
വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം നിര്‍ത്തി
Posted on: 29 Nov 2008
മുംബൈ: മുംബൈയില്‍ പലയിടത്തായി ഭീകരാക്രമണം നടക്കുന്നു എന്ന തെറ്റായ വിവരം നഗരത്തിലാകെ പരന്നതിനെത്തുടര്‍ന്ന് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ വെടിവെക്കുന്നു എന്ന വിവരമാണ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വെടിവെപ്പ് ആരംഭിച്ചിട്ടുണ്ടെന്ന അഭ്യൂഹവും പരന്നു. ഇതോടെ പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ടെലിവിഷനില്‍നിന്ന് വാര്‍ത്താ ചാനലുകള്‍ അപ്രത്യക്ഷമായത്. എന്നാല്‍, വിനോദ ചാനലുകള്‍ ലഭ്യമായിരുന്നു. വൈകിട്ട് നാലുമണിയോടെ വാര്‍ത്താ ചാനലുകള്‍ വീണ്ടും സംപ്രേഷണം ആരംഭിച്ചു.
