TravelBlogue

ഭൂട്ടാനിലെ കാഴ്ചകള്‍

Posted on: 24 Nov 2008

രഞ്ജനാ നായര്‍



ഈ കഴിഞ്ഞ സപ്തംബറിലാണ് ഞങ്ങള്‍ 23 പേര്‍ അടങ്ങുന്ന സംഘം സിക്കിം,ദാര്‍ജിലിംഗ്, ഗാംഗ്‌ടോക്, നാഥുലാ പാസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഇന്ത്യയുടെ തൊട്ട് കിടക്കുന്ന അയല്‍രാജ്യമായ ഭൂട്ടാന്‍ കൂടി സന്ദര്‍ശിച്ചത്. 4 ദിവസത്തെ വിരസമായ ട്രെയിന്‍ യാത്രക്കു ശേഷം എന്‍.ജെ.പി എന്ന ന്യൂ ജയ്പാല്‍ഗുരിയില്‍ എത്തി. അല്‍പ സമയത്തെ വിശ്രമത്തിന്നു ശേഷം, ദാര്‍ജിലിങ്ങിലേക്ക്, യാത്രയായി. ഒരു രാത്രിയിലെ മാത്രം താമസത്തിന്നു ശേഷം, ടൈഗര്‍ ഹില്‍സ് എന്നു കൂടി പേരുള്ള സ്ഥലത്തേക്ക് രാവിലെ നാലു മണിക്കു തന്നെ യാത്രയായി. ഉദയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍, കാഞ്ചന്‍ജംഗയുടെ കൊടുമുടികളില്‍ സ്വര്‍ണം പൊതിയുന്ന ദൃശ്യം മോഹിപ്പിക്കുന്നതാണ്. എന്നാല്‍, അന്നു രാവിലെ തന്നെ ചിണുങ്ങി പെയ്തു തുടങ്ങിയ മഴ, ഞങ്ങളെ നിരാശരാക്കി.. 3 മണിക്കൂര്‍ സമയം ഞങ്ങള്‍ കാത്തിരുന്നു. എങ്കിലും, ഒടുക്കം, കിട്ടിയ ഒന്നു രണ്ടു ഫോട്ടോകള്‍ കൊണ്ടു തൃപ്തരായി മടങ്ങി. മറ്റു ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ചതിനു ശേഷം, പിറ്റേന്ന്, ഗാങ്ങ്‌റ്റോകിലേക്കു തിരിച്ചു.

വാഹനത്തിലെ സാരഥി അത്യുച്ചത്തില്‍ കേള്‍പ്പിക്കുന്ന പഴയ ഹിന്ദി ഗാനങ്ങളുടെ താരാട്ടിലും, സഹയാത്രികര്‍ അന്യോന്യം പങ്കു വെക്കുന്ന ഫലിതങ്ങളിലും, ഒരോരുത്തരും കയ്യിലെ ബാഗില്‍ നിന്നും പുറത്തേക്കു വെക്കുന്ന വിവിധ ഭക്ഷ്യ സാധനങ്ങളും പങ്കു വെക്കുമ്പൊള്‍, സമയം പോകുന്നത് അറിയുന്നില്ല. അതാ അവിടെ വലത്തു വശത്തായി കാണുന്നതാണ് ''ചാങ്ങൊ'' തടാകം. ഈ പ്രദേശത്തിന്നു സമുദ്ര നിരപ്പില്‍ നിന്നും 11400 അടി ഉയരമാണ്. ഈ തടാകത്തിന് വിശുദ്ധമായ ഒരു പരിവേഷമാണ് ഇവിടുത്തുകാര്‍ കല്‍പിച്ചിരിക്കുന്നത്. ഒരു ഇല പോലും വീണ് ഇതു മലിനപെടുവാന്‍ ഇവര്‍ അനുവദിക്കില്ല. ഇതിനെ നോക്കി പ്രാര്‍ഥിച്ചാല്‍, ആഗ്രഹങ്ങള്‍ സാധ്യമാകും എന്നും ഇവിടെ ഉള്ളവര്‍ വിശ്വസിക്കുന്നു. ഇതിന്റെ കരയില്‍ കുറച്ചു മാറി ടിബറ്റു വംശജന്മാരുടെ അനേകം കച്ചവട സ്ഥാപനങ്ങള്‍ ഉണ്ട്. കമ്പിളി കുപ്പായങ്ങളും, മറ്റു സാധനങ്ങളും, ഭക്ഷണവും അവര്‍ സൗകര്യപ്പെടുത്തുന്നു. എല്ലാറ്റിന്നും ഉപരിയായി, കുളിമുറി സൗകര്യം കൂടി അനുവദിക്കുന്നു എന്നതു ഒരു മഹാ ഭാഗ്യമായി ഞങ്ങള്‍ സ്ത്രീകള്‍ക്കു തോന്നി. ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും, ഗൈഡ് തിടുക്കം കൂട്ടി. വിലപേശലുകള്‍ ആരംഭിച്ച യാത്രികരോടായി ബാക്കി എല്ലാം മടക്കത്തില്‍ അല്ലെങ്കില്‍, നാഥുലാ-പാസ് കാണാന്‍ കഴിയില്ല എന്ന വാചകത്തില്‍ എല്ലാവരും പെട്ടെന്നു തന്നെ യാത്രക്കു സജ്ജരായി.

12800 അടി ഉയരത്തിലാണു നാഥുല-പാസ് സ്ഥിതി ചെയ്യുന്നത്. പോകുന്ന വഴിയില്‍ അനവധി പട്ടാള ക്യാമ്പുകള്‍ ദൃശ്യമാണ്. അങ്ങു ദൂരെ താഴ്‌വാരത്തില്‍, ഒരു ഹെലി പാഡിന്റെ മിനുക്കു പണികള്‍ ദ്രുത ഗതിയില്‍ നടക്കുന്നതു കാണാം. കടന്നു വന്ന വഴിയില്‍, പതിമൂന്നാം നമ്പര്‍ തൊട്ടു ഇങ്ങോളവും പലയിടത്തും മലയില്‍ നിന്നും ഇടിഞ്ഞു വീണ കല്ലുകളും, മണ്ണും, വെള്ളവും, ഗതാഗതം മുടക്കിയിട്ടുണ്ട്. എല്ലാ സ്ഥലത്തും തന്നെ, നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഭാരതത്തിന്റെ, ബി.ആര്‍.ഓ.യിലെ പട്ടാളക്കാരാണ്. അവര്‍ ധ്രുതഗതിയില്‍ തടസ്സങ്ങള്‍ നീക്കി, വഴി സജ്ജമാക്കുകയാണ്. പട്ടാളലോറികളും, ട്രക്കുകളും, ചെറു വാഹനങ്ങള്‍ക്കു വഴിമാറി കൊടുത്തു കൊണ്ടു സഞ്ചരിക്കുന്നു. നാഥുലയിലേക്കു മാത്രമല്ല, മിക്കവാറും, എല്ലാ ഉയരം കൂടിയ സ്ഥലങ്ങളിലേക്കും പരമാവധി 8-10 യാത്രക്കാരെ മാത്രം കയറ്റാന്‍ തക്ക വണ്ണമുള്ള ചെറു വാഹനങ്ങള്‍ക്ക് ആണ്
അനുവാദം കൊടുക്കുന്നത്.

വലത്തു വശത്തുള്ള ഒരു ചെറിയ മലയുടെ വശങ്ങളില്‍, കടും പച്ച പുല്‍ നിരപ്പിന്നു മേലേ ''മേരാ ഭാരത് മഹാന്‍'' എന്നു വലിയ വെളുത്ത ലിപികളില്‍ എഴുതിയിട്ടുണ്ട്. അത്ര ഉയരത്തില്‍ നിന്നും അതു കാണുമ്പോള്‍, മനസ്സിനോടു തൊട്ടു നില്ക്കുന്ന ആ വാക്കുകള്‍...അക്ഷരങ്ങള്‍...മനസ്സില്‍ എന്തെല്ലാമോ ആവേശങ്ങള്‍ ഉയര്‍ത്തുന്നു. എന്റെ നാട്...അതിനെ കാത്തു രക്ഷിക്കാന്‍ എത്രയെത്ര ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണു നമ്മുടെ പട്ടാളക്കാര്‍ ഇങ്ങിനെയുള്ള ദുര്‍ഘടമായ സ്ഥലങ്ങളില്‍ വസിക്കുന്നത്. നമുക്കു വീട്ടില്‍, സ്വസ്ഥമായി ജീവിക്കുവാന്‍-പേടിയില്ലാതെ ഉറങ്ങുവാന്‍-ആരുടേയും മുന്‍പില്‍ തല കുനിക്കാതെ നടക്കുവാന്‍ നമ്മെ സജ്ജരാക്കുന്നതു ഈ കുട്ടികളുടെ ത്യാഗമാണ്....ദൂരെ ദൂരെയുള്ള ഇടങ്ങളില്‍ വെച്ചു ഒരു മലയാളിയെ കണ്ടു മുട്ടുമ്പോള്‍, ഇവരില്‍ വിരിയുന്ന സന്തോഷവും, നമ്മില്‍ നിറയുന്ന ആവേശവും വിവരിക്കുവാന്‍ കഴിയില്ല!

യാദൃശ്ചികമായി, തീവണ്ടിയില്‍ വെച്ചു പരിചയ പെട്ട ഒരു മലയാളി പട്ടാള ഓഫീസര്‍ , നാഥുലാ-പാസില്‍ നിന്നും മടങ്ങുന്ന വഴിയില്‍ അവരുടെ ക്യാമ്പിലേക്കു ഞങ്ങളെ ക്ഷണിച്ചതും, അവിടെ നിന്നു പായസമടക്കമുള്ള വിഭവങ്ങള്‍ നല്‍കി ഞങ്ങളെ സല്‍ക്കരിച്ചതും, ഈ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമായി.. മടക്ക യാത്രയില്‍, നാട്ടിലേക്കു മടങ്ങുന്ന വരെ, ഇപ്പോഴും, ആ അനുഭവം ഒരു പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതിയായി ഞങ്ങളില്‍ ശേഷിച്ചു.

കയറ്റം കയറി, വാഹനം സാവധാനം നിന്നു. മുന്നില്‍ അതാ വലിയൊരു കവാടം. അതില്‍''വിദി,വിസി,വിനി'' ( അതായതു, നമ്മുടെ ഭാഷ്യത്തില്‍, വന്നു, കണ്ടു, കീഴടക്കി എന്നു പരിഭാഷ)എന്നു എഴുതി വെച്ചിട്ടുണ്ട്. എല്ലാ ഇടത്തും പട്ടാളക്കാരാണ്. അങ്ങ് ദൂരെ, ചൈനക്കാരുടെ നിരീക്ഷണ താവളങ്ങള്‍ മലമുകളില്‍ കാണാം. അവിടെ നിന്നു ശക്തമായ ബൈനോക്കുലറിലൂടെ അവര്‍ക്കു കാണാനാകുന്ന ഇന്ത്യന്‍ സ്ഥലങ്ങള്‍ വരുന്ന വഴിയിലെല്ലാം തന്നെ പ്രത്യേകം അടയാളപ്പെടുത്തികണ്ടു.മലയുടെ തടസ്സമുള്ളതു കൊണ്ട്, ഇന്ത്യന്‍ പട്ടാളത്തിന് അങ്ങോട്ടു കാഴ്ചയുമില്ലാ.
നാഥുലാ പാസില്‍, ഒരു മുള്ളു വേലിക്കിരുപുറവും ആയി നമ്മുടേയും, ചൈനയുടേയും പട്ടാളക്കാര്‍ ഉണ്ട്. നമ്മുടെ പട്ടാളക്കാരന്‍ എല്ലാം വിശദമായി പറഞ്ഞുതന്നു എന്നു മാത്രമല്ലാ, ഞങ്ങളില്‍ ചിലരുടെ കൂടെ നിന്നു ഫോട്ടോ എടുക്കുന്നതിന്നും നിന്നു തന്നു. ഇതിനിടയില്‍ കൂട്ടത്തില്‍ ചിലര്‍ ചൈനപട്ടാളത്തിന്റെ കൂടെയും നിന്നും ഫോട്ടോ എടുക്കുന്നതു കണ്ടു. അപ്പോള്‍, ഒരു നിമിഷാര്‍ദത്തില്‍, കഴിഞ്ഞ 3 കൊല്ലവും,നടത്തിയ കൈലാസ ദര്‍ശനത്തിന്‍േറയും, അവിടെ അന്നു കണ്ട ടിബറ്റുകാരുടേയും ദൈന്യത നിറഞ്ഞ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. പാസ്‌പോര്‍ട് പരിശോധനക്കു നില്ക്കുമ്പോള്‍, ഞങ്ങള്‍ പരസ്​പരം ചൈന പട്ടാളക്കാരുടെ കാര്‍ക്കര്‍ശ്യം നിറഞ്ഞ മുഖഭാവത്തെ കുറിച്ചു സംസാരിച്ചത്്ഓര്‍ത്തു പോയി. ഇന്നു നാം പേടി കൂടാതെ നമ്മുടെ വീട്ടില്‍, ഉറങ്ങുന്നതു, തല ഉയര്‍ത്തി നടക്കുന്നതും എല്ലാം തന്നെ, നമ്മെ കാക്കുന്ന ഈ പട്ടാളക്കാരുള്ളതു കൊണ്ടല്ലേ!
അന്നേ ദിവസം നാഥുലാ-പാസ് ഞാന്‍ സന്ദര്‍ശിച്ചു എന്നതിന്ന് ഒരു സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. വളരെ സന്തുഷ്ടിയോടെ ആണു ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയത്.

അടുത്ത ലക്ഷ്യം ഹര്‍ബാബാ മന്ദിര്‍ ആണ്. പട്ടാളത്തില്‍ സേവനമനുഷ്ടിച്ചിരിക്കെ ഒരു അപകടത്തില്‍ മരിച്ചു പോയ സൈനികന്റെ ആണ് ഈ ക്ഷേത്രം. മരിച്ചുപോയെങ്കിലും, ഇന്നും അദ്ദേഹം മറ്റുള്ളവര്‍ക്കു അദൃശ്യമായി ആ ഭാഗങ്ങളില്‍ രാത്രി പട്രോളിംഗ് നടത്തുന്നതായും, പലര്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപെട്ടിട്ടുള്ളതായും, അനുഭവസ്ഥര്‍ പറയുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ നടത്തുന്ന എല്ലാ സൈനിക ഉദ്യമങ്ങളും, വിജയിക്കുന്നതായാണ് അവിടത്തെ സൈനികരുടേയും അനുഭവം. ഇതിനാല്‍ തന്നെ, അവിടെ, ഔദ്യോഗിക വേഷത്തില്‍ തന്നെ, പ്രണാമം അര്‍പ്പിക്കുന്നതിനായി വരുന്ന അനേകം പട്ടാളക്കാരെ കാണാവുന്നതാണ് പകല്‍ സമയം, ബാബാ മന്ദിറില്‍ സൈനിക ചിട്ടയില്‍ പോളിഷ് ചെയ്തു വെക്കുന്ന ബാബയുടെ ഷൂസുകള്‍ പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ പെട്രോളിംഗ് നടത്തിയ ഒരാളുടെ പാദ രക്ഷകള്‍ എന്ന പോലെ, മണ്ണും, ചളിയും, ഹിമവും പുരണ്ടു കാണപെടുന്നു. വിരിച്ചു വെക്കുന്ന ശയനോപാധികള്‍, അലക്കി വെച്ച സൈനിക വസ്ത്രങ്ങള്‍ ഇവയെല്ലാം ഉപയോഗിച്ച മട്ടില്‍, ചുളുങ്ങി, ചുരുണ്ടു, കാണപ്പൈടുന്നു. സൈനികര്‍ ഒരേ സ്വരത്തില്‍ അംഗീകരിക്കുന്ന ഒരു വസ്തുതയാണു ബബായുടെ സാന്നിധ്യം. ഇന്നും, ഇന്ത്യന്‍ ഭരണ കൂടം, കൊല്ലത്തില്‍ ഒരു മാസം, സകല വിധ ആനുകൂല്യങ്ങളോടും കൂടി ബാബക്കു ഒരു മാസത്തെ അവധിയില്‍, ജന്മ സ്ഥലത്തു പോകുവാന്‍ വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. തര്‍ക്കത്തിന്നു വേണ്ടിയും, വാഗ്വാദത്തിന്നായും പലര്‍ക്കും പലതും പറയുവാന്‍ ഉണ്ടായേക്കാം. ....എന്നാല്‍ സത്യം പലപ്പോളും യാഥാര്‍ഥ്യങ്ങള്‍ക്കു അതീതമാണ്. ബാബയുടെ ക്ഷേത്രത്തില്‍, ഞങ്ങള്‍ എത്തിയ സമയത്ത്, ഒരു സൈനികന്‍, ഭക്ഷണം-''ഭോഗ്'' ഒരു താലത്തില്‍ ആക്കി അവിടെ സമര്‍പ്പിച്ചു, പട്ടാള ചിട്ടയില്‍ സല്യൂട്ട് ചെയ്തു മടങ്ങുന്നതു കണ്ടു. കൂടെ ഉണ്ടായിരുന്ന ടീച്ചര്‍ എന്നോടു സ്വകാര്യത്തില്‍ പറഞ്ഞു....നോക്കു, അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍----അതെ, അതു സത്യമായിരുന്നു. ഇത്ര അകലെ, സ്വന്തക്കാരില്‍ നിന്നും, പ്രിയപ്പെട്ടവരില്‍ നിന്നും അകന്നു കഴിയുമ്പോള്‍, ഏതു നിമിഷവും വന്നേക്കാവുന്ന ശത്രുവിന്റെ ആക്രമണങ്ങളുടെ ഭയം മുള്‍ മുനയില്‍ നിര്‍ത്തുമ്പോള്‍--ഒരു ആശ്വാസത്തിനായി ബാബ ഉണ്ടല്ലോ എന്നതിന്റെ നന്ദിയാകാം ആ കണ്ണുനീര്‍.......പേരറിയാത്ത, പരിചയമില്ലാത്ത എല്ലാ സൈനികര്‍ക്കു വേണ്ടിയും ഞാനും പ്രാര്‍ഥിച്ചു---എന്നും ഈശ്വരന്‍ ഇവരുടെ എ ല്ലാം കൂടെ ഉണ്ടാകട്ടെ!!

ഭൂട്ടാനിലേക്കു എത്തും മുന്‍പെ ഒരു രാത്രിയിലെ താമസത്തിന്നു ഒരു പുതിയ റിസോര്‍ട്ടില്‍ ആണ് ഏര്‍പ്പാട് ചെയ്തിരുന്നത്. പുതിയ ഒരു റിസോര്‍ട്ട് ആണ്. താമസക്കാരെ കണ്ടില്ല. വളരെ മനോഹരമായ, പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തിന്നു, മാറ്റു കൂട്ടുവാന്‍ തക്കവിധം നിര്‍മിച്ച റിസോര്‍ട്ട്. ഇവിടെ താമസക്കാരുടെ വരവനുസരിച്ചു തനി ബംഗാള്‍ രുചിയില്‍ ഭക്ഷണവും തയ്യാറാക്കി കൊടുക്കുന്നു. പാചകകാരന്‍ ഒരു വൃദ്ധനാണ്. അദേഹത്തിന്റെ ഭാര്യ സഹായത്തിനും. രണ്ടു പേര്‍ക്കും ബംഗാളി അല്ലാതെ മറ്റു ഭാഷകള്‍ അറിയല്ലാ. ചില സമയങ്ങളില്‍, പുലര്‍ കാലത്തില്‍, വന്യമൃഗങ്ങളേയും, മയില്‍ മുതലായ പക്ഷികളേയും റിസോര്‍ട്ടിന്റെ ഉദ്യാനത്തില്‍ കാണാറുണ്ട് എന്നും അവിടത്തുകാര്‍ പറഞ്ഞു. അതു ശരിവെക്കും വിധം, റിസോര്‍ട്ടിന്റെ അടുത്തുള്ള, വഴിയിലൂടെ, മയിലുകള്‍ ഇര തേടുന്നതും കണ്ടു. താമസക്കര്‍ക്ക്, അവര്‍ സ്വയം ചൂണ്ട ഇട്ടു പിടിക്കുന്ന മത്സ്യം , ഭക്ഷണമാക്കി കൊടുക്കുവാനും ഉള്ള സംവിധാനം ഉണ്ടത്രെ! ചുരുക്കത്തില്‍, ദൈനം ദിന ജീവിതത്തിന്റെ പിരി മുറുക്കത്തില്‍ നിന്നും ഒരു മാറ്റം അല്ലെങ്കില്‍ മോചനം വേണമെന്നുള്ളവര്‍ക്കു പറ്റിയ ഇടം.

ദ്വാര്‍സിയില്‍ നിന്നും ഒരു 3 മണിക്കൂര്‍ യാത്രയുണ്ട് ഫുന്‍ഷോലിങ്ങിലേക്ക്. പ്രകൃതി ദൃശ്യങ്ങള്‍ മാറി മാറി വരുന്നു. ഗുരുമാറാ നാഷനല്‍ പാര്‍ക്കിന്റെ വന്യതയില്‍ നിന്നും, മോഹന ദൃശ്യങ്ങളില്‍ നിന്നും, വീണ്ടും നഗരത്തിന്റെ വേവും ചൂടും അനുഭവിച്ചു തുടങ്ങി. പരന്നു ഒഴുകുന്ന അനേകം നദികള്‍ കൊണ്ടു അനുഗ്രിഹീതമാണു ഇവിടം. വെസ്റ്റ് ബംഗാള്‍ ആണു ഇവിടം. ഒരു വശം ആസ്സാമും, ഒരു വശം ഭൂട്ടാനും ആണ് അതിര്‍ത്തി. ഫുന്‍ഷോലിംഗ് എത്തി. ഇന്ത്യന്‍ സൈനികര്‍ ബസ്സില്‍ കയറി പരിശോധിച്ചു. എന്തോ ചോദിച്ചതിനു ആരും ഉത്തരം പറഞ്ഞില്ലാ. അതു രക്ഷ ആയി, എന്നു ബസ്സുടമ പിന്നീടു പറഞ്ഞു. കാരണം, ബംഗാളികളെ മാത്രമെ പരിശോധന ഇല്ലാതെ കടത്തി വിടാറുള്ളു. മറ്റുള്ളവര്‍ക്കു പെര്‍മിറ്റ് ആവശ്യമാണ്. മറ്റു തടസ്സമൊന്നുമില്ലാതെ, ബസ് ഭൂട്ടാനിലേക്കു പ്രവേശിച്ചു. ഒരു നിമിഷത്തേക്ക്, എന്തൊ ഒരു വലിയ വ്യത്യാസം പോലെ......കടന്നു പോന്ന നഗരത്തിലെ ആര്‍പ്പും, ബഹളവുമൊന്നും ഇവിടെ ഇല്ലാത്തതാണ്, പെട്ടെന്നു അനുഭവപ്പെട്ട മാറ്റം.!!ശാന്തമായ തെരുവുകള്‍. ഇവിടത്തെ കറന്‍സി, ന്യു എന്ന് അറിയപ്പെടുന്നു. അതിനു നമ്മുടെ ഉറുപ്പികയുടെ തന്നെ മൂല്യമാണ്. ഭൂട്ടാനില്‍ ഉടനീളം, നമ്മുടെ, ഉറുപ്പികാ അവര്‍ സ്വീകരിക്കുന്നുണ്ട്. ഭൂട്ടാന്‍ സമയം നമ്മുടേതിനെക്കാള്‍ അര മണിക്കൂര്‍ മുന്നോട്ടാണ്. അവിടെ ആഫീസുകളും, സ്‌കൂളും, എല്ലാം, രാവിലെ 8.30 നു തുറന്ന് വൈകീട്ട് 3.30 വരെ പ്രവര്‍ത്തിക്കുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍, ഇമ്മിഗ്രഷന്‍ അധികൃതര്‍ക്ക്, ഞങ്ങളെ നേരില്‍ കണ്ടു വേണം പെര്‍മിറ്റ് നല്‍കുവാന്‍ എന്നു അറിഞ്ഞു. ഒരു ചെറിയ ജാഥയായി അവിടെ എത്തി. അരമണിക്കൂറിനകം പെര്‍മിറ്റ് കൈയില്‍ കിട്ടി. ഭൂട്ടാനിലെ ജനങ്ങള്‍ അവരുടെ ദേശീയ വസ്ത്രം എല്ലയേ്പാളും ധരിക്കണമെന്നു രാജാവിന്റെ അനുശാസനമുണ്ടായിരുന്നു മുന്‍പെ. ഈ വര്‍ഷം മുതല്‍ അവര്‍ ജനാധിപത്യത്തിന്റെ വ്യവസ്തിതിയിലേക്കു വന്നെങ്കിലും ഇന്നും വസ്ത്ര ധാരണം മുന്നെ പോലെ തന്നെ തുടരുന്നു. ഭൂട്ടാനികള്‍ അല്ലാത്തവര്‍ മാത്രമാണു വ്യത്യസ്ഥമായി വസ്ത്രം ധരിക്കുന്നത്.എന്തു തന്നെ ആയാലും, വിവിധ സ്‌കൂള്‍ യൂനിഫോറമണിഞ്ഞ കുട്ടികളും, മറ്റു സ്ത്രീ, പുരുഷന്മാരും, ഖീരയും, ഖട്ടയും (സ്ത്രീകള്‍ക്കു ഖീര. പുരുഷന്മാര്‍ക്ക് ഖട്ട,ഇതാണു അവരുടെ വസ്ത്രത്തിന്റെ പേര്) ധരിക്കുന്നു. ഭുടാനിലെ എല്ലാവരും ബുദ്ധ മത വിശ്വാസികള്‍ ആണ്. എന്നാല്‍ ടിബറ്റുകാരെ പോലെ അല്ല വസ്ത്ര ധാരണം. കുറച്ചു വ്യത്യാസങ്ങളോടെ. അവര്‍ നല്ല കോട്ടണ്‍ തുണികള്‍, നന്നായി ധരിക്കുന്നു എന്നതാണു അവിടെ കണ്ട പ്രത്യേകത. സിന്തടിക് തുണിതരങ്ങള്‍ കുറവാണ്. എന്നാല്‍ ചൈനീസ് സില്‍ക് ധാരാളം. ട്രാഫിക് ലൈറ്റുകളില്ലാത്ത ലോകത്തെ ഒരേ ഒരു രാഷ്ട്രമാണത്രെ ഭൂടാന്‍. ഒരു ജീവസ്സുറ്റ നര്‍ത്ത കിയെ പോലെ, കൈവിരല്‍ മുദ്രകളാല്‍ ഗതാഗതം നിയന്ത്രിക്കുന്ന പോലിസുകാര്‍ അപൂര്‍വ കാഴ്ചയാണ്.

ഭൂട്ടാനില്‍ നിന്നും ഏകദേശം 180 കിലോ.മീറ്റര്‍ ദൂരമുണ്ട് ഭൂടാന്റെ തലസ്ഥാനമായ തിമ്പുവിലേക്ക്. നമ്മുടെ നാട്ടില്‍ അന്യം നിന്നു പോയ നിബിഢ വനങ്ങള്‍ കാണുവാന്‍ നാം ഭൂടാനില്‍ പോകണം. ഫുന്‍ഷോലിംഗ് വിട്ടതിന്നു ശേഷം, തിമ്പുവരെ, കണ്ണിന് കുളിര്‍മ നല്‍കുന്ന വനങ്ങളാണു ഒരു ഭാഗത്ത്...പച്ച നിറത്തിന്ന് ഇത്ര അധികം വകഭേദങ്ങള്‍ ഉണ്ടോ എന്നു നാം അത്ഭുതപെട്ടു പോകും! കാടിന്റെ ഇടയ്ക്ക്, അങ്ങു മുകളില്‍ നിന്നും മടക്കു മടക്കായി കുതിച്ചൊഴുകി വരുന്ന വെള്ളചാട്ടങ്ങള്‍--അവയുടെ ഭംഗി അപാരമാണ്. ചിലയിടങ്ങളില്‍, മലഞ്ചെരിവ് ഇടിഞ്ഞു താഴ്ന്നു കിടക്കുന്നതും ഒരു കാഴ്ചയാണ്. 10 വര്‍ഷത്തിന്നുള്ളില്‍, തിമ്പുവരേയും, ഭൂടാനിലെ മറ്റു സ്ഥലങ്ങളിലും, നല്ല ഒന്നന്തരം റോഡ് ഉണ്ടാക്കുമെന്നാണത്രെ, പുതിയ ഭരണ കൂടത്തിന്റെ വാഗ്ദത്തം!അതെന്തായാലും, റോഡു പണി കാര്യമായി തന്നെ നടക്കുന്നുണ്ട്. ഭൂട്ടാന് , നമ്മുടെ സര്‍ക്കാരും, നിര്‍മാണ പ്രവൃത്തികള്‍ക്ക്, കാര്യമായ ധനസഹായവും, വിദഗ്ധരുടെ സേവനവും, ലഭ്യമാക്കുന്നുണ്ട് എന്നാണു നേരത്തെ പരിചയപെട്ട, എഞ്ചിനിയര്‍ പറഞ്ഞതും..കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമെ ഒരു വീടോ, കടയോ കാണുകയുള്ളു. ഇവിടെ ജനസംഖ്യ വളരെ കുറവാണ്. കടന്നു പോകുന്ന വഴിയില്‍ അനേകം ഓറഞ്ച് പോലുള്ള പഴങ്ങള്‍ മരത്തില്‍ കാണാം. മൂടല്‍ മഞ്ഞു വന്നു പൊതിഞ്ഞു നില്ക്കുന്ന മലഞ്ചരിവുകളില്‍, തൊട്ടപ്പുറത്തെ മലനിരയിലേക്കു വാഹനം എത്തുമ്പോഴേക്കും, കാറ്റടിച്ചു മാറി അനാവൃതമായി കാണപ്പെടുന്നു. കാറ്റില്‍, മേഘങ്ങളും, മഞ്ഞും പല തരം രൂപങ്ങള്‍ സൃഷ്ടിക്കുന്നു--മായ്ക്കുന്നു. താഴ്‌വാരങ്ങള്‍ എത്ര തന്നെ കണ്ടാലും, മതിവരാത്ത ഒരു സൗന്ദര്യമാണ്. ഇടയ്ക്ക് വാഹനങ്ങള്‍ കടന്നു പോകുന്ന പാന്ഥാവില്‍ നമുക്കു സുപരിചിതമായ പല ഇന്‍ഡ്യന്‍ കമ്പനികളുടെ പേരും, അവര്‍ ഏറ്റെടുത്തു നടത്തുന്ന നിര്‍മാണ പ്രവൃത്തിയും കാണാം. ഉദ്ദേശം 2.30 നോടെ, ലാച്ചുഗാങ്ങ് എന്നൊരു സ്ഥലത്തു ഭക്ഷണം കഴിക്കുവാന്‍ വണ്ടി നിര്‍ത്തി. പട്ടാളക്കാര്‍ നടത്തുന്ന ഒരു ഭക്ഷണ ശാലയാണിത്. മിക്കവാറും എല്ലാ ഭൂട്ടാനികള്‍ക്കും, ഹിന്ദിയും, ഇംഗ്ലീഷും, സാമാന്യം നന്നായി തന്നെ കൈകാര്യം ചെയ്യാന്‍ അറിയാം എന്നതു ഞങ്ങള്‍ക്കു തുണയായി. വാംഗ്ദ എന്ന സ്ഥലത്താണു, നമ്മുടെ ഹിന്ദുസ്ഥാന്‍ കണ്‍സ്റ്റ്രുക്റ്റ്ഷണ്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഭൂടാന്റെ ചുക്കാ എന്ന ഹൈഡ്രോ പ്രോജക്റ്റ് വരുന്നത്.

പിറ്റേന്നു, പ്രസിദ്ധമായ ചുക്കാ ബുദ്ധ വിഹാരം, രാജാവിനാല്‍ നിര്‍മ്മിതമായ മെമ്മോറിയല്‍ കോര്‍ടണ്‍, ഭൂടാന്റെ സവിശേഷതയാര്‍ന്ന മൃഗശാല, അവിടത്തെ ദേശീയ മൃഗം ആയ ''ടെകിന്‍'', ചില കോട്ട കൊത്തളങ്ങള്‍, ഭൂട്ടാന്റെ സംപ്രേക്ഷണ ശാല, എന്നിവ കണ്ടു. സംപ്രേക്ഷണ ശാലയുടെ സമീപത്തുള്ള, വ്യൂ പോയിന്റില്‍ നിന്നു നോക്കുമ്പോള്‍, ഭൂട്ടാന്‍ നഗരം കാണാം. പ്രസിദ്ധമായ അവരുടെ കരകൗശല ശാലയും, ബുദ്ധചിത്രമായ ''തങ്ക'' എന്നറിയപെടുന്ന ചിത്രരചനയും, അവയുടെ വില്‍പന ശാലയും കണ്ടു. വളരെ വില പിടിച്ചതാണു ഈ ചിത്രങ്ങള്‍.. ഗാങ്ങേ്ടാകില്‍ വെച്ചു സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ച ബുദ്ധ ടിബറ്റോളോജീ എന്ന സ്ഥലം ഇവയെ കുറിച്ചും മനസ്സിലാക്കി തന്നിരുന്നു.ഭുട്ടാനില്‍, ഓരോ സാധനങ്ങള്‍ വില്‍പന നടത്തുന്നതു ഓരോ പ്രത്യേക സ്ഥലത്താണ്. പച്ചക്കറി സാധനങ്ങള്‍, മത്സ്യം മാംസം വേറൊരു ഭാഗത്ത്...അങ്ങിനെ. പൊതുവെ, വളരെ സാധാരണമായി കാണപ്പെട്ട ഒരു സാധനം അവിടെ, മദ്യമാണ്. അത് സുലഭം ആണ്. നമ്മുടെ മാഹി പോലെ..... ടിബറ്റന്‍ ആളുകള്‍ നടത്തുന്ന വില്‍പന ശാലകള്‍ ഉണ്ട്, എന്നാല്‍ അവിടെയുള്ള പെണ്‍ കിടാവിനോടു സംസാരിച്ചതില്‍, അവര്‍ ഇതെല്ലാം തന്നെ തുഛമായ വിലക്കു ഇന്‍ഡ്യയില്‍ നിന്നു കൊണ്ടുവന്ന്, 10 ഇരട്ടി വിലക്ക് ''ഫോറിന്‍'' വില്‍പന നടത്തുകയാണത്രെ. ഭൂട്ടാന്റെ തനിമയുള്ള , കരകൗശല സാധനങ്ങള്‍ ഒഴികെ മറ്റൊന്നും, അവിടെ നിന്നു വാങ്ങുന്നത് അഭികാമ്യമല്ല എന്നാണു തോന്നിയത്.....

പിറ്റേന്നു രാവിലെ 35 കിലോമീറ്റര്‍ അകലെ ഉള്ള ''പാറോ'' എന്ന സ്ഥലത്തേക്കു പുറപ്പെട്ടു. ഭൂട്ടാനിലെ വിമാന താവളം ഇവിടെ ആണ്. ഭൂട്ടാന്റെ ''ദ്രൂക്'' എന്ന വിമാന ഏജന്‍സി കൊല്‍ക്കത്തയില്‍ നിന്നും, പിന്നെ ന്യൂ ജയ്പാല്‍ഗുരി-യില്‍ നിന്നും , നേപ്പാളില്‍ നിന്നും മാത്രമെ ഇങ്ങോട്ടു സര്‍വീസ് നടത്തുന്നുള്ളു. പോകുന്ന വഴിയില്‍ എല്ലാം അനേകം ആപ്പിള്‍ മരങ്ങള്‍ നിറയെ കയ്ച്ചു, പഴുത്തു നില്ക്കുന്നതും കണ്ടു. പലതരം ആപ്പിളുകള്‍, പച്ച,ചുവപ്പു, സ്വര്‍ണ നിറം, എന്നിവ കണ്ണിന്നു പൂക്കണിയായി അങ്ങിനെ നിരന്നു കിടക്കുന്നു. മിക്കവാറും, എല്ലാ വീടുകളുടെ മുകളിലും, മുളകു ഉണക്കാന്‍ ഇട്ടിരിക്കുന്നതാണ്. കൂമ്പാരമായി ഉണക്കാന്‍ വെച്ച മുളകുകള്‍ ഒരു നല്ല കാഴ്ചയാണ്.. പാറോ, ഒരു ചിത്രം പോലെ ഭംഗിയുള്ള സ്ഥലമാണ്. മൂടല്‍ മഞ്ഞും, ബുദ്ധ വിഹാരങ്ങളുടെ സ്വര്‍ണ താഴിക കുടങ്ങളില്‍ തട്ടി പ്രകാശിക്കുന്ന സൂര്യ കിരണങ്ങളും, താഴെ കൂടി പാറോവിനെ ആശ്ലേശിച്ചു കൊണ്ടു ഒഴുകുന്ന നദിയും, വളരെ വൃത്തിയും, ലാളിത്യവും കലര്‍ന്ന സഹൃദയരായ ജനങ്ങളും, എല്ലാം കൂടി ചേരുമ്പോള്‍, അതു ''പറോ'' ആണു.

അവിടെ നിന്ന് കിയാച്ചുഖാങ്ങ്, എന്ന ഭൂട്ടാനിലെ ഏറ്റവും പരിശുദ്ധമായതെന്നു വിശേഷിക്കപെടുന്ന ബൗദ്ധ വിഹാരത്തില്‍ പോയി. വളരെ പുരാതനമായ, ശാക്യമുനിയുടെ 14 അടി ഉയരമുള്ള ഒരു പ്രതിമയാണു ഇവിടെ. ഇവിടെ ക്യാമറ നിഷേധിച്ചിരിക്കുന്നതിനാല്‍, ഒരു പടവും എടുക്കുവാന്‍ കഴിഞ്ഞില്ലാ. പുരാതനമായ ഒരു കോട്ട കൊത്തളം നിറഞ്ഞ എടുപ്പ്, ഇപ്പോള്‍, പാറോയുടെ ഭരണകര്‍ത്താക്കള്‍ ഓഫീസായി ഉപയോഗിക്കുന്നു. ഒരു പാടു പടികള്‍ കയറി ചെന്നു കഴിയുമ്പോള്‍, പാറോയുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും. അടുത്തതായി കണ്ടത്, ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനവും, പ്രധാനവും ആയ, പ്രസിദ്ധമായ പ്രകൃതി-ചരിത്ര മ്യൂസിയമാണ്. ...ടാഡോ-സ്സോങ്ങ്---ഇവിടെ ബുദ്ധ ഭഗവാന്റെ വളരെ ഭംഗിയുള്ള ഒരു പ്രതിമയുണ്ട്. 14-16 അടി ഉയരമുള്ള ഈ പ്രതിമയുടെ ചുറ്റിലും, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിതിരിവുകളും, അദ്ദേഹത്തിന്റെ 16 ശിഷ്യന്മാരേയും ചിത്രീകരിച്ചിരിക്കുന്നു... . ഫോട്ടോ അനുവദിച്ചിട്ടില്ലാത്തതു ഒരു നഷ്ടമായി തോന്നി. ഇപ്പോള്‍ കിട്ടിയ എല്ലാ അവസരങ്ങളെയും മനസ്സിലേറ്റി, ക്യാമറയില്‍ പകര്‍ത്തി, ഞങ്ങള്‍ പാറോയില്‍ നിന്നും ഇന്ത്യയിലേക്കു മടങ്ങി.





MathrubhumiMatrimonial