ജലഛായാചിത്രങ്ങളിലൂടെ ലോകപ്രസിദ്ധമായ ഓസ്‌ട്രേലിയന്‍ വൃക്ഷങ്ങള്‍ കത്തിനശിച്ചു

Posted on: 06 Jan 2013


കത്തിനശിച്ച 'ഗോസ്റ്റ് ഗം' വൃക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍


സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗോത്രവര്‍ഗ കലാകാരനായ ആല്‍ബര്‍ട്ട് നമാറ്റ്ജിറയുടെ ജലഛായാചിത്രങ്ങള്‍ വഴി ലോകപ്രശസ്തി നേടിയ ഒരു ജോടി 'ഗോസ്റ്റ് ഗം' വൃക്ഷങ്ങള്‍ കത്തിനശിച്ചു.

ഓസ്‌ട്രേലിയന്‍ ഔട്ട്ബാക്ക് എന്നറിയപ്പെടുന്ന വിശാല ഊഷരമേഖലയില്‍ ആലിസ് സ്പ്രിങിന് സമീപമാണ് പ്രസിദ്ധമായ ആ വൃക്ഷങ്ങള്‍
ആല്‍ബര്‍ട്ട് നമാറ്റ്ജിറ
വളര്‍ന്നിരുന്നത്. ഓസ്‌ട്രേലിയയുടെ ദേശീയ പൈതൃക രജിസ്റ്ററില്‍ സ്ഥാനം പിടിക്കുന്നതിന് തൊട്ടുമുമ്പാണ് അവയുടെ നാശം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൃക്ഷങ്ങള്‍ തീയില്‍ നശിച്ചതായി കണ്ടെത്തിയതെന്ന്, വടക്കന്‍ മേഖലയില്‍ ഗോത്രവര്‍ഗ വികസനത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആലിസണ്‍ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു.

നമാറ്റ്ജിറയുടെ ജലഛായാച്ചിത്രങ്ങള്‍ വഴിയാണ് മധ്യ ഓസ്‌ട്രേലിയയുടെ സൗന്ദര്യം പുറംലോകമറിഞ്ഞത്. വടക്കന്‍ ഓസ്‌ട്രേലിയയുടെ അനന്യതാരൂപമായി ആ ചിത്രങ്ങളിലൂടെ ഗോസ്റ്റ് ഗം വൃക്ഷങ്ങള്‍ മാറി.

ആല്‍ബര്‍ട്ട് നമാറ്റ്ജിറയുടെ 1953 ലെ ചിത്രത്തില്‍ ഗോസ്റ്റ് ഗം വൃക്ഷം


ആരോ മനപ്പൂര്‍വം തീയിട്ട് വൃക്ഷങ്ങള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ കരുതുന്നു. പക്ഷേ, തെളിവൊന്നും ലഭിച്ചിട്ടില്ല.

മധ്യ ഓസ്‌ട്രേലിയയില്‍ 1902 ല്‍ ജനിച്ച നമാറ്റ്ജിറ രണ്ടായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ആദ്യ ചിത്രപ്രദര്‍ശനം അദ്ദേഹം 1938 ല്‍ നടത്തി. 1959 ല്‍, 57-ാം വയസില്‍ മരിക്കുമ്പോഴേക്കും ലോകപ്രശസ്തനായിരുന്നു.




MathrubhumiMatrimonial