷേണായിയാണ് ശ്രീനിവാസനെന്ന ആനക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. 1985-86 കാലത്താണ് നാണു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. നല്ല ആനയ്ക്ക് മുക്കാല്‍ ലക്ഷത്തിനടുത്ത് വിലയുണ്ടായിരുന്ന കാലത്ത് രണ്ടുലക്ഷത്തോളം മോഹവില കൊടുത്താണ് ശ്രീനിവാസനെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് ഗ്രൂപ്പിന്റെ അമരക്കാരന്‍കൂടിയായ ജയഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവുമധികം ശരീരവലിപ്പവും ശരീരഭാരവും ഈ നാല്പത്തെട്ടുകാരനാണ്. ആറുടണ്ണോടടുപ്പിച്ച ഭാരം. ശരീരവലിപ്പത്തിനൊത്ത തലവലിപ്പം. നല്ല തലയെടുപ്പും.

സാധാരണ ആനകള്‍ക്ക് ഒരുകോല്‍ രണ്ടുവിരല്‍ വലിപ്പമുള്ള തലേക്കെട്ടാണ് പതിവ്. എന്നാല്‍ ശ്രീനിവാസനും ഗുരുവായൂര്‍ പത്മനാഭനും ഒരുകോല്‍ നാലുവിരല്‍ വീതിവേണം തലേക്കെട്ടിന്. ശ്രീനിവാസനെ എഴുന്നള്ളിക്കുമ്പോള്‍ ഈ വലിപ്പമുള്ള ചൂരപ്പൊളി തലേക്കേട്ടോ അതല്ലെങ്കില്‍ നാഗപടം തലേക്കെട്ടോ അണിയിച്ചാലേ ഭംഗി എടുത്തറിയിക്കൂ എന്ന് കേരളത്തിലങ്ങോളമിങ്ങോളം ഉത്സവങ്ങള്‍ക്ക് ആനച്ചമയമെത്തിക്കുന്ന തൃശ്ശൂരിലെ കെ.എന്‍. വെങ്കിടാദ്രി പറഞ്ഞു.

305 സെന്റീമീറ്ററാണ് ഉയരം. നിലത്ത് ഒരു മടക്കെങ്കിലുമുള്ള ഇഴഞ്ഞതുമ്പി, വലിയചെവികള്‍, നീണ്ടവാല്‍, ഊര്‍ജംനിറഞ്ഞ ചലനങ്ങള്‍ ഇതൊക്കെ ശ്രീനിവാസന്റെ പ്രത്യേകതകളാണ്. ലക്ഷണത്തികവായി 18 നഖങ്ങളുണ്ട്.

ഗുരുവായൂര്‍ പത്മനാഭനൊപ്പമാണ് എഴുന്നള്ളിക്കുന്നതെങ്കിലേ ശ്രീനിവാസന് കൂട്ടാനയാവേണ്ടിവരാറുള്ളൂ. പാറമേക്കാവ് പരമേശ്വരന്‍ ഉണ്ടായിരുന്നപ്പോള്‍തന്നെ പകല്‍പ്പൂരം തെക്കോട്ടിറക്കത്തിന് തിടമ്പേറ്റാനായ പെരുമയും ശ്രീനിവാസനുണ്ട്. ഡല്‍ഹി ഏഷ്യാഡിലും പങ്കെടുത്തിട്ടുണ്ട് ശ്രീനിവാസന്‍.

harigovi2@gmail.com

(നാളെ: നാടിന്റെ അഭിമാനമായി കോങ്ങാട് കുട്ടിശങ്കരന്‍)
Tags:   Elephant, Kerala Festivals, Anachantham, Nanu Ezhuthachan Sreenivasan



MathrubhumiMatrimonial