
ജാഗ്രത പുലര്‍ത്തേണ്ടവര്‍ ഉറങ്ങി
Posted on: 29 Nov 2008
എന്‍.ശ്രീജിത്ത്

1993ല്‍ മുംബൈയില്‍ നടന്ന സേ്ഫാടനപരമ്പരയുടെ പശ്ചാത്തലത്തില്‍ കടലിന്റെ സുരക്ഷ കസ്റ്റംസ്-തീരരക്ഷാ സേന-പോലീസ് എന്നീ സംവിധാനങ്ങള്‍ സംയുക്തമായി നിര്‍വഹിക്കണമെന്ന് ധാരണയിലെത്തിയിരുന്നു. നഗരത്തിന് ചുറ്റും തീരദേശ പ്രദേശമായതുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന പ്രാധാന്യമുള്ളതുകൊണ്ടുമാണ് സുരക്ഷാചുമതല പോലീസിനു പുറമെ കസ്റ്റംസ്, തീരരക്ഷാ വിഭാഗങ്ങള്‍ക്കു കൂടി നല്‍കാന്‍ തീരുമാനമെടുത്തത്.
കൊളാബ തീരദേശത്തെ മച്ചിമാര്‍ കോളനി, കഫ്പരേഡ് എന്നിവിടങ്ങളിലൂടെയാണ് ഇരുപതിലേറെ ഭീകരര്‍ നഗരത്തിലേക്ക് ഇരച്ചുകയറിയതെന്ന് മുംബൈ പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍നിന്ന് ബോട്ടുമാര്‍ഗമാണ് ഇവര്‍ വന്നതെന്നും അവര്‍ പറയുന്നു.
'എം.വി.അല്‍ഫ' എന്ന ചരക്ക് കപ്പലിലാണ് ഭീകരര്‍ പുറംകടലിലെത്തിയതെന്നാണ് സൂചന. അവിടെ നിന്ന് ബോട്ട് വഴിയാണ് നഗരത്തില്‍ എത്തിയത്. വ്യാഴാഴ്ച അല്‍ഫ കപ്പലിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ക്കണ്ട മറ്റൊരു കപ്പലിലെ ജീവനക്കാരെയും തീരരക്ഷാസേന ചോദ്യം ചെയ്തു. രണ്ടു കപ്പലുകളും കറാച്ചിയില്‍നിന്ന് എത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. യോഗത്തില്‍ സുരക്ഷാ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ ശോഭാറാമിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കപ്പലുകള്‍ പുറംകടലില്‍ എത്തുന്നതു സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംശയം പ്രകടിപ്പിച്ചാല്‍ മാത്രമേ അവയെ നിരീക്ഷിക്കൂവെന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ് പരാജയത്തെ മുന്‍നിര്‍ത്തി തീരദേശ, നാവിക, കസ്റ്റംസ് വിഭാഗത്തെ പഴിചാരുന്നത് ശരിയായ നീക്കമല്ല. മീന്‍പിടിക്കാന്‍ ഒട്ടേറെ ബോട്ടുകള്‍ സ്ഥിരമായുള്ള മുംബൈ കടലില്‍ പുതിയബോട്ടില്‍ ഭീകരര്‍ എത്തുന്നത് മുന്‍കൂട്ടി ഒരു വിവരവുമില്ലാതെ നിരീക്ഷിക്കാനാവില്ല-അവര്‍ പറഞ്ഞു.
എന്നാല്‍ കടല്‍ വഴിയുള്ള അക്രമസാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ മുംബൈ പോലീസിനും ഭീകരവിരുദ്ധ സേനയ്ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി മുംബൈ തീരപ്രദേശത്ത് മാസങ്ങള്‍ക്കുമുന്‍പ് സൈന്യത്തിന്റെ ബോട്ട് പട്രോളിങ് ശക്തമാക്കിയിരുന്നു. പട്രോളിങ്ങില്‍ അടുത്ത കാലത്ത് അയവുണ്ടായതായി ആരോപണവുമുണ്ട്. ഇതാണ് ഭീകരാക്രമണത്തിന് വഴി തുറന്നതെന്ന് നാവിക സേനയുടെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
