'ചിന്ന ചിന്ന ആശൈ'യുടെ ഓര്‍മയില്‍ മിന്‍മിനി

Posted on: 24 Feb 2009


കൊച്ചി:എന്റെ വീട്ടില്‍ ഒരാള്‍ക്ക് ഓസ്‌കര്‍ കിട്ടിയതുപോലെ തോന്നുന്നു. അത്രയധികം സന്തോഷമുണ്ട്-എ.ആര്‍. റഹ്മാന്റെ ഓസ്‌കര്‍ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ മിന്‍മിനിയുടെ വാക്കുകളില്‍ ആവേശം നിറയുന്നു.

എ.ആര്‍. റഹ്മാന്റെ ആദ്യ ഗായികയാണ് മിന്‍മിനി. 'റോജ' എന്ന ചിത്രത്തിലെ 'ചിന്ന ചിന്ന ആശൈ' എന്ന ഗാനം. 'ഹിറ്റ്' എന്ന വിശേഷണത്തിനുമപ്പുറം പ്രശസ്തമായ ഈ പാട്ട് പാടുമ്പോള്‍ മിന്‍മിനിക്ക് പ്രായം 18. റഹ്മാന്‍ എന്ന സംഗീത സംവിധായകന്റെ അനുപമമായ ശൈലി വിലയിരുത്താനുള്ള ശേഷി അന്ന് തനിക്കുണ്ടായിരുന്നില്ലെന്ന് മിന്‍മിനി ഓര്‍ക്കുന്നു.

''അദ്ദേഹം എനിക്ക് പാട്ട് പറഞ്ഞുതന്നു. ഞാന്‍ അതുപോലെ പാടി''. 1992-ല്‍ ആയിരുന്നു അത്. പക്ഷെ പിന്നീട് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളായി റഹ്മാന്‍ മാറിയെന്നും മിന്‍മിനി കൂട്ടിച്ചേര്‍ക്കുന്നു.

ഒന്‍പത് സിനിമകളില്‍ റഹ്മാന്റെ പാട്ടുകള്‍ മിന്‍മിനി പാടിയിട്ടുണ്ട്. 'ജെന്റില്‍മാനി'ലെ 'പാക്കാതെ പാക്കാതെ....', കറുത്തമ്മയിലെ 'പച്ചക്കിളി പാടും....' തുടങ്ങി 2002-ല്‍ പുറത്തിറങ്ങിയ 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന സിനിമയില്‍ വരെ.

ശബ്ദം നഷ്ടപ്പെട്ടുവെന്ന ഭീതിയില്‍ സ്വയം ഉള്‍വലിഞ്ഞ് കഴിഞ്ഞ സമയത്താണ് 'പച്ചക്കിളി പാടും' എന്ന പാട്ടിന് റഹ്മാന്‍ വിളിക്കുന്നത്. 'സാര്‍ എനിക്ക് പാടാനാകുന്നില്ല' എന്ന് പറഞ്ഞൊഴിഞ്ഞപ്പോള്‍, നീ ഇപ്പോള്‍ എന്നോട് ഹലോ പറഞ്ഞില്ലേ... അതുപോലെ പാടിയാല്‍ മതി... എന്നായിരുന്നു റഹ്മാന്റെ പ്രതികരണം. നിര്‍ബന്ധത്തിനു വഴങ്ങി മിന്‍മിനി 'പച്ചക്കിളി' പാടി.

അടുത്തിടെയൊന്നും റഹ്മാനെ നേരിട്ട് കാണാനായിട്ടില്ല. എങ്കിലും ഇനി ചെന്നൈയില്‍ പോകുമ്പോള്‍ പതിവുപോലെ റഹ്മാന്റെ വീട്ടില്‍ പോകണം. പ്രാര്‍ത്ഥനയും ആശംസകളും അറിയിക്കണം - മിന്‍മിനി പറയുന്നു.






MathrubhumiMatrimonial