
വാഷിങ്ടണ്‍: സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് ഒരിന്ത്യക്കാരിയെക്കൂടി ബരാക് ഒബാമ തന്റെ സര്‍ക്കാറില്‍ സുപ്രധാന സ്ഥാനത്ത് നിയമിച്ചു. അമേരിക്കയിലെ മുതിര്‍ന്ന അഭിഭാഷകയായ പ്രീത ബന്‍സാലിനെ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിലെ ജനറല്‍ കോണ്‍സലും മുതിര്‍ന്ന ഉപദേഷ്ടാവുമായാണ് ഒബാമ നിയമിച്ചത്. ഒബാമയുടെ അടുത്ത വൃത്തങ്ങളില്‍പ്പെട്ട പ്രീത ബന്‍സാല്‍, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള യു.എസ്. കമ്മീഷന്റെ കമ്മീഷണറായി 2004-05 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനുമുമ്പ് മൂന്നുകൊല്ലം ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ സോളിസിറ്റര്‍ ജനറലുമായിരുന്നു.
ഇന്ത്യന്‍വംശജയായ സൊണാല്‍ ഷായെ വൈറ്റ്ഹൗസില്‍ ഉപദേഷ്ടാവായി ഒബാമ നിയമിച്ചിരുന്നു. സി.എന്‍.എന്‍. ചാനലിന്റെ ആരോഗ്യകാര്യറിപ്പോര്‍ട്ടറായ ഡോ. സഞ്ജയ് ഗുപ്തയ്ക്ക് സര്‍ജന്‍ ജനറല്‍സ്ഥാനം ഒബാമ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇദ്ദേഹം തീരുമാനമറിയിച്ചിട്ടില്ല.
പത്മശ്രീ വാര്യര്‍ എന്ന ആന്ധ്രക്കാരിയും വിനോദ് കുന്ദ്രയും ഒബാമാ ഭരണകൂടത്തിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.