കമാന്‍ഡോകള്‍ രക്ഷപ്പെടുത്തിയത് 610 പേരെ

Posted on: 30 Nov 2008


മുംബൈ: ഭീകരര്‍ ബന്ദികളാക്കിയ 610 പേരെയാണ് സുരക്ഷാസേന മോചിപ്പിച്ചത്. ഒബ്‌റോയി ഹോട്ടലില്‍നിന്ന് 250 പേരെയും താജില്‍നിന്ന് 300 പേരെയും നരിമാന്‍ഹൗസില്‍നിന്ന് 60 പേരടങ്ങുന്ന 12 കുടുംബങ്ങളെയുമാണ് രക്ഷപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരില്‍ ജര്‍മനിയിലെയും ഇസ്രായേലിലെയും മൂന്നുപേര്‍ വീതവും കാനഡയിലെ രണ്ടു പേരും ഉണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇറ്റലി, ചൈന, തായ്‌ലന്‍ഡ്, മൗറീഷ്യസ്, സിംഗപ്പൂര്‍ എന്നീ രാജ്യക്കാരായ ഓരോ ആളും കൊല്ലപ്പെട്ടു.

മരിച്ചവരില്‍ രണ്ടു വിദേശികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാതെ ജെ.ജെ.ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ഇതില്‍ എട്ടു മൃതദേഹങ്ങള്‍ ഭീകരന്‍മാരുടേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് ഭുഷണ്‍ഗഗ്‌റാനി പറഞ്ഞു. 162 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇവിടെ നടത്തി. 127 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി.

മുംബൈയില്‍ പിടികൂടിയ ഭീകരന്‍ പാകിസ്താനില്‍ നിന്നുള്ള ആളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നുകിട്ടിയ സെല്‍ഫോണുകളും മറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി എം.എല്‍.കുമാവത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.






MathrubhumiMatrimonial