TravelBlogue

സൂര്യഹൃദയം തേടി

Posted on: 16 Jan 2009

അശോകന്‍ പള്ളിയ്ക്കത്തോട്‌



യാത്രകള്‍ എല്ലാം ഓരോ പുനര്‍ജന്മമാണെന്ന് പറയാറുള്ളത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ അനുഭവങ്ങള്‍, പുതിയ പാതകള്‍, പുതിയ സംസ്‌കൃതികള്‍ ഇത്തരം അനുഭവങ്ങളിലൂടെ നാം മനസ്സില്‍ പുനര്‍ജനിക്കുകയാണ്.

ചില യാത്രകള്‍ എനിക്കും പുനര്‍ജനിയായി. ഭാരതത്തിന്റെ ഹൃദയത്തിലൂടെ, പ്രധാനമായും വടക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര. ഏകദേശം 7500 കിലോമീറ്റര്‍ ദൂരം തീവണ്ടിയിലും ബസ്സിലും റിക്ഷാകളിലും സൈക്കിളുകളിലും സഞ്ചരിച്ച് നാടിന്റെ ഹൃദയം കാണാന്‍ ശ്രമിക്കുകയായിരുന്നു.

കാശിയില്‍ തുളസിമാനസഘട്ടിന്റെ പടികള്‍ക്കു താഴെയായി സൗമ്യമായി ഒഴുകുന്ന ഗംഗാനദി, അകലെയല്ലാതെ ഹരിശ്ചന്ദ്രഘട്ടില്‍ പുകയുയരുന്നു. ഒരു പ്രഭാതത്തില്‍ ഘട്ടിന്റെ പടവുകളില്‍ പിടിച്ച് ഗംഗയില്‍ മുങ്ങി ഉയര്‍ന്നു കഴിഞ്ഞപ്പോഴേക്കും ഞാന്‍ പുനര്‍ജനിച്ചു കഴിഞ്ഞിരുന്നു. യാത്രയുടെ തുടക്കം ഇവിടെ നിന്നാകാം.

എന്തിനെക്കുറിച്ച് എഴുതണം എന്നായി അടുത്ത ചിന്ത, ഒരു സ്വപ്‌നം പോലെ അനുഭവമായ ഗംഗാ ആരതിയെക്കുറിച്ചോ, മദന്‍പുരിയിലെ ഇരുണ്ട ഗള്ളികളിലെ കുഴിത്തറകളില്‍ ജീവിതം ബനാറസ്സ് പട്ടിനായി ചവുട്ടി തീര്‍ക്കുന്ന നെയ്ത്തുകാരെക്കുറിച്ചോ, വിഷവാതക ദുരന്തത്തിന്റെ അവശിഷ്ടമായ ഭോപ്പാലിലെ ചേരികളെക്കുറിച്ചോ, ബനാറസ് സര്‍വ്വകലാശാലയിലെ കൂട്ടുകാരെക്കുറിച്ചോ, സാരാനാഥിനെക്കുറിച്ചോ... അങ്ങനെ പല സ്ഥലങ്ങളും മനസ്സില്‍ കയറി വന്നു. അവസാനം ചിന്തകള്‍ ചെന്നു നിന്നത് കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലാണ്.

പുരിയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള മിഠായി തെരുവുകളില്‍ക്കൂടി അലഞ്ഞു നടക്കുമ്പോള്‍ തന്നെ സൂര്യന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ സമീപത്തുള്ള വളരെ പഴക്കം ചെന്ന ഒരു സൗധത്തിന്റെ മട്ടുപ്പാവില്‍ വലിഞ്ഞുകയറി ക്ഷേത്രത്തിന്റെ ഏതാനും ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നപ്പോളാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം മനസ്സില്‍ വന്നത്. പുരിയില്‍ നിന്നും 36 കിലോമീറ്റര്‍ അകലമുണ്ട് കൊണാര്‍ക്കിലേക്ക്.

പഞ്ചസാരമണലിന് നടുവില്‍ക്കൂടി കൊണാര്‍ക്കിലേക്കൊഴുകുന്ന പ്രധാനപാത. ഇരുവശത്തും കാറ്റാടിമരങ്ങള്‍ കട്ടക്കെട്ടി നില്‍ക്കുന്നു. പലസ്ഥലത്തും മാന്‍കൂട്ടങ്ങള്‍ റോഡുമുറിച്ച് കടക്കുന്നുണ്ടായിരുന്നു. ഉച്ചയക്ക് 12 മണിയോടെ സൂര്യക്ഷേത്രത്തിന് സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി, ചെറിയ വഴിയുടെ ഇരുവശവും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ കടകള്‍, ചിലകടക്കാര്‍ വിദേശയാത്രികരെ ബലമായി കൈയ്യില്‍ പിടിച്ച് കയറ്റുന്നത് കണ്ടു. ഇളനീര്‍ കച്ചവടക്കാരും ധാരാളം. ക്യാമറയുടെയും ലെന്‍സുകളുടെയും അമിതഭാരം എന്നെ ക്ഷീണിതനാക്കിയിരുന്നു. ദീര്‍ഘയാത്രയില്‍ ആഹാരം വളരെ ശ്രദ്ധിച്ചായതിനാല്‍ പലപ്പോഴും വയര്‍ കാലിയായിരുന്നു. ഒരു ഇളനീരിന്റെ എനര്‍ജിയില്‍ മുന്നോട്ട് നടന്നു. ധാരാളം വിദേശികള്‍ പാതയില്‍കൂടി ഒഴുകുന്നുണ്ടായിരുന്നു.

കൊണാര്‍ക്കില്‍ സമുദ്രത്തിന് വളരെയടുത്താണ്, നിര്‍മ്മാണ ചാതുരിയുടെ ഉത്തമ മാതൃകയായ സൂര്യക്ഷേത്രം നില്‍ക്കുന്നത്. ഉപ്പ് കലര്‍ന്ന കടല്‍ക്കാറ്റ് ശില്‍പ്പങ്ങളില്‍ പലതിനും നാശം വിതച്ച് തുടങ്ങിയിരിക്കുന്നു. ആര്‍ക്കിയോളജി വകുപ്പ് ധാരാളം മരങ്ങള്‍ ചുറ്റും പിടിപ്പിച്ച് കാറ്റിന്റെ വീര്യം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. താഴെ വീഴാറായ പ്രധാന ഗോപുരം ഇരുമ്പ് പൈപ്പുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.

24 ചക്രങ്ങളില്‍ ഏഴു കുതിരകള്‍ വലിക്കുന്ന രീതിയില്‍ ഉയര്‍ന്ന പീഠത്തിലാണ് സൂര്യക്ഷേത്രത്തന്റെ നിര്‍മ്മാണം. പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹരാജാവാണ് ഇത് നിര്‍മ്മിച്ചത്. പന്ത്രണ്ട് വര്‍ഷം 1200 ശില്‍പ്പികള്‍ നിരന്തരമായി അധ്വാനിച്ചതിന്റെ ഫലമാണീക്ഷേത്രം. രാജ്യത്തിന്റെ 12 വര്‍ഷത്തെ നികുതി മുഴുവന്‍ ഇതിനായി ചെലവഴിച്ചെന്ന് പറയപ്പെടുന്നു. കല്ലില്‍ കൊത്തിയെടത്ത ഈ 'കവിത'യക്ക് 227 അടി ഉയരമുണ്ട്. മഹാകവി ടാഗോര്‍ പറഞ്ഞത് പോലെ 'ഇവിടെ കല്ലിന്റെ ഭാഷ മനുഷ്യന്റെ ഭാഷയെ തോല്‍പ്പിച്ചിരിക്കുന്നു'. വേദകാലം മുതല്‍തന്നെ ഭാരതത്തിലെ പ്രധാന ആരാധനാ മുര്‍ത്തിയാണ് സൂര്യന്‍. ഋഗ്വേദത്തില്‍ പറയുന്നത് പോലെ എല്ലാം തുടങ്ങുന്നത് ഈ കിരണത്തില്‍ നിന്നാണ്. ആര്യ സംസ്‌ക്കാരത്തിലും സൂര്യന് പ്രധാന സ്ഥാനമായിരുന്നു.

പ്രധാന ഗോപുരത്തിന്റെ മുകളില്‍ കാന്തികശാക്തിയുള്ള ഒരു കല്ല് ഉണ്ടായിരുന്നത്രെ. അതിന്റെ ശക്തിയില്‍ കടലിലൂടെ പോകുന്ന കപ്പലുകള്‍ ആകര്‍ഷിക്കപ്പെട്ടതായും കപ്പലിന്റെ കോംപസില്‍ വ്യതിയാനം വരുന്നതിനാല്‍ പല കപ്പലപകടങ്ങളും ഉണ്ടായതായും പറയപ്പെടുന്നു. ഏതാനും പോര്‍ച്ചുഗീസ് നാവികര്‍ ഈ കല്ല് ഇളക്കി മാറ്റി നശിപ്പിച്ച് കളഞ്ഞത്രേ. ഈ കല്ല് മാറ്റിയതിനാല്‍ ഗോപുരത്തിന്റെ ബാലന്‍സ് തെറ്റി ശിലപ്പങ്ങള്‍ക്ക് നാശനഷ്ടം വന്നെന്ന് പറയപ്പെടുന്നു. സൂര്യക്ഷേത്രത്തിലെ കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ കുമ്മായമോ സിമന്റോ ഉപയോഗിച്ചിട്ടില്ല. സൂര്യക്ഷേത്രത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന് സ്തൂപം ഇപ്പോള്‍ പുരി ജഗന്നഥ ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥിതിചെയ്യുന്നു.

പുരാതന കാലത്ത് കൊണാര്‍ക്ക് ഒരു തുറമുഖ നഗരമായിരുന്നത്രേ. വിദേശികള്‍ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തെ വഴികാട്ടിയായി സ്വീകരിച്ചിരുന്നു. അവര്‍ ഇതിനെ ആഘഅഇഗ ജഅഏഛഉഅ എന്നാണ് വിളിച്ചിരുന്നത്. ചെറിയ കല്ലുകളില്‍ മുതല്‍ ശില്‍പ്പചാരുതയുടെ സൂക്ഷമതകളാണ് കാണുന്നത്. ഗോപുരത്തിന് ചുറ്റും 24 ചക്രങ്ങള്‍, ഓരോന്നിലും എട്ട് ആരക്കാലുകള്‍, ചില പ്രത്യേക സമയങ്ങളില്‍ സൂര്യകിരണങ്ങള്‍ കൃത്യമായി വീഴത്തക്കവിധം ചിട്ടപ്പെടുത്തിയിരിക്കുന്നു. പ്രധാനഗോപുരത്തിന്റെ താഴത്തെ ചുറ്റുകളില്‍ ചെറിയ 2000 ആനകളെ സൂക്ഷ്മമായി കൊത്തിവെച്ചിരിക്കുന്നു. വാത്സ്യായന ചിന്തകള്‍ പലതും ശില്‍പ്പങ്ങളായി ഗോപുരങ്ങളെ അലങ്കരിക്കുന്നു. ഒരു വിദേശവനിതയ്ക്ക് ഈ ശില്‍പ്പങ്ങളുടെ പുരാതന പ്രാധാന്യത്തെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നത് കണ്ടു.

സൂര്യന്റെ മൂന്ന ഭാവങ്ങള്‍(ഉദയം, മധ്യന്തം, അസ്തമയം) ഇവ ഗോപുരത്തിന്റെ മൂന്നവശങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ മൂന്ന ശില്‍പ്പങ്ങള്‍ പച്ച നിറമുള്ള പ്രത്യേക കല്ലില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. (Mettalic green chlorite stone) ഗോപുരത്തിന്റെ മുമ്പിലുള്ള നൃത്തമണ്ഡപം, 22 ഓളം ചെറുക്ഷേത്രങ്ങളുടെ അവശിഷ്ടമായി ഉയര്‍ന്ന് പടികല്‍ക്ക് മുകലില്‍ നില്‍ക്കുന്നു.

ശ്രീകൃഷ്ണന്റെ പുത്രനായ സാംബ, ശാപം മുലം കൂഷ്ഠരോഗിയായി തീര്‍ന്നെന്നും 12 വര്‍ഷത്തെ സൂര്യഭജനം മൂലം രോഗശാന്തി നേടിയെന്നും അതിനെ തുടര്‍ന്ന് അദ്ദേഹം ഒരു സൂര്യക്ഷേത്രം നിര്‍മ്മിച്ചെന്നുമാണ് ഐതീഹ്യം. വിദേശീയരായ മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്ക് നരസിംഹ രാജാവ് സൂര്യക്ഷേത്രം നിര്‍മ്മിച്ചെന്നാണ് ചരിത്രത്തിന്റെ പക്ഷം.

സൂര്യന്‍ മറയാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രത്തിന്റെ പടികള്‍ തിരിച്ചിറങ്ങി. ഭൂവനേശ്വറിലെ ലിംഗനാഥ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

ഇവിടെ എത്താന്‍: ഭുവനേശ്വറില്‍ നിന്നും 65സാ, പുരിയില്‍ നിന്നും 36km.
താമസിക്കാന്‍: O.T.D.Cയുടെ യാത്രാനിവാസ്‌



MathrubhumiMatrimonial