
ഐ.എസ്.ഐ. മേധാവി വരില്ല; പകരം പ്രതിനിധി
Posted on: 30 Nov 2008
പാകിസ്താന്റെ നിലപാടുമാറ്റം: പിന്നില്‍ സൈന്യം
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുന്നതിന് ഐ.എസ്.ഐ. മേധാവിയെ ഇന്ത്യയിലേക്കയയ്ക്കാമെന്ന തീരുമാനം പാകിസ്താന്‍ മാറ്റാന്‍ കാരണം സൈന്യത്തിന്റെ എതിര്‍പ്പാണെന്നു സൂചന.
പാകിസ്താന്‍ രഹസ്യാന്വേഷണസംഘടനയായ ഐ.എസ്.ഐ.യുടെ മേധാവി ഷുജ പാഷയെ ഇന്ത്യയിലേക്കയയ്ക്കാമെന്നാണ് പ്രധാനമന്ത്രി യൂസഫ്‌റസ ഗീലാനി പറഞ്ഞിരുന്നത്. ആ തീരുമാനം മാറ്റിയ പാകിസ്താന്‍ പകരം ഐ.എസ്.ഐ.യുടെ പ്രതിനിധിയെ ഇന്ത്യയിലേക്കയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഐ.എസ്.ഐ. തലവനെ ഇന്ത്യയിലേക്കയയ്ക്കാന്‍ സമ്മതിച്ചത്. എന്നാല്‍ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സൈനികമേധാവി അഷ്ഫാഖ് പര്‍വെസ് കയാനിയും ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ആ തീരുമാനം മാറ്റുകയാണുണ്ടായത്. ഐ.എസ്.ഐ. മേധാവി ഇന്ത്യയിലെത്തുമെന്ന വാര്‍ത്ത വന്നത് ആശയവിനിമയത്തിലുണ്ടായ തെറ്റിദ്ധാരണമൂലമാണെന്നാണ് സര്‍ദാരി നല്‍കുന്ന വിശദീകരണം.
പ്രധാനമന്ത്രി ഗീലാനിയുടെ തീരുമാനത്തെ പി.എം.എല്‍.-എന്‍., പി.എം.എല്‍.-ക്യു., ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ രാഷ്ട്രീയകക്ഷികള്‍ വിമര്‍ശിച്ചിരുന്നു. സൈന്യവുമായി കൂടിയാലോചിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതിനെ സൈനികനേതൃത്വം ചോദ്യം ചെയെ്തന്നാണ് അറിയുന്നത്. ഇത് ഇന്ത്യക്കു കീഴടങ്ങലാകുമെന്നും വിമര്‍ശനമുയരുകയും ചെയ്തു.
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുള്ളതായി വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് പങ്കുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.
അതിനിടെ, ആക്രമണത്തില്‍ പാകിസ്താനുള്ള പങ്കിനെ കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഗീലാനി അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിലുള്ള പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ യോഗത്തില്‍ പങ്കെടുപ്പിക്കാനായി ഗീലാനി തന്റെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് അയച്ചു. പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താനാണ് മന്ത്രിസഭ യോഗം ചേരുന്നത്.
