
ഒബാമ, ഒബാമ
Posted on: 08 Nov 2012
യു.എസ്. പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴം
* നിര്‍ണായക സംസ്ഥാനങ്ങള്‍ ഒബാമയ്‌ക്കൊപ്പം
* ഫ്ലോറിഡയിലെ ഫലം ഇന്ന്
* ജനപ്രതിനിധിസഭ റിപ്പബ്ലിക്കന്‍ പക്ഷത്തിന് '
* സെനറ്റില്‍ ഡെമോക്രാറ്റുകള്‍
മുമ്പെങ്ങുമില്ലാത്ത തരത്തില്‍ അമേരിക്കയെക്കുറിച്ച് എനിക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ നിലനിര്‍ത്തണം- ബരാക് ഒബാമ

പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് സുവ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു.എസ്സിലെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡന്റ് രണ്ടാമൂഴത്തിന് ജനസമ്മതി സമ്പാദിച്ചിരിക്കുന്നത്. ആകെയുള്ള 538 'ഇലക്ടറല്‍ ' വോട്ടുകളില്‍ 303 എണ്ണം ഒബാമ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ എതിര്‍സ്ഥാനാര്‍ഥി മിറ്റ് റോംനിക്ക് 206 എണ്ണമേ ലഭിച്ചുള്ളൂ. ജയിക്കാന്‍ 270 വോട്ടാണ് വേണ്ടത്.
2008-ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്‌നിനെതിരെ നേടിയ 349 'ഇലക്ടറല്‍' വോട്ടുകളുമായി താരതമ്യമില്ലെങ്കിലും ഒബാമയുടെ ഇത്തവണത്തെ വിജയം അമ്പരപ്പിക്കുന്നതാണ്. പ്രചാരണത്തിന്റെ അവസാനദിനങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ മുഴുവന്‍ പ്രവചിച്ചത് ആര് ജയിക്കുമെന്നുറപ്പില്ലാത്ത ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എന്നതാണ് കാരണം.
എന്നാല്‍, തിരഞ്ഞെടുപ്പിനുമുമ്പായി സമ്പദ്ഘടനയിലുണ്ടായ ഉണര്‍വ് വോട്ടര്‍മാര്‍ക്ക് നല്‍കിയ ശുഭപ്രതീക്ഷയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികളായ ജനവിഭാഗങ്ങള്‍ ആവേശപൂര്‍വം വോട്ടെടുപ്പില്‍ പങ്കാളികളായതുമാണ് ഒബാമയ്ക്ക് അനുകൂലമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, പ്രചാരണനാളുകളില്‍ മിറ്റ് റോംനി തീവ്രനിലപാടുകളില്‍ അയവുവരുത്തിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീവ്ര വലത് അനുഭാവിവിഭാഗങ്ങളുടെ ആവേശം കെടുത്തി.
കറുത്ത വര്‍ഗക്കാര്‍, ലാറ്റിനമേരിക്കന്‍ വംശജര്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയ പരമ്പരാഗത ഡെമോക്രാറ്റിക് അനുഭാവിവിഭാഗങ്ങള്‍ ഒബാമയ്ക്കുതന്നെ വോട്ടുകുത്തി. കുടിയേറ്റം, ഭ്രൂണഹത്യ, സ്വവര്‍ഗവിവാഹം തുടങ്ങിയ സാമൂഹികവിഷയങ്ങളില്‍ റോംനിക്കുള്ള കടുത്ത നിലപാട് ഇതിന് കൂടുതല്‍ പ്രേരണയായതായി വിലയിരുത്തപ്പെടുന്നു. കൂടാതെ, പതിവിന് വിപരീതമായി വെള്ളക്കാരായ തൊഴിലാളികളും മറ്റും ഡെമോക്രാറ്റിക് പക്ഷത്തെ തുണച്ചു. ഒബാമാ ഭരണകൂടം നടപ്പാക്കിയ സാര്‍വത്രിക ആരോഗ്യ ഇന്‍ഷൂറന്‍സ് പോലുള്ള പരിപാടികള്‍ തൊഴിലാളിവര്‍ഗത്തെയും സാധാരണക്കാരെയും ആകര്‍ഷിച്ചതായാണ് വിലയിരുത്തല്‍.
സ്ഥിരമായി ഏതെങ്കിലുമൊരു പാര്‍ട്ടിയെ പിന്തുണച്ച ചരിത്രമില്ലാത്ത ഒമ്പത് സംസ്ഥാനങ്ങളില്‍ മിക്കതിലേയും ജനവിധി അനുകൂലമായതാണ് ഒബാമയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇക്കൂട്ടത്തില്‍പ്പെടുന്ന ഫ്ലോറിഡ സംസ്ഥാനത്തെ ഫലപ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 29 'ഇലക്ടറല്‍' വോട്ടുകളുള്ള ഇവിടുത്തെ ജനവിധിയും ഒബാമയ്ക്ക് അനുകൂലമാവുമെന്നാണ് സൂചന. 'അസ്ഥിര' സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍പ്പെടാത്തതെങ്കിലും 55 'ഇലക്ടറല്‍' വോട്ടുകളുള്ള കാലിഫോര്‍ണിയയിലെ ജനവിധി അനുകൂലമായതും ഒബാമയ്ക്ക് നേട്ടമായി.
രണ്ടാം ലോകയുദ്ധത്തിനുശേഷം യു.എസ്. പ്രസിഡന്റ്സ്ഥാനത്തേക്ക് രണ്ടാം വിജയം നേടുന്ന രണ്ടാമത്തെ ഡെമോക്രാറ്റായിരിക്കുകയാണ് ഒബാമ. ബില്‍ ക്ലിന്റണാണ് ആദ്യത്തെയാള്‍.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടന്ന യു.എസ്. ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടി. സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കാണ് നേട്ടം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സെനറ്റില്‍ ഡെമോക്രാറ്റുകളും ഭൂരിപക്ഷം നിലനിര്‍ത്തിയിരിക്കുകയാണ്.

