പശ്ചിമേഷ്യന്‍ ദൂതനെ നിയമിക്കും; ഗ്വാണ്ടനാമോ തടവറ പൂട്ടും

Posted on: 20 Jan 2009


ഒബാമയെ കാത്ത് സുപ്രധാന ദൗത്യങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയുടെ നയങ്ങളില്‍ ദിശമാറ്റം സൂചിപ്പിക്കുന്നവയടക്കമുള്ള ചില സുപ്രധാന നീക്കങ്ങള്‍ പ്രസിഡന്റ് ബരാക് ഒബാമ വരുംദിനങ്ങളില്‍ കൈക്കൊള്ളുമെന്ന് സൂചന. സാമ്പത്തികപ്രതിസന്ധി, ഇറാഖ്, പശ്ചിമേഷ്യാ ഭീകരവിരുദ്ധയുദ്ധം എന്നിവയുമായി ബന്ധപ്പെട്ട നീക്കങ്ങളാവും ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെയുണ്ടാവുക എന്നറിയുന്നു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ലോകത്തെ ഏറ്റവും ചൂടുള്ള സംസാരവിഷയമായിത്തീര്‍ന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ പ്രത്യേക ദൂതനെ ഒബാമ പ്രഖ്യാപിച്ചേക്കും. ഡെമോക്രാറ്റ് നേതാവായ മുന്‍ സെനറ്റംഗം ജോര്‍ജ് ജെ. മിച്ചലാവും ദൂതനെന്നാണ് പ്രാഥമികസൂചന.

പ്രസിഡന്റായി സ്ഥാനമേറ്റശേഷമുള്ള ആദ്യത്തെ പ്രവൃത്തിദിനമായ ബുധനാഴ്ച സാമ്പത്തിക ഉപദേഷ്ടാക്കളുടെയും സൈനികമേധാവികളുടെയും വെവ്വേറെ യോഗങ്ങള്‍ ഒബാമ വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റാനായി ഒബാമ സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തിട്ടുള്ള 82,500 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് യാഥാര്‍ഥ്യമാക്കുന്നതുസംബന്ധിച്ചാവും ആദ്യയോഗം ചര്‍ച്ചചെയ്യുക. ഇറാഖില്‍നിന്നുള്ള സൈനികപിന്മാറ്റത്തെക്കുറിച്ചാണ് രണ്ടാമത്തെ യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.

ഭീകരവിരുദ്ധയുദ്ധവുമായി ബന്ധപ്പെട്ട ചില പ്രധാന ഉത്തരവുകള്‍ ഒബാമ ഒരാഴ്ചയ്ക്കകം പുറപ്പെടുവിച്ചേക്കുമെന്നും സൂചനയുണ്ട്. ഭീകരരെന്ന് ആരോപിച്ച് പിടികൂടുന്ന വിദേശപൗരന്മാരെ പാര്‍പ്പിക്കുന്ന, ക്യൂബയിലെ ഗ്വാണ്ടനാമോയിലുള്ള അമേരിക്കന്‍ തടവറ അടച്ചുപൂട്ടാനുള്ള ഉത്തരവാവും ഇതിലൊന്ന്. ഭീകരരെന്നു സംശയിച്ച് പിടികൂടുന്നവരെ പീഡിപ്പിക്കുന്നത് തടയുന്ന ഉത്തരവായിരിക്കും മറ്റൊന്നെന്നും ഒബാമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.


സത്യപ്രതിജ്ഞ ചിത്രങ്ങളിലൂടെ




MathrubhumiMatrimonial