പുതിയ നികുതിയില്ല

Posted on: 21 Feb 2009


തിരുവനന്തപുരം: സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളോ നിരക്കുവര്‍ദ്ധനയോ ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. അധിക വിഭവ സമാഹരണത്തിന് അണക്കെട്ടിലെ മണല്‍വാരല്‍ പോലുള്ള നികുതിയേതര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനാണ് തീരുമാനം.
ഖാദി ഗ്രാമവ്യവസായ യൂണിറ്റുകള്‍ക്ക് 2005 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായി ഒഴിവാക്കി. കൈകൊണ്ടു നിര്‍മ്മിക്കുന്ന സോപ്പ് വ്യാപാരികളുടെ വിറ്റുവരവ് രണ്ടുകോടിയിലധികമല്ലെങ്കില്‍ നാലു ശതമാനം നികുതി നല്‍കിയാല്‍ മതി. അലൂമിനിയം കോമ്പസിറ്റ് പാനല്‍, പ്ലാസ്റ്റിക് പൊതിഞ്ഞ കിച്ചന്‍ സ്റ്റാന്‍ഡ്, സിമന്റ് പേവിങ് ബ്ലോക്ക് എന്നിവയുടെ നികുതി 12.5 ശതമാനത്തില്‍ നിന്ന് 2005 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നാലു ശതമാനമാക്കി.
നാളികേരം, കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയ്ക്കുള്ള നികുതിയിളവ് തുടരും. റേഷന്‍ ഉത്പന്നങ്ങള്‍ക്കൊപ്പം മറ്റുത്പന്നങ്ങളും വില്‍ക്കുന്ന വ്യാപാരികളെ റേഷന്‍ ഉത്പന്നങ്ങളുടെ നികുതി ബാദ്ധ്യതയില്‍ നിന്നൊഴിവാക്കി.
കെട്ടിട നിര്‍മ്മാതാക്കളുടെ രജിസ്‌ട്രേഷനുള്ള കോമ്പൗണ്ടിങ് നിരക്ക് എട്ടില്‍ നിന്നു മൂന്നു ശതമാനമാക്കി കുറച്ചു. എന്നാല്‍, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് പട്ടിക നിരക്കില്‍ നികുതി അടയ്ക്കണം. സര്‍ക്കാര്‍ -ജല അതോറിറ്റി കരാറുകാര്‍ക്ക് നിലവിലുള്ള കോമ്പൗണ്ടിങ് വ്യവസ്ഥകള്‍ തുടരും.മെറ്റല്‍ ക്രഷര്‍ മേഖലയിലെ കോമ്പൗണ്ടിങ് നികുതിയും കുറച്ചു. ചെറിയ രണ്ട് യന്ത്രങ്ങളുടേതില്‍ 10,000 രൂപയുടെയും വലിയ യന്ത്രത്തിന്‍േറതില്‍ 20,000 രൂപയുടെയും കുറവാണ് വരുത്തിയിട്ടുള്ളത്.
സ്വര്‍ണ്ണത്തില്‍ നിന്ന് 2009 -10ല്‍ 180 കോടി രൂപയുടെ നികുതിവരുമാനം ബജറ്റില്‍ കണക്കാക്കിയിരിക്കുന്നു. 10 ലക്ഷം വരെ വിറ്റുവരവുള്ള സ്വര്‍ണ്ണവ്യാപാരികള്‍ 115 ശതമാനവും 40 ലക്ഷം വെരയുള്ളവര്‍ 120 ശതമാനവും ഒരു കോടി വരെയുള്ളവര്‍ 135 ശതമാനം നിരക്കിലും കോമ്പൗണ്ടിങ് നികുതി നല്‍കണം. ഒരു കോടിയിലേറെ വിറ്റുവരവുള്ളവര്‍ക്ക് 150 ശതമാനം കോമ്പൗണ്ട് നിരക്ക് തുടരും. അനുമാന നികുതിയുടെ പരിധിയില്‍ വരുന്ന ചെറുകിട വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പ്രതിവര്‍ഷം 3,000 രൂപ നിരക്കില്‍ നികുതി കോമ്പൗണ്ട് ചെയ്യാം.
മെഡിക്കല്‍ സാമഗ്രികളുടെ ഘടകഭാഗങ്ങള്‍, ബൈന്‍ഡിങ്, ഗാതറിങ് മെഷീനുകള്‍, സാഡില്‍ സ്റ്റിച്ചര്‍, പേപ്പര്‍ കട്ടിങ്, പേപ്പര്‍ ഫോള്‍ഡിങ്, പെര്‍ഫറേറ്റിങ് യന്ത്രങ്ങള്‍, സില്‍വര്‍ ഓക്ക് തുടങ്ങിയവ നാലു ശതമാനം നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.
വിലകുറച്ചു കാണിച്ച സ്റ്റാമ്പ് ഡ്യൂട്ടി കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. സപ്തംബര്‍ 30 വരെ കാലാവധിയുള്ള പദ്ധതിയില്‍ നിന്ന് 100 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകള്‍ വില്‍ക്കുന്ന ഫോറങ്ങളുടെ വിലയും ഈടാക്കുന്ന ഫീസുകളും കുറഞ്ഞത് 10 വര്‍ഷം മുമ്പ് നിശ്ചയിക്കപ്പെട്ടവയായതിനാല്‍ അവ പുതുക്കും. വനത്തില്‍ വീണുകിടക്കുന്ന മരങ്ങള്‍ വില്‍ക്കും. ഇങ്ങനെ പലവകയിലായി 50 കോടി രൂപയുടെ അധികവരുമാനം കണക്കാക്കി. വാണിജ്യ നികുതി വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് നികുതി നിര്‍ണ്ണയം പൂര്‍ത്തിയാക്കേണ്ട ഓഡിറ്റ് അസെസ്‌മെന്റുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു. സര്‍ക്കാരിന്റെ നികുതി വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം 24 ശതമാനം വര്‍ദ്ധിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതു വരെയുള്ള കണക്കനുസരിച്ച് 10,016 കോടിയാണ് നികുതിയായി പിരിഞ്ഞുകിട്ടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് നികുതിവരുമാനം അഞ്ചക്കം തൊടുന്നത്.

കാര്‍ഷിക കടാശ്വാസത്തിന് 25 കോടി


തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തി. കാര്‍ഷിക കടാശ്വാസത്തിന് കമ്മീഷന് ലഭിച്ചിട്ടുള്ള വ്യക്തിഗത അപേക്ഷകളിന്മേല്‍ തീരുമാനം ഉണ്ടാവുന്ന മുറയ്ക്ക് പണം അനുവദിക്കും. കേര ഫെഡിന്റെ 36.8 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. കേര ഫെഡ് തടി സംസ്‌കരണത്തിനുള്ള ഫാക്ടറി സ്ഥാപിക്കും. നെല്‍കൃഷിക്കുള്ള വകയിരുത്തല്‍ 56 കോടിയാണ്.
മലബാര്‍, തൃശ്ശൂര്‍ ജില്ലകളിലായി 20 കോടി ചെലവില്‍ 177 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികള്‍ പുനരുദ്ധരിക്കാന്‍ അനുമതി നല്‍കി. വന്‍കിട-ഇടത്തരം ജലസേചന പദ്ധതികള്‍ക്ക് 134 കോടി വിലയിരുത്തി. ചെറുകിട ജലസേചനത്തിന് 68 കോടിയും കടല്‍ഭിത്തി നിര്‍മ്മാണത്തിന് 44 കോടിയും വകയിരുത്തി. ചമ്രപട്ടം പദ്ധതിക്ക് 40 കോടിയും ചിറ്റുമല ചിറ പദ്ധതിക്ക് 5 കോടിയും വകയിരുത്തി. പാല്‍സൊസൈറ്റികള്‍വഴി നല്‍കുന്ന കാലിത്തീറ്റയ്ക്ക് 50 പൈസ വീതം സബ്‌സിഡി നല്‍കും.



MathrubhumiMatrimonial