
വയല്‍ നികത്തിയാല്‍ കനത്ത പിഴ
Posted on: 21 Feb 2009
പാട്ടത്തുക കൂട്ടി
തിരുവനന്തപുരം: തോട്ടങ്ങളുടെയും റവന്യുഭൂമിയുടെയും പാട്ടത്തുക സര്‍ക്കാര്‍ കൂട്ടി. നൂറ് ഏക്കറിന് മുകളില്‍ ഏക്കറിന് 1300 രൂപ, 25 മുതല്‍ 100 ഏക്കര്‍ വരെ ഏക്കറിന് 1000 രൂപ, 25 ഏക്കറില്‍താഴെ ഏക്കറൊന്നിന് 750 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊഴികെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമിയുടെ പാട്ടവാടക വര്‍ധിപ്പിക്കും. കുടിശ്ശിക പിരിവിനെതിരെ സര്‍ക്കാര്‍ നല്‍കിയ എല്ലാ സ്റ്റേ ഉത്തരവുകളും പിന്‍വലിക്കും. കുടിശ്ശിക തീര്‍ക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പാക്കും. പിഴയും പലിശയും ഒഴിവാക്കി മുതല്‍സംഖ്യ ഒറ്റത്തവണയായി ഒടുക്കണം. കോടതി സ്റ്റേ ഉള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
1.33 ലക്ഷം ഏക്കര്‍ റവന്യുഭൂമിയും 20933ഏക്കര്‍ വനഭൂമിയും പാട്ടത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍നിന്നും 20 കോടിരൂപയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്. നെല്‍വയല്‍ നികത്തുന്നതിന് കനത്തഫീസ് ഏര്‍പ്പെടുത്തി. ഇതിനായി നിയമനിര്‍മാണം നടത്തും. അനിവാര്യമായ സാഹചര്യങ്ങളില്‍ വയല്‍ നികത്തുമ്പോള്‍ ചെറുകിടക്കാര്‍ക്കൊഴികെ ബാക്കിയുള്ളവരില്‍നിന്നാണ് ഫീസ് ഈടാക്കുക. നെല്‍വയല്‍ നികത്തല്‍ നിയമം വരുന്നതിനുമുമ്പ് വലിയതോതില്‍ ഭൂമി പരിവര്‍ത്തനം ചെയ്തത് നിയമവിധേയമാക്കുന്നതിനും നിശ്ചിതനിരക്കില്‍ ഫീസ് ഈടാക്കും. ഇതിന് മുമ്പുള്ള നികത്തലുകള്‍ നിയമവിധേയമാക്കാനും താരതമ്യേന കുറഞ്ഞനിരക്കില്‍ ഫീസ് നല്‍കണം.
ഭൂമിവിലയുടെ നിശ്ചിതശതമാനമായിട്ടായിരിക്കും ഫീസ് തിട്ടപ്പെടുത്തുക. 25 കോടിരൂപയാണ് ഇതില്‍നിന്നുള്ള അധികവരുമാനം.
