അഭ്യൂഹങ്ങള്‍ മുംബൈയെ വീണ്ടും നടുക്കി

Posted on: 29 Nov 2008

സി.കെ. സന്തോഷ്‌



മുംബൈ: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20. സി.എസ്.ടി. റെയില്‍വേസ്റ്റേഷനില്‍ പരിഭ്രാന്തിയുടെ ബഹളം. ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാത്ത ജനക്കൂട്ടം പരക്കം പാഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ റെയില്‍വേ ജീവനക്കാരെല്ലാം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റോടി. ഒരു 'ഭീകരന്‍' സബര്‍ബന്‍ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമില്‍ നിന്നും വെടിവെപ്പ് നടത്തുന്നുവെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. അതോടെ എവിടെയാണ് മറഞ്ഞിരിക്കേണ്ടതെന്നന്വേഷിച്ച് ഓട്ടമായി എല്ലാവരും. അപ്പോഴേക്കും തോക്കുകളുമായി പട്ടാളക്കാരും പോലീസുകാരും റെയില്‍വേസ്റ്റേഷനിലേക്ക് ഇരച്ചുകയറി. ചിലര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തിരക്കിട്ട് അണിഞ്ഞു. പിന്നീടവര്‍ സബര്‍ബന്‍ ഭാഗത്തേക്ക് തോക്ക് ലക്ഷ്യംവെച്ച് തൂണുകള്‍ക്കും ചുമരുകള്‍ക്കും പിന്നില്‍ മറഞ്ഞ് ജാഗ്രത പാലിച്ചു.

20 മിനിറ്റോളം ആയിരക്കണക്കിന് യാത്രക്കാരെയും റെയില്‍വേ ജീവനക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങളാണ് പിന്നീട് നടന്നത്. സ്റ്റേഷന്‍ പരിസരം മുഴുവന്‍ സുരക്ഷാ സേനയെക്കൊണ്ട് നിറഞ്ഞു. യാത്രക്കാര്‍ പേടിച്ച് പുറത്തേക്കോടി. എന്നാല്‍ വാര്‍ത്തയ്ക്ക് ഒരടിസ്ഥാനവുമില്ലായിരുന്നുവെന്ന് വൈകാതെ വ്യക്തമായി. പോലീസുകാര്‍ തോക്കുകള്‍ കഴുത്തില്‍തൂക്കി ഇരുകൈകളും വീശി പേടിക്കേണ്ടെന്നും എല്ലാം അവസാനിച്ചെന്നും പറഞ്ഞ ശേഷമാണ് ജനങ്ങള്‍ക്ക് ശ്വാസം നേരെ വീണത്.

ഡി.എന്‍. റോഡില്‍ എന്തോ ഒരു വസ്തു മറഞ്ഞുവീഴുന്ന ശബ്ദം കേട്ട് വെടിവെപ്പാണെന്ന് കരുതി ചിലര്‍ ആര്‍ത്തുവിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന ജനക്കൂട്ടമാണ് ശബ്ദം കേട്ട് ഓടിയത്. അതുകൊണ്ട് മറ്റുള്ളവരും സ്റ്റേഷന് പുറത്തേക്ക് ഇരച്ചു. സുരക്ഷാസേനയും ആംബുലന്‍സുകളും കുതിച്ചെത്തി. തൊട്ടുപിന്നാലെ മാധ്യമപ്പടയുമെത്തി. പല ചാനലുകളും സി.എസ്.ടി.യിലെ 'ഭീകരാക്രമണ' വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ജനം മടിച്ചുനിന്നു. സ്റ്റേഷന്‍ പരിസരത്തെ കടകളും ഓഫീസുകളും മുഴുവന്‍ അടച്ചു. നല്ലൊരു വിഭാഗം റെയില്‍വേ ജീവനക്കാരും ജോലി മതിയാക്കി പുറത്തിറങ്ങി. മധ്യറെയില്‍വേയില്‍ ഒരു മണിക്കൂറോളം തീവണ്ടിഗതാഗതം നിര്‍ത്തിവെച്ചു.

അപ്പോഴേക്കും നഗരത്തില്‍ വെറെ പലയിടത്തും ഭീകരര്‍ 'ആക്രമണം' നടത്തുന്നതായി വാര്‍ത്തകള്‍ പരന്നു. ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷന്‍, മറൈന്‍ ലൈന്‍സ്, മസ്ജിദ്, മെട്രോ പ്രഭാദേവി... എന്നിവിടങ്ങളിലൊക്കെ വെടിവെപ്പ് തുടങ്ങിയെന്ന് അഭ്യൂഹം. മാധ്യമങ്ങളുടെ ഓഫീസുകളില്‍ ഫോണുകള്‍ നിലയ്ക്കാതെ ശബ്ദിച്ചു. എല്ലാവര്‍ക്കും അറിയേണ്ടത് ഈ വിവരം മാത്രം. കെട്ടുകഥയെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. പലരും വെടിവെപ്പ് നേരില്‍ കണ്ട രീതിയിലാണ് കാര്യങ്ങള്‍ വിവരിച്ചത്. അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ജനമനസ്സിലെ പരിഭ്രാന്തി അണഞ്ഞില്ല. മൂന്നുമണിയോടെ റെയില്‍വേസ്റ്റേഷന്‍ ജനസമുദ്രമായി. ആളുകള്‍ മുഴുവന്‍ നേരത്തെ വീട്ടിലെത്തുവാനുള്ള തിരക്കിലായി. അഭ്യൂഹം പരന്നതോടെ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് വാര്‍ത്താചാനലുകള്‍ക്ക് കേബിള്‍ ടിവിക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കാതായി. സ്‌കൂളുകള്‍ നേരത്തെ അടച്ചു.

നഗരത്തില്‍ അപ്രതീക്ഷിത ശബ്ദങ്ങള്‍ പോലും വന്‍സേ്ഫാടനങ്ങളാണെന്ന അഭ്യൂഹങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങി. മുംബൈയുടെ മനസ്സില്‍ ആശങ്ക അവസാനിക്കുന്നില്ല. എപ്പോഴും എന്തും സംഭവിക്കാമെന്ന പേടി. ഒട്ടേറെ സേ്ഫാടനങ്ങള്‍ കണ്ട നഗരം നേരത്തെയൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ധിത ഊര്‍ജത്തില്‍ തിരിച്ചുവന്നപ്പോള്‍ ഇപ്പോള്‍ കാര്യങ്ങളാകെ മാറി.




MathrubhumiMatrimonial