
ഒരവസരം കൂടി
Posted on: 08 Nov 2012

വാഷിങ്ടണ്‍: 'ഇനിയുമൊരു നാല് വര്‍ഷം കൂടി' -വിജയവാര്‍ത്തയറിഞ്ഞപ്പോള്‍ ബരാക് ഒബാമയുടെ ആദ്യപ്രതികരണം അതായിരുന്നു. അമേരിക്ക ഒബാമയ്ക്ക് നല്‍കുന്നത് വെറുമൊരു നാല് വര്‍ഷമല്ല, ഒരവസരംകൂടിയാണ്. കറുത്തവരുടെ കൂട്ടത്തില്‍നിന്നൊരാള്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റുപദത്തിലെത്തിയത് ചരിത്രത്തിലെ അക്ഷരത്തെറ്റായിരുന്നില്ല എന്ന് തെളിയിക്കാനുള്ള അവസരം.
എനിക്കൊരു സ്വപ്നമുണ്ടെന്ന് പറഞ്ഞ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ സ്വപ്നങ്ങളില്‍പ്പോലുമില്ലാത്ത കാര്യമായിരുന്നു, അമേരിക്കയ്ക്ക് കറുത്ത വര്‍ഗക്കാരനായ ഒരു പ്രസിഡന്‍റുണ്ടാവുക എന്നത്. കറുത്തവരെ അടിമകളായിക്കണ്ട, നീഗ്രോകളെ വില്ക്കാനുണ്ടെന്ന് പത്രപ്പരസ്യങ്ങള്‍ പതിവായിരുന്ന ഒരു രാജ്യത്തിന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അങ്ങനെ നാല് വര്‍ഷം മുമ്പ് കറുത്തവരുടെ കൂട്ടത്തില്‍ നിന്നൊരു പ്രസിഡന്‍റുണ്ടായി.
ഹവായിയിലെ ഹോണോലുലുവില്‍ 1961 ആഗസ്ത് നാലിനാണ് ബരാക് ഹുസൈന്‍ ഒബാമയുടെ ജനനം, അമ്മ അമേരിക്കക്കാരിയായ ആന്‍ഡന്‍ഹം. അച്ഛന്‍ കെനിയക്കാരനായ ബരാക് ഒബാമ സീനിയര്‍. കെനിയയിലെ കെന്‍ഡുവില്‍ താവളമുറപ്പിച്ച ലുവോ ഗോത്രക്കാരനായിരുന്നു ബരാക് ഒബാമയുടെ മുത്തച്ഛന്‍ ഹുസൈന്‍ ഒന്യാങ്കോ. കാലിമേയ്ക്കലും കൃഷിയും തൊഴിലാക്കി ആട്ടിന്‍തോലുകൊണ്ട് അത്യാവശ്യം നഗ്‌നത മറച്ചിരുന്ന ഗോത്രത്തില്‍ ആദ്യമായി ട്രൗസറും ഷര്‍ട്ടും ധരിച്ചയാള്‍ തന്റെ മുത്തച്ഛനായിരുന്നെന്ന് 'അച്ഛന്‍ പകര്‍ന്ന സ്വപ്നങ്ങള്‍' എന്ന പുസ്തകത്തില്‍ ബരാക് ഒബാമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
വെള്ളക്കാരുടെയടുത്തുനിന്നാണ് മുത്തച്ഛന്‍ ഒന്യാങ്കോ എഴുതാനും വായിക്കാനും പഠിച്ചത്. അവര്‍ അയാള്‍ക്ക് പല ജോലികള്‍ നല്‍കി. പാചകവും വീട് നോക്കലുമുള്‍പ്പെടെ. ശമ്പളം സ്വരൂപിച്ച് ഒന്യാങ്കോ കെന്‍ഡുവില്‍ നിലം വാങ്ങി. അകുമു എന്ന രണ്ടാംഭാര്യയിലാണ് ഒബാമയുടെ അച്ഛന്‍ ബരാക് പിറന്നത്. ബരാക്കിനു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞു. ആഫ്രിക്കക്കാര്‍ക്ക് വിരളമായി മാത്രം അഡ്മിഷന്‍ കിട്ടുന്ന മികച്ച ഒരു സ്‌കൂളില്‍ പ്രവേശനം നേടിയിട്ടും പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും അയല്‍പക്കത്തെ കൃഷിയിടങ്ങളില്‍നിന്ന് കോഴിയും ചേനയും മോഷ്ടിച്ചതിനും അയാള്‍ പുറത്താക്കപ്പെട്ടു.
ഉള്ള ജോലിയും നഷ്ടപ്പെട്ട സമയത്ത് കെസിയ എന്ന പെണ്‍കുട്ടിയെ അയാള്‍ വിവാഹം ചെയ്തു. രണ്ട് കുട്ടികളുമുണ്ടായി. യാദൃച്ഛികമായി നെയ്‌റോബിയില്‍ പഠിപ്പിക്കാനെത്തിയ രണ്ട് അമേരിക്കക്കാരികളെ അയാള്‍ പരിചയപ്പെട്ടു. സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്ലായിരുന്നെങ്കിലും ബരാക് സമര്‍ഥനാണെന്നുകണ്ട അവര്‍ മുഖേനയാണ് ഹവായ് യൂണിവേഴ്‌സിറ്റിയില്‍ അയാള്‍ പ്രവേശനം നേടിയത്. വെള്ളക്കാരിയായ ആനിനെ ബരാക് വിവാഹം കഴിക്കുന്നത് അങ്ങനെയാണ്. ബരാക്കിന്റെയും ആനിന്റെയും മകനാണ് പ്രസിഡന്‍റ് ഒബാമ.
ഒബാമ ജനിച്ച് രണ്ട് വര്‍ഷത്തിനുശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. സാമ്പത്തികശാസ്ത്രജ്ഞനായ അച്ഛന്‍ 1982 ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യക്കാരനായ ലൊലൊ സോടെറോയുമായി അമ്മയുടെ രണ്ടാംവിവാഹം. അമ്മയ്‌ക്കൊപ്പം ഇന്‍ഡൊനീഷ്യയിലായിരുന്ന ഒബാമ 10-ാം വയസ്സില്‍ ഹവായിലേക്ക് മടങ്ങി. 1983 ല്‍ കൊളംബിയ സര്‍വകലാശാലയില്‍നിന്ന് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1985 ല്‍ ഷിക്കാഗോയില്‍ പാവപ്പെട്ടവരുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ജോലിയില്‍ പ്രവേശിച്ചു. മൂന്ന്‌വര്‍ഷത്തിനുശേഷം ഹാര്‍വാഡ് ലോ സ്‌കൂളില്‍ നിയമവിദ്യാര്‍ഥിയായി. സിഡ്‌ലി ഓസ്റ്റിന്‍ നിയമകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കേയാണ് മിഷേല്‍ റോബിന്‍സനെ പരിചയപ്പെട്ടത്. 1992 ഒക്ടോബര്‍ മൂന്നിന് അവര്‍ വിവാഹിതരായി. 1993 ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനും 1996 ല്‍ ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്ററും 2004-ല്‍ അമേരിക്കന്‍ സെനറ്റംഗവുമായി. ചരിത്രം സൃഷ്ടിച്ചുകൊണ്ട് 2008-ല്‍ അമേരിക്കയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
ലോകത്തിന് മുഴുവന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് അമേരിക്കയുടെ സാരഥ്യമേറ്റെടുത്ത ഒബാമ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനം വൈകാതെ ഉയര്‍ന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് രണ്ടാമതൊരു അവസരംകൂടി ലഭിക്കാനെളുപ്പമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ആ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ഒബാമ വീണ്ടും പ്രസിഡന്‍റ് പദത്തിലെത്തുന്നത്.
