
കൈലാസം...കൈവല്യം
Posted on: 06 Jan 2009
രഞ്ജനാ നായര്‍

2005 ല്‍ ആദ്യമായി മേയ് മാസത്തിലാണു കൈലാസദര്‍ശനത്തിന്ന് ഞങ്ങള്‍ 24 പേര്‍ യാത്രയായത്. എന്നാല്‍ ഈ മാസത്തിലെ യാത്ര, കാലാവസ്ഥാപരമായി എല്ലാവര്‍ക്കും പ്രതികൂലമായി മാറി.. മാനസസരസ്സില്‍ എത്തിചേരുന്നതിനു മുന്‍പു തന്നെ കനത്ത മഞ്ഞുവീഴ്ചയും ചീറിയടിക്കുന്ന കാറ്റും തടസ്സങ്ങളായി. ആ വര്‍ഷമുണ്ടായ കനത്തമഞ്ഞുവീഴ്ച്ചയെതുടര്‍ന്ന്, മാനസസരസ്സുവരെ മാത്രം പോയി പരിക്രമം സാധിക്കാതെ തിരിച്ചു പോരേണ്ടി വന്നു. എന്നിരുന്നാലും, 2006ല്‍ കൈലാസ ദര്‍ശനത്തിന്നുള്ള ഭാഗ്യം ഞങ്ങള്‍ക്കേവര്‍ക്കും സിദ്ധിച്ചു. ചീറിയടിക്കുന്ന കാറ്റും, തണുപ്പുമെല്ലം തന്നെ, ലാലങ്ങുലാ പാസ് കയറി ഉടനെ കാണായ കൈലാസ ദര്‍ശനനിര്‍വൃതിയില്‍ തല്‍ക്കാലത്തേക്കു മറന്നു പോയി. ഇത്തവണ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നേപ്പാളി ഏജന്റ്, തിവാരിജിയുടെ വാക്യത്തില്‍, ശ്രീ കൈലാസ നാഥന്‍ തന്റെ ഭക്തന്റെ മുന്‍പില്‍ , യാതൊരു മൂടുപടവുമില്ലാതെ അവന്റെ പുണ്യസ്വരൂപം പോലെ തെളിഞ്ഞു നില്ക്കുന്നു. എന്നാല്‍ മറ്റു ചിലരുടെ മുന്‍പില്‍ മഞ്ഞിന്റെ മുഖപടമിടുന്നു.! ആ വാക്കുകള്‍ അന്വര്‍ഥമായി. അങ്ങകലെ മാനസസരസ്സിന്റെ പച്ച കലര്‍ന്ന നീലനിറത്തിലുള്ള ജലത്തിന്റെ പശ്ചാതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കൈലാസം. തിളങ്ങുന്ന വെള്ളി നിറത്തില്‍, കൈലാസം മനസ്സില്‍ അഭൗമമായ ശാന്തി നിറക്കുന്നു.. ആ ഒരു മുഹൂര്‍ത്തത്തെ വിശകലനം ചെയ്യാന്‍ പിന്നീട് പലപ്പോഴും തുനിഞ്ഞെങ്കിലും എല്ലാ അര്‍ഥങ്ങള്‍ക്കും, വാക്കുകള്‍ക്കും അതീതമായി ആ പ്രഥമ ദൃശ്യം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

.
2005.ല്‍ കൈലാസ ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഇനി ഒരിക്കല്‍ കൂടി കൈലാസ ദര്‍ശനം എന്നത് മനസ്സില്‍ തീരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ പോക പോകെ, ആദ്യത്തെ കൈലാസ ദര്‍ശനം കൂടുതല്‍ കൂടുതല്‍ മിഴിവാര്‍ന്നു മനസ്സില്‍ മായാതെ നിന്നു. മാത്രമല്ല, ഒരു വാശിക്കാരി കുട്ടിയുടെ ചിണുങ്ങി കരച്ചില്‍ പോലെ ഒന്നുകൂടി കൈലാസത്തില്‍ പോകണമെന്ന മോഹം മനസ്സില്‍ ഉല്‍കടമായി വന്നുനിറഞ്ഞു. ല്ലാലങ്ങുലാ പാസ് കയറിയപ്പോള്‍ കണ്ട കൈലാസത്തിന്റെ ആദ്യ ദൃശ്യം പിന്നെയും,പിന്നെയും,മനസ്സില്‍ ഉയരുവാന്‍തുടങ്ങി. മാനസസരോവരത്തിലെ വെള്ളത്തിന്റെ ഭംഗി, കാറ്റടിക്കുമ്പോള്‍, സരസ്സിലെ ഓളങ്ങള്‍ കരയിലേക്കു അടുക്കുന്നതും, അതില്‍ നീന്തി കളിച്ചിരുന്ന മഞ്ഞയും, കറുപ്പും നിറം കലര്‍ന്ന ഹംസങ്ങള്‍( പിന്നെ രണ്ടു കൊല്ലവും, സാധാരണ ഹംസങ്ങളെ മാത്രമേ കണ്ടുള്ളു) അന്നതില്‍ മുങ്ങി കുളിക്കുവാന്‍ കഴിയാതെ പോയതിന്റെ ദുഖം, എല്ലാം തന്നെ പിന്നെയും പിന്നെയും ഒരു യാത്രക്കു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 2005 ല്‍പോകാന്‍ തീരുമാനിച്ചപ്പോള്‍, മേല്‍ കൊല്ലം തന്നെ റിട്ടയര്‍മന്റ് ആയിരുന്നതിനാല്‍ പണത്തിനു വിഷമമുണ്ടായില്ല. എന്നല്‍ 2006ല്‍ എങ്ങിനെ സാധിക്കും എന്നു വിഷമിച്ചിരിക്കുമ്പോളാണ് 25 കൊല്ലം മുന്‍പെടുത്ത എല്‍.ഐ.സി. കാലാവധി ആയി എന്ന അറിയിപ്പും തുകക്കുള്ള ചെക്കും കിട്ടിയത്. അങ്ങിനെ ഭഗവാന്‍ തന്നെ, ഒരു ബുദ്ധിമുട്ടും കൂടാതെ യാത്രക്കുള്ള പണവും സ്വരൂപിച്ചു തന്നു.

23 ആള്‍ക്കാരില്‍ 4പേര്‍ക്കൊഴികേ മറ്റെല്ലാവര്‍ക്കും അന്ന് പരിക്രമം ചെയ്യുവാന്‍ സാധിച്ചു. സാഗ്മൊയില്‍ നിന്നുമാണു ഞങ്ങള്‍ വാഹനത്തില്‍ കയറുന്നത്. കുത്തൊഴുക്കും,വെള്ളച്ചാട്ടങ്ങളും, പച്ചപ്പും പിന്നിട്ട് മലനിരകള്‍ മാറി വരാന്‍ തുടങ്ങി. മരങ്ങള്‍ അവസാനിച്ചു. പരന്നു കിടക്കുന്ന ഭൂപ്രകൃതി. 34 കി.മീ.താണ്ടിയാല്‍ ന്യാലം എന്ന സ്ഥലത്തെത്തും. തണുപ്പും, കാലവസ്ഥയും ആയി പൊരുത്തപെടാന്‍ വേണ്ടി ഇവിടെ ഒരു രാത്രിയും ഒരു പകലും താമസിക്കും. ന്യാലം എന്ന സ്ഥലത്തിന്നു ഈ ഒരൊറ്റ ഉദ്ദേശമെ ഉള്ളു. ഇവിടെ വന്നും പോയും ഉള്ള യാത്രികളുടെ സംഖ്യയാണ് അധികം. ഈ തീര്‍ഥാടനകാലങ്ങളില്‍ ഇങ്ങിനെ വരുന്ന തീര്‍ഥാടകരും, പിന്നേ മറ്റു കാലങ്ങളില്‍, കച്ചവടാവശ്യമായി വരുന്നവരും, പട്ടാളക്കാരും അടങ്ങുന്നതാണു ഇവിടത്തെ ജനങ്ങള്‍. നോക്കുന്ന സ്ഥലത്തെല്ലാം ടിബറ്റുകാരെ കാണാം...കീറി പറിഞ്ഞ വസ്ത്രങ്ങള്‍ ദൈന്യത സ്ഫുരിക്കുന്ന ഭാവവും കലര്‍ന്ന ഇവരെ കാണുമ്പോള്‍ നമ്മില്‍ ചൈനക്കാരോടു ധാര്‍മിക രോഷം ചിലപ്പോള്‍ ഉണര്‍ത്തിയേക്കാം. സാഗ്മൊ എന്ന സ്ഥലത്തു തൊട്ട് ഇവരുടെ ദൈന്യതയാര്‍ന്ന ഭാവവും, വേഷവും ദൃശ്യമായിരുന്നു.സഗ്മൊ,ന്യാലം,സാഗോ, പര്യാങ്ങ്, ദര്‍ച്ചന്‍, എല്ല സ്ഥലത്തും ചൈനക്കാര്‍ വളരെ നന്നായി വേഷവിധാനങ്ങലോടെ നടക്കുമ്പോള്‍ മുഷിഞ്ഞു, നാറിയ, കീറിയ, വേഷത്തോടെ ടിബറ്റന്‍ കുട്ടികളും, വയസ്സായവരും നമ്മുടെ മുന്‍പില്‍ കൈ നീട്ടുന്നു. ഈ പറഞ്ഞ സ്ഥലങ്ങളില്‍ എല്ലം തന്നെ, ടിബറ്റുകാരുടെ ഒരു തരത്തിലുമുള്ള സ്ഥാപനവും കാണ്മാനില്ല. എല്ലാ സ്ഥലങ്ങളിലും, ചൈനക്കാരെ മാത്രമെ സ്ഥാപനങ്ങളില്‍ കാണുന്നുള്ളു. സ്വന്തം നാട്ടില്‍, അന്യര്‍ക്കു മുന്‍പില്‍ കൈ നീട്ടാന്‍ വിധിക്കപെട്ട ഒരു ജനത.!!ഒരിക്കല്‍ ലോകത്തിന്റെ മേല്‍കൂരയെന്നു അറിയപ്പെട്ട ഈ രാജ്യം, സമ്പന്നമായിരുന്നു. എന്നാല്‍, ഇന്ന്, ആ ജനത മുഴുവന്‍ തന്നെ കഷ്ടപെട്ടു കഴിയുന്നു. എല്ലാ സ്ഥലങ്ങളിലും, റോഡ് പണി, തൂപ്പു ജോലി, സാധനങ്ങള്‍ തലച്ചുമടായും, പുറത്തു കെട്ടി വെച്ചും കടത്തല്‍ എന്നിവയ്ക്ക് ഇവരെ മാത്രമാണ് നിയോഗിച്ച് കണ്ടത്.

പിറ്റേന്നു നേരത്തെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. നീണ്ടു കിടക്കുന്ന ഹിമം മൂടിയ മലനിരകള്‍. ഇന്നു യാത്ര അവസാനിക്കുന്നത് സാഗൊ എന്ന സ്ഥലത്താണ്. ഈ വഴിയാണ് ഏറ്റവും യാത്രക്കു വിഷമമുള്ള വഴി എന്നു കഴിഞ്ഞ തവണ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി. 14000 അടി ഉയരമുള്ള സാഗൊയിലേക്കു ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡല്ലാത്ത വഴിയാണ്. ഒരുവിധപ്പെട്ടവരൊക്കെ ക്ഷീണിച്ചു വശം കെട്ടു. എന്നാല്‍ ടെന്റില്‍ ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോള്‍ എല്ല വയ്യായ്കളും മാറി.
ഇനി യാത്ര 14640 അടി ഉയരമുള്ള പര്യാഗ് എന്ന സ്ഥലത്തേക്കാണു. ഇപ്പോള്‍ മലനിരകള്‍ കയറിയിറങ്ങിയാണു യാത്ര. നിശ്ചിതവഴികള്‍ ഒന്നുമില്ല. വാഹന സാരഥിക്കു എളുപ്പമെന്നു തോന്നുന്ന വഴിയിലുടെ അവര്‍ ഓടിക്കുന്നു. ഇപ്പോള്‍ കുറെകൂടി തണുപ്പാണ്. വാഹനം ചിലയിടങ്ങളില്‍, മണല്‍ കുന്നുകളും, മല നിരകളും കയറി ഇറങ്ങുന്നു. മല നെറുകയില്‍ നിന്നും, നോക്കുമ്പോള്‍, അങ്ങു താഴെ പൊട്ടു പോലെ, വാഹനമൊ, അല്ലെങ്കില്‍, ആട്ടിന്‍പറ്റത്തെ മേയ്ക്കുന്ന ടിബറ്റുകാരെയൊ കാണാം...ഭക്ഷണം കഴിക്കുവാന്‍ നിര്‍ത്തുന്ന ഇടങ്ങളില്‍ വാഹനത്തിന്റെ അരികേ വന്നു കൈ നീട്ടുന്ന കുട്ടികളും, വലിയവരും. പെണ്‍കുട്ടികള്‍ക്കു നമ്മള്‍ തൊടുന്ന പൊട്ട് വലിയ ഇഷ്ടമാണ്. 2006ല്‍ പര്യാംഗില്‍ ഒരു മൈതാനത്ത് ആണ് ടെന്റ് ഒരുക്കിയത്. നാലുപേര്‍ക്കു ഒരു ടെന്റ് എന്ന തോാതിലാണ് നിര്‍മിച്ചിട്ടുള്ളത്. അടുക്കളക്കു വെറെ ഒരു ടെന്റും, ടോയിലറ്റ് ആവശ്യത്തിന് മറ്റൊരു ടെന്റും മാറ്റി നിര്‍മിച്ചിട്ടുണ്ട്. മണിക്കൂറോളം വാഹനത്തില്‍ യാത്ര ആയിരുന്നിട്ടും ചില സ്ഥലങ്ങളില്‍ വഴി വളരെ മോശമായിട്ടും ടെന്റില്‍ അല്‍പനേരം വിശ്രമിച്ചപ്പോള്‍ സുഖം തോന്നി. പുറത്തു നിന്നു സഹയാത്രികരുടെ ചിരിയും, സംസാരവും കേട്ടപ്പോള്‍ എഴുന്നേറ്റ് പോയി നോക്കി. കുറച്ചു ടിബറ്റന്‍ പെണ്‍കുട്ടികളും, ആണ്‍കുട്ടികളും വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് പൊട്ടും, മുടിപിന്നും ഒക്കെ കിട്ടിയപ്പോള്‍ സന്തോഷമായി. കയ്യില്‍ കരുതിയിരുന്ന നിറപെന്‍സിലുകളും, കടലാസും, പിന്നെ ബോള്‍ പേനകളും കിട്ടിയപ്പോള്‍ ചെറിയ ആണ്‍ കുട്ടികളുടേയും മുഖം വിടര്‍ന്നു അവരുടെ സന്തോഷം കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. ശരിക്കും മനസ്സുനിറഞ്ഞുപോയ മുഹൂര്‍ത്തമായിരുന്നു. മിഠായിയും കിട്ടിയപ്പോള്‍ അവരെല്ലാവരും കൂടി ഈണത്തോടെ നീട്ടി പാടി ചുവടു വെയ്ക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഞങ്ങളുടെ യാത്രികളും കൂടി കൂടിയപ്പോള്‍ അരങ്ങു കൊഴുത്തു. ഇവിടെ വളരെ വൈകി മാത്രമാണു വെളിച്ചം മായുന്നത്. സമയം രാത്രി 8 മണി ആയതേ അറിഞ്ഞില്ല. ഭക്ഷണത്തിന്നു ശേഷം രാവിലെ നേരത്തെ പോകനുള്ളതിനാല്‍ നേരത്തെ തന്നെ എഴുന്നേറ്റു. ടെന്റിന്റെ പുറത്തു വന്നപ്പോള്‍ രാത്രി അവസാനിച്ചിട്ടില്ല. നിറയെ നക്ഷത്രങ്ങള്‍. എന്തു വലുപ്പമാണെന്ന് അത്ഭുതം തോന്നി. അതില്‍ ചിലതു ആകാശത്തു ചലിക്കുന്ന പോലെയും, ചിലതു ഓടുന്ന പോലെയും കാണപ്പെട്ടു.

2005ലാദ്യമായി കൈലാസ ദര്‍ശനത്തിന്നു വന്നപ്പോള്‍, പിന്നെ 2006ല്‍, വന്നപ്പോള്‍, കണ്ട ഭാഗങ്ങളല്ല ഇന്ന് (2007 ) ഈ പ്രദേശം. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എല്ലാവിടെയും കാണാമായിരുന്നു. പര്യാങ്ങ് വരെ ഉള്ള റോഡ്, ഇന്നു ഒരേ സമയം രണ്ട് വാഹനത്തിനും കടന്നുപോകുവാന്‍ കഴിയുന്ന പോലെ, വീതി വെപ്പിച്ചിട്ടുണ്ട്. തരിശായി കിടന്നിരുന്ന പല സ്ഥലവും, ഇന്നു മുള്‍ കമ്പികളാല്‍ സംരക്ഷിച്ചിട്ടുണ്ട്. പല സ്ഥലത്തും, കോളനി പോലെ, ചെറിയ വീടുകളും നിര്‍മിച്ചു കണ്ടു. ഏറ്റവും, ആശ്ചര്യകരമായി തോന്നിയത്, ഇപ്രകാരമുള്ള, കോളനികളുടെ അടുത്തു തന്നെ, ടിബറ്റന്‍ ജനതയ്ക്കു അവിഭാജ്യമായ ചെറിയ കോര്‍ഡന്‍ എന്ന സ്ഥൂപങ്ങളും ഉണ്ട്. 2007 ലും കൂടുതല്‍ മാറ്റങ്ങളില്ലാതെ കണ്ട ഒരേ ഒരു സ്ഥലം ഇവിടമാണ്. കൈലാസത്തിന്റെ ആദ്യ ദൃശ്യം കിട്ടുന്ന സ്ഥലമായതിനാല്‍ നന്ദി സൂചകമായി ഇവിടെ ടിബറ്റന്‍ആള്‍ക്കാരുടെ ഒരു കോര്‍ടണ്‍ ഉണ്ട്. ഇതിന് സംസ്‌കൃതത്തില്‍ സ്തൂപം എന്നും പറയും. ഓം മണി പത് മേ ഹും എന്ന മന്ത്രമുരുക്കഴിചുകൊണ്ട് അവര്‍ കൈയിലെ മാലയുടെ മണികള്‍ നീക്കുന്നതു കാണം..ഇവര്‍ ദേവതകളെ വണങ്ങുന്ന സ്ഥലമാണിത്. കല്ലുകള്‍ പെറുക്കി പ്രത്യേക രീതില്‍ അടുക്കിവെച്ചുകൊണ്ടാണ്

എത്ര കണ്ടാലും മതിവരാത്ത ഒരു ദൃശ്യം! ഒരു പാടു സമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു. അവിടെ നിന്നും നോക്കുമ്പോള്‍, അങ്ങു ദൂരെ, ഒരു നീലകല്ലു പോലെ, മാനസസരോവരം വെട്ടി തിളങ്ങുന്നു. വരണ്ട ഭൂപ്രകൃതിയില്‍, കാണുന്ന ആ ദൃശ്യം മനോഹരമാണ്. ഷ്ടി ഒരു മണിക്കൂര്‍ ചെലവഴിച്ചതിന്നു ശേഷം, അവിടെ ഉള്ള സ്തൂപം വണങ്ങി, പ്രദക്ഷിണം ചെയ്തു, ഞങ്ങളും, ഇവിടെ വരെ വിഷമം ഒന്നും ഇല്ലാതെ എത്തി എന്നതിന്നു, നന്ദി സൂചകമായി, ടിബറ്റുകാര്‍ ചെയ്യുന്ന പോലെ, കല്ലുകള്‍ പെറുക്കി കൂട്ടി വെച്ചു, നന്ദി പ്രകടിപ്പിച്ചു.
ഇവിടെ നിന്നും, മാനസസരസ്സു വലം വെച്ചിട്ടാണു വാഹനങ്ങള്‍ താമസ സ്ഥലത്ത് എത്തുന്നത്. ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നുമാണ് മാനസസരസ്സ് ഉത്ഭവിച്ചത് എന്നാണ് വിശ്വാസം. 66 കി.മി. വ്യാസമുള്ള ഇതിനെയും, തീര്‍ഥയാത്രികള്‍ നടന്നു വലം വെക്കുമായിരുന്നു. ഇന്നും അങ്ങിനെ ചെയ്യുന്നവരെ കാണാം. മാനസസരസ്സിലെ വെള്ളത്തിന്നു അതിവിശുദ്ധി ആണ് കല്‍പിച്ചിട്ടുള്ളത്. ഈ തടാകത്തിന്റെ ഒത്ത നടുവില്‍ ഒരു സ്വര്‍ണ മേരു ഉണ്ടെന്ന് ടിബറ്റിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ടിബറ്റുകാര്‍ ഇതില്‍ ദേഹം കഴുകാറില്ലാത്രെ. തല മാത്രം ആണു അവര്‍ നനക്കുന്നത്. മാനസസരസ്സിലെ സ്‌നാനം കഴിഞ്ഞ ജന്മങ്ങളിലെ പാപ കര്‍മ്മങ്ങളില്‍ നിന്നും മോക്ഷം തരുന്നു എന്നാണ് സങ്കല്‍പം.എന്തായാലും, ശരീരത്തില്‍ വെള്ളം സ്പര്‍ശിച്ചാല്‍ പിന്നെ അതുവരെയുള്ള കൊടും തണുപ്പില്‍ നിന്നും വിമുക്തി ആയി എന്നതാണ് എന്റ അനുഭവം.
മാനസസരസ്സിന്റെ ഇടതുഭാഗത്തായിട്ടാണു രാക്ഷസ്താല്‍ എന്നറിയപെടുന്ന മറ്റൊരു തടാകം. പണ്ടു രാക്ഷസ രാജാവായ രാവണന്‍ കൈലാസം, ലങ്കയിലെക്കു കൊണ്ടുപോകുവാന്‍ വേണ്ടി കയറിട്ടു വലിച്ചു എന്നും, അന്നേരം രാവണന്റെ ദേഹത്തിലെ വിയര്‍പ്പിനാല്‍ രൂപം കൊണ്ടതാണ് രാക്ഷസ്താല്‍. എന്നാണ് വിശ്വാസം. ഈ തടാകത്തിലെ വെള്ളം, വിഷമയമാണ്. ദൂരെ നിന്നു കാണുകയല്ലാതെ ഇതിന്നടുത്തേക്കു ആരും പോകാറില്ല. തൊട്ടു അടുത്തുള്ള മാനസസരൊവരത്തില്‍, നാനജാതി അരയന്നങ്ങളും, പക്ഷികളും, മറ്റു ജല ജന്തുക്കളും വിഹരിക്കുമ്പോള്‍, രാക്ഷസ്താല്‍ ജീവന്റെ കണിക പോലും ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നു.

ദര്‍ചന്‍ ഒരു സമതല പ്രദേശമാണ്. ഇവിടെ കിട്ടിയ റസ്റ്റ് ഹൗസ് നല്ലതായിരുന്നു.
2005ല്‍, ഞങ്ങള്‍ ദര്‍ചനില്‍ വരാതെ, ദെര്‍ഷോമില്‍ നിന്നും മടങ്ങി പോവുകയാണുണ്ടായത്. 2006ല്‍ ദര്‍ചനില്‍, നിന്നും പിറ്റേന്നു രാവിലെ കൈലാസ പരിക്രമത്തിന്നു പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍, മുഖത്തും, കാലിലും ഒക്കെ നീരുണ്ട്. മുഖം മത്തങ്ങ പോലെ തന്നെ ഉണ്ട്. 2005ല്‍ വന്നിട്ടു പരിക്രമത്തിനു കഴിഞ്ഞില്ല, ഭഗവാനെ, എന്നെ ഈ തവണയും മടക്കരുതെ എന്നായി പ്രാര്‍ഥന. കുതിരയെ നേരത്തെ ഏല്‍പിച്ചതെല്ലാം മറ്റു യാത്രക്കാര്‍ അധികം തുക വാഗ്ദത്തം ചെയ്ത് കൊണ്ടുപോയി എന്നുകൂടി കേട്ടപ്പോള്‍ വിഷമമായി.എന്താായാലും യമദ്വാര്‍ വരെ പോയി.അവിടെ വരെ മാത്രമാണു വാഹനം പോകുകയുള്ളു. അവിടുന്നങ്ങോട്ടാണ് നടത്തം. പോര്‍ട്ടര്‍മാരെ കിട്ടുന്നതും ഇവിറ്റെനിന്നാണ്. 15000 അടിക്കു മേല്‍ ഉളള കയറ്റമാണ് ദിറപുക്കിലേക്ക് എനിക്കു ലഭിച്ച പോര്‍ട്ടര്‍ ഒരു ടിബറ്റന്‍ സ്ത്രീ ആയിരുന്നു. ടിബറ്റന്‍ അല്ലാതെ ഒരു ഭാഷയും അറിയാത്ത അവരും ടിബറ്റന്‍ വശമില്ലാത്ത ഞാനും എങ്ങിനെ ആശയവിനിമയം നടത്തും എന്നു മനസ്സില്‍ ഭയമുണ്ടായിരുന്നു. കുതിരയെ ലഭികാത്തതിനാല്‍ നടക്കുവാന്‍ തുടങ്ങി.ഒരു ഭാഗത്തു ഉയര്‍ന്നു നില്ക്കുന്ന പര്‍വതം. നടന്നു പോകേണ്ടുന്ന വഴിയാണേങ്കിലോ പാറക്കല്ലുകള്‍ നിറഞ്ഞതും. ഏതോ അനാദികാലത്തില്‍ പരന്നു ഒഴുകിയിരുന്ന നദീതടമുണ്ട്, റിബ്ബണ്‍ പോലെ വളഞ്ഞു പോകുന്ന വീതി കുറഞ്ഞ വഴി. തലയുയര്‍ത്തിപിറ്റിച്ചു നില്‍കുന്ന പര്‍വതങ്ങളില്‍ നിന്നു പുറപെടുന്ന വെള്ളച്ചാട്ടങ്ങള്‍, പര്‍വ്വതപ്രാന്തങ്ങളില്‍ ചിലതു കോട്ട, കൊത്തളങ്ങളെ പോലെയും കൊത്തുപണി നിറഞ്ഞ മതിലുകള്‍ പോലെയും ഒക്കെ തോന്നിച്ചു. നടന്നു നീങ്ങാന്‍ പ്രയാസം തോന്നി. പ്രാണവായുവിന്റെ കുറവ് ആണ് വില്ലന്‍. കൂടെയുണ്ടായിരുന്ന പോര്‍ട്ടര്‍ സ്ത്രീ ഇടക്കിടക്കു വെള്ള കുപ്പി തുറന്നു നീട്ടി. ഒരു പാടു തവണ ഇരിക്കാന്‍ തുടങ്ങിയ, എന്നെ സ്‌നേഹത്തോടെ കൈ പിടിച്ചു നടത്തുകയായിരുന്നു അവര്‍. ഭാഷ അറിയില്ലെങ്കിലും, സ്‌നേഹത്തിനു വാക്കുകള്‍ വേണ്ടാ എന്ന സത്യം മനസ്സിലോടി എത്തി. വഴി കൂടുതല്‍ കൂടുതല്‍ വിഷമമായി തുടങ്ങി. നേരത്തെ തുടങ്ങിയ തലവേദനയും, നീരും, ക്ഷീണവും എല്ലാം കൂടി എന്നെ വലച്ചു. എത്ര നടന്നിട്ടും പിന്നേയും മറ്റുള്ളവര്‍ക്കൊപ്പം കൂടി എത്തുന്നില്ല. ഒടുവില്‍ എനിക്കീ യാത്ര കഴിയില്ലെന്നുതന്നെ തോന്നിതുടങ്ങി, അവിടെ ഒരു കല്ലില്‍ ഇരുന്നു ഞാന്‍ ഒരു 5 വയസ്സുകാരിയെപോലെ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ പലരും വന്നു ആശ്വ്വസിപ്പിച്ചു. ഞങ്ങളുടെ ഷേര്‍പ വന്നിട്ടു, ''അമ്മേ കരയരുത്, നമുക്കു മെല്ലെ പൊകാം എന്ന് ആശ്വസിപ്പിച്ചു. ടിബറ്റന്‍ സ്ത്രീക്ക് ഒന്നും പറയാന്‍ അറിയില്ലെങ്കിലും, കണ്ണു നിറയെ സ്‌നേഹത്തോടെ കൈ പിടിച്ചു എഴുന്നേല്‍പിച്ചു. ഒരു 100 അടി നടക്കുമ്പൊഴേക്കും, ഒരു കുതിരകാരന്‍ കുതിരയേയും കൊണ്ടു ഇറങ്ങി വരുന്നതു കണ്ടു. കൂട്ടത്തിലുള്ളവര്‍ അതിനെ എനിക്ക് ഏര്‍പ്പാടാക്കിതന്നു. വൈകുന്നേരം 3.30 ആയി ദിറാപുക്കില്‍ എത്തിയപ്പോള്‍. ഇതു കൈലാസത്തിന്റെ ആദ്യം കണ്ട മുഖം പോലെ അല്ല. വളരെ അടുത്തു നിന്നുമുള്ള കൈലാസത്തിന്റെ വടക്കന്‍ ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ആദ്യം കാണുന്ന ഹിമാവൃതമായ, ഒരു കോണിക്കല്‍ ആകൃതി ഉള്ള പടവുകള്‍ പോലെ ഉള്ളതും, രാവണന്‍ കയറിട്ടു വലിച്ചപ്പോള്‍ ഉണ്ടായതെന്നു പറയപ്പെടുന്ന വരകളും ഉള്ള കൈലാസമല്ല. മറിച്ചു ഇതു ശിവലിംഗം പോലെ കറുത്ത്, ഇടയ്ക്ക് മഞ്ഞിന്റെ ചന്ദ്രകലകള്‍ പൊലെ പാടുകള്‍ തെളിഞ്ഞു കാണുന്ന, ഗംഭീരകൊത്തുപണികള്‍ നിറഞ്ഞ വാതിലുകള്‍ പോലെ തോന്നിക്കുന്ന രൂപമാണ്. കൈലാസനാഥന്റെ ഈ മുഖത്തു നമ്മുടെ എറ്റവും ഇഷ്ട ദൈവത്തെ കാണാന്‍ കഴിയും എന്നാണത്രെ അനുഭവം.
2006 രാവിലെ ഞങ്ങള്‍ ദിറാപുക്കില്‍ നിന്നും സുത്തുള്‍ഫൂക്കിലെക്കു യാത്ര തുടങ്ങി. സിന്ധുനദിയുടെ ശാഖയും താണ്ടി, പിന്നേയും കുറെ നടന്നു. ഒടുക്കം ഒരുപാടു കാത്തിരിപ്പിന്നുശേഷം ഒരു കുതിരയെ എനിക്കു കിട്ടി. അതും ഡോള്‍മാ പാസ് വരെ മാത്രമേ ഉള്ളു. ഒരു പെണ്‍കുട്ടിയാണു കുതിരക്കാരി. ഒരു 2 കി.മി.ആയപ്പൊളേക്കും ഈ പരിക്രമയിലെ എറ്റവും ഉയരം കൂടിയ, 18,600 അടി ഉയരത്തില്‍ എത്തി. അനാദി കാലത്തു എങ്ങിനേയോ, എവിടെ നിന്നോ പൊട്ടിത്തെറിച്ചു വന്നു വീണപോലെ, നിറയെ പാറകഷണങ്ങളും, കല്‍ കൂമ്പാരവും ആണ് ഡോല്‍മ ചുരത്തിന്റെ കയറ്റം മുഴുവന്‍.കുതിരക്കു കൂടി,കാല്‍ വെക്കുവാന്‍ അതി ശ്രദ്ധയോടെ മാത്രമെ കഴിയുകയുള്ളു. വളരെ കുത്തനെയുള്ള, പാറകെട്ടുകള്‍ തിങ്ങി കിടക്കുന്ന വളരെ ബുദ്ധിമുട്ടുള്ള ഒരു കയറ്റമാണു ഡോള്‍മാ ചുരം. കുതിരകൂടി, ഒരോ കാലടി ആയി പെറുക്കി പെറുക്കി വെച്ചാണു കയറ്റം കയറുന്നത്. ചില സ്ഥലങ്ങളില്‍ കയറ്റം കയറാന്‍ പറ്റാതെ നിന്നു വായില്‍നിന്നും നുരയും, പതയും ഒലിപ്പിക്കുന്ന കുതിരയെയും, അതെ പോലെ കിതച്ച്, കിതച്ചു, രണ്ടായി മടങ്ങി എന്ന പോലെ കുനിഞ്ഞു കയറ്റം കയറുന്ന എന്റെ പോര്‍ടറയും, കുതിരക്കാരിയേയും നോക്കുമ്പോള്‍ എനിക്കു എന്തോ ഒരു കുറ്റബോധം. ഞാന്‍ മാത്രം സുഖിച്ചു വരുന്നു എന്നപോലെ. പക്ഷെ, കുതിരയില്ലെങ്ങില്‍ എനിക്കു ഒരിക്കലും ആ കുത്തനെ ഉള്ള കയറ്റം കയറുവാന്‍ കഴിയില്ല എന്നും എനിക്കു പൂര്‍ണ ബോധ്യമുണ്ട്. സ്വന്തം പരിമിതികളെകുറിച്ചുള്ള അറിവില്ലെങ്കില്‍, അതു കൂട്ടത്തിലുള്ളവര്‍ക്കു കൂടി ഒരു ദ്രോഹമാകും. കുറച്ചു ചെന്നപ്പോള്‍, ശിവതാള്‍ കണ്ടു. ഇവിടെ നമ്മുടെ ഒരു മരണം പോലെ ആണെന്നും പിന്നെ, ഈ ജന്മത്തിലുള്ള തെറ്റു കുറ്റങ്ങള്‍ പൊറുക്കപ്പെടുന്നു, ഒരു പുനര്‍ജന്മമാണ് എന്നാണ് സങ്കല്‍പം.
ഡോാള്‍മ, ഒരു വലിയ പാറകല്ലിന്മേല്‍ അലങ്കരിച്ച ഒരുസ്തൂപമാണ്. പലേ നിറത്തിലുമുള്ള വിവിധ കടലാസ്, തുണി ചുരുളുകള്‍, യാക്കിന്റെ കൊമ്പ് എന്നിവ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കൈലാസ യാത്രികരുടെ രക്ഷകയായിട്ടാണു താരാദേവി എന്ന ഈ ഡോള്‍മ അറിയപ്പെടുന്നത്. നമുക്കു പരിചിതമായ കാരുണ്യാ ഭാവം പ്രതീക്ഷിക്കാന്‍ പറ്റില്ല. മറിച്ചു ഏറേക്കുറെ ഭദ്രകാളി ക്ഷേത്രങ്ങളുമായിട്ടാണു സാമ്യം. യാത്രികരുടെ കയ്യില്ലുള്ള സാധാരണ സാമഗ്രികള്‍ തന്നെ ആണ് ഇവിടെയും ഉപചാരമായി സമര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വരെ മാത്രമാണ് കുതിര. ഇവിടെ ഇരുന്ന ഞങ്ങള്‍ കൈയ്യില്‍ കാബില്‍ നിന്നും രാവിലെ പൊതിഞ്ഞു തന്ന ഭക്ഷണം കഴിച്ചു.
കുറെകൂടി ഇറങ്ങിയാല്‍ ഒരു ഹിമാനി കടക്കേണ്ടതുണ്ട് മേല്‍ ഭാഗം ഹിമാവൃതമാണെങ്കിലും, അടിയില്‍ ചിലപ്പോള്‍ ഒഴുക്കുള്ള നദിയായിരിക്കും.( 2007, ഈ കൊല്ലം ഈ ഹിമാനി തരണം ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം കൂടെ വന്ന യാത്രികന്‍ പറഞ്ഞപ്പോള്‍, ഇങ്ങിനെയുള്ള ദൈവഭൂമിയില്‍ ഏതുതരം അദ്ഭുതങ്ങളും നടക്കാറുണ്ടെന്നു വായിച്ചതാണു ഓര്‍മയില്‍ വന്നത്. നടന്നു നീങ്ങി കൊണ്ടിരിക്കുന്ന യാത്രി, പെട്ടെന്ന്, ഹിമാനിയില്‍ ഉണ്ടാകുന്ന വിള്ളലുകളിലൂടെ അടിയിലേക്കു വീണു മരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ എവിടെനിന്നോ പെട്ടെന്നു പ്രത്യക്ഷപെട്ട ഒരു നായ വഴി കാണിച്ചുകൊണ്ട് മുന്നേ പോയത് അദ്ദേഹം വിവരിച്ചത് ശ്വാസം അടക്കിപിടിച്ചാണു ഞങ്ങള്‍ കേട്ടത്) 2006.ല്‍ ഇതും തരണം ചെയ്തു. പിന്നേയും, എത്ര ഇറങ്ങിയാലും തീരത്ത പോലെ ഇറക്കം നീണ്ടു കിടക്കുന്നു. ഇവിടെ പക്ഷെ ചിതറിതെറിച്ചുകിടക്കുന്ന പാറകല്‍കഷ്ണങ്ങള്‍. ഈ ഇറക്കത്തിന്റെ തുടക്കത്തിലാണു പോര്‍ടര്‍ സ്ത്രീ എന്റെ കൈ പിടിച്ച് എന്നെ നിര്‍ത്തിയതും, കൈലാസത്തിന്റെ തെക്കന്‍ ദൃശ്യം ചൂണ്ടി കാണിച്ചൂ തരുകയും ചെയ്തത്. മറ്റു മുഖങ്ങളെ പോലെ അല്ല. തെക്കന്‍ ദ്രുശ്യം. കൈലാസത്തിന്റെ ഈ മുഖത്തിന്നു ഒരു ചുവപ്പുരാശി കലര്‍ന്ന നിറമാണുള്ളത്. ചുറ്റും വലയം ചെയ്ത പര്‍വതങ്ങള്‍ക്കു മേലെ ചുവപ്പു രാ ശി കലര്‍ന്ന , മഞ്ഞിന്റെ അലങ്ങാരങ്ങളില്ലാത്ത മുഖം. താമര ഇതളുകളുടെവലയം ചെയ്ത പോലെ, ചുകപ്പു രാശി കലര്‍ന്ന പര്‍വതങ്ങളുടെ നടുവില്‍ നിന്നും എന്ന പോലെ. ഇറങ്ങി, ഇറങ്ങി യാത്ര കൂടുതല്‍ സുന്ദരമായ വഴിയിലൂടെയായി. ഇറക്കം അവസാനിച്ചു. ഇപ്പോള്‍ സമതല പ്രദേശമാണ്. കണ്ണിന്നു ഇമ്പം തരുന്ന പച്ച പട്ടു പുതച്ച മൈതാനത്തിനെ, പല സ്ഥലത്തും നദി മുറിച്ചു കടക്കുന്നുണ്ട്. കൂട്ടത്തില്‍ പെട്ട ഒരാളെ പോലും കാണാനില്ല.ഒരു ടെന്റ് ദൂരെ കണ്ടു. ഞങ്ങള്‍, അറിയുന്ന ആരെങ്കിലും ഉണ്ടോ എന്നു നോക്കി. ഞങ്ങളുടെ സഘത്തിലെ 4 ആള്‍ക്കാര്‍ ഇരുന്നു, ചായ കുടിക്കുന്നുണ്ട്. ഇവിടങ്ങളില്‍, ചായ എന്നാല്‍, ഒരു വലിയ ഫ്ലസ്‌ക് നിറച്ചാണ്. കട്ടന്‍ ചായ ആണ്. എന്നാലും, അത് ഇപ്പോള്‍ കിട്ടിയത് വളരെ ആസ്വാദ്യമായി തോന്നി. കൂട്ടത്തില്‍ ഉള്ള പോര്‍ട്ടര്‍മാര്‍, കൈയിലുള്ള, സഞ്ചിയില്‍നിന്നും, ഒരുതരം പൊടി എടുത്തു കോപ്പയില്‍ ഉള്ള ചായയില്‍ ഇട്ടു കുഴക്കുന്നതു കണ്ടു. ഇതിന്നു, സമ്പ എന്നാണു പേരു. ഇതു ബാര്‍ലി വറുത്തു പൊടിച്ചു തയ്യാറാക്കുന്നതാണ.്
ടെന്റില്‍ നിന്നും ഞങ്ങള്‍ പുറത്തു കടന്നു. സമയം സന്ധ്യ ആകാന്‍ പോകുന്ന മട്ട്. വളരെ ഭംഗിയുള്ള സ്ഥലമാണെങ്കിലും നടന്നു നടന്നു കാല്‍ നീങ്ങാതെ ആയി. എതോ ഒരു കുതിരക്കാരനെകൂടി കണ്ടപ്പൊള്‍ പിന്നെ കാല്‍ ഉറച്ചുതന്നെ നിന്നു. വെറും 2 കി.മി.ദൂരത്തിനായി ഞാന്‍ 150 യുവാന്‍ കൊടുത്തു. എന്നാലും, ക്ഷീണിച്ചു തളര്‍ന്ന എനിക്കു അത് ഒരു വലിയ ആശ്വാസമായി. ഏറ്റവും ഒടുക്കം കാമ്പില്‍ എത്തി ചേര്‍ന്നത് ഞാന്‍ ആയിരുന്നു. കിടന്നത് മാത്രമേ ഓര്‍മ്മയുള്ളു. രാത്രി ഭക്ഷണം പോലും ഞാന്‍ അറിഞ്ഞില്ലാ..അത്രക്കു ക്ഷീണം കൊണ്ടു മയങ്ങി പോയി., പിറ്റേന്നു രാവിലെ എല്ലവരും യാത്രയുടെ അവസാനത്തെ ഘട്ടത്തിലേക്കു നടക്കുവാന്‍ തുടങ്ങി. എന്തോ ഭാഗ്യം പോലെ എന്നെ തലേന്നു കൊണ്ടുവിട്ട കുതിര നില്‍പ്പുണ്ട്. അതില്‍ തന്നെ, യാത്ര തുടങ്ങി. വളരെ ഭംഗിയുള്ള സ്ഥലങ്ങളിലൂടെയാണു കടന്നു പോയി കൊണ്ടിരുന്നത്. മലയുടെ ഓരത്തൂടെ ഉള്ള വഴിയുടെ ഒരു ഭാഗത്ത് സരയു എന്ന കര്‍ണാലി നദി വിശാലമായി ഒഴുകുന്നു. മറു ഭാഗത്ത്, പലേ നിറങ്ങളുമുള്ള മലകള്‍. ഇവിടെ നിന്നും 3 കി.മി. വരെ മാത്രമെ കുതിരക്കു പ്രവേശനമുള്ളു. ബാക്കി ദൂരം നടക്കുകതന്നെ വേണം. നിന്നും, ഇരുന്നും, വലിഞ്ഞു വലിഞ്ഞു ഒടുക്കം, ഞങ്ങളുടെ വാഹനം കാത്തിരുന്ന സ്ഥലത്തെത്തി. ഇവിടെ വരെ മാത്രമാണ് ടിബറ്റന്‍ പോര്‍ട്ടര്‍മാര്‍ ഉള്ളത്..കൂടെവന്ന പോര്‍ട്ടറോടു യാത്ര പറഞ്ഞു. കൈയ്യിലുള്ള ഷു, കമ്പിളി കുപ്പായം, എന്നിവയും, അധികമായി 100 യുവാനും കൊടുത്തു. കൂടാതെ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന പലേ ഭക്ഷ്യ പദാര്‍ഥങ്ങളും അവര്‍ക്കു നല്‍കി. പരിചയമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ രുചിച്ചു നൊക്കി ഒരു ചെറിയ ചിരിയോടെ എല്ലാം, ഭദ്രമായി സഞ്ചിയില്‍ ഇട്ടു വെക്കുന്നതു കണ്ടു. കാത്തിരിക്കുന്ന കുട്ടികള്‍ക്കാകും! രണ്ടു കൈയും കൂട്ടിപിടിച്ചു യാത്ര പറഞ്ഞപ്പോള്‍ ശരിക്കും ഒരു നഷടബോധം തോന്നി. ഇനി ഒരിക്കലും കണ്ടുമുട്ടുകയുണ്ടാവില്ലാത്ത ഇവരെ ചൊല്ലി.
ഈ കൊല്ലം 2007ല്‍ കടന്നു വന്ന വഴികളില്‍, മിക്കാവാറും എല്ലാ സ്ഥലത്തും, പലേ പുതിയ മാറ്റങ്ങളും കണ്ടു. അവസാനം, ഞങ്ങള്‍ ദര്‍ചനില്‍ എത്തിയപ്പോളും, പുതിയ മറ്റങ്ങള്‍, അത്ഭുതപ്പെടുത്തി; 73 യാത്രക്കര്‍ ഉള്ള ഞങ്ങളുടെ സംഘത്തിന്നു ആകെ ലഭ്യമായത് വെറും 37 പൊര്‍ടര്‍മാര്‍. ഒരു കുതിരയെ പോലും കിട്ടിയില്ല. ഈ സമയത്ത് ദര്‍ച്ചനില്‍ ഏകദേശം 600 യാത്രികള്‍ ഉണ്ടായിരുന്നു. ഈ കൊല്ലം അഭൂതപൂര്‍വ്വമായ തിരക്കാണെന്ന്, ഞങ്ങളുടെ നേപ്പാളി ഏജന്റ്് പറഞ്ഞിരുന്നെങ്കിലും ഇത്ര രുക്ഷമായ ഒരു സ്ഥിതിയുണ്ടാകുമെന്നു ആരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ദിറപുക്ക് വരെ വന്നു, സ്ഥിതിഗതികള്‍ നോക്കി ബാക്കിഭാഗം പോകാം എന്ന നിലയില്‍ ആയിരുന്നു ഞങ്ങള്‍ പുറപെട്ടത്. യമദ്വാര്‍ കഴിഞ്ഞു, യമദ്വാറില്‍ നിന്നും ഞങ്ങള്‍ പോര്‍ട്ടര്‍ സഹിതം മെല്ലെ മെല്ലെ നീങ്ങി തുടങ്ങി. കഴിഞ്ഞ വര്‍ഷം പോലെ എന്തായാലും കുറച്ചു കഴിഞ്ഞാല്‍ കുതിരയെ കിട്ടാതിരിക്കില്ല എന്ന വ്യാമോഹത്തിലായിരുന്നു മറ്റു ഭാഗത്തുണ്ടായ പോലെയുള്ള മാറ്റങ്ങള്‍, കൈലാസ താഴ്‌വരയെ അത്ര തന്നെ ബാധിച്ചിട്ടില്ലാ എന്നു തോന്നുന്നു. യമദ്വാര്‍ കഴിഞ്ഞു കുറെകൂടി ഉള്ളിലേക്കൂ വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ കരിഞ്ഞ് ഉണങ്ങിയ ഭൂപ്രകൃതി, ഒരു പക്ഷെ വര്‍ഷകാലത്ത് നിറഞ്ഞൊഴുകുമായിരിക്കുന്ന വിസ്താരമേറിയ നദി. ഇത്രയധികം ആളുകള്‍ ഒന്നിച്ചു യാത്ര ചെയ്തിട്ടും, അങ്ങകലെ നിന്നും പരന്നു ഒഴുകി വരുന്ന മണിയൊച്ച മാത്രമെ, ഈ യാത്രയുടെ നിശ്ശബ്ദതയെ മുറിക്കുന്നുള്ളു. ഉയര്‍ന്നുയര്‍ന്നു നില്‍ക്കുന്ന പര്‍വ്വത പ്രാന്തങ്ങളിലൂടെ, കുത്തിയൊലിച്ചു കടന്നു പോയ നദികളുടെ ശേഷിപ്പായ പാറകല്ലുകളും, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പ്രദേശങ്ങളും കടന്നു നടന്നു. ചുറ്റും കണ്ണോടിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന കുതിരക്കു മാത്രം ശ്രദ്ധിച്ചുകൊണ്ട് നടന്നു. മനോഹരമായ ഭൂപ്രകൃതി ആണെങ്കിലും , ഒരുപാടു ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഉണ്ടായിട്ടും, അരയില്‍ കെട്ടിയ പൗച്ചില്‍ നിന്നും ക്യാമറ എടുക്കുവാന്‍ കൂടി കിതപ്പുസമ്മതിക്കുന്നില്ല. അരിച്ചരിച്ചു നടന്നും, ഇരുന്നും, പിന്നേയും നടന്നും ഒരിടത്തു കണ്ട ടെന്റില്‍ ഇരുന്നപ്പോള്‍ പകുതിയോളം ദൂരം പിന്നെയും ബാക്കിയാണു എന്നറിഞ്ഞു. മൂന്ന് മണിയോടേയാണു പകുതിദൂരം നടന്നെത്തിയത്. ക്ഷീണിച്ചു, അവശരായ ഞങ്ങള്‍ക്ക് ഇവിടെ നിന്ന്, ഇംഗ്ലീഷ്, ഹിന്ദി അറിയുന്ന ടിബറ്റന്‍ ആള്‍ രണ്ട് കുതിരകളെ ഏര്‍പ്പാടാക്കി തന്നു. പ്രസന്ന പ്രകൃതിയുള്ള, ഒരു കൊച്ചു കുട്ടിയുടെ പ്രക്രുതിയാണു കാര്‍ത്ത്യായനിക്ക്. . ഞങ്ങല്‍ രണ്ടുപേര്‍ക്കും പിറ്റേന്ന് ഡോാള്‍മ ല മല വരെ പോകുന്നതടക്കം 700 യുവാന, ആ ടിബറ്റന്‍ മുഖേന തുക ഉറപ്പിച്ചു, ഞങ്ങള്‍ യാത്രയായി. കുറച്ചു ദൂരം പോയപ്പോള്‍ കൂട്ടത്തില്‍ നടന്നു വന്നിരുന്ന സരോജത്തിനും ഒരു കുതിര കിട്ടി എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ യാത്ര തുടര്‍ന്നു. കുതിരപ്പുറത്ത്ായിട്ടും പിന്നെയും രണ്ടരമണിക്കൂര്‍ എടുത്തു ഞങ്ങള്‍ ദിറപുക്കിലെത്താന്‍. ജാംബിയാങ്ങി മലനിരകള്‍ക്കു മേലേയായി കൈലാസത്തിന്റെ ഘനഗാംഭീര്യമാര്‍ന്ന കാഴ്ച്ച. കാമ്പ് എത്തുന്നതിന് ഒരു കിലോമീറ്റര്‍ അകലെ കുതിര നിന്നു. എങ്ങിനെയൊക്കെയൊ നടന്നു ക്യാമ്പില്‍ എത്തി. കിടക്കയില്‍ വീണതു മാത്രമാണു ഓര്‍മ. കോഴിക്കോട്ട് നിന്നും അവര്‍ വിഷമിച്ചൂ കൊണ്ടു വന്ന പൊടിയരി കഞ്ഞി അമൃതിന് തുല്യമായി തോന്നി. രാവിലെ നേരത്തേ തന്നെ ഉണര്‍ന്നു. ഒരു തരി മഞ്ഞിന്റെ മറയും ഇല്ലാതെ കൈലാസനാഥന്റെ വടക്കന്‍ മുഖം നല്ലപോലെ തൊഴുത് ഞങ്ങള്‍ ഇറങ്ങി. പോര്‍ട്ടര്‍ കാത്തു നില്‍പുണ്ടായിരുന്നു. എന്നാല്‍ കുതിരക്കാരന്‍, നോ എന്നു തലയാട്ടി കൊണ്ടു ദൂരെ മറഞ്ഞു. ഞങ്ങള്‍ 3 പേരും ശരിക്കും ഇടി തലയില്‍ വീണ പോലെയായിപോയി. 18,600 അടി ഉയരമുള്ള ഡോള്‍മ ല പാസ് നടന്നു കയറുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. കഴിഞ്ഞ തവണ കുതിരപ്പുറത്ത് പാസിന്റെ മുകളില്‍ വരെ എങ്ങിനേ ആണു പോയതെന്ന് ഇന്നും ഓര്‍മിക്കുവാന്‍ കൂടി കഴിയുന്നില്ല. അത്ര കഷ്ടത നിറഞ്ഞതായിരുന്നു, ഇറക്കതില്‍ ശരിക്കും കരഞ്ഞു പോയിട്ടുണ്ട്. ദിറപുക്കില്‍ നിന്നും പിന്നേയും, ഞങ്ങള്‍ കുറച്ചു കൂടി മുന്നോട്ടു നടന്നു; ഇറക്കം ഇറങ്ങി വരുന്ന കുതിരയെ കിട്ടാതിരിക്കില്ലാ എന്ന വ്യാമോഹത്തില്‍. കര്‍ണാലി നദി മുറിച്ചു കടന്നു, കുറേ കൂടി നടന്നപ്പോള്‍, അവിടെ മറ്റു ചില സംഘാംഗങ്ങളും കുതിര കാത്തു നില്‍പ്പുണ്ട് സംഘാടകര്‍ കുതിരക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. അവസാനം, 800 യുവാന് കുതിരയെ കിട്ടി. ഞങ്ങള്‍ രണ്ടു പേരും സന്തൊഷതോടെ കുതിരപ്പുറത്ത് കയറി, കുറെ ദൂരം പോയി. ഞങ്ങള്‍ക്കു രണ്ട് കുട്ടികളായിരുന്നു കുതിരക്കാര്‍. കുറെ ദൂരം പോയപ്പോള്‍, വേറൊരാള്‍ പുറകെ ഓടി വരുന്നു. മറ്റ് രണ്ട് പേര്‍ക്ക് ഏല്‍പിച്ച കുതിരയായിരുന്നത്രേ ഇത്. ഞങ്ങളോട് ഇറങ്ങാന്‍ ആംഗ്യം കാണിച്ചു. കുതിരക്കാരന്റെ മട്ടും, ഭാവവും ഒക്കെ കണ്ടപ്പോള്‍, ഭാഷ അറിയാത്ത ഞങ്ങള്‍ വേഗം തന്നെ ഇറങ്ങി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ടിബറ്റന്‍ പോര്‍ട്ടര്‍ എന്തെല്ലാമോ പറയുന്നുണ്ട്. എങ്കിലും, കുതിരക്കാരന്‍ ഒന്നും സമ്മതിക്കുന്നില്ലാ. അങ്ങിനെ. ഡോള്‍മ ല പസ്സിന്റെ അടുത്ത് എത്തി ചേര്‍ന്നിരുന്നെങ്ങിലും നടന്നു കയറുവാന്‍ കഴിയാഞ്ഞതിനാല്‍ തിരിച്ചു പോരേണ്ടി വന്നു.
തിരികെ അത്രയും ദൂരം നടന്ന് ദിറപുക്കില്‍ എത്തിയപ്പോള്‍ ക്യാമ്പ് ശരിക്കും വിജനമാണ്. ഞങ്ങള്‍ പോകുമ്പോള്‍, നിറയെ ആള്‍ക്കര്‍ ഉണ്ടായിരുന്ന ക്യാമ്പില്‍ ഇപ്പൊള്‍ ചെറിയ കുട്ടികളെ മാത്രം കണ്ടു. ഇനി 12 കി.മി. ദൂരം എങ്ങിനെ താഴെക്ക് ഇറങ്ങും എന്റെ കൃഷ്ണാ എന്ന് സങ്കടപ്പെടുമ്പോള്‍ അവിടെ രണ്ട് ടിബറ്റന്‍ യുവാക്കള്‍. ഒന്ന് ഒരു ബുദ്ധ ഭിക്ഷുവിന്റെ മെറൂണ്‍ നിറമുള്ള സന്യാസ വസ്ത്രം ധരിച്ചവനും, അപരന്‍, സാധരണ ടിബറ്റുകാരെ അപേക്ഷിച്ചു നല്ല ഉയരമുള്ളവനുമാണ്. അവര്‍ മോട്ടോര്‍ സൈക്കിള്‍ നന്നാക്കുകയാണ്. ആളൊന്നുക്കു 500 യുവാന്‍ തോതില്‍ ഞങ്ങളെ യമദ്വാര്‍ വരെ കൊണ്ടുപോയാക്കാം എന്നു പറഞ്ഞപ്പോല്‍, മറ്റൊന്നും ആലൊചിക്കാതെ, ഞാനും സരോജവും, അതില്‍ യാത്ര തുടങ്ങി. ഈ കൊല്ലം, കൈലാസത്തിന്റെ താഴ്‌വാരത്തില്‍, ദിറാപുക് വരെ ഇപ്പോള്‍, മോട്ടോര്‍ സൈക്കിളില്‍ സാധനങ്ങളും, ചിലപ്പോള്‍, ആള്‍ക്കാരേയും കൊണ്ടു പോകുന്നുണ്ട്. മല ഇറക്കവും, ദുര്‍ഘടമായ വഴിയും, എല്ലാം കൂടി ഈ മടക്ക യാത്ര വളരെ പേടി പെടുത്തുന്നതായിരുന്നു. നിര്‍ത്തിയും, വണ്ടി വളരെ മെല്ലെ ഓടിച്ചും എതാണ്ട് നാല് മണിക്കൂറെടുത്തു താഴെ എത്താന്‍. ഇതിനിടെ സരോജം കയറിയ വണ്ടിയും, അവളും കൂടി പല വട്ടം വീണു. ഇനി ഞാന്‍ ഇതില്‍ ഇല്ല, എന്നു പറഞ്ഞ അവളേയും, എന്റെ പുറകില്‍ ഇരുത്തി ആ യുവാവു താഴെ വരെ മെല്ലെ വണ്ടി ഓടിച്ചു കൊണ്ടു വന്നു. യാത്രയില്‍, ഈ കാഴ്ച്ച കണ്ടു മല കയറി വരുന്നവര്‍ നോക്കി നില്‍പ്പുണ്ടായിരുന്നു.ആരോ ഒരു കൂട്ടര്‍ ഫോട്ടോ എടുക്കട്ടെയെന്നും ചോദിച്ചു. ഞങ്ങള്‍ ഇടക്ക് വണ്ടി നിര്‍ത്തി വിശ്രമിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും കൈലാസ പരിക്രമത്തിന്നായി ടിബറ്റില്‍ എത്തിയ രണ്ട് ടിബറ്റന്‍ സ്ത്രീകളെ കണ്ടു. നിങ്ങള്‍ ഇന്ത്യയില്‍നിന്നല്ലെ എന്നു ഹിന്ദിയില്‍ സംസാരം തുടങ്ങിയ അവര്‍, തങ്ങള്‍ കര്‍ണാടകത്തിന്നടുത്തുള്ള കുശാല്‍ നഗറില്‍ നിന്നാണെന്നു പറഞ്ഞു. വളരെ സന്തോഷതോടെ വര്‍ത്തമാനം പറഞ്ഞു അവര്‍, പോട്ടെ എന്നു പറഞ്ഞു നീങ്ങിയപ്പോള്‍, ഞാന്‍ കൈയ്യില്‍ ഉണ്ടായിരുന്ന ഉണങ്ങിയ മുന്തിരിയുടെ പാക്കറ്റ് കൊടുത്ത് യാത്രയാക്കി. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ ആ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന കുട്ടികള്‍ ഞങ്ങളെ യമദ്വാറില്‍ നിന്ന് ഒരു കി.മി. മേലേ ആയി ഇറക്കിതന്നു. ഇങ്ങിനെ ഓടിക്കുന്നതു കണ്ടാല്‍ ചൈന പോലിസ് പിടിക്കും എന്നു പറഞ്ഞാണ് അത്രയും ദൂരെ ഇറക്കിയത്. ഒരു മൂന്ന് മണിയോടെ ക്യാമ്പില്‍ തിരിച്ച് എത്തിയപ്പോള്‍, കൂട്ടത്തില്‍ വരാതെ, കാമ്പില്‍ തന്നെ നിന്ന ഒരാളെ അസുഖമായി ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നറിഞ്ഞു. ഇവിടെ വൈദ്യ സഹായം ലഭിക്കേണമെങ്കില്‍, 400കി.മി. അപ്പുറത്തുള്ള സ്ഥലത്തെത്തണം. രണ്ട് ദിവസം മുന്‍പ് ഇതേ പോലെ സുഖമില്ലാതെ ആയ രണ്ട് പേരെ ഹെലികോപ്റ്ററില്‍ കൊണ്ടുപോയതിന് ഏകദേശം ആറ് ലക്ഷം രുപ ആയി എന്നു പറയുന്നതു കേട്ടു. ഇത്രയും വലിയ തുകക്കെന്തു ചെയ്യും ഭഗവാനെ എന്നു മനസ്സില്‍ വിചാരിച്ചു.
വൈകുന്നേരം, അഷ്ടപദം എന്ന മലനിരകള്‍ക്കടുത്ത് പോയി. ഇവിടെ നിന്നും കൈലാസത്തിന്റെ കിഴക്കന്‍ മുഖം വളരെ അടുത്തായി കാണാം. മിക്കവാറും ആള്‍ക്കാര്‍ ഇവിടെവരെ വന്നു, കൈലാസത്തിന്റെ ഏറ്റവും അടുത്ത ഈ ദൃശ്യം കണ്ട് മടങ്ങി പോവുക പതിവാണത്രെ. ഡോള്‍മാ പാസ് വരെ പോയി മടങ്ങേണ്ടി വന്നതിനെ കുറിച്ചു ഞാന്‍ ദു:ഖത്തോടെ സംസാരിക്കുമ്പോള്‍ പ്രസിദ്ധ വേദ പണ്ഡിതന്‍ ശ്രീകൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു സമാധാനിപ്പിച്ചത് ഇന്നും നന്ദിയോടെ ഓര്‍മിക്കുന്നു. ഒരു തവണ പോയി ശരിക്കും പരിക്രമം ചെയ്തില്ലേ, അതു മതി, അതല്ലെങ്കില്‍, രണ്ടാമതു ചെയ്തത് ശിവന്റെ അമ്പലമാണ് എന്നു കരുതുക. അവിടെ നമ്മള്‍ ഓവു മുറിച്ചു പ്രദക്ഷിണം ചെയ്യില്ലല്ലോ ഈ രണ്ട അര്‍ദ്ധപ്രദക്ഷിണങ്ങളാണ് ഒരു പ്രദക്ഷിണം.!
പിറ്റേന്ന് മാനസസരസ്സില്‍ എത്തി മറ്റു പരിക്രമം കഴിഞ്ഞെത്തുന്ന യാത്രികരെ കാത്ത് നില്‍ക്കുമ്പോഴാണ്, തലേന്ന് പോയ ഗോപിനാഥന്‍ മരിച്ചു പോയതറിഞ്ഞത്.. മനസ്സിന്നു വളരെ വിഷമം ഉണ്ടാകിയ ഒരു വാര്‍ത്തയായിരുന്നു അത്. ഡോള്‍മ കയറുവാന്‍ കഴിയാതെ ഞങ്ങള്‍, സരോജവും, ഞാനും ക്യാമ്പില്‍ മടങ്ങി എത്തിയപ്പോള്‍, ഗോപിനാഥനെ കാണുകയുണ്ടായി. കുറേശ്ശ ശ്വാസം മുട്ടല്‍ അനുഭവപെടുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
30-ാം തീയതി, അന്ന് പൗര്‍ണമിയാണ്. മാനസസരസ്സില്‍, ശ്രീപാര്‍വതിയും തോഴിമാരും കുളിക്കാന്‍ വരുന്ന രാത്രി ഈ പ്രാവശ്യം പോകുമ്പോഴും, ഇപ്പോളും, മാനസസരസ്സില്‍, കുളിക്കാന്‍ സാധിച്ചു. മാനസസരസ്സില്‍, ഞങ്ങളുടെ ക്യാമ്പിനടുത്ത് ഇപ്രാവശ്യം ഒരു നൂറോളം ക്യാമ്പുകള്‍ ഉണ്ടായിരുന്നു. രാത്രി ചുരുക്കം ചിലര്‍ ഉറക്കമൊഴിഞ്ഞു ദേവതകളെ കാണാന്‍ നിന്നെങ്കിലും, രാത്രി കുറെ ചെന്നപ്പോള്‍ എല്ലാവരും ടെന്റിലെക്കു മടങ്ങി. ശരിക്കു പറഞ്ഞാല്‍, കൂട്ടത്തിലൊരാളുടെ മരണം ക്യാമ്പില്‍ ആകെ ഒരു മൂകത സൃഷ്ടിച്ചു. പിറ്റേന്ന് നേരെ സാഗോയിലേക്കും അവിടെ നിന്നു ന്യാലത്തിലേക്കും പോയി. ഒടുക്കം, രാത്രി 12 മണിയോടെ ആണു സാഗ്മൊയില്‍ എത്തിയത്. പിറ്റേന്നു ചൈനക്കാരുടെ പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്തു കിട്ടുന്ന കടവു കൂടി കഴിഞ്ഞപ്പോള്‍, അവിടു നിന്നു തിരിച്ചു, വൈകീട്ടു 5 മണിയോടെ, കാഠ്മണ്ഡുവില്‍ എത്തിചേര്‍ന്നു. പിറ്റേന്നു തിരിച്ചു ദല്‍ഹിയിലും എത്തി.
മൂന്നാമത്തെ കൈലാസ ദര്‍ശനം കൊണ്ട് മനസ്സില്‍ പറഞ്ഞറിയിക്കുവാന്‍ സാധ്യമല്ലാത്ത ഒരു തൃപ്തി ആണുള്ളത്. നാം കൈലാസ പ്രാന്തങ്ങളില്‍ എത്തുമ്പോള്‍, മാനസസരോവരത്തിന്റെ കരയില്‍ നില്‍ക്കുമ്പോള്‍, നമ്മുടെ മനസ്സില്‍ ഒരു തരം ചിന്തയും...കുടുംബം, വീട്, കുട്ടികള്‍ ഒന്നും വരുന്നില്ലാ. എന്തെന്നില്ലാത്ത ഒരു ശാന്തി, നിശ്ശബ്ദത, സമാധാനം,,അതു മാത്രമാണു തോന്നിയിട്ടുള്ളത്. എന്തോ ഒരു പ്രത്യേക ആകര്‍ഷണം നമുക്കു തോന്നുന്നു എന്നതും, ഒരു സത്യമാണ് എത്രയോ ജന്മങ്ങളിലെ മോഹമായിരിക്കാം ഭഗവാന്‍ ഇതിലൂടെ സാധിപ്പിച്ചു തന്നത്. കാരണം ചുഴിഞ്ഞിറങ്ങി വിശകലനം ചെയ്യുമ്പോള്‍ ഇതൊന്നും എന്റെ മിടുക്കല്ല എന്നും, ഞാന്‍ അറിയാതെ എന്റെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹ പൂര്‍ത്തികരണത്തിന്നു ഭഗവാന്‍ തന്നെ എല്ലാ കാര്യങ്ങളും അടുപ്പിച്ചു തരുകയായിരുന്നു എന്നും ഇന്നു ഞാന്‍ അറിയുന്നു.!!
അന്യധാ ശരണം നാസ്തി,
ത്വമേവ ശരണം മമ,
തസ്മാല്‍ കാരുണ്യ ഭാവേന
രക്ഷ , രക്ഷ, മഹാ പ്രഭോ
