
നടുക്കം മാറാതെ സന്ദീപിന്റെ കുടുംബം
Posted on: 29 Nov 2008
ടി. ഷിനോദ് കുമാര്‍

ബാംഗ്ലൂര്‍ ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് വിരമിച്ച കോഴിക്കോട് ഫറോക്ക് കണ്ണമ്പത്ത് ഉണ്ണികൃഷ്ണന്റെയും ഫറോക്ക് ചെല്ലാളത്ത് ധനലക്ഷ്മിയുടെയും ഏകമകനാണ് സന്ദീപ്. മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങുകയാണ് ആ അമ്മ.
സന്ദീപ് വളര്‍ന്നതും പഠിച്ചതുമെല്ലാം ബാംഗ്ലൂരിലാണ്. അള്‍സൂര്‍ ഫ്രാങ്ക് ആന്റണി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പ്ലസ്ടുവിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ബിഹാര്‍ ആര്‍മി റജിമെന്റില്‍ മേജറായിരിക്കുമ്പോഴാണ് ദേശീയ സുരക്ഷാസേനയില്‍ (എന്‍.എസ്.ജി.) ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെടുന്നത്. അസാമാന്യ ധീരതയും സാഹസികതയും പ്രകടിപ്പിച്ചയാളാണ് സന്ദീപെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഓര്‍ക്കുന്നു. സന്ദീപിന്റെ വാക്കുകളിലും പ്രവൃത്തിയിലും അത് പ്രകടമായിരുന്നുവെന്ന് കുടുംബ സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ സനാതനന്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആകാശ് വിഹാര്‍ ഐ.എസ്.ആര്‍.ഒ. ലേഔട്ടില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ സന്ദീപ് വന്നുപോയത്. മരണവാര്‍ത്തയറിഞ്ഞ് വെള്ളിയാഴ്ച രാവിലെ മുതല്‍ സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലെത്തി. അവരുടെ ആശ്വാസവാക്കുകളില്‍ മനസ്സിന്റെ വിങ്ങലടക്കുകയാണ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍. 1974ല്‍ ബാംഗ്ലൂരിലെത്തിയതാണ് ഉണ്ണികൃഷ്ണന്റെ കുടുംബം.
