കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവഭൂപടം 'നാസ' തയ്യാറാക്കി

Posted on: 25 Jan 2013

കെ. മധു



കോഴിക്കോട്: അമേരിക്കന്‍ പ്രതിരോധശാസ്ത്ര ഏജന്‍സിയായ 'നാസ' കേരളത്തിന്റെ ജലസ്രോതസ്സുകളുടെ വിഭവഭൂപടം തയ്യാറാക്കി. നെല്‍വയലുകളില്‍നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം കേരളത്തിന്റെ ജലവിതാനം വന്‍തോതില്‍ താഴാന്‍ ഇടയാക്കുന്നുണ്ടെന്ന് നാസയുടെ പഠനത്തില്‍ വ്യക്തമായി. നാസയുടെ ലാന്‍ഡ് കവര്‍ ലാന്‍ഡ് യൂസേജ് പദ്ധതി മേധാവി ഡോ. ഗരിക് ഗട്മാന്‍ 'മാതൃഭൂമി ന്യൂസി'നെ അറിയിച്ചതാണ് ഇക്കാര്യം.

തെക്കനേഷ്യന്‍ രാജ്യങ്ങളിലെ ശുദ്ധജലലഭ്യതയും നഗരവത്കരണത്തെത്തുടര്‍ന്ന് ഭൂമിയുടെ ഘടനയില്‍ സംഭവിക്കുന്ന മാറ്റവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഏജന്‍സി കേരളത്തില്‍ ജലഭൂപട പരിശോധന നടത്തിയത്. കണ്ടല്‍ക്കാടുകളുടെ നശീകരണം, അടിക്കടി ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങള്‍ , ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് എന്നിവ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഡോ. ഗട്മാന്‍ പറഞ്ഞു.

നെല്‍വയലുകളുടെ തിരോധാനമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ അപകടകരമാംവണ്ണം പ്രകടമാകുന്നതെന്ന് നാസാപഠനം വ്യക്തമാക്കുന്നു. കായലുകളും കിണറുകള്‍, കുളങ്ങള്‍ എന്നിവയും വ്യാപകമായി അപ്രത്യക്ഷമായിട്ടുണ്ട്.

എഴുപതുകളുടെ തുടക്കം മുതലുള്ള ഉപഗ്രഹഡാറ്റയുടെ അടിസ്ഥാനത്തിലാണ് നാസയുടെ ഏജന്‍സി കേരളത്തിന്റെ ജലമേഖലയെ വിലയിരുത്തിയത്. നാലുപതിറ്റാണ്ടായുള്ള കേരളത്തിന്റെ വിവരങ്ങള്‍ നേരത്തേ നാസ ശേഖരിച്ചിരുന്നു. കഴിഞ്ഞ ആഗസ്ത്മുതല്‍ ഐ.എസ്.ആര്‍.ഒ. യുമായി സഹകരിച്ചാണ് കോഴിക്കോട് സി. ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ പങ്കാളിത്തത്തോടെ ജല സ്രോതസ്സുകളുടെ ഭൂപടം തയ്യാറാക്കിയത്.

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ഭയാനകമാം വിധം കുറയുകയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടവനത്തിന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നാസ പരിശോധിച്ചുവരികയാണെന്ന് സംഘാംഗവും മെറിലാന്‍ഡ് സര്‍വകലാശാലാ ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ക്രിസ്റ്റഫര്‍ ജസ്റ്റിസ് പറഞ്ഞു.

വനമേഖല ചുരുങ്ങുന്നത് കേരളത്തിലെ ആസന്നമായ വരള്‍ച്ചയെ രൂക്ഷമാക്കും. മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷം വരുംനാളുകളില്‍ കേരളത്തില്‍ കൂടുമെന്നും ക്രിസ്റ്റഫര്‍ ജസ്റ്റിസ് പറഞ്ഞു. നഗരവത്കരണം ഏറ്റവും അധികം നാശമുണ്ടാക്കുന്ന പ്രദേശങ്ങളില്‍ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് സമാനമായ അവസ്ഥയിലേക്ക് ഇന്ത്യ മാറുകയാണെന്നും നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വരള്‍ച്ച ആസന്നമായ കേരളത്തിലെ ജലവിപണിയെ സ്വകാര്യമേഖല രാജ്യാന്തരതലത്തില്‍ത്തന്നെ ഉന്നമിടുന്ന സാഹചര്യത്തിലാണ് നാസയുടെ പഠനം ശ്രദ്ധേയമാകുന്നത്.



MathrubhumiMatrimonial