ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം -പി.വി. ഗംഗാധരന്‍

Posted on: 24 Feb 2009


കോഴിക്കോട്: ഇന്ത്യന്‍ സിനിമയ്ക്കാകെ അഭിമാന നിമിഷമാണ് എ.ആര്‍. റഹ്മാനിലൂടെയും റസൂല്‍ പൂക്കുട്ടിയിലൂടെയും കൈവന്ന ഓസ്‌കര്‍ നേട്ടമെന്ന് 'ഫിയാഫ്' ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് പൊതുവെയും മലയാളികള്‍ക്ക് പ്രത്യേകിച്ചും അത്യാഹ്ലാദം പകരുന്ന നിമിഷങ്ങളാണിത്. മലയാള സിനിമയിലൂടെ പിച്ചവെച്ച റഹ്മാന്റെ സംഗീതസപര്യ 'സ്‌ലം ഡോഗ് മില്യനയറി'ലൂടെ ലോകം കീഴടക്കിയിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ആര്‍.കെ. ശേഖറിന്റെ മകനാണ് ഈ ഇരട്ടനേട്ടം കൈവരിച്ചത്. 'ഗൃഹലക്ഷ്മി ഫിലിംസി'ന്റെ ആദ്യകാല ചിത്രങ്ങളില്‍ എ.ടി. ഉമ്മറിനു കൂട്ടായി എന്നും ആര്‍.കെ. ശേഖര്‍ ഉണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 'യോദ്ധ'യിലൂടെ മലയാളം സിനിമയിലേക്കുവന്ന റഹ്മാനെ അംഗീകരിക്കാന്‍ മലയാളികള്‍ ഒരിക്കലും മടികാണിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.

ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും ഓസ്‌കര്‍ നേടിയതോടെ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ട ബഹുമതി മലയാളികള്‍ക്കു സ്വന്തമായെന്നു പറയാം. ഇവയുള്‍പ്പെടെ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയത് ഇന്ത്യയ്ക്കാകെ അഭിമാനമുഹൂര്‍ത്തമാണ് -ഗംഗാധരന്‍ പറഞ്ഞു.




MathrubhumiMatrimonial