രക്ഷപ്പെട്ടവരില്‍ ഓസ്‌ട്രേലിയന്‍ നടിയും യൂറോപ്യന്‍ എം.പി.മാരും

Posted on: 28 Nov 2008


കാന്‍ബറ: മുംബൈ തീവ്രവാദി ആക്രമണത്തില്‍നിന്ന് ഓസ്‌ട്രേലിയന്‍ നടി ബ്രൂക്ക് സാച്ച്‌വെല്‍ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. മുംബൈയില്‍ അവധിക്കാലം ചെലവിടാനെത്തിയ സാച്ച്‌വെല്‍ താജ് ഹോട്ടലില്‍ സുഹൃത്തുക്കളുമൊത്ത് താമസിക്കുമ്പോഴാണ് തീവ്രവാദി ആക്രമണമുണ്ടായത്. താജിലുണ്ടായിരുന്ന രണ്ട് യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളും രക്ഷപ്പെട്ടു. ഒരാള്‍ക്ക് വെടിയേറ്റു. ഫ്രഞ്ച് ആണവശാസ്ത്രജ്ഞനും ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം, രണ്ട് ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരികള്‍ക്ക് വെടിയേറ്റതായി ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.

പുകവലിച്ചശേഷം ഹോട്ടലിലേക്ക് കയറുമ്പോഴാണ് സാച്ച്‌വെല്‍ വെടിയൊച്ച കേട്ടത്. 'ഇടനാഴിയില്‍ ചിലര്‍ വെടിയേറ്റുവീഴുന്നതു കണ്ടു. ഒരാള്‍ കുളിമുറിക്കു വെളിയില്‍ കിടപ്പുണ്ടായിരുന്നു'-സാച്ച്‌വെല്‍ ഓസ്‌ട്രേലിയന്‍ ടെലിവിഷനോട് പറഞ്ഞു.

കുളിമുറിയിലെ അലമാരയ്ക്കുള്ളില്‍ ഒളിച്ചിരുന്നാണ് സാച്ച്‌വെലും മറ്റുള്ളവരും രക്ഷപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരെത്തി പുറത്തെത്തിക്കുന്നതുവരെ ഇവര്‍ അവിടെയിരുന്നു.

'ഞാന്‍ പടികളിറങ്ങുകയായിരുന്നു. രണ്ടുപേര്‍ പടിക്കെട്ടില്‍ മരിച്ചുകിടന്നു. എങ്ങും ബഹളമായിരുന്നു'-ഇരുപത്തിയെട്ടുകാരിയായ സാച്ച്‌വെല്‍ ഓര്‍ത്തു. ഒട്ടേറെ രാജ്യങ്ങളില്‍ പ്രിയമാര്‍ജിച്ച 'നെയ്‌ബേഴ്‌സ്' എന്ന സീരിയലിലെ അഭിനേത്രിയാണ് സാച്ച്‌വെല്‍.

യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളുടെ വ്യാപാരസമിതി പ്രതിനിധികളായെത്തിയ സാജത് കരിം, എറിക മന്‍ എന്നിവരാണ് താജ് ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. ഹോട്ടലിന്റെ താഴത്തെ അറയില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടതെന്ന് കരീം (38) പറഞ്ഞു. ഹോട്ടലിന്റെ അടുക്കളയില്‍ ഒളിച്ച് മന്നും (57) രക്ഷപ്പെട്ടു.

'തോക്കുമായി അക്രമികള്‍ വരുമ്പോള്‍ ഞാന്‍ ലോബിയിലായിരുന്നു. അവരെക്കണ്ട് ആളുകള്‍ ചിതറിയോടി. ഞങ്ങള്‍ 30 പേരോളമുണ്ടായിരുന്നു. എന്റെ തൊട്ടടുത്തുനിന്ന് അക്രമി വെടിവെക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഓടി. അടുക്കളയില്‍ കയറി താഴത്തെ അറയില്‍ ഒളിച്ചു-കരിം പറഞ്ഞു.

താജ് ഹോട്ടലില്‍ താമസിച്ചിരുന്ന ഫ്രഞ്ച് ആണവശാസ്ത്രജ്ഞന്‍ എം. ജോര്‍ജ് വെന്‍ഡ്രിയാസും ഭാര്യയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. 88-കാരനായ ഇദ്ദേഹം ഇന്ത്യന്‍ ന്യൂക്ലിയര്‍ സൊസൈറ്റിയുടെ അവാര്‍ഡ് സ്വീകരിക്കുന്നതിനാണ് ഇന്ത്യയിലെത്തിയത്.





MathrubhumiMatrimonial