
നരിമാന്‍ ഹൗസും ട്രൈഡന്റും ഒഴിപ്പിച്ചു; താജില്‍ പോരാട്ടം തുടരുന്നു
Posted on: 29 Nov 2008

ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ദേശീയ സുരക്ഷാ സേനയുടെ (എന്‍.എസ്.ജി) രണ്ടുപേര്‍ വെള്ളിയാഴ്ച വെടിയേറ്റു മരിച്ചു. എന്‍.എസ്.ജി.യിലെ മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ (31), കമാന്‍ഡോ ചന്ദര്‍ എന്നിവരാണ് മരിച്ചത്. ആറു കമാന്‍ഡോകള്‍ക്ക് പരിക്കുണ്ട്.
നാല്പതിലേറെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ട്രൈഡന്റ് ഹോട്ടല്‍ സുരക്ഷാസേന പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഇവിടെ കടന്നുകൂടിയ രണ്ടു ഭീകരരെ വെടിവെച്ചുകൊന്നതായി എന്‍.എസ്.ജി. ഡയറക്ടര്‍ ജനറല്‍ ജെ.കെ. ദത്ത് പറഞ്ഞു. ഹോട്ടലില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. എ.കെ. 47 തോക്കുകള്‍, പിസ്റ്റള്‍, സേ്ഫാടകവസ്തുക്കള്‍ എന്നിവ പിടിച്ചിട്ടുണ്ട്. ഹോട്ടലില്‍ ബന്ദികളാക്കപ്പെട്ട 35 പേരെ സുരക്ഷിതമായി ഒഴിപ്പിച്ച് ബോംബെ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി.
താജ്‌ഹോട്ടലിലെ താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചുവെങ്കിലും ഇവിടെ കടന്നുകൂടിയ ഭീകരരുമായി കമാന്‍ഡോകള്‍ പകല്‍ മുഴുവന്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇടയ്ക്കിടെ സേ്ഫാടനങ്ങളും അഗ്നിബാധയുമുണ്ടായത് ആശങ്ക പടര്‍ത്തി.
കൊളാബയില്‍ ജൂതവിഭാഗക്കാരുടെ കേന്ദ്രമായ നരിമാന്‍ ഹൗസിലാണ് വെള്ളിയാഴ്ച രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ശക്തമായ വെടിവെപ്പ് തുടര്‍ന്ന സാഹചര്യത്തില്‍ എന്‍.എസ്.ജി. കമാന്‍ഡോകളെ ഹെലികോപ്റ്റര്‍ മാര്‍ഗം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഇറക്കുകയാണുണ്ടായത്. ഇവിടെ തമ്പടിച്ച രണ്ടു ഭീകരരെ കമാന്‍ഡോകള്‍ വധിച്ചു. അഞ്ചു ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എന്‍.എസ്.ജി. വൃത്തങ്ങള്‍ അറിയിച്ചു. 48 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നരിമാന്‍ ഹൗസ് മോചിപ്പിച്ചത്. ഭീകരര്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കമാന്‍ഡോകള്‍ അഞ്ചോളം തവണ സേ്ഫാടനവും നടത്തി. ഇവിടെ ബന്ദിയാക്കപ്പെട്ടിരുന്ന ജൂത പുരോഹിതനും ഭാര്യയും മരിച്ചതായി സംശയിക്കുന്നു.
ഭീകരാക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളിലുമായി 150ലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. ഇവരില്‍ എട്ടുപേര്‍ വിദേശികളാണ്. 'യെസ്' ബാങ്ക് ചെയര്‍മാന്‍ അശോക് കപൂര്‍, ബ്രിട്ടീഷുകാരനായ പ്രമുഖ ആഡംബരക്കപ്പല്‍ ഉടമ ആന്‍ഡ്രിയാസ് ലിവറസ് എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ച രാത്രി സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ തിരുവനന്തപുരത്തുകാരായ അച്ഛനും മകനും മരിച്ചതായി തിരിച്ചറിഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പാക് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ഫരീദ്‌കോട്ട് സ്വദേശിയായ അജ്മല്‍ അമീര്‍ കമാല്‍ എന്നയാളും ഇവരിലുള്‍പ്പെടുന്നു. മൂന്നുപേരും ലഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിലെ കറാച്ചിയില്‍നിന്ന് വിയറ്റ്‌നാമിലേക്ക് പോയ കപ്പലിലാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. പാക് ബന്ധമുള്ള തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ വിറച്ച മുംബൈ വെള്ളിയാഴ്ച ഏറെക്കുറെ പതിവുനിലയിലേക്ക് മടങ്ങി. സ്‌കൂളുകളും ഓഫീസുകളും ഓഹരിവിപണികളും പ്രവര്‍ത്തിച്ചു. എന്നാല്‍ ഉച്ചയോടെ സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും വെടിവെപ്പു നടക്കുന്നുണ്ടെന്ന അഭ്യൂഹം ആശങ്ക വിതച്ചു.
ഭീകരര്‍ക്കെതിരായ കമാന്‍ഡോ ഓപ്പറേഷന്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് എന്‍.എസ്.ജി.യുടെ 124 കമാന്‍ഡോകളെക്കൂടി വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് മുബൈയിലെത്തിച്ചു. ഇവരുടെ നേതൃത്വത്തിലാണ് നരിമാന്‍ ഹൗസില്‍ നടപടികളുണ്ടായത്. ഇവിടെ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന് മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ പറഞ്ഞു.
മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഭീകരവിരുദ്ധ സേനയെ സഹായിക്കാന്‍ യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധ രും ഇന്ത്യയിലെത്തും. അന്വേഷണം ഏകോപിപ്പിക്കാന്‍ ഇവര്‍ സഹായിക്കും.
ഭീകരാക്രമണം നടന്നപ്പോള്‍ താജ് ഹോട്ടലിലായിരുന്ന വനിതാ പത്രപ്രവര്‍ത്തക സബീന സെഹ്ഗാള്‍ സൈക്കിയയെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകയാണ് ഇവര്‍.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വെള്ളിയാഴ്ച മുംബൈ സന്ദര്‍ശിച്ചു. ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ച പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കായി ഒരു കോടി രൂപ സഹായധനം അദ്ദേഹം പ്രഖ്യാപിച്ചു.
