ബി.പി.എല്‍. അരിക്ക് 2 രൂപ, 250 രൂപ മിനിമം പെന്‍ഷന്‍

Posted on: 21 Feb 2009


തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പട്ടികവിഭാഗങ്ങള്‍, ആശ്രയ സ്‌കീമിലെ കുടുംബങ്ങള്‍ എന്നിവരില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മാവേലി സ്റ്റോറുകള്‍വഴി 14 രൂപയ്ക്ക് യഥേഷ്ടം അരി ലഭ്യമാക്കും. ഭക്ഷ്യസബ്‌സിഡിക്കുവേണ്ടി മാത്രം 250 കോടിരൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വായ്പയെടുത്ത പട്ടികജാതി-വര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രൈസ്തവവിഭാഗങ്ങള്‍ എന്നിവരുടെ പലിശയും പിഴപ്പലിശയും 25000 രൂപ വരെയുള്ള മുതല്‍ സംഖ്യയും എഴുതിത്തള്ളും. ഇതിനാവശ്യമായ തുക നിലവിലുള്ള കോര്‍പസ് ഫണ്ടില്‍നിന്നും കണ്ടെത്തും.
പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത 65 വയസ്സ് കഴിഞ്ഞ എല്ലാ ദരിദ്രര്‍ക്കും 100 രൂപ വീതം പെന്‍ഷനായി നല്‍കും. ആശ്രയ, ബി.പി.എല്‍. കുടുംബങ്ങള്‍, അതിലുള്‍പ്പെടാത്ത മത്സ്യത്തൊഴിലാളികള്‍, എസ്‌സി., എസ്.ടിക്കാര്‍ പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍, കര്‍ഷകത്തൊഴിലാളി, പ്ലാന്‍േറഷന്‍ തൊഴിലാളി കുടുംബങ്ങള്‍, ഒരേക്കറില്‍ താഴെ ഭൂമിയുള്ള നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം നല്‍കുക. നിലവിലുള്ള പെന്‍ഷന്‍കാരുടെ സമ്പൂര്‍ണ ലിസ്റ്റ് തയ്യാറാക്കി ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലേ ഈ സ്‌കീം നടപ്പിലാകൂ.
സമഗ്രമായ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ലക്ഷ്യം. എല്ലാവിധ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കും. ഈ ലിസ്റ്റ് സമര്‍പ്പിക്കുന്ന മുറയ്ക്കായിരിക്കും 250 രൂപ മിനിമം പെന്‍ഷന്‍ അനുവദിക്കുക. മാനസികവും കായികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള എല്ലാ സ്‌കൂളുകള്‍ക്കും കേന്ദ്രനിരക്കില്‍ ധനസഹായം നല്‍കുന്നതിന് 10 കോടി വകയിരുത്തി. നിഷിന് 2.25 കോടി രൂപയും ഐകോണിന് ഒരു കോടിയും വകയിരുത്തി.
പ്രീ മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് 700-ല്‍നിന്ന് 1300 ആയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേത് 900-ല്‍നിന്ന് 1500 ആയും ഉയര്‍ത്തും. പട്ടികജാതി, വര്‍ഗ വികസന പ്രമോട്ടര്‍മാരുടെ ഓണറേറിയം 2000-ല്‍നിന്ന് 2500 ആയി ഉയര്‍ത്തും. മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാന്‍ 10 കോടി വകയിരുത്തി. ഹജ്ജ് ഹൗസ് പൂര്‍ത്തീകരണത്തിന് ഒരു കോടിയും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഫിനിഷിങ് സ്‌കൂളിനും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസത്തിനും രണ്ട് കോടി രൂപ വീതവും അനുവദിച്ചു.




MathrubhumiMatrimonial