കൊട്ടണമെന്നുണ്ട്...

Posted on: 02 May 2012


തൃപ്പേക്കുളം അച്യുതമാരാര്‍ കേരളത്തിലെ പ്രസിദ്ധമായ എല്ലാ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും മേളപ്രമാണിത്വം വഹിച്ച വാദ്യകുലപതി. ഇരിങ്ങാലക്കുടയിലെ വസതിയില്‍ മക്കളും പേരക്കുട്ടികള്‍ക്കുമൊപ്പം താമസിക്കുമ്പോഴും തിമിലയിലും ചെണ്ടയിലുമായി വര്‍ഷങ്ങളോളം തിരുവമ്പാടി വിഭാഗത്തിലെ അവിഭാജ്യമായിരുന്ന തൃപ്പേക്കുളത്തിന് പൂരം ഇന്നും ആവേശംതന്നെയാണ്. എണ്‍പത് കഴിഞ്ഞിട്ടും പൂരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുളിവുകള്‍ വീണ് ചെറുതായ കണ്ണുകളില്‍ വല്ലാത്ത തിളക്കം.

പൂരത്തെ വെല്ലാന്‍ മറ്റൊന്നും കേരളത്തിലില്ല... എല്ലാം പൂരമല്ലേ... തൃപ്പേക്കുളം പറഞ്ഞുതുടങ്ങി. തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായിരുന്ന തൃപ്പേക്കുളം ആദ്യം പൂരത്തിന് തിമില വായിക്കാനാണ് പോയത്. ആശാന്‍ അന്നമനട അച്യുതമാരാരായിരുന്നു അന്നത്തെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി. ഒരുദിവസം അദ്ദേഹം വിളിച്ചുപറഞ്ഞു. 'അച്ച്വോ...പൂരത്തിന് വാ...തിമില കൊട്ടണം....അങ്ങന്യാ പൂരത്തിന് ചെല്ലുന്നത്...' പണ്ടും ഇന്നും പൂരത്തിന്റെ നിയമങ്ങള്‍ക്കും സമയക്രമങ്ങള്‍ക്കും യാതൊരു മാറ്റവുമില്ല. രാവിലെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഇറങ്ങും. മഠത്തില്‍വരവിലെ പഞ്ചവാദ്യവും എഴുന്നള്ളിപ്പും തുടങ്ങ്വാ പതിനൊന്നേമുക്കാലിനാ... പിന്നെ മൂന്നുമണിക്കൂര്‍... രണ്ടേമുക്കാലിന് നായ്ക്കനാലിലെത്തുന്നതോടെ പഞ്ചവാദ്യം അവസാനിക്കും. പിന്നെ മേളാ... അന്നത്തെ പ്രസിദ്ധരായ പഞ്ചവാദ്യം മേളക്കാരായിരുന്നു അന്നമനട പീതാംബരമാരാര്‍, പൊറത്തുവീട്ടില്‍ നാണുമാരാര്‍, അച്യുതമാരാര്‍. അങ്ങനെ, ഇവരോടൊപ്പമാണ് തുടക്കം. തിമില കൊട്ടിയതിന് ആദ്യം കിട്ടിയത് ആറുരൂപയാണ്. പിന്നെ പന്ത്രണ്ടുവര്‍ഷക്കാലം തിരുവമ്പാടി വിഭാഗത്തിനൊപ്പം തിമില കൊട്ടി. അന്നൊക്കെ പൂരത്തിന് മേളക്കാര്‍ കൂടുതലായിരുന്നു. പ്രതിഫലം മോഹിച്ചല്ല അന്ന് പൂരത്തില്‍ പങ്കെടുത്തിരുന്നത്. മിക്കവരും ദരിദ്രരായിരുന്നു. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും പാരിതോഷികവും അന്നത്തെ മേളക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇന്ന് കഥ മാറി. പൂരത്തില്‍ പങ്കെടുക്കുന്ന മേളക്കാര്‍ക്ക് പണവും പ്രശസ്തിയും. പന്ത്രണ്ടുവര്‍ഷം കൊട്ടിക്കഴിഞ്ഞപ്പോള്‍ പഞ്ചവാദ്യത്തിന് കൊട്ടാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. മേളക്കാര്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്തുതന്നെ കാരണം. 22 കൊല്ലത്തിലേറെ തിമില കൊട്ടിയ തൃപ്രയാര്‍ രാഘവമാരാരെ മേളപ്രമാണിയായിരുന്ന അന്നമനട പീതാംബരമാരാര്‍ മാറ്റി പുതുമുഖമായ കലാമണ്ഡലം പരമേശ്വരമാരാരെ (അന്നമനട പരമേശ്വരമാരാര്‍) മുന്‍നിരയില്‍ തന്റെ തൊട്ടടുത്തു നിര്‍ത്തി കൊട്ടിച്ചു. പക്ഷേ, പീതാംബരമാരാരെ ആരും എതിര്‍ക്കില്ല. അത് കൊട്ടുകാരായാലും ദേവസ്വക്കാരായാലും. അതുകൊണ്ട് അത് ആരും ചോദ്യംചെയ്തില്ല. പക്ഷേ, ഞാനടക്കമുള്ള കുറച്ചുപേര്‍ വരുംവര്‍ഷം പോകേണ്ടെന്ന് തീരുമാനിച്ചു. അടുത്തവര്‍ഷം 15 പേരുടെ സ്ഥാനത്ത് ഏഴുപേരാണ് തിമില കൊട്ടാനെത്തിയത്. രാവിലെ മേളം കഴിഞ്ഞപ്പോള്‍ ദേവസ്വക്കാര്‍ കാറെടുത്തുപോയി ഓടിനടന്നാണ് രാത്രിയില്‍ 15 പേരെ കൊട്ടാന്‍ സംഘടിപ്പിച്ചത്. പിന്നെ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മേളത്തിന് ആളില്ലാതെയായി. കാരയ്ക്കാട്ട് ഈച്ചരമാരാരായിരുന്നു തിരുവമ്പാടിയുടെ മേളപ്രമാണി. അദ്ദേഹം മരിച്ചതോടെയാണ് ആളില്ലാത്ത അവസ്ഥ വന്നത്. അന്നത്തെ മേളാസ്വാദകരും കൊമ്പ്‌വായനക്കാരനായ മച്ചാട് അപ്പുനായരും മറ്റൊരാളുമുണ്ട്. പൊക്കം കുറവാണ്; പക്ഷേ നല്ല മേളക്കാരനാണെന്ന് പറഞ്ഞാണ് എന്നെ കാണാന്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് മാധവന്‍കുട്ടിമാഷും സെക്രട്ടറി വിജയനും വന്നത്. വന്ന് കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. അപ്പോള്‍ എല്ലാം ഉറപ്പിച്ചോ. അവര് മൂളി. നിങ്ങള് പറഞ്ഞാല്‍ ഞാന്‍ വരാം. പക്ഷേ, നിങ്ങള് പോകാന്‍ പറയുമ്പോ പോകാന്‍ എന്നെ കിട്ടില്ല. എനിക്ക് വയ്യാതാകുന്നതുവരെ ഞാന്‍ കൊട്ടും. പറ്റാതെയാകുമ്പോള്‍ ഞാന്‍ പറയും പോകുകയാണെന്ന്. അത് സമ്മതിച്ചാല്‍ വരാം. അവരത് സമ്മതിച്ചു. പിന്നെ പതിനാലുവര്‍ഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി. ഒരിക്കല്‍ വീടിന്റെ മുന്നില്‍ മഴയില്‍ കാല്‍ വഴുതിവീണു. അതോടെ കാലിടറി. അധികനേരം നില്‍ക്കാന്‍ പറ്റാതെയായി. അതോടെ ഒഴിഞ്ഞു. പൂരത്തിന് കൊട്ടാന്‍ പോകുമ്പോള്‍ കൂടെ ഇലത്താളം കൊട്ടുന്ന ഒരാളെക്കൂടി കൊണ്ടുപോകും-ചെണ്ടപിടിക്കാന്‍. അന്ന് ഇന്നത്തെപ്പോലെ റൗണ്ടിലേയ്ക്ക് ബസ്സില്ല; നടക്കണം. മഠത്തില്‍വരവ് നായ്ക്കനാലില്‍ എത്തി സമാപിച്ചശേഷം രണ്ടര, മൂന്നുമണിയോടെയാണ് മേളം തുടങ്ങുക. പിന്നെ, ശ്രീമൂലസ്ഥാനത്തെത്തുംവരെ രണ്ടര, മൂന്നുമണിക്കൂര്‍ മേളം. എങ്കിലും രാവിലെ ചെല്ലും. നെയ്തലക്കാവോ ചൂരക്കോട്ടുകാവോ അങ്ങനെ ഏതെങ്കിലും ചെറുപൂരങ്ങളില്‍ കൊട്ടാന്‍ പോകും. പടിഞ്ഞാറെ നടക്കാവിന്ന് അയ്യന്തോളിന്റെ പഞ്ചവാദ്യം കൊട്ടും. അതീന്ന് കുറച്ചുകാശ് വേറെ കിട്ടും. അച്യുതമാരാര്‍ ചിരിച്ചു. കാലിന് വയ്യാതെയായി മേളം വേണ്ടാന്നുവെച്ച് പോരുമ്പോള്‍ 2,000 രൂപ തന്നു. അത് ആറുരൂപ ഓരോ വര്‍ഷവും കൂടിയിട്ടാണ് ഇത്രയായത്. ഇന്നതൊക്കെ മാറി. ഇപ്പോള്‍ ചോദിച്ചുവാങ്ങലല്ലേ. പക്ഷേ, പൂരത്തിന്റെ ലഹരി, അത് മേളത്തിലായാലും ആനകളുടെ കാര്യത്തിലായാലും കുടമാറ്റമായാലും മറ്റെന്തുതന്നെയായാലും. ആളുകളില്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് പൂരത്തിന്റെ മഹിമ -അച്യുതമാരാര്‍ പറഞ്ഞുനിര്‍ത്തി. കൊട്ടണമെന്നുണ്ട്. അതിനുള്ള മനസ്സുമുണ്ട്. പക്ഷേ, ശരീരം- അതാ പ്രശ്‌നം. മേളത്തോടുള്ള തന്റെ ഒടുങ്ങാത്ത അഭിനിവേശം അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല.

കെ.ബി. ദിലീപ്കുമാര്‍








MathrubhumiMatrimonial