ഗേറ്റ്‌വേയില്‍ വെടിയൊച്ചകള്‍ മാത്രം

Posted on: 29 Nov 2008


മുംബൈ: മഹാനഗരത്തിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു ഗേറ്റ് വേ ഓഫ് ഇന്ത്യയും തൊട്ടു മുന്നിലെ താജ്മഹല്‍ ഹോട്ടലും. ജനനിബിഡമായ സായാഹ്നങ്ങള്‍ ഗേറ്റ്‌വേയുടെ പ്രത്യേകത. കമിതാക്കളും നവദമ്പതിമാരും കുടുംബങ്ങളും ഇവിടേക്ക് പതിവായി ഒഴുകി. ഗേറ്റ് വേക്ക് മുമ്പില്‍നിന്ന് ഒരു ഫോട്ടോ, താജിന്റെ മകുടം ഉള്‍ക്കൊള്ളുന്ന മറ്റൊരു ചിത്രം, ധാന്യങ്ങള്‍ തിന്നുന്ന പ്രാവുകള്‍ക്കൊപ്പം വേറൊരു ഫോട്ടോ. താജ് ഹോട്ടലിനു മുന്നിലെ റോഡിലൂടെ കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങളും മുഴങ്ങി. അതെല്ലാം രണ്ടുനാളായി ഓര്‍മകള്‍ മാത്രം. ബുധനാഴ്ച രാത്രി മുതല്‍ ഈ മേഖല യുദ്ധക്കളമായി മാറി.

മഹാരാഷ്ട്ര പോലീസിന്റെ ആസ്ഥാനം മുതല്‍ ഈ ഭാഗത്തേക്കുള്ള റോഡുകളിലെല്ലാം പോലീസിന്റെ സാന്നിധ്യം മാത്രം. ബാരിക്കേഡുകളുടെ നീണ്ടനിര. വ്യാപാരസ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രമുഖമായ 'സച്ചിന്‍സ്' ഭക്ഷണശാല ഉള്‍പ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങള്‍ ആരും തിരിഞ്ഞുനോക്കാതെ മരവിച്ചുനില്‍ക്കുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് വെടിയൊച്ച മാത്രം. ഭീകരവാദികള്‍ കീഴടക്കിയ താജ്‌ഹോട്ടലില്‍നിന്ന് അവരെ തുരത്താന്‍ തീവ്രശ്രമം തുടരുകയാണ് സുരക്ഷാസേന.

താജ് ഹോട്ടലില്‍ നിന്ന് അമ്പത് മീറ്റര്‍ ദൂരത്തിലാണ് മാധ്യമപ്പട നിലയുറപ്പിച്ചിട്ടുള്ളത്. അവര്‍ ഹോട്ടല്‍ മോചിപ്പിക്കുന്നതും കാത്ത് ഗേറ്റ്‌വേക്ക് സമീപത്തുണ്ട്. മുംബൈ പോലീസിന്റെ വാഹനങ്ങളും ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും നിരന്നുകിടക്കുന്നു.

പേടിയുടെ കരിമ്പടം പുതച്ചുകിടക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ്‌ഹോട്ടലും പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്താന്‍ ഇനിയും മാസങ്ങള്‍ പിടിക്കും.




MathrubhumiMatrimonial