
ഒരുമയോടെ നീങ്ങണം സംയമനം പാലിക്കണം
Posted on: 28 Nov 2008
പി.വി. ചന്ദ്രന്‍, മാനേജിങ് എഡിറ്റര്‍
മുഖപ്രസംഗം
നമ്മുടെ രാജ്യം തികച്ചും ആപത്കരമായ സ്ഥിതിയിലായിരിക്കുന്നു. മുംബൈയിലുണ്ടായ വന്‍ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. 110 കോടി ജനങ്ങള്‍ അധിവസിക്കുന്ന, ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന ജനാധിപത്യ ശക്തിയായ, ഭാരതത്തിനു നേരെയുള്ള ഭീകരരുടെ തുറന്ന യുദ്ധംതന്നെയാണ് അവിടെ നടന്നത്. പരിഷ്‌കൃതസമൂഹത്തിനുനേരെ ഭീകരര്‍ തുടരുന്ന ആക്രമണം ജനങ്ങളുടെ ജീവിതം ഭീതിയുടെ മുള്‍മുനയിലാക്കിയിരിക്കുന്നു. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും പുരോഗതിയും തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കലാണ് ഭീകരരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. അതിനവര്‍ എന്തുചെയ്യാനും മടിക്കില്ല. ഈ അടിയന്തര സാഹചര്യം നേരിടാനുള്ള വഴികളെക്കുറിച്ചാണ് ഭരണാധികാരികളും ജനങ്ങളും ആലോചിക്കേണ്ടത്.
ഓരോ ഭീകരാക്രമണവും ഇന്ത്യയില്‍ വിവാദങ്ങള്‍ക്കും പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കാറുണ്ട്. അവയെല്ലാം ആത്യന്തികമായി ഭീകരശക്തികള്‍ക്കേ ഗുണം ചെയ്യൂ. കുറ്റപ്പെടുത്തലുകളോ സ്ഥാപിതതാത്പര്യങ്ങളോടെയുള്ള പ്രചാരണങ്ങളോ അല്ല ഇപ്പോള്‍ ആവശ്യം. എല്ലാവരും, മറ്റെല്ലാ ഭിന്നതകളും മറന്ന് അങ്ങേയറ്റത്തെ സംയമനംപാലിക്കേണ്ട സമയമാണിത്. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയകക്ഷികളും സംഘടനകളും വ്യക്തികളുമെല്ലാം മനസ്സിരുത്തണം. ഭീകരശക്തികളുടെ കറുത്തകൈ പ്രബുദ്ധഭാരതത്തിനുനേരെ വീണ്ടും ഉയരാന്‍ അനുവദിച്ചുകൂടാ.
വിവിധജനവിഭാഗങ്ങള്‍ ഒരുമയോടെ കഴിഞ്ഞുപോ ന്ന നാടാണിത്. തങ്ങളുടെ മതമോ ഭാഷയോ പ്രദേശമോ ഇന്ത്യക്കാരുടെ ഐക്യബോധത്തിനു തടസ്സമാകാറില്ല. ഇവിടത്തെ നാനാത്വത്തില്‍ പുലരുന്ന ഏകത്വം ആഗോള സമൂഹത്തെത്തന്നെ വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ആഭ്യന്തരവും ബാഹ്യവുമായി ഉയര്‍ന്ന സകലവെല്ലുവിളികളെയും ഭാരതം നേരിട്ടതും ഈ ഐക്യംകൊണ്ടുതന്നെ. സമാധാനത്തിനും സ്വാതന്ത്ര്യത്തിനുംനേരെ ഉയരുന്ന ഏതു വന്‍ഭീഷണിയെയും ചെറുക്കാനുള്ള ആത്മബലവും ഭാരതത്തിനുണ്ടെന്ന്, സാമ്രാജ്യത്വശക്തിയെ ആയുധമില്ലാ തെതന്നെ ചെറുത്തുതോല്പിച്ചുകൊണ്ട് നാം തെളിയിച്ചു. ആ ഐക്യബോധവും ആത്മബലവുമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. അതുണ്ടായാല്‍ ഭീകരശക്തികളെ തുരത്തുന്നതിനുള്ള നിര്‍ണായകപോരാട്ടത്തില്‍ നമുക്ക് നിശ്ചയമായും വിജയം വരിക്കാം.
