വികസനം ചങ്ങലയ്ക്കിടാനുള്ള ശ്രമം പൊളിച്ചു - ഐസക്ക്‌

Posted on: 21 Feb 2009


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന രീതിയിലുള്ള ധനകാര്യ അച്ചടക്കം അംഗീകരിക്കാനോ പാലിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബജറ്റെന്ന് ധനമന്ത്രി ഡോ. തോമസ്എസക്ക് പറഞ്ഞു. ധനകമ്മിക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത് മൂന്നുശതമാനമാണ്. നമ്മുടെ ബജറ്റില്‍ അത് 3.46 ശതമാനവും. ഇത് കേന്ദ്രത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. 9 ശതമാനം ധനകമ്മിയുള്ള കേന്ദ്രം കേരളത്തിന്റെ ധനകമ്മി 3 ശതമാനം ആയിരിക്കണമെന്ന് നിശ്ചയിച്ചതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുന്നില്ല.
വരവിലും കവിഞ്ഞ തുക ചെലവുചെയ്യാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് അനുസരിക്കാന്‍ കേരളത്തിന് കഴിയില്ല. യാന്ത്രികമായി സംസ്ഥാനത്തിന്റെ വികസനത്തെ ചങ്ങലയ്ക്കിടാന്‍ സമ്മതിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ഏകപക്ഷീയമായ നിലപാടുകളെ ചോദ്യംചെയ്യുകയാണ് ഈ ബജറ്റ്. നമ്മുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന ബജറ്റ് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ മുന്നേറ്റം നല്‍കുമെന്ന് ഉറപ്പാണ്. കേന്ദ്രം മതിയായ സഹായം അനുവദിച്ചില്ലെങ്കില്‍ ട്രഷറി നിക്ഷേപം വര്‍ധിപ്പിക്കാന്‍ ജനങ്ങളുടെ സഹകരണം തേടും. എന്നാല്‍ ഈ പണം ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കില്ല. പരിമിതികളുണ്ടെങ്കിലും അടുത്ത സാമ്പത്തികവര്‍ഷം റവന്യു കമ്മി പൂജ്യം ശതമാനമാക്കും. എന്നാല്‍ ധന കമ്മി കൂടും. ഇത് പൊള്ളയായ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണെന്ന ആരോപണത്തില്‍ കഴമ്പില്ല. സാമ്പത്തികമാന്ദ്യം പരിഹരിക്കാനുള്ള 10000 കോടി രൂപയുടെ പാക്കേജ് രണ്ടു കൊല്ലംകൊണ്ടാണ് നടപ്പാക്കുക.
ഈ കൊല്ലം 5000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കും. കുടിവെള്ളം, വിനോദസഞ്ചാരം, ഐ.ടി., കണ്ണൂര്‍ വിമാനത്താവളം, റോഡുകള്‍, പാലങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. മാന്ദ്യം നീങ്ങുമ്പോഴേക്കും ഇത് നമുക്ക് മുതല്‍ക്കൂട്ടാവും.
തെക്കന്‍ ജില്ലകളെ അവഗണിക്കുന്നതാണ് ബജറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ്‌ഐസക്ക് അറിയിച്ചു. എം.എല്‍.എമാര്‍ എഴുതിത്തന്ന പദ്ധതികളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മേഖലയ്ക്ക് പ്രത്യേക പരിഗണന കൊടുത്തിട്ടുള്ളത് ബോധപൂര്‍വമാണ്. വികസനസാധ്യതയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




MathrubhumiMatrimonial