പുതുസംഗീതത്തിന്റെ കുലപതി

Posted on: 24 Feb 2009

കെ.എ. ജോണി



സംഗീതം എ.ആര്‍.റഹ്മാന് ജന്മസിദ്ധമാണ്. അത് പരിപോഷിപ്പിക്കുന്നതില്‍ പുലര്‍ത്തിയ ജാഗ്രതയും ശ്രദ്ധയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പിതാവ് ആര്‍.കെ.ശേഖര്‍ മരിക്കുമ്പോള്‍ റഹ്മാന്‍ കുട്ടിയായിരുന്നു. ചെറുപ്രായത്തില്‍ അമ്മയും മൂന്നു സഹോദരിമാരുമുള്‍പ്പെടുന്ന കുടുംബത്തിന്റെ ഭാരവും പേറിയാണ് റഹ്മാന്‍ കീബോര്‍ഡിനു മുന്നിലേക്കെത്തിയത്.

പ്രാരബ്ധം നിറഞ്ഞ ബാല്യം റഹ്മാന്റെ മനസ്സില്‍ എപ്പോഴമുണ്ട്. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന സ്വഭാവം. തന്റെ പ്രാര്‍ഥനയും വര്‍ത്തമാനവും സംഗീതമാണെന്ന് ഒരിക്കല്‍ റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. സൂഫിസത്തിന്റെ അന്തര്‍ധാര റഹ്മാന്റെ ജീവിതത്തിലും സംഗീതത്തിലുമുണ്ടെന്ന നിരീക്ഷണം വെറുതെയല്ല.

1989-ലാണ് റഹ്മാനും കുടുംബവും ഇസ്‌ലാംമതം സ്വീകരിക്കുന്നത്. സുവ്യക്തമായ ആത്മീയാനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു മതംമാറ്റമെന്ന് റഹ്മാന്‍ പിന്നീട് പറഞ്ഞു.

ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ തലവരയാണ് റഹ്മാന്‍ തിരുത്തിയെഴുതിയത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ ആഗോളീകരണത്തിന്റെ പ്രയോക്താവും വഴികാട്ടിയും ജാസും പോപ്പും റോക്കും ആഫ്രിക്കന്‍ നാടോടി സംഗീതവുമെല്ലാം ഒരേപോലെ സ്വാംശീകരിക്കുകയും അവ ഇന്ത്യന്‍ പരിസരത്തിലേക്ക് പുനഃസൃഷ്ടിക്കുകയും ചെയ്ത് സംഗീതത്തിന്റെ യൗവനവും ഊര്‍ജവുമെന്തെന്ന് രേഖപ്പെടുത്തി.

ലോകസംഗീതത്തിന്റെ ഫ്യൂഷനിലും മൗലികമായ സ്​പര്‍ശം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നതാണ് റഹ്മാനെ ശ്രദ്ധേയനാക്കുന്നത്.
ഗായകരുടെ അന്തകനാണ് റഹ്മാന്‍ എന്ന് വിമര്‍ശിക്കുന്നവരുണ്ട്. റഹ്മാന്റെ സംഗീതലോകത്തില്‍ റഹ്മാന്‍തന്നെയാണ് ചക്രവര്‍ത്തിയെന്നും ഗായകര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണെന്നുമാണ് വിമര്‍ശനത്തിന്റെ ആധാരം.

എന്നാല്‍ ഇത്രയധികം പുതുഗായകരെ കൊണ്ടുവന്നിട്ടുള്ള മറ്റൊരു സംഗീത സംവിധായകന്‍ ഇന്ത്യയിലില്ല. കഴിവുറ്റ നിരവധി യുവഗായകരുള്ളപ്പോള്‍ ഒരാള്‍മാത്രം അധീശത്വം ഏറ്റെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കില്ലെന്ന് റഹ്മാന്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രംസ് വായിച്ചിരുന്ന തന്റെ പേര് കാസറ്റിനു പുറത്തും തിരശ്ശീലയിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് റഹ്മാന്‍ കാരണമാണെന്ന് ശിവമണി സാക്ഷ്യപ്പെടുത്തുന്നതും ഇതോടൊപ്പം വായിക്കണം.





MathrubhumiMatrimonial