
രാഷ്ട്രീയപ്രസംഗമെന്ന് ഉമ്മന്‍ചാണ്ടി
Posted on: 21 Feb 2009
ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റവതരണം തിരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗംപോലെയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഭരണാനുമതികൊടുത്ത പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മൂന്നുരൂപയ്ക്ക് അരി നല്‍കിയിരുന്നു. അതു തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാരാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നിട്ടുള്ളത്. 8,660 കോടി രൂപയുടെ ബജറ്റില്‍ 1369.97 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രധാന മേഖലകള്‍ക്ക് രക്ഷയില്ല - മാണി
തിരുവനന്തപുരം: ടൂറിസം, ഐ.ടി., പ്രവാസി മലയാളികള്‍, കാര്‍ഷിക മേഖല എന്നിവയെല്ലാം ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണെങ്കിലും അവയുടെ രക്ഷയ്ക്ക് ബജറ്റില്‍ തുകയൊന്നും വകകൊള്ളിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം.മാണി അഭിപ്രായപ്പെട്ടു. റവന്യുവരുമാനം കൂടിയെന്ന് ധനകാര്യമന്ത്രി അവകാശപ്പെടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് കാരണം വില്പനനികുതിയിലുണ്ടായ മാറ്റം, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാറ്റ് നികുതി വഴിയുള്ള വരുമാനവര്‍ധന, കേന്ദ്രനികുതി വിഭജനം വഴിയുണ്ടായ വര്‍ധന എന്നിവയാണ് ഇതിനു കാരണം. റവന്യുകമ്മി കൂടിവരികയാണ്. 362 കോടി രൂപയാണ് ഒരുവര്‍ഷംകൊണ്ട് കൂടിയിരിക്കുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള യാതൊരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജിനായി പതിനായിരം കോടി വകയിരുത്തിയിരിക്കുന്നത് ഒരു കണ്‍കെട്ട് വിദ്യയാണെന്ന് മാണി കളിയാക്കി. ബജറ്റ് നിരാശാജനകമാണെന്ന് മുസ്‌ലിംലീഗ് നേതാവ് സി.ടി. അഹമ്മദലി ആരോപിച്ചു. സച്ചാര്‍ കമ്മിറ്റിയുടെ ചുവടുപിടിച്ച് ഉണ്ടാക്കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വെറും 10 കോടി രൂപയാണ് നീക്കിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സ്റ്റണ്ട് - കോണ്‍ഗ്രസ്
തിരുവനന്തപുരം: ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആഗോളസാമ്പത്തിക മാന്ദ്യമുയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായകമായതരത്തില്‍ സംസ്ഥാനത്തെ വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യാശയാണ് ധനമന്ത്രി മുന്‍കൂട്ടി നല്‍കിയിരുന്നതെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്തതും തീര്‍ത്തും നിരാശപ്പെടുത്തുന്നതുമായ ഒരു ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്ന് രമേശ് ചൂണ്ടിക്കാട്ടി.
ബജറ്റ് മാതൃകാപരം - പിണറായി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തിനാകെ മാതൃകാപരമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നവകേരള മാര്‍ച്ച് ഉയര്‍ത്തുന്ന ഐശ്വര്യകേരളം എന്ന സന്ദേശത്തിന്റെ ഒരു ചവിട്ട്പടിയാണ് ബജറ്റ്. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്ന പ്രഖ്യാപനം ശ്ലാഘനീയമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്ന ബജറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷപകരുന്നു. തൊഴിലാളി വര്‍ഗത്തിന്റെ ക്ഷേമവും ബജറ്റ് ഉന്നമിടുന്നു. 10,000കോടിയുടെ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് ദീര്‍ഘദര്‍ശനത്തിന് ഉദാഹരണമാണ്. കേന്ദ്ര ബജറ്റില്‍ കാണാത്ത പലതും പാവപ്പെട്ടവര്‍ക്കായി സംസ്ഥാന ബജറ്റിലുണ്ട്. സമസ്ത മേഖലകളുടെയും വളര്‍ച്ച ബജറ്റ് ലക്ഷ്യമിടുന്നുണ്ടെന്ന് പിണറായി പറഞ്ഞു.
