ബജറ്റ് നിരാശാജനകം-വി.എസ്‌

Posted on: 17 Feb 2009


തിരുവനന്തപുരം: റെയില്‍വേ ബജറ്റ് പോലെ നിരാശാജനകമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ബജറ്റില്‍ നിര്‍ദ്ദേശമില്ല. മാന്ദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. ഗള്‍ഫില്‍നിന്നും തൊഴില്‍രഹിതരായി തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പാക്കേജ് നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബജറ്റ് മൗനം പാലിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാന്ദ്യംമൂലം കയറ്റുമതി മേഖലയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. കാര്‍ഷിക, വ്യാവസായിക പ്രതിസന്ധി പരിഹരിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ലാത്തതു പ്രതിഷേധാര്‍ഹമാണ്. ഗോതമ്പിന്റെ താങ്ങുവില ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്താന്‍ തയ്യാറായിട്ടില്ല. കേന്ദ്രം നെല്ലിന് ഒമ്പത് രൂപ താങ്ങുവില നല്‍കുമ്പോള്‍ കേരളം 11 രൂപയാണ് നല്‍കുന്നത്.

പാമോയിലിന് സബ്‌സിഡി നല്‍കുന്ന കേന്ദ്രം വെളിച്ചെണ്ണയ്ക്ക് സബ്‌സിഡി നല്‍കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു പകരം സംസ്ഥാനങ്ങള്‍ക്ക് ഉപാധിരഹിത ഫണ്ട് നല്‍കണമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.






MathrubhumiMatrimonial