ധീരര്‍ക്ക് പ്രണാമം - മാതൃഭൂമി മുഖപ്രസംഗം

Posted on: 30 Nov 2008


ഭീകരരുടെ തോക്കിന് മുന്നില്‍ നാടു വിറങ്ങലിച്ചു നിന്ന മണിക്കൂറുകളില്‍ സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായി പോരിനിറങ്ങി അനിവാര്യമായ വിജയത്തിലേക്ക് ജന്മനാടിനെ നയിച്ച സുരക്ഷാ ഭടന്മാരുടെ ത്രസിപ്പിക്കുന്ന സ്മരണയുടെ മുന്നില്‍ നമുക്ക് ശിരസ്സു കുനിക്കാം. മുംബൈയില്‍ കൂട്ടക്കുരുതിക്ക് ഒരുങ്ങിയെത്തിയ ഭീകരരെ നേരിട്ട് കീഴ്‌പ്പെടുത്തിയതില്‍ പ്രധാനപങ്ക് വഹിച്ചത് ദേശീയ സുരക്ഷാസേനയിലെയും (എന്‍.എസ്.ജി.), മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയിലെയും (എ.ടി.എസ്.) അംഗങ്ങളാണ്. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ പതിനഞ്ചിലേറെ സുരക്ഷാപ്രവര്‍ത്തകരുടെ ജീവനാണ് ഈ പോരാട്ടത്തില്‍ പൊലിഞ്ഞത്. മഹാരാഷ്ട്ര ഭീകരവിരുദ്ധസേനാത്തലവന്‍ ഹേമന്ത് കാര്‍ക്കരെ, അഡീഷണല്‍ കമാന്‍ഡര്‍ അശോക് കാംതെ, ഏറ്റുമുട്ടല്‍ വിദഗ്ധനായ വിജയ്‌സലാസ്‌കര്‍, ദേശീയസുരക്ഷാ സേനയിലെ കമാന്‍ഡോ ഗജേന്ദ്രസിങ്ങ് എന്നിവരുടെ പേരു കൂടി എടുത്തു പറയാതിരിക്കാനാവില്ല.

ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകനെ രക്ഷിച്ച് വീണ്ടും മുന്നോട്ട് നീങ്ങവെയായിരുന്നു കോഴിക്കോട് സ്വദേശിയായ മേജര്‍ സന്ദീപിന് വെടിയേറ്റത്. 1999-ല്‍ കരസേനയില്‍ ചേര്‍ന്ന സന്ദീപ് 2007 ലാണ് ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ ആയത്. സന്ദീപിന് പേടിയെന്തെന്നറിയില്ലായിരുന്നെന്ന് അച്ഛന്‍ കണ്ണമ്പത്ത് ഉണ്ണികൃഷ്ണന്‍ പറയുന്നു. ധീരനായ മകനെ നഷ്ടമായപ്പോഴും അവന് വേദനിക്കരുതെന്നു കരുതി ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെ നിന്ന ആ അച്ഛന്റെ മനസ്സിന്റെ വിങ്ങല്‍ മലയാളികളോരോരുത്തരും ഏറ്റുവാങ്ങുകയാണ്. ഏറ്റുമുട്ടലിന്റെ ആദ്യദിനത്തില്‍ത്തന്നെയാണ് ഭീകരവിരുദ്ധ സേനാ തലവന്‍ ഹേമന്ത് കാര്‍ക്കരെയെയും കൂട്ടാളികളെയും നമുക്ക് നഷ്ടമാവുന്നത്. ഭീകരര്‍ കാമാ ആസ്​പത്രി കയ്യടക്കിയെന്നറിഞ്ഞ് അവിടേക്ക് രക്ഷാസംഘത്തെ നയിക്കവെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്. ഹെല്‍മെറ്റും രക്ഷാകവചവുമണിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നീങ്ങിയ കാര്‍ക്കരെയുടെ ചിത്രം മറക്കാനാവില്ല. നരിമാന്‍ ഹൗസില്‍ ബന്ദിയാക്കപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കവെ ജീവന്‍ നഷ്ടപ്പെട്ടയാളാണ് ദേശീയ സുരക്ഷാ ഗ്രൂപ്പിലെ കമാന്‍ഡോ ആയ ഹവില്‍ദാര്‍ ഗജേന്ദ്രസിങ്.

മുംബൈയില്‍ ഭീകരപ്രവര്‍ത്തകരെ എതിരിട്ടു തോല്പിക്കാന്‍ നമ്മുടെ സുരക്ഷാ സൈനികര്‍ നടത്തിയ പോരാട്ടം നാം വാര്‍ത്താമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞു. താജ്‌ഹോട്ടലില്‍ വന്‍ സേ്ഫാടനത്തില്‍ തീയും പുകയും ഉയരുമ്പോള്‍ അകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ അവിടേക്ക് ഓടിക്കയറുകയായിരുന്നു സൈനിക കമാന്‍ഡോകള്‍ . വിശാലമായ ആ ഹോട്ടലിന്റെ മുറികളുടെ വിന്യാസത്തിന്റെ മാപ്പ് കൈയില്‍ കിട്ടിയെങ്കിലും അത് പഠിക്കാനവര്‍ക്ക് സമയം കിട്ടിയോ എന്ന് സംശയം. തീവ്രവാദികളാകട്ടെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ ഓരോ ഒളിയിടവും കണ്ടു വെച്ചിട്ടുമുണ്ട്. കൊളാബയിലെ നരിമാന്‍ ഹൗസിനു മുകളിലേക്ക് ഹെലികോപ്ടറില്‍ തൂങ്ങിയിറങ്ങുന്ന കമാന്‍ഡോകളുടെ ചിത്രം അടുത്തൊന്നും മനസ്സില്‍ നിന്ന് മായില്ല. കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ അവര്‍ ഇറങ്ങുമ്പോള്‍ താഴെ സേ്ഫാടനം നടക്കുന്നു. മരിക്കാന്‍ മടിയില്ലാത്ത ഭീകരര്‍ കെട്ടിടമാകെ സേ്ഫാടനത്തില്‍ തകര്‍ക്കുമോ, കെട്ടിടം തകര്‍ന്നാല്‍ ഈ യുവാക്കളുടെ അവസ്ഥയെന്താവും എന്ന പേടിയോടെ നെഞ്ചില്‍ തീയുമായാകും നമ്മുടെ നാട്ടിലെ അച്ഛനമ്മമാര്‍ ആ ദൃശ്യം കണ്ടിട്ടുണ്ടാവുക. ആ യത്‌നനത്തിനിടയില്‍ നരിമാന്‍ ഹൗസില്‍ കൊല്ലപ്പെട്ട ഗജേന്ദ്രസിങ്ങിന്റെ മാതാപിതാക്കളുടെ മനസ്സിനൊപ്പം നമ്മുടെ ഹൃദയവും തേങ്ങുകയാണ്.

മുംബൈ ആക്രമണം അമര്‍ച്ച ചെയ്യുന്നതിനിടെ സൈനികരും പോലീസുദ്യോഗസ്ഥരുമായി 17 സുരക്ഷാപ്രവര്‍ത്തകരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം മുന്നില്‍ കണ്ടിട്ടും സ്വമനസ്സാലെ സംഘത്തെ നയിക്കുകയും,ഭീകരപ്രവര്‍ത്തകരോട് പൊരുതുകയും ചെയ്തവരാണിവര്‍. ഇവരുടെ സമര്‍പ്പണ മനോഭാവം മറ്റെല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ്. ഇവരുടെ ധൈര്യം നമുക്ക് പ്രതീക്ഷയേകുന്നു. ഇവരുടെ പരിശ്രമം നമ്മെ സുരക്ഷിതരാക്കുന്നു. ജന്മനാടിനു വേണ്ടി വീരമൃത്യു വരിച്ച ഈ സൈനികരുടെ വീട്ടുകാരുടെ ദുഃഖത്തില്‍ 'മാതൃഭൂമി'യും പങ്കു ചേരുകയാണ്. ധീരന്മാര്‍ക്ക് മാതൃഭൂമിയുടെ പ്രണാമം.



MathrubhumiMatrimonial