മേജര്‍ സന്ദീപിന് അന്ത്യാഞ്ജലി

Posted on: 30 Nov 2008

പി.എസ്. ജയന്‍



ബാംഗ്ലൂര്‍: തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാജ്യം വീരോചിതമായ വിട നല്കി. ഭാരതമാതാവിന് ജയ്‌വിളിച്ചും ധീരയൗവനത്തിന് അമരത്വം നേര്‍ന്നും എത്തിയ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സന്ദീപിന്റെ മൃതദേഹം ഹെബ്ബാളിലെ വൈദ്യുതിശ്മശാനത്തില്‍ എരിഞ്ഞടങ്ങി.
മുംബൈ താജ്‌ഹോട്ടലില്‍ വ്യാഴാഴ്ച നടന്ന 'ബ്ലാക്ക് ടൊര്‍ണാഡോ' കമാന്‍ഡോ ഓപ്പറേഷനില്‍ തീവ്രവാദികളെ തുരത്തവേയാണ് ദേശീയ സുരക്ഷാസേനയിലെ മേജറായ സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ മരിച്ച സന്ദീപിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി പത്തിന് യലഹങ്കയിലെ എയര്‍ഫോഴ്‌സ് ബേസില്‍ കൊണ്ടുവന്നു. എയര്‍പോര്‍ട്ട് റോഡിലെ കമാന്‍ഡ് ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഒട്ടേറെ സൈനികവാഹനങ്ങളുടെ അകമ്പടിയില്‍ വിലാപയാത്രയായി നാഗനഹള്ളി ഐ.എസ്.ആര്‍.ഒ. ലേ ഔട്ടിലെ വീട്ടിലെത്തിച്ചു. ദേശീയപതാകയില്‍ പൊതിഞ്ഞ്, ചെണ്ടുമല്ലിഹാരങ്ങള്‍ അണിയിച്ചാണ് മൃതദേഹപേടകം സന്ദീപിന്റെ വീട്ടിലെത്തിച്ചത്. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന സന്ദീപിന്റെ വന്‍ സുഹൃദ്‌വലയവും അച്ഛന്‍ ഉണ്ണികൃഷ്ണന്റെയും അമ്മ ധനലക്ഷ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും നിറമിഴികളോടെ സന്ദീപിന്റെ മൃതദേഹം ഏറ്റുവാങ്ങി. അള്‍സൂര്‍ ഫ്രാങ്ക് ആന്റണീസ് സ്‌കൂളിലെയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും സന്ദീപിന്റെ കൂട്ടുകാര്‍ പ്രിയസുഹൃത്തിന്റെ വേര്‍പാടില്‍ വിതുമ്പി. ഏകമകന്റെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാനാവാത്തവിധം ധനലക്ഷ്മി കെട്ടിപ്പിടിച്ചുകരഞ്ഞു.
രാവിലെ പതിനൊന്നുമണിയോടെ ബാംഗ്ലൂരിലെ പാരച്യൂട്ട് റെജിമെന്റിലെയും മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെയും സൈനികരുടെ നേതൃത്വത്തില്‍ സന്ദീപിന്റെ മൃതദേഹം ഹെബ്ബാള്‍ വൈദ്യുതിശ്മശാനത്തിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഇരുവശവും സന്ദീപിന്റെ കൂറ്റന്‍പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടായിരുന്നു. ശ്മശാനമുറ്റത്ത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തിയപ്പോള്‍ മിലിട്ടറി ബാന്‍ഡ് ആചാരവാദ്യം മുഴക്കി. എം.ഇ.എസ്സിലെ സൈനികര്‍ മൂന്നുവട്ടം ആചാരവെടി മുഴക്കി. പന്ത്രണ്ടേകാലിന് അച്ഛന്‍ ഉണ്ണികൃഷ്ണന്റെ അനുമതിയോടെ സൈന്യം സന്ദീപിന്റെ മൃതദേഹം ശ്മശാനത്തിന്റെ അറയിലേക്ക് നീക്കിവെച്ചു. കന്നഡ രക്ഷണ വേദികെ ഉള്‍പ്പെടെയുള്ള കന്നഡ സംഘടനകളും നിരവധി മലയാളി സംഘടനകളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, എകൈ്‌സസ് മന്ത്രി കട്ടസുബ്രഹ്മണ്യനായിഡു, രാജ്യസഭാ ഉപാധ്യക്ഷന്‍ റഹിം ഖാന്‍, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, കെ.പി.സി.സി. പ്രസിഡന്റ് ദേശ്പാണ്ഡെ, എ.ഐ.സി.സി. വക്താവ് വീരപ്പമൊയ്‌ലി, ബി.ജെ.പി. ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ തുടങ്ങിയവര്‍ സന്ദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മേജര്‍ സന്ദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കേരളസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരുമെത്തിയിരുന്നില്ല.






MathrubhumiMatrimonial