
മാന്ദ്യം നേരിടാന്‍ 10,000 കോടി
Posted on: 21 Feb 2009

ഇടുക്കി പാക്കേജില്‍ 401 കോടി രൂപയുടെ പദ്ധതികള്‍
റിസോര്‍ട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും നികുതി ഇളവ്
കുട്ടനാടിന് പ്രത്യേക പരിഗണന
റിസോര്‍ട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും നികുതി ഇളവ്
കുട്ടനാടിന് പ്രത്യേക പരിഗണന
തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ദോഷകരമായി ബാധിക്കുമെന്നത് മുന്നില്‍ക്കണ്ട് 10,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചു. ധാന്യ, നാണ്യവിളകളുടെ രക്ഷയ്ക്കായി ഇടുക്കി, കുട്ടനാട് പാക്കേജുകളും ബജറ്റില്‍ ഇടംപിടിച്ചു.
മാന്ദ്യവിരുദ്ധ പാക്കേജില്‍ 2009-10-ല്‍ പദ്ധതിയിലും പദ്ധതിക്ക് പുറത്തുമായി ഭരണാനുമതി നല്‍കുന്ന 5000 കോടിരൂപയുടെ കുടിവെള്ള, ജലസേചന, മരാമത്ത് പണികളാണ് പ്രധാനം. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു 5000 കോടിയാണ് മാന്ദ്യവിരുദ്ധ പാക്കേജിന്റെ മറ്റൊരു ഭാഗം.
ഇ.എം.എസ്. പാര്‍പ്പിട പദ്ധതി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായം, ടൂറിസം, ഐ.ടി. പ്രോത്സാഹന ഏജന്‍സികള്‍, കെ.എഫ്.സി., റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍, ഭവനനിര്‍മാണ ബോര്‍ഡ് പോലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മുതല്‍മുടക്കാണ് രണ്ടാം ഭാഗത്തുവരുന്ന 5000 കോടിയുടെ ചേരുവകള്‍.
രണ്ടുവര്‍ഷംകൊണ്ടാണ് മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കുക. ഇതിനായി മുടക്കുന്ന പണം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ അഞ്ച് ശതമാനം വരും. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ 20,000 കോടിരൂപയുടെ ഉത്തേജക പാക്കേജാകട്ടെ ദേശീയ വരുമാനത്തിന്റെ 0.5 ശതമാനമേ വരൂ.
ഇടുക്കി പാക്കേജില്‍ 401 കോടിരൂപയുടെ പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാനവിഹിതമായി 10 കോടിരൂപ വകയിരുത്തി. ഇടുക്കി പാക്കേജിന്റെ ഭാഗമായുള്ള 250 കോടിരൂപയുടെ ഏലം വിലസ്ഥിരതാഫണ്ട് ആവിഷ്‌ക്കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കണക്കിലെടുക്കണം. കുട്ടനാട് പാക്കേജില്‍ ചില പ്രധാന പദ്ധതികള്‍ക്ക് സ്വമേധയാ സര്‍ക്കാര്‍ പണം വകയിരുത്തുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു. സി.ഡി.ബ്ലോക്ക്, റാണി-ചിത്തിര കായല്‍ പാടശേഖരങ്ങളുടെ സ്ഥിരം പുറം ബണ്ട് നിര്‍മാണത്തിന് 10 കോടി, എ.സി. കനാലിന്റെ പുനരുദ്ധാരണത്തിന് 15 കോടി, വൈക്കത്തെ കരിയാര്‍മുട്ട് സ്ഥിരം ബണ്ടാക്കുന്നതിന് അഞ്ച് കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 142 കോടിരൂപ വേണ്ടിവരും. തണ്ണീര്‍മുക്കം ബണ്ട് അടച്ചിടുന്ന സമയം പരമാവധി കുറയ്ക്കാന്‍ ഉതകുന്ന രീതിയില്‍ കാര്‍ഷിക കലണ്ടറിന് രൂപംനല്‍കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും. ചെന്നൈ ഐ.ഐ.ടി.യുടെ റിപ്പേര്‍ട്ട് കിട്ടിയാലുടന്‍ തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണമായും ഷട്ടറുകളുടെ അടിസ്ഥാനത്തില്‍ പുനരുദ്ധരിക്കും.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ ഇടിവ് പ്രതീക്ഷിച്ച് റിസോര്‍ട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും 50 ശതമാനം നികുതി ഒരുവര്‍ഷത്തേയ്ക്ക് നിര്‍ത്തിവെയ്ക്കും. രണ്ടുവര്‍ഷത്തിനുശേഷമുണ്ടാകുന്ന സാധ്യത മുന്‍കൂട്ടികണ്ടാണ് ടൂറിസം രംഗത്ത് പാക്കേജ് പ്രഖ്യാപിച്ചത്. ടൂറിസത്തിന് വകയിരുത്തിയത് 61 കോടി രൂപയാണ്. നടന്നുകൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികള്‍ക്കായി 13 കോടിരൂപയാണ് നല്‍കിയത്. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് 20 കോടിരൂപ നല്‍കി. പൂങ്കാവ് പള്ളിയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് തീരദേശ പാരമ്പര്യങ്ങളെക്കുറിച്ചുള്ള മ്യൂസിയത്തിനും കണിച്ചുകുളങ്ങര അമ്പലത്തിലെ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട ശുചീകരണത്തിനും 25 ലക്ഷം വീതം നല്‍കും.
ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനവും കണ്ടെത്തുന്ന പ്രാദേശിക ടൂറിസം വികസന സാധ്യതയെ അടിസ്ഥാനപ്പെടുത്തി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും.
പ്രസവാവധി ആറുമാസം
തിരുവനന്തപുരം: വനിതാ ജീവനക്കാരുടെ പ്രസവകാല അവധി 145-ല്‍നിന്ന് 180 ദിവസമാക്കി കൂട്ടി. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവര്‍ക്ക് 45 ദിവസം അവധി അനുവദിച്ചു.
