barack obama

ഇന്ത്യക്കും ആഹ്ലാദം, പ്രതീക്ഷ

Posted on: 08 Nov 2012

പി.എസ്. നിര്‍മല





ബരാക് ഒബാമയുടെ രണ്ടാമത്തെ വിജയവും ഇന്ത്യയെ ആഹ്ലാദിപ്പിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനായ പ്രസിഡന്‍റ്, മാനവരാശിയെ വര്‍ണത്തിന്റെയും വംശത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ വേര്‍തിരിച്ചു കാണുന്നതിന് എതിരായ ഒരു വാക്കാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമത്വപൂര്‍ണമായ കാഴ്ചപ്പാടിന്റെ പ്രതീകമാണ്. ഈ നിലയില്‍ ഒബാമയുടെ വിജയത്തെ ആദ്യതവണയെന്നപോലെത്തന്നെ സഹര്‍ഷം ഇന്ത്യ സ്വാഗതം ചെയ്യുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, ബരാക് ഒബാമ ഇനിയും ഇന്ത്യയെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് പറയേണ്ടിവരും. ഒബാമയുടെ ഇന്ത്യയെക്കുറിച്ചുള്ള അറിവ് അധികവും പുസ്തകങ്ങളില്‍ നിന്നുള്ളവയാണ്. ഇന്ത്യയെ ആത്മാവുകൊണ്ടറിയാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. എന്തുകൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര ആണവനിര്‍വ്യാപനക്കരാറുകളില്‍ ഒപ്പുവെക്കാത്തത്? എന്തുകൊണ്ടാണ് കശ്മീര്‍ പ്രശ്‌നത്തില്‍ കൈകടത്താന്‍, അമേരിക്കയാണെങ്കിലും, നാം അനുവദിക്കാത്തത് - ഒബാമയ്ക്കിന്നും നിശ്ചയം വന്നിട്ടില്ലാത്ത കാര്യങ്ങളാണിവ.

പക്ഷേ, ഇന്ത്യയെ അവഗണിക്കാനാവില്ലെന്നും 30 കോടിയുടെ അമേരിക്കന്‍ ജനാധിപത്യത്തിനുമുന്നില്‍ 120 കോടിയുടെ ജനാധിപത്യമായി ഇന്ത്യ നില്‍ക്കുകയാണെന്നും ഒബാമയ്ക്കറിയാം. ഏഷ്യയിലെ ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തിയാണ് പുതിയ ഇന്ത്യ എന്നുമറിയാം. 2008-ല്‍ , അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റപ്പോള്‍, ഒബാമ പറഞ്ഞു, 'അമേരിക്കയെക്കാള്‍ നല്ല സുഹൃത്തോ പങ്കാളിയോ ഇന്ത്യക്കില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അറിയണം.' നമ്മുടെ വിനയം കൊണ്ടും, ഭരണത്തിന്റെ ഉന്നതശൃംഗങ്ങളില്‍ വിരാജിക്കുന്ന ചിലരുടെയെങ്കിലും അമേരിക്കന്‍ ഭക്തി കാരണവും നാം ഇത് തലകുമ്പിട്ട് സ്വീകരിച്ചു. ഇന്ത്യ ഒരു ഏകധ്രുവലോകത്തിന്റെ ആരാധകനല്ലെന്ന് ആരും പറഞ്ഞില്ല.

കൃത്യം രണ്ട് കൊല്ലം മുമ്പ്, അതായത് 2010 നവംബര്‍ എട്ടിന്, ഒബാമ നമ്മുടെ സംയുക്തപാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുമ്പോള്‍, എല്ലാവരും ഉറ്റു നോക്കിയത്, യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഒബാമ പിന്തുണ നല്‍കുമോ എന്നതാണ്. എന്നാല്‍ തന്റെ വാഗ്മിത്വംകൊണ്ട്, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു വാചകത്തിലൂടെയാണ് ഒബാമ ഇതിന് മറുപടി നല്‍കിയത്.

തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യയിലെ യാഥാസ്ഥിതികരായ പലരും കരുതുന്നതുപോലെതന്നെ, അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാരാണ് ഇന്ത്യയെ കൂടുതല്‍ അറിഞ്ഞിട്ടുള്ളത്. വാസ്തവത്തില്‍ ജോര്‍ജ് ബുഷ് രണ്ടാമന്റെ കാലത്തേക്കാള്‍ ഇന്ത്യ-അമേരിക്ക ബന്ധം പുഷ്പിച്ച മറ്റൊരു കാലമുണ്ടായിരുന്നോ? ബുഷിനെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നാം പരിഹസിച്ചു.

നെഹ്രുവിന്റെയും ഇന്ദിരയുടെയും സോഷ്യലിസ്റ്റ് ആഭിമുഖ്യമാണ് സ്വതന്ത്ര ഇന്ത്യയെ ആദ്യംമുതലേ അമേരിക്കയോട് തണുത്ത മട്ട് പുലര്‍ത്താന്‍ പ്രേരിപ്പിച്ചത്. കെന്നഡിയുടെ കാലത്ത് ഇന്ത്യ-അമേരിക്ക ബന്ധങ്ങളില്‍ ഊഷ്മളതയുണ്ടായിരുന്നു എന്നത് വാസ്തവംതന്നെ. അതിനുശേഷം 70-കളില്‍ ഈ ബന്ധത്തിനിടെ മഞ്ഞുമല പെരുകി. കിഴക്കന്‍ പാകിസ്താനിലെ യുദ്ധം അമേരിക്കയെ ഇന്ത്യയില്‍ നിന്ന് തികച്ചും അകറ്റി. ജിമ്മി കാര്‍ട്ടറുടെ കാലത്ത് മഞ്ഞ് ലേശം ഉരുകിയെങ്കിലും '79ല്‍, അഫ്ഗാനിസ്താനിലെ അമേരിക്കന്‍ നയം പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇന്ത്യയുടെ വിദേശനയത്തിനുപിന്നില്‍, ഭരണത്തിലില്ലെങ്കിലും രാജ്യത്ത് ഒട്ടൊക്കെ ശക്തമായിരുന്ന ഒരു ഇടതുചിന്ത അക്കാലങ്ങളില്‍ ഉണ്ടായിരുന്നു എന്ന് കരുതാം.

ഇതിനുശേഷമാണ് എ.ബി. വാജ്‌പേയിയുടെ കാലത്ത്, പൊഖ്‌റാനിലെ ആണവപരീക്ഷണം കൊണ്ട് ഇന്ത്യവീണ്ടും അമേരിക്കയുടെ കണ്ണിലെ കരടായത്. താത്കാലികമായെങ്കിലും ഇന്ത്യക്കെതിരെ അന്ന് സാമ്പത്തികോപരോധങ്ങള്‍ പ്രഖ്യാപിച്ചത് ബില്‍ ക്ലിന്‍റന്‍ ഭരണകൂടമാണ്. 2001-ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനുശേഷം, ഭീകരവാദത്തിനും അക്രമത്തിനുമെതിരെ ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ സൗഹൃദത്തിന്റെ വില ജോര്‍ജ് ബുഷ് രണ്ടാമന്‍ മനസ്സിലാക്കിയെന്നുവേണം കരുതാന്‍. ഇന്ത്യ-യു.എസ്. ആണവക്കരാറിനുവേണ്ടി ബുഷിന്റെ അമേരിക്ക നടത്തിയ വിട്ടുവീഴ്ചകള്‍ അമേരിക്കന്‍ ആണവക്കമ്പനികളുടെ ക്ഷേമം മാത്രം ലാക്കാക്കിയായിരുന്നു എന്നുപറയുന്നത് അത്ര ശരിയായിരിക്കുകയില്ല. വളരുന്ന ചൈനയ്ക്കും ഭീകരവാദത്തിന് താവളം നല്‍കുന്ന പാകിസ്താനും ഇടയില്‍ വിശ്വാസ്യമായ, ബുദ്ധിസ്ഥിരതയുടെ ഒരു തുരുത്തായി ബുഷ് ഇന്ത്യയെ കണ്ടതില്‍ അത്ഭുതമില്ല. ഇന്ത്യയെ ആണവശൈത്യത്തില്‍ നിന്ന് മോചിപ്പിക്കാമെന്ന് ബുഷ് നേര്‍ച്ചയൊന്നും നേര്‍ന്നിരുന്നില്ലല്ലോ. ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പ് വെക്കുകയില്ലെന്ന ഇന്ത്യയുടെ ശാഠ്യത്തെ മാനിക്കാന്‍വേണ്ടി സ്വന്തം രാജ്യത്തെ നിയമങ്ങള്‍ മാറ്റിയെഴുതാനും ബുഷ് തയ്യാറായി.

ഈ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ആണവക്കരാറിന് ഒബാമയുടെ കാലത്ത് എന്തു പറ്റി? സത്യം പറഞ്ഞാല്‍ ഇന്ത്യയോട് ഈ വിട്ടുവീഴ്ച ചെയ്തതിന്റെ കാരണം ഒബാമയ്ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഒബാമയുടെ കാലത്ത് ഇന്തോ-യു.എസ്. ആണവസഹകരണം ഒരിഞ്ചു പോലും മുന്നോട്ടുപോയില്ല. പോകാതിരിക്കാന്‍ ഇന്ത്യ പാസ്സാക്കിയ ആണവബാധ്യതാനിയമവും ഒരുപങ്ക് വഹിച്ചു എന്നതു ശരിതന്നെ. എന്നാല്‍ സി.ടി.ബി.ടി.പോലെയുള്ള അന്താരാഷ്ട്രനിര്‍വ്യാപനക്കരാറുകളില്‍ ഒപ്പുവെക്കണമെന്ന സമ്മര്‍ദം ഒബാമയുടെ കാലത്ത് ഇന്ത്യയുടെ മേലുണ്ടായി എന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ സംഭവിക്കരുതായിരുന്ന മറ്റൊന്നായിരുന്നു കശ്മീരിനെ സംബന്ധിച്ച ഒബാമാ ഭരണകൂടത്തിന്റെ പരാമര്‍ശം. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സ്ഥിരതയില്ലായ്മയുടെ ഒരുകാരണം കശ്മീര്‍ തര്‍ക്കമാണെന്ന ഒരു പരാമര്‍ശം ഒബാമാ ഭരണകൂടത്തില്‍ നിന്നുണ്ടായി. നയതന്ത്രേതരമായ ഈ പ്രസ്താവന പിന്നീട് നയതന്ത്രപരമായ ഒട്ടേറെ നീക്കങ്ങള്‍കൊണ്ട് തേച്ചു മാച്ചു കളഞ്ഞെങ്കിലും ഒബാമ ഇനിയും ഇന്ത്യയെ അറിയാനുണ്ട് എന്നതിന് ഇത് അടിവരയിടുന്നു.

കഴിഞ്ഞതവണ സ്ഥാനമേറ്റ ഒബാമ ആദ്യമായി ആതിഥ്യമരുളിയ ഭരണാധികാരി മന്‍മോഹന്‍ സിങ് ആയിരുന്നു. 2009 നവംബറിലായിരുന്നു അത്. എന്നാല്‍, കാര്യമായ ഒരു പ്രഖ്യാപനവും ആ കൂടിക്കാഴ്ചയിലുണ്ടായില്ല. അഫ്ഗാനിസ്താന്റെ ഭാവി സംബന്ധിച്ചും അമേരിക്കയുടെയും ഇന്ത്യയുടെയും കാഴ്ചപ്പാടുകള്‍ തമ്മിലും യോജിപ്പുണ്ടായിരുന്നില്ല. അമേരിക്ക വിളിച്ച ഒരു യോഗത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്ക്കുകയും ചെയ്തു.

2010 ജൂണിലാണ്, അന്നത്തെ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ യു.എസ്. സന്ദര്‍ശനവേളയില്‍ ഇന്ത്യ-യു.എസ്. പങ്കാളിത്തത്തെ 'നൂറ്റാണ്ടിന്റെ പങ്കാളിത്തം' എന്ന് ഒബാമ വിശേഷിപ്പിച്ചത്. വാക്കുകളുടെ ഒരു ആവനാഴിയാണല്ലോ അദ്ദേഹം.

അതെ, നയവാക്ചാതുരിയില്‍ ഇരു രാജ്യങ്ങളും മധുരതരമായ ബന്ധം പുലര്‍ത്തുകതന്നെ ചെയ്തു. ഇതിനിടെ എച്ച്-1 ബി വിസയുടെ കാര്യത്തില്‍ ഒബാമ പരിധി വെച്ചത് ഇന്ത്യയെ ബാധിച്ചു. പുറം ജോലിക്കരാര്‍ സംബന്ധിച്ച ഒബാമയുടെ പരാമര്‍ശങ്ങള്‍ ഇന്ത്യയെ നീരസപ്പെടുത്തി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇക്കാലയളവില്‍ മൂന്നിരട്ടിയായി. അടുത്തുതന്നെ അത് 10,000 കോടി ഡോളറിന്‍േറതാകുമെന്നാണ് കണക്കുകള്‍.

സൗഹൃദത്തിന്റെ മറവില്‍ , ബോയിങ്ങിന്റെ സൈനികട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും എഫ്.414 എഞ്ചിനുകളും മറ്റ് പ്രതിരോധസാമഗ്രികളും ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങി. റഷ്യക്കും ഇസ്രായേലിനും ശേഷം, പ്രതിരോധപര്‍ച്ചേസ് നാം അമേരിക്കയില്‍ നിന്നാണ് ഇപ്പോള്‍ നടത്തുന്നത്. ഒബാമയാകട്ടെ അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍ നിരവധി ഇന്ത്യന്‍ വംശജരെ നിയമിച്ചുകൊണ്ട് അമേരിക്കന്‍ ഇന്ത്യക്കാരില്‍ സന്തുഷ്ടി പരത്തി.

ഒബാമയുടെ രണ്ടാം ഊഴം വ്യത്യസ്തമായിരിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്താനെയും ചൈനയെയും കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഇതിനകം ഒബാമയ്ക്ക് കഴിഞ്ഞിരിക്കും, ഇന്ത്യയെയും. തന്റെ സംരക്ഷണയിലുള്ള ഒരു രാജ്യത്തോടുള്ള 'സ്‌നേഹവാത്സല്യങ്ങള്‍' ഇന്ത്യക്ക് ഇനി ഒരു രാജ്യത്തു നിന്നും ആവശ്യമില്ല. തുല്യത അടിത്തറയാക്കിയ സഹകരണം, അന്താരാഷ്ട്രപ്രശ്‌നങ്ങളില്‍, മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്തം - ഇവയ്ക്ക് ഇന്ത്യ തയ്യാറായിരിക്കും. ഒബാമയില്‍ നിന്ന് അത് ഇന്ത്യ പ്രതീക്ഷിക്കും.









MathrubhumiMatrimonial