ഭീകരര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍- പ്രധാനമന്ത്രി

Posted on: 28 Nov 2008


ന്യൂഡല്‍ഹി: മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ രാജ്യത്തിന് പുറത്തുനിന്നു വന്നവരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനത്ത് അക്രമവും ഭീതിയും വിതയ്ക്കുകയെന്ന ഒറ്റ ലക്ഷ്യംവെച്ച്്് വന്നവരാണവര്‍. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ അയല്‍രാജ്യങ്ങളുടെ മണ്ണ് ഉപയോഗപ്പെടുത്തുന്നത് അവരെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ധരിപ്പിക്കും-ഒരു രാജ്യത്തെയും പേരെടുത്തു പറയാതെ പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശസഹായത്തോടെ ആസൂത്രിതവും ശക്തവുമായ ആക്രമണമാണ് നടന്നത്. അതിന് പിന്നില്‍ ഇവിടെ പരിഭ്രാന്തി ഉണ്ടാക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഭീകരാക്രമണത്തിനായി പ്രധാന കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതും വീണ്ടുവിചാരമില്ലാതെ വിദേശികളടക്കം നിരപരാധികളെ വെടിവെച്ചുകൊന്നതും ആ ഉദ്ദേശ്യത്തോടെയാണ്. സാധ്യമായ എല്ലാ മാര്‍ഗങ്ങളുപയോഗിച്ച് ഇത്തരം അക്രമികളെ നാം കൈകാര്യം ചെയ്യും. ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ സുരക്ഷാനിയമം ഉപയോഗപ്പെടുത്തുകയും അന്വേഷണത്തിനായി ഫെഡറല്‍ ഏജന്‍സി സ്ഥാപിക്കുകയും ചെയ്യും. പോലീസിനെയും അന്വേഷണ ഏജന്‍സിയെയും ശക്തിപ്പെടുത്തും. സംശയമുള്ള ആരേയും രാജ്യത്തേക്ക്്് കടത്തില്ല. ഭീകരരും അവര്‍ക്ക് പിന്നിലുള്ള സംഘടനകളും മറ്റ് സഹായങ്ങള്‍ നല്‍കുന്നവരും,അവര്‍ ഏത് മതത്തിലോ വിഭാഗത്തിലോ പെട്ടവരായാലും അക്രമത്തിന് കനത്തവില കൊടുക്കേണ്ടിവരും- പ്രധാനമന്ത്രി പറഞ്ഞു. അവര്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടാതിരിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തും.
ദുരന്തത്തിന്റെ ഈ ഘട്ടത്തില്‍ ജനങ്ങള്‍ സമാധാനവും സാമൂഹികസൗഹാര്‍ദവും കൈവിടരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഭീകരരുടെ ലക്ഷ്യം പരാജയപ്പെടുത്താന്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.







MathrubhumiMatrimonial